കൊച്ചി : മുനമ്പം-കടപ്പുറം പ്രദേശത്തെ പാവപ്പെട്ട ജനങ്ങളുടെ താമസഭൂമിയിലെ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്ന് കേരള റിജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ആവശ്യപ്പെട്ടു. പ്രധാനമായും മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ഈ പ്രദേശത്തെ നാനാജാതി മതസ്ഥരായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വില സ്വീകരിച്ച് ഫറൂഖ്കോളേജ് രജിസ്റ്റര്‍ ചെയ്ത് നല്കിയ ഭൂമിയിലെ റവന്യൂ അവകാശങ്ങളാണ് ഇപ്പോള്‍ നിഷേധിക്കപ്പെടുന്നത്.
ഭൂമിക്കുള്ള കരമടച്ച് ഈ കുടുംബങ്ങള്‍ കൈവശംവച്ചു പോന്ന സ്വത്താണിത്. കടപ്പുറം വേളാങ്കണ്ണി മാതാ ദേവാലയവും വൈദീകമന്ദിരവും സിമിത്തേരിയും കോണ്‍വെന്റും ഉള്‍പ്പെടെ ഈ പ്രദേശത്തെ 610 ഓളം വരുന്ന കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ്ജൂഡ് ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
വഖഫ്ബോര്‍ഡ് ഈ ഭൂമിയില്‍ അവകാശവാദമുന്നയിച്ച് 2022 ല്‍ കത്ത് നല്‍കുന്നതുവരെ ഈ കുടുംബങ്ങള്‍ കൈവശംവച്ചു പോന്ന ഭൂമിയാണിത്. ഇത്രയുംകാലം താമസിച്ചിരുന്ന ഭൂമിയും വീടും നഷ്ടപ്പെട്ടു പോകുമോ എന്ന ഭീതിയിലാണ് നിസ്സഹായരായ ഈ കുടുംബങ്ങള്‍. വഖഫ്ബോര്‍ഡിന്റെ അന്യായമായ നീക്കങ്ങളുടെ ഫലമായി ഈ പ്രദേശത്ത് താമസിക്കുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് ജീവിത ആവശ്യങ്ങള്‍ക്ക് ഭൂമി ഈട് വച്ച് പണം കണ്ടെത്താന്‍ സാധിക്കാത്ത സ്ഥിതിയാണ്.
കുട്ടികളുടെ പഠനം, വിവാഹം, ഭവന നിര്‍മ്മാണം മുതലായ അടിസ്ഥാന ആവശ്യങ്ങള്‍ വഴിമുട്ടി നില്‍ക്കുകയാണ്. കുടിയിറക്കല്‍ ഭീഷണിയുടെ മീതെ ജീവിക്കുന്ന ഈ പാവങ്ങളുടെ മാനസികസംഘര്‍ഷങ്ങള്‍ക്കും ജീവിത പ്രതിസന്ധികള്‍ക്കും ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. ജനപ്രതിനിധികളും സര്‍ക്കാര്‍ സംവിധാനങ്ങളും ഈ പ്രദേശത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുവാന്‍ ശക്തമായി ഇടപെടണമെന്നും കെആര്‍എല്‍സിസി ആവശ്യപ്പെട്ടു.
1902 ല്‍ തിരുവിതാംകൂര്‍ മഹാരാജാവ്, അബ്ദുള്സത്താര്മുസ്സ സേഠ് എന്ന വ്യക്തിക്ക് 404 ഏക്കര്‍ ഭൂമി കൃഷി ആവശ്യത്തിനായി പാട്ടത്തിന് നല്‍കിയിരുന്നു. 1948 ല്‍ സത്താര്സേഠുവിന്റെ പിന്തുടര്ച്ചാവകാശിയായ സിദ്ധിഖ് സേഠ് ഇടപ്പിള്ളി സബ്രജിസ്ട്രാഫീസില് നിന്നും ഈ ഭൂമി രജിസ്റ്റര്‍ ചെയ്തു വാങ്ങി. കടല്‍കയറി ഭൂമി നഷ്ടപ്പെട്ട് വെറും 114 ഏക്കര്‍ ഭൂമിയും 60 ഏക്കര്‍ വെള്ളവും മാത്രമായി ഈ സ്ഥലം ചുരുങ്ങി.
1950 നവംബര്‍ ഒന്നിന് ഈ ഭൂമി സകലവിധ ക്രയവിക്രയസ്വാതന്ത്ര്യത്തോടും കൂടി സിദ്ദിഖ്സേഠ് ഫാറൂഖ്കോളേജിന് ദാനമായി നല്കി. എന്നാല്‍ കോളേജ് ഇല്ലാതെ വരികയും ഭൂമി അവശേഷിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സേഠുവിന്റെ പിന്തുടര്ച്ചാവകാശികള്ക്ക് ഭൂമി തിരികെ കൊടുക്കണം എന്ന നിബന്ധനയോടുകൂടിയ (conditional) ആധാരമാണ് സേഠു ഫറൂഖ് കോളേജിന് നല്‍കിയിരുന്നത്.
1951 ല്‍ ഫറൂഖ് കോളേജ് ഈ ഭൂമിക്ക് പട്ടയം വാങ്ങുകയും ഉടമസ്ഥാവകാശം ഉറപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് സ്വദേശികളായ മത്സ്യത്തൊഴിലാളികളുമായി 34 വര്‍ഷം ഫറൂഖ്കോളേജ് വിവിധ കോടതികളില്‍ കേസ് നടത്തുകയും ഹൈക്കോടതി ഡിവിഷന് ബഞ്ച് ഈ ഭൂമി ഫറൂഖ് കോളേജിന്റെതാണെന്ന് വിധിക്കുകയും ചെയ്തിരുന്നു. 1989 മുതല്‍ ഇവിടത്തെ താമസക്കാര്‍ ഫറുഖ്കോളേജില് നിന്നും വില കൊടുത്തു ഭൂമി തീറുവാങ്ങി ആധാരം പോക്കുവരവ് ചെയ്ത് താമസിച്ചുവരികയായിരുന്നു. 35 വര്‍ഷത്തിനു ശേഷം ഇപ്പോള്‍ വഖഫ്ബോര്‍ഡ് ഈ സ്ഥലത്തിന് അന്യായമായി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.