എറണാകുളം: അധഃസ്ഥിത, ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങള്‍ അധികാര പങ്കാളിത്തം ലഭിക്കുന്ന പ്രാതിനിധ്യ ജനാധിപത്യ സംവിധാനം സാര്‍ത്ഥകമാക്കുന്നതിന് രാജ്യത്ത് നിലവിലുള്ള ജനസംഖ്യാ കണക്കെടുപ്പ് സമ്പ്രദായം അപ്പാടെ മാറ്റണമെന്ന് ഭരണഘടനാവിദഗ്ധനും സുപ്രീം കോടതിയുടെ നാഷണല്‍ ജഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടറുമായ പ്രഫ. ഡോ. ജി. മോഹന്‍ ഗോപാല്‍ നിര്‍ദേശിച്ചു.
കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) സംസ്ഥാപന വാര്‍ഷികത്തില്‍ സംഘടിപ്പിച്ച ‘ഇന്ത്യയും സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ അനിവാര്യതയും’ എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 93 വര്‍ഷമായി രാജ്യത്ത് എല്ലാ ജനങ്ങളുടെയും യഥാര്‍ഥ ജനസംഖ്യ തലയെണ്ണി തിട്ടപ്പെടുത്തിയിട്ടില്ല. രാജ്യത്തെ മൊത്തം ജനസംഖ്യാവര്‍ധനയുടെ ശരാശരി അനുമാനവും സാംപിള്‍ സര്‍വേയും അടിസ്ഥാനമാക്കി ഓരോ സമുദായ ഗ്രൂപ്പുകളുടെയും ജനസംഖ്യ നിര്‍ണയിക്കുന്ന വ്യാജ മെത്തഡോളജിയാണ് ഇതുവരെ പിന്തുടര്ന്നുവന്നത്. ഈ കള്ളകണക്കെടുപ്പ് ക്രിമിനല്‍ വഞ്ചനയാണ്. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ എണ്ണം കുറച്ചുകാട്ടാനും സവര്‍ണ മുന്നാക്ക വിഭാഗങ്ങളുടെ ജനസംഖ്യ പെരുപ്പിച്ചുകാട്ടാനുമുള്ള തെറ്റായ സെന്‍സസ് രീതിശാസ്ത്രമാണ് ഇവിടെ തുടര്‍ന്നുവരുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് ഏറ്റവും ഒടുവിലായി 1931-ല്‍ നടത്തിയ ജാതി സെന്‍സസിനെ അടിസ്ഥാനമാക്കി 1951-ലെ സെന്‍സസില്‍ പട്ടികജാതി-വര്‍ഗവിഭാഗത്തിലെ ഉപജാതികളുടെ മാത്രം പരിമിത എന്യൂമറേഷന് നടത്തിയതായി 1954-ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒരു രേഖയില്‍ പറയുന്നുണ്ട്. പിന്നാക്ക വര്‍ഗ കമ്മിഷനുവേണ്ടിയായിരുന്നു ആ ഭാഗികമായ ജാതി സെന്‍സസ്.
സാധാരണഗതിയില്‍ പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജനസംഖ്യയില്‍ ഗണ്യമായ വര്‍ധനയുണ്ടാകും. മുന്നാക്കവിഭാഗങ്ങളുടെ ജനസംഖ്യ കുറവായിരിക്കും. എന്നാല്‍ ശരാശരി കണക്കാക്കുമ്പോള്‍ മുന്നാക്കക്കാര്‍ക്ക് അനര്‍ഹമായി കൂടുതല്‍ അംഗസംഖ്യ അടയാളപ്പെടുത്തുകയും പിന്നാക്കക്കാരുടെ യഥാര്‍ഥ കണക്ക് വെട്ടിച്ചുരുക്കപ്പെടുകയും ചെയ്യുന്നു. 1931-ല്‍ തിരുവിതാംകൂര്‍-കൊച്ചി, മലബാര്‍ മേഖലയിലെ ഈഴവരുടെ ജനസംഖ്യ 21% എന്നാണ് നിര്‍ണയിച്ചിരുന്നത്. ഇപ്പോഴും ഈഴവരുടെ എണ്ണം 21% തന്നെയാണ് സെന്‍സസില്‍ കാണിക്കുന്നത്. നൂറുശതമാനം തലയെണ്ണി എല്ലാ സമുദായങ്ങളിലെയും യഥാര്‍ഥ കണക്കെടുപ്പ് നടത്തുന്നതാണ് ശാസ്ത്രീയമായ സെസന്‍സ് രീതി. ലോകത്തിലെ എല്ലാ ജനാധിപത്യ രാജ്യങ്ങളിലും ഈ രീതിയാണ് പിന്തുടര്‍ന്നുവരുന്നത്.
ഉന്നത ജാതിക്കാരുടെ ഫ്യൂഡല്‍ ഒളിഗാര്‍ക്കിയാണ് ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്ന ഇന്ത്യയില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന മുന്നറിയിപ്പ് 1930കളില്‍തന്നെ ഡോ. അംബേദ്കര്‍ നല്‍കിയിരുന്നു. നിയമനിര്‍മാണസഭയിലും എക്സിക്യുട്ടീവിലും ജുഡീഷ്യറിയിലും അധികാരത്തിന്റെ എല്ലാ താക്കോല്‍സ്ഥാനങ്ങളിലും സവര്‍ണവിഭാഗങ്ങള്‍ ആധിപത്യം ഉറപ്പിക്കുന്ന ഭരണസംവിധാനമാണത്. പിന്നാക്കവിഭാഗങ്ങള്‍ക്കു പ്രത്യേകിച്ച് രാഷ് ട്രീയ പ്രാതിനിധ്യം ലഭിക്കാതെ സ്വരാജ് എന്ന സങ്കല്പം യാഥാര്ഥ്യമാവുകയില്ലെന്ന് ഡോ. അംബേദ്കര്‍ പറഞ്ഞു.
സാമൂഹിക, സാമ്പത്തിക നീതിക്കായി അധികാരസ്ഥാനങ്ങളില്‍ എല്ലാ ജനങ്ങള്‍ക്കും പ്രാതിനിധ്യം ലഭിക്കണം. ഇതിനുള്ള ഉപാധിയാണ് ജാതി സെന്‍സസും സംവരണവ്യവസ്ഥയും.
ജനവിഭാഗങ്ങള്‍ക്ക് സംഘടിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയും 19സി അനുച്ഛേദം, ഭാഷയും സംസ്കാരവും സംരക്ഷിക്കാനുള്ള 29-ാം വകുപ്പ്, മതസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള 25-ാം അനുച്ഛേദം എന്നിങ്ങനെ എല്ലാ ജനവിഭാഗങ്ങളുടെയും അടിസ്ഥാന പ്രാതിനിധ്യത്തിനുള്ള സംവിധാനം ഉറപ്പാക്കുന്ന ഭരണഘടനയില്‍ അംബേദ്കര്‍ 15 സാമൂഹിക വിഭാഗങ്ങളുടെ അവകാശങ്ങള്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
ജാതി ഉന്മൂലനത്തെക്കുറിച്ച് അംബേദ്കര്‍ എഴുതിയത് ഇന്ത്യയിലെ ഹൈന്ദവ സാമൂഹിക ക്രമത്തില്‍, അധഃസ്ഥിത ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തി സവര്ണവിഭാഗക്കാര് ആധിപത്യം ഉറപ്പിച്ചിരിക്കുന്ന പശ്ചാത്തലതത്തില്‍ പ്രാതിനിധ്യ ജനാധിപത്യവ്യവസ്ഥ നടപ്പാക്കുന്നതിനു വേണ്ടിയാണ്. ആര്‍എസ്എസ് രൂപീകരിക്കപ്പെട്ട നാളുകളില്‍ ശ്രീനാരായണ ഗുരു, ഹിന്ദു എന്ന മതം തന്നെയില്ലല്ലോ എന്നു നിരീക്ഷിക്കുകയാണ്ടായി. ദക്ഷിണേന്ത്യയില്‍ ജാതിയുടെ ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള സാമൂഹിക നവോത്ഥാന മുന്നേറ്റത്തിലൂടെ വലിയ മാറ്റങ്ങളുണ്ടായെങ്കിലും ഉത്തരേന്ത്യയിലെ ഹൈന്ദവ സമൂഹത്തെ ജനാധിപത്യവത്കരിക്കാനും പിന്നാക്കജനവിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കാനും വിസമ്മതിക്കുന്ന സവര്‍ണവിഭാഗങ്ങളുടെ മേല്‍ക്കോയ്മയാണ് ഹിന്ദുത്വ ദേശീയതയുടെ രാഷ്ട്രീയ അമിതാധികാരത്തില്‍ പ്രകടമാകുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യ ജനാധിപത്യവ്യവസ്ഥയില്‍ അര്‍ഹമായ അധികാര പങ്കാളിത്തം ഉറപ്പാക്കാനുള്ള പോരാട്ടമാകണം ഈ പൊതുതിരഞ്ഞെടുപ്പ്.
ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കാന്‍ സവര്‍ണ യാഥാസ്ഥിതിക ഹൈന്ദവ വിഭാഗം സര്‍വസന്നാഹങ്ങളുമായി നിലകൊള്ളുമ്പോള്‍ പ്രാതിനിധ്യ ജനാധിപത്യത്തിനുള്ള ഉപകരണം എന്ന നിലയിലാണ് സംവരണത്തിനായി പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ പോരാടുന്നത്. മതദ്വേഷത്തിലൂടെ ഹിന്ദുക്കളെ ഏകീകരിക്കാന്‍ അധികാരിവര്‍ഗം ശ്രമിക്കുന്നതാണ് ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പ്രതിസന്ധി. അമേരിക്കയില്‍ ജനാധിപത്യത്തിന്റെ എട്ടാം ദശകത്തില്‍ സിവില്‍ യുദ്ധമുണ്ടായത് സമാനമായ വര്‍ഗസംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ എട്ടാം ദശകത്തിലല് അത്തരം സിവില്‍ യുദ്ധത്തിന്റെ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
പ്രാതിനിധ്യ ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍, കേരളത്തിലെ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുല്‍ ജാഗ്രതയോടെ ഒരുമിച്ചു മുന്നേറേണ്ടതുണ്ട്. ആനകളുടെയും കടുവകളുടെയും മരങ്ങളുടെയും കൃത്യമായ കണക്കെടുക്കുന്നതില്‍ ഒരു വീഴ്ചയും വരുത്താത്ത നമ്മള് പാവപ്പെട്ട ജനവിഭാഗങ്ങളുടെ തലയെണ്ണി അവരുടെ സാമൂഹിക സാമ്പത്തിക സ്ഥിതി എന്താണെന്ന് അന്വേഷിക്കാത്തത് മനുഷ്യത്വമില്ലായ്മയല്ലേ? സാംപിള്‍ സര്‍വേയും ശരാശരി ഗ്രൂപ്പ് എസ്റ്റിമേറ്റും വച്ചല്ല അധികാര പങ്കാളിത്തം നടപ്പാക്കേണ്ടത്. കേരളത്തില്‍ 1956നു ശേഷം ഇന്നേവരെ പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍ നിന്നും ലത്തീന്‍, മുസ് ലിം വിഭാഗങ്ങളില്‍ നിന്നും ഒരു ചീഫ് സെക്രട്ടറി ഉണ്ടായിട്ടുണ്ടോ? ഈഴവ വിഭാഗത്തില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി ഉണ്ടായിട്ടുണ്ടോ? അമേരിക്കയിലെ ഒന്‍പത് സുപ്രീം കോടതി ജഡ്ജിമാരില്‍ ഒരാള്‍ പോലും വെള്ളക്കാരുടെ പ്രൊട്ടസ്റ്റന്റ് ആംഗ്ലോ സാക്സണ്‍ ഭൂരിപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരല്ല. അതേസമയമം ഇന്ത്യയിലെ 34 സുപ്രീം കോടതി ജഡ്ജിമാരില്‍ മുന്നാക്കവിഭാഗക്കാരല്ലാത്ത എത്രപേരുണ്ട്?
ഇഡബ്ല്യുഎസ് എന്ന സാമ്പത്തിക സംവരണം കേരളത്തില്‍ നിര്‍ത്തലാക്കി അമിതപ്രാതിനിധ്യമുള്ള മുന്നാക്കസമുദായങ്ങളില്‍ നിന്ന് പിന്നാക്കവിഭാഗങ്ങള്‍ക്ക് സംവരണം മടക്കികൊടുക്കാന്‍ തയാറുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മാത്രമേ വോട്ടുനല്കൂ എന്ന നിലപാട് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. വളരെ തിടുക്കത്തിലാണ് കേരളത്തില്‍ ഇഡബ്ല്യുഎസ് നടപ്പാക്കിയത്. സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചില്‍ രണ്ടു ജഡ്ജിമാര്‍ ഇഡബ്ല്യുഎസിനെ അനുകൂലിക്കാതെ വിയോജനക്കുറിപ്പ് എഴുതി. ഈ സംവരണം സംസ്ഥാനങ്ങള്‍ വേണമെങ്കില്‍ നടപ്പാക്കാം എന്നാണ് സുപ്രീം കോടതി വിധിച്ചത്.
ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് പാര്‍ലമെന്റിലും നിയമസഭകളിലും ഉണ്ടായിരുന്ന പ്രാതിനിധ്യത്തിനുള്ള ഭരണഘടനാ വ്യവസ്ഥ മോദി സര്‍ക്കാര്‍ റ്ദ്ദാക്കിയതിനെ ആധാരമാക്കിയ ജനസംഖ്യ ഡേറ്റ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും ഡോ. മോഹന്‍ ഗോപാല്‍ ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.