കൊച്ചി: തുടർച്ചയായി കേരളതീരത്തിനടുത്ത് ഉണ്ടാകുന്ന കപ്പലപകടങ്ങൾ തീരവാസികളിൽ ആശങ്ക പരത്തുകയും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗ്ഗത്തെ തടസ്സപ്പെടുത്തുകയും ചെയ്യുകയാണെന്ന് കെഎൽസിഎ സംസ്ഥാന സമിതി. അപകടങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ അധികൃതർ പുറത്തുവിടണം. കേരളത്തിൻറെ അതിർത്തിക്കകത്തുള്ള തീരത്ത് ഉണ്ടാക്കിയിട്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്ത് തന്നെ ക്രിമിനൽ കേസുകൾ ഉൾപ്പെടെയുള്ള നിയമനടപടികൾ ഉണ്ടാകണം. (Protection and Indemnity insurance) പി & ഐ ഇൻഷുറൻസ് വ്യവസ്ഥകളിലൂടെ ഇത്തരത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം വിലയിരുത്തി തിരുവാസികൾക്കും തൊഴിലാളികൾക്കും അവ ലഭ്യമാക്കണം. അതിനുള്ള നടപടികൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ സർക്കാരും കേന്ദ്രസർക്കാരും തയ്യാറാകണം.
സമുദ്ര അപകട അന്വേഷണം (Marine Casualty Investigation) നടത്തി പരിസ്ഥിതിക്ക് ഉണ്ടായിട്ടുള്ള ആഘാതം കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടണം. ആദ്യം നടന്ന എം എസ് സി എൽസ 3 കപ്പൽ അപകടത്തിനും അത്തരം അന്വേഷണങ്ങൾ നടത്തുന്നതിന് അധികൃതർ തയ്യാറായിട്ടില്ല. ഇപ്പോൾ അപകടത്തിൽപ്പെട്ടിരിക്കുന്ന വാൻഹയി 503 കപ്പലിന്റെയും അപകടം സംബന്ധിച്ച് അത്തരത്തിൽ ഉദാസീന നിലപാടുകൾ അധികൃതർ സ്വീകരിക്കുകയാണെങ്കിൽ തീര മേഖലയിൽ ശക്തമായ പ്രക്ഷോഭങ്ങൾ നേരിടേണ്ടി വരുമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി പ്രസിഡൻറ് അഡ്വ. ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ മുന്നറിയിപ്പ് നൽകി.