അയോധ്യ : ഇന്ത്യയിലെ ആദ്യത്തെ വെജിറ്റേറിയൻ സെവൻ സ്റ്റാർ ആഡംബര ഹോട്ടൽ അയോധ്യയിൽ വരുന്നു. മുംബൈ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഹോട്ടൽ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന 22ന് ഉദ്ഘാടനം ചെയ്യും. മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലും പാർപ്പിട സമുച്ചയ പദ്ധതിയും ഇതേ കമ്പനിയുടേതായുണ്ട്.ക്ഷേത്രനഗരിയിൽ ആഡംബര ഹോട്ടലുകൾ നിർമിക്കാൻ താൽപര്യം പ്രകടിപ്പിച്ച് നിരവധി ബിസിനസുകാരാണ് എത്തുന്നത്.അതിലൊന്നാണ് ഈ പദ്ധതി എന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
”അയോധ്യയിൽ ഹോട്ടലുകൾ സ്ഥാപിക്കാൻ ഞങ്ങൾക്ക് 25 നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ശുദ്ധമായ വെജിറ്റേറിയൻ സെവൻ സ്റ്റാർ ഹോട്ടൽ നിർമ്മിക്കുക എന്നതാണ് അതിലൊന്ന്,” മുഖ്യമമന്ത്രി കൂട്ടിച്ചേർത്തു.
എല്ലാ വർഷവും ജനുവരി 22-ന് പ്രതിഷ്ഠ ചടങ്ങ് ആഘോഷിക്കുന്നതിനായി മതപരമായ ചടങ്ങുകൾ സംഘടിപ്പിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.കഴിഞ്ഞ കുറച്ച് മാസങ്ങളായി അയോധ്യയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി നടക്കുന്ന പ്രവർത്തനങ്ങൾ മുഖ്യമന്ത്രി എടുത്തുപറഞ്ഞു. ലോകോത്തര സൗകര്യങ്ങളുള്ള ആത്മീയ വിനോദസഞ്ചാരത്തിന്റെ കേന്ദ്രമായി അയോധ്യ ഉടൻ മാറുമെന്നും പറഞ്ഞു. .
നിലവിൽ 50,000-ത്തിലധികം തീർത്ഥാടകരെ പാർപ്പിക്കാനുള്ള ശേഷി അയോധ്യക്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസി, യോഗി ആദിത്യനാഥിന്റെ സ്വന്തം പട്ടണമായ ഗോരഖ്പൂർ, ലഖ്നൗ, പ്രയാഗ്രാജ് എന്നിവയുമായി അയോധ്യയെ ബന്ധിപ്പിക്കാൻ ഹരിത ഇടനാഴി വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.