തിരുവനന്തപുരം: ഇന്നലെ ഡൽഹിയിലെ ചെങ്കോട്ടയിലുണ്ടായ ബോംബ് സ്ഫോടനത്തിൻ്റെ സാഹചര്യത്തിൽ കേരളത്തിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കി.തന്ത്രപ്രധാനമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന തുടരുന്നത്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, പ്രധാന മാർക്കറ്റുകൾ, മറ്റ് സുപ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട് .പരിശോധനകൾ തുടരുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു.
കേന്ദ്ര ഏജൻസികളായ എൻഐഎ, കേന്ദ്ര ഇൻ്റലിജൻസ് വിഭാഗങ്ങൾ എന്നിവയുമായി സംസ്ഥാന പൊലീസ് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവരുടെ നിർദേശങ്ങൾ കൂടി കണക്കിലെടുത്താണ് സുരക്ഷാ പരിശോധനകൾ പുരോഗമിക്കുന്നതെന്നും ഡിജിപി പറഞ്ഞു . ഇത്തരം കൃത്യങ്ങളിലേർപ്പെടാൻ സാധ്യതയുള്ളതായി സംശയിക്കുന്ന വ്യക്തികളെയും സംഘടനകളെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
സംസ്ഥാനത്തുടനീളം അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ആരാധനാലയങ്ങൾ, വിമാനത്താവളങ്ങൾ, ബീച്ചുകൾ തുടങ്ങിയ ആളുകൾ കൂടുന്ന എല്ലാ പ്രധാന ഇടങ്ങളിലും കർശന പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് റവാഡ ചന്ദ്രശേഖർ പറഞ്ഞു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഈ നിർദേശങ്ങൾ കൈമാറിക്കഴിഞ്ഞു . ജില്ലാ പൊലീസ് മേധാവിമാർ ഇത് അടിയന്തരം നടപ്പിലാക്കണമെന്നും നിർദേശിച്ചു.
സംശയാസ്പദമായ വസ്തുക്കളോ സാധനങ്ങളോ കാണുന്ന പക്ഷം ഉടൻതന്നെ 112-ൽ വിളിച്ച് പൊലീസിനെ അറിയിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. പരമാവധി പൊലീസ് പട്രോളിങ് ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള പൊലീസ്, റെയിൽവേ പൊലീസ്, ആർപിഎഫ് എന്നിവ സംയുക്തമായി അടുത്ത ഒരാഴ്ചത്തേക്കെങ്കിലും പരിശോധന തുടരണമെന്നാണ് നിർദേശം.
തിരുവനന്തപുരം, എറണാകുളം, മലപ്പുറം ഉൾപ്പെടെ പ്രധാന നഗരങ്ങളിലും കർശന പരിശോധനകൾ നടക്കുന്നുണ്ട് .
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് കടന്നുവരുന്ന എല്ലാ ആളുകളുടെയും ബാഗുകൾ വിശദമായി പരിശോധിച്ച ശേഷമാണ് അകത്തേക്ക് കടത്തിവിടുന്നത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും ലഗേജുകൾ പൂർണമായി പരിശോധിച്ച ശേഷമേ യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളിലും ആലുവ, അങ്കമാലി, തൃപ്പൂണിത്തുറ തുടങ്ങിയ സബ് സ്റ്റേഷനുകളിലും കൊച്ചി മെട്രോയിലും പരിശോധന കർശനമായി തുടരുകയാണ് .

