ഷാജി ജോര്‍ജ്
ജീവിതം ചെറുതാകട്ടെ, വലുതാകട്ടെ സ്വയം ഏറ്റെടുക്കുന്നതോ അധികാരികള്‍ ചുമതലപ്പെടുത്തുന്നതോ ആയ കാര്യങ്ങളില്‍ കൃത്യതയുടെയും വിശുദ്ധിയുടെയും കുപ്പായം അണിയിക്കുന്ന പുരോഹിതശ്രേഷ്ഠന് ഞാന്‍, എന്റെ മനസ്സില്‍ കോറിയിട്ട പേരാണ് മോണ്‍സിഞ്ഞോര്‍ ക്ലീറ്റസ് പറമ്പലോത്ത്. ഇന്ത്യയിലും വിദേശത്തുമായി വിവിധ രൂപതകളില്‍ സേവനമനുഷ്ഠിക്കുന്ന നൂറിലധികം വൈദികരുടെ ഗുരുനാഥന് കൂടിയാണ് മോണ്‍ ക്ലീറ്റസ്. തന്റെ ജീവിതവഴികളിലെ ഓര്‍മ്മകള്‍ അദ്ദേഹം പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ ശീര്‍ഷകവും രസകരമാണ്. ‘ജീവിത വരകള്ക്കിടയില് ക്ലീറ്റസച്ചന്‍ എഴുതിയത്’. ഒരുപാട് പള്ളികള്‍ക്ക് അള്‍ത്താരയും മുഖപ്പും വരച്ചു നല്കിയതുകൊണ്ടാകും ഇങ്ങനെയൊരു പേര് പുസ്തകത്തിന് നല്‍കിയത്.
ഏഴ് അധ്യായങ്ങളിലായി ലളിതമായ ഭാഷയിലാണ് ഈ ഓര്‍മ്മക്കുറിപ്പുകളുടെ പുസ്തകം ഒരുക്കിയിട്ടുള്ളത്. അധ്യായങ്ങള്‍ക്ക് ശീര്‍ഷകങ്ങള്‍ ഉണ്ടെങ്കിലും പൊതുവില്‍ ജീവിതപാഠം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്ന് മുതല്‍ ഏഴുവരെയുള്ള ജീവിത പാഠങ്ങളില്‍ സ്മരണകള്‍ മായാതെ മറയാതെ, സെമിനാരിയിലേക്ക്, തിരുപ്പട്ട സ്വീകരണം, അജപാലന ജീവിതത്തിന് തുടക്കം, റെക്ടറായി മൈനര്‍ സെമിനാരിയിലേക്ക്, വീണ്ടും ഇടവകയിലേക്ക്, പെരുമാനൂര്കാലം, റൂം നമ്പര്‍ 9 എന്നിവയിലൂടെ മോണ്‍. ക്ലീറ്റസ് ജീവിതം പറയുന്നു. നല്ല ഓട്ടം പൂര്‍ത്തിയാക്കിയ ക്ലീറ്റസച്ചന്‍ വിശ്രമ ജീവിതത്തിന് ആവിലാഭവനില്‍ ഒരുക്കിയ മുറിയാണ് റൂം നമ്പര്‍ 9. അതാണ് പുസ്തകത്തിന്റെ അവസാന അധ്യായം. വലിയ ദാര്‍ശനിക വ്യഖ്യാനങ്ങളില്ലാത്ത ജീവിതപാഠം.
ലോകത്തും തിരുസഭയിലും ഉണ്ടായ പ്രധാന സംഭവങ്ങളും മാറ്റങ്ങളും തന്റെ ജീവിതയാത്രയോടു ബന്ധിപ്പിച്ച് വായനക്കാര്‍ക്ക് അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. അതാകട്ടെ മറക്കാന്‍ പാടില്ലാത്ത കാര്യങ്ങളും.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പശ്ചാത്തലത്തില്‍ ആദ്യമായി മലയാളത്തില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ ഭാഗ്യം ലഭിച്ച വൈദികനാണ് മോണ്‍. ക്ലീറ്റസ് പറമ്പലോത്ത്. സെമിനാരി വിദ്യാഭ്യാസകാലത്തെ ലാറ്റിന്‍ പഠനത്തിന്റെ വിഷമതകള്‍ പറഞ്ഞ് മലയാളത്തിലേക്കുള്ള മാറ്റം മനോഹരമായി അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നു. വത്തിക്കാന്‍ സൂനഹദോസ് നടക്കുമ്പോള്‍ സെമിനാരി വിദ്യാര്‍ഥിയായിരുന്ന അദ്ദേഹം, കൗണ്‍സില്‍ കഴിഞ്ഞ് മൂന്നു വര്‍ഷത്തിനുശേഷമാണ് 1965 ല്‍ പൗരോഹിത്യം സ്വീകരിക്കുന്നത്.
മംഗലപ്പുഴ സെമിനാരിയിലെ പഠനവും ധന്യനായ ഔറേലിയസച്ചനും ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ പാപ്പ പോള്‍ ആറാമനും അദ്ദേഹം പങ്കെടുത്ത ബോംബെയിലെ ദിവ്യകാരുണ്യ കോണ്‍ഗ്രസും ആദ്യ അധ്യായങ്ങളുടെ ഇതിവൃത്തം. അതില്‍ തന്നെ സെമിനാരി പ്രവേശനത്തിന് അധ്യാപകനായ പിതാവ് ജോസഫിനോടൊപ്പം, ആര്‍ച്ച്ബിഷപ് ജോസഫ് അട്ടിപ്പേറ്റിയുടെ മുന്നിലെത്തുന്നതും സെമിനാരി ജീവിതവും പഠനവും ഡീക്കന്‍ പട്ടവും ഇടവകളിലെ പാസ്റ്ററല്‍ മിനിസ്ട്രിയും കലാപ്രവര്‍ത്തനങ്ങളും വായിച്ചെടുക്കാം.
അപ്പന് ജോസഫിന്റേയും അമ്മ മേരിയുടേയും കുടുംബങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അങ്ങേയറ്റം ഹൃദ്യമായി അനുഭവപ്പെടും.
50 വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ പൗരോഹിത്യശുശ്രൂഷ ആരംഭിക്കുന്നത് ചാത്യാത്ത് ഇടവകയിലെ സഹവികാരിയായിട്ടാണ്. കര്‍ത്തേടം, എളംകുളം, കോട്ടുവള്ളി, മടപ്ലാതുരുത്ത്, ചെട്ടിക്കാട്, പെരുമാനൂര്‍, കൂനമ്മാവ്, കര്‍ത്തേടം, എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ വഴി വീണ്ടും ചാത്യാത്ത് എത്തി വികാരിയായി സേവനമനുഷ്ഠിക്കേ 75-ാം വയസ്സില്‍ വിരമിച്ചു. ഇതിനിടയില്‍ 12 വര്‍ഷം സെമിനാരി റെക്ടറായും ആശീര്‍ഭവന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു. വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി വരാപ്പുഴ അതിരൂപത ഘടകത്തിന്റെ ദീര്‍ഘനാളായുള്ള ആധ്യാത്മിക ഉപദേഷ്ടാവാണ് മോണ്‍. ക്ലീറ്റസ് (ഇപ്പോഴും ആ പദവിയില്‍ തുടരുന്നു).
സന്തോഷപ്രദങ്ങളായ കാര്യങ്ങളോടൊപ്പം ദുഃഖകരമായ കാര്യങ്ങളും ഹൃദയസ്പര്‍ശിയായി ഗ്രന്ഥകാരന് വിവരിച്ചിട്ടുണ്ട്. 1969 ജൂലൈ 20ന് മനുഷ്യന് ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയത്, ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ മരണം, മാതാപിതാക്കളുടേയും സഹോദരങ്ങളുടേയും വേര്‍പാട്, മടപ്ലാതുരത്തിലെ സഹകരണ സംഘങ്ങള്‍, ജോണ്‍പോള്‍ രണ്ടാമന്റെ കേരള സന്ദര്‍ശനം, മോണ്‍. ഇമ്മാനുവല്‍ ലോപ്പസിന്റെ നല്ല മാതൃക, കൊച്ചിന് ഷിപ്പ്യാര്‍ഡിനു വേണ്ടി പെരുമാനൂര്‍ ഇടവക നടത്തിയ മഹാത്യാഗത്തിന്റെ സ്മാരക നിര്‍മ്മാണം, മദര്‍ തെരേസയുമായുള്ള കൂടിക്കാഴ്ച, ആര്‍ച്ച്ബിഷപ്പുമാരായ ജോസഫ് കേളന്തറ, കോര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍, ഡാനിയേല്‍ അച്ചാരുപറമ്പില്‍, ഫ്രാന്‍സിസ് കല്ലറക്കല്‍, ബിഷപ്പുമാരായ ആന്റണി തണ്ണിക്കോട്, നാട്ടുകാരനും സെമിനാരിയിലെ ജൂനിയറുമായ ജോസഫ് കാരിക്കശേരി ഇവരുടെ നേതൃത്വവും സംഭാവനകളും ഒക്കെ പുസ്തകത്തിലുണ്ട്. സെമിനാരി വിദ്യാര്‍ഥികള്‍ക്ക് കൊതുകുവല നല്കാന് അന്ന് അതിരൂപത സഹായമെത്രാനായിരുന്ന ബിഷപ് ആന്റണി തണ്ണിക്കോടിന്റെ സഹായം തേടുന്നത് മനസ്സില്‍ ആര്‍ദ്രത ഉണ്ടാക്കും.
സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം നല്കിയ മാര്‍ഗ്ഗദര്‍ശനം സഭ എന്നും അനുസ്മരിക്കേണ്ടതുണ്ട്. കാരണം പുരോഹിതരാണല്ലോ സഭയുടെ കരുത്ത്. ഒരു ചെറുപ്പക്കാരനെ വൈദികവൃത്തിയിലേക്ക് എത്തിച്ച പുസ്തകത്തിലെ കഥ പറഞ്ഞ് കുറിപ്പ് അവസാനിപ്പിക്കട്ടെ.
എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ നിര്‍മ്മാണം നടക്കുമ്പോള്‍ പ്രത്യേകം നിര്‍മ്മിച്ച ഷെഡിലാണ് ദിവ്യബലി അര്‍പ്പിച്ചിരുന്നത്. മിക്കപ്പോഴും കുട്ടികളുമായി പോയി 6 മണിയുടെ ദിവ്യബലി അര്പ്പിച്ചുകൊടുക്കുമായിരുന്നു. എല്ലാദിവസവും ദിവ്യകാരുണ്യം സ്വീകരിക്കാന്‍ എത്തുന്നവരുടെ കൂട്ടത്തില്‍ വെളുത്തു സുന്ദരനായ കട്ട മീശയുള്ള ഒരു ചെറുപ്പക്കാരന് ഉണ്ടായിരുന്നു. നടുവിലെ പള്ളി ഇടവകക്കാരനായ അദ്ദേഹം എറണാകുളം ജിംനേഷ്യത്തിന്റെ സെക്രട്ടറിയാണെന്ന് കത്തീഡ്രലിലെ അസേന്തി അച്ചനായ ജോയി അച്ചനില്‍ (ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍) നിന്ന് അറിഞ്ഞു. ജോയി അച്ചന്റെ സഹായത്തോടെ സെമിനാരിയിലേക്ക് പ്രസംഗിക്കാന്‍ ഈ ചെറുപ്പക്കാരനെ ക്ഷണിച്ചു. വിസമ്മതിച്ചെങ്കിലും ജോയി അച്ചന്റെ നിര്‍ബന്ധവും പ്രോത്സാഹനവുംകൊണ്ട് സമ്മതിച്ചു, വന്നു, പ്രസംഗിച്ചു. പിന്നീട് ആ വര്‍ഷം വൊക്കേഷന്‍ ക്യാമ്പ് തുടങ്ങി കഴിഞ്ഞപ്പോള്‍ 10 രൂപയുമായി എന്നെ സമീപിച്ച് പുള്ളിക്കാരനെ ക്യാമ്പില്‍ ചേര്‍ക്കണമെന്നു പറഞ്ഞു. സി.എ.ക്കാരനായ അദ്ദേഹത്തെ ക്യാമ്പില്‍ കൊച്ചുകുട്ടികളോടൊപ്പം എങ്ങനെ അക്കൊമൊഡേറ്റ് ചെയ്യാനാണ്? സെമിനാരിയില്‍ ചേരാന്‍ ആഗ്രഹമുണ്ടെങ്കില്‍ ക്യാമ്പ് ഒന്നും വേണ്ട എന്നു പറഞ്ഞ് വിട്ടു. പിന്നീട് വികാരി മോണ്‍. അലക്സാണ്ടര്‍ വടക്കുംതലയോടൊപ്പം വന്നു പിതാവിനെ കണ്ടു. സെമിനാരിയില്‍ ചേരാന്‍ പിതാവ് അനുവദിച്ചു. ഞാനും മറ്റ് അച്ചന്മാരും ഒക്കെയായി കളമശേരി സെമിനാരിയില്‍ കൊണ്ടുചെന്നാക്കി. അദ്ദേഹമാണ് ഇപ്പോഴത്തെ വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍.
ആയിരം പൂര്‍ണ്ണ ചന്ദ്രദര്‍ശനത്താല്‍ 2024 സെപ്തംബര്‍ 23ന് ശതാഭിക്ഷിതനാകുന്ന മോണ്‍. ക്ലീറ്റസ് പറമ്പലോത്തിന്റെ രണ്ടാമത്തെ പുസ്തകമാണിത്. പത്രപ്രവര്ത്തകന് ബിജോ സില്‍വേരിയുടെ അവതാരികയും ജോസ് ക്ലമന്റിന്റെ അനുബന്ധലേഖനവും പുസ്തകത്തിലുണ്ട്. വാസ്തു നിര്‍മ്മിതികളെ ആധാരമാക്കിയുള്ള ‘നിര്മിതിദര്ശനം’ ആണ് ആദ്യ പുസ്തകം.
മോണ്‍. ക്ലീറ്റസ് പറമ്പലോത്തിന് നന്മകള് നേരുന്നു.