വത്തിക്കാന്‍ സിറ്റി: ഓരോ ക്രൈസ്തവനും ഈ ലോകത്ത് ഒരു മിഷന് ആണെന്നും സഭയുടെ എല്ലാ തലങ്ങളിലും എല്ലാ വിശ്വാസികളുടെയും കൂട്ടുത്തരവാദിത്വം സിനഡാത്മക സഭയുടെ സുവിശേഷവത്കരണ പ്രേഷിതത്വത്തിന് അനിവാര്യമാണെന്നും മെത്രാന്മാരുടെ സിനഡിന്റെ നാലാഴ്ച നീണ്ട പൊതുസമ്മേളനം ‘സമന്വയ’ റിപ്പോര്‍ട്ടില്‍ പറയുന്നു.
സഭയുടെ ഭരണനിര്‍വഹണത്തിലും ദൈവശാസ്ത്രത്തിലും വിശ്വാസപ്രമാണങ്ങളുടെയും അജപാലന വിഷയങ്ങളുടെയും പരിചിന്തനത്തിലും പ്രേഷിതത്വത്തിലും സിനഡാത്മക സമീപനം കൈക്കൊള്ളാനും അല്മായര്ക്ക് പുതിയ ശുശ്രൂഷാദൗത്യങ്ങള്‍ നല്‍കാനും സഭാ ഭരണനിര്‍വഹണത്തിലെ തീരുമാനങ്ങളില്‍ അവരെ കൂടുതലായി പങ്കുകാരാക്കാനും ‘സിനഡല്‍ സഭ പ്രേഷിതത്വത്തില്‍’ എന്ന ശീര്‍ഷകമുള്ള 42 പേജ് വരുന്ന സിനഡല്‍ അസംബ്ലി സംഗ്രഹരേഖയില് നിര്‍ദേശിക്കുന്നുണ്ട്.
സിനഡല്‍ സഭയുടെ മുഖം; എല്ലാവരും ശിഷ്യന്മാര് എല്ലാവരും പ്രേഷിതര്‍; ബന്ധങ്ങള്‍ നെയ്തെടുക്കല്‍, സമൂഹങ്ങളെ സൃഷ്ടിക്കല്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. സ്ത്രീത്വത്തിന്റെ അന്തസ്സ്, ഡിജിറ്റല്‍ ചുറ്റുപാടുകളിലെ പ്രേഷിതര്‍ തുടങ്ങി 20 വ്യത്യസ്ത വിഷയങ്ങളില്‍ ഓരോന്നിലും ‘പൊതുധാരണയിലെത്തിയവ,’ ‘പരിഗണന അര്‍ഹിക്കുന്ന വിഷയങ്ങള്‍,’ ‘നിര്‍ദേശങ്ങള്‍’ എന്നിങ്ങനെ മൂന്ന് ഉപവിഭാഗങ്ങളുണ്ട്. മെത്രാന്മാര്‍ക്കൊപ്പം വനിതകളടക്കമുള്ള അല്മായരും സന്ന്യസ്തരും ആദ്യമായി വോട്ടവകാശത്തോടെ പങ്കെടുത്ത ജനറല്‍ അസംബ്ലിയിലെ 344 സിനഡല്‍ പ്രത്രിനിധികള്‍ റിപ്പോര്‍ട്ടിലെ ഓരോ ഖണ്ഡികയും അംഗീകരിച്ച് വോട്ടു രേഖപ്പെടുത്തുകയുണ്ടായി. കരടു റിപ്പോര്‍ട്ടില്‍ 1,150 ഭേദഗതികളോടെയാണ് അന്തിമരേഖ വോട്ടിനായി സമര്‍പ്പിച്ചത്. മൂന്നില്‍ രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ഓരോ ഖണ്ഡികയും അംഗീകരിക്കപ്പെട്ടത്.
പ്രാദേശിക സഭകളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി, യുവജനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്കി ക്രിയാത്മകമായ രീതിയില്‍ പുതിയ അല്മായ മിനിസ്ട്രികള്‍ രൂപവത്കരിക്കാന്‍ നിര്‍ദേശമുയര്‍ന്നു. തിരുകര്‍മങ്ങളില്‍ വിശുദ്ധഗ്രന്ഥ വായന നടത്തുന്നവര്‍ (ലെക്ടര്‍) ഉചിതമായ സാഹചര്യങ്ങളില്‍ സുവിശേഷപ്രഘോഷണം ഉള്‍പ്പെടെ പൂര്‍ണതോതില്‍ ദൈവവചന ശുശ്രൂഷ നടത്തുന്നതിനെക്കുറിച്ച് നിര്‍ദേശമുണ്ട്.
വിവാഹ കൂദാശയ്ക്കായി ഒരുങ്ങുന്നവരെ അനുയാത്ര ചെയ്യാന്‍ കുടുംബജീവിതത്തോട് പ്രതിജ്ഞാബദ്ധതയുള്ള വിവാഹിതരായ ദമ്പതിമാരെ ചുമതലപ്പെടുത്തുന്ന പുതിയൊരു ശുശ്രൂഷ നിര്‍ദേശിക്കപ്പെടുന്നു.
സഭാശുശ്രൂഷകരുടെ ഭാഗത്തുനിന്ന് ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരകളായവരടക്കം സഭയില്‍ നിന്ന് ദ്രോഹനടപടികള്‍ നേരിട്ടവരെയും മാറ്റിനിര്‍ത്തപ്പെട്ടവരെയും ‘ശ്രവിക്കാനും അനുയാത്രചെയ്യാനുമുള്ള ജ്ഞാനസ്നാനപ്പെട്ടവരുടെ ശുശ്രൂഷയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സഭയില്‍ വനിതകളുടെ പങ്കിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്ത്, ”തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയിലും അജപാലന ശുശ്രൂഷാ ചുമതലകളുമായി ബന്ധപ്പെട്ടും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ സത്വര നടപടികള്‍ ആവശ്യമാണ്” എന്ന് വ്യക്തമാക്കുന്നു.
”റോമന്‍ കൂരിയായില്‍ ഉത്തരവാദിത്വമുള്ള പദവികളില്‍ പരിശുദ്ധ പിതാവ് വനിതകളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. സഭാജീവിതത്തിന്റെ മറ്റെല്ലാ തലങ്ങളിലും ഇത് ഉണ്ടാകണം. ഇതിനു പാകത്തില്‍ കാനോന്‍ നിയമം ഭേദഗതി ചെയ്യേണ്ടതാണ്.”
വനിതാ ഡീക്കന്മാരെ സംബന്ധിച്ച വിവാദ വിഷയത്തില്‍ രണ്ടു നിര്‍ദേശങ്ങളിലാണ് സിനഡ് പ്രതിനിധികളില്‍ നിന്ന് ഏറ്റവും കൂടുതല്‍ നിഷേധവോട്ടുണ്ടായത്. ഫ്രാന്‍സിസ് പാപ്പാ നിയോഗിച്ച രണ്ടു കമ്മിഷനുകളുടെ കണ്ടെത്തലിനെയും അക്കാദമിക പഠനങ്ങളെയും ആധാരമാക്കി ”വനിതകള്‍ക്ക് ഡയക്കനേറ്റ് പ്രാപ്യമാക്കുന്നതു സംബന്ധിച്ച ദൈവശാസ്ത്രപരവും അജപാലനപരവുമായ ഗവേഷണം തുടരുകയും സാധ്യമെങ്കില്‍ 2024 ഒക്ടോബറിലെ സിനഡല്‍ അസംബ്ലിയില്‍ അതിന്റെ ഫലം അവതരിപ്പിക്കുകയും ചെയ്യണം” എന്ന നിര്‍ദേശത്തിനെതിരെ 67 പ്രതിനിധികള്‍ വോട്ടു രേഖപ്പെടുത്തി; 279 പേര് അനുകൂലിച്ചു.
”ഹയരാര്‍ക്കിയുടെ യുക്തവും സുസ്ഥിരവുമായ ഒരു ശ്രേണി എന്ന നിലയില്‍ ഡീക്കന്‍ പദത്തെ സംബന്ധിച്ച ആഴത്തിലുള്ള വിചിന്തനത്തില്‍, വനിതകള്‍ക്ക് ഡയക്കനേറ്റ് പ്രാപ്യമാക്കുന്ന വിഷയവും പ്രകാശിതമാകും” എന്ന ഖണ്ഡികയ്ക്കെതിരെ 69 പേര് വോട്ടു ചെയ്തു.
പല പാശ്ചാത്യരാജ്യങ്ങളിലും നിലവിലുള്ള രീതിയില്‍, വനിതകളെ സെമിനാരി അധ്യാപനത്തിലും പരിശീലന പരിപാടികളിലും ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം അംഗീകരിക്കപ്പെട്ടു.
സഭാരേഖകളിലും ആരാധനക്രമത്തിലെ ടെക്സ്റ്റുകളിലും ഉപയോഗിക്കുന്ന ഭാഷയില്‍ പുരുഷനും സ്ത്രീക്കും തുല്യത കല്പിക്കാന് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനോടൊപ്പം, വാക്കുകളിലും ദൃശ്യങ്ങളിലും ആഖ്യാനങ്ങളിലും സ്ത്രീത്വത്തിന്റെ അനുഭവങ്ങളില്‍ നിന്ന് കൂടുതല്‍ ജീവത്തായ ചൈതന്യം ഉള്‍ച്ചേര്‍ക്കാനും കഴിയണം.
സിനഡിന്റെ ഇന്‍സ്ട്രുമെന്തും ലബോറിസ് എന്ന പ്രവര്‍ത്തന രേഖയില്‍ ഉള്‍പ്പെടുത്തിയിരുന്ന ‘എല്‍ജിബിടിക്യു-പ്ലസ് ജനവിഭാഗം’ എന്ന പ്രയോഗം സമന്വയ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ‘സ്വവര്‍ഗരതി,’ ‘ഒരേലിംഗക്കാര്’ എന്നീ സംജ്ഞകളും റിപ്പോര്‍ട്ടിലില്ല. ഒരേവര്ഗക്കാരുടെ ദാമ്പത്യം ആശീര്‍വദിക്കുന്നത് സിനഡിനു തൊട്ടുമുന്‍പ് വലിയ വിവാദവിഷയമായിരുന്നുവെങ്കില് ‘ആശീര്‍വാദം’ എന്ന വാക്ക് ഈ രേഖയില്‍ കാണുന്നില്ല. ”വിവാഹവും ലൈംഗിക ധാര്‍മികതയും സംബന്ധിച്ച സഭാ പാരമ്പര്യത്തോടും മജിസ്തീരിയത്തിന്റെ പ്രബോധനങ്ങളോടും വിശ്വസ്തത പുലര്‍ത്തേണ്ടതിനാല്‍” ”ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടിവരുന്നവരോടുള്ള സാമീപ്യവും പിന്തുണയും” സിനഡല്‍ അസംബ്ലി രേഖപ്പെടുത്തുന്നു.
സ്വവര്‍ഗാനുരാഗികളായ ദമ്പതികളുടെ ആശീര്‍വാദം, വനിതാ പൗരോഹിത്യം തുടങ്ങിയ വിവാദ വിഷയങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നില്ല.
വനിതകളുടെ ഡീക്കന്‍ പദവിയോടൊപ്പം, പൗരോഹിത്യ ബ്രഹ്മചര്യം, വ്യത്യസ്തവിശ്വാസത്തില്പ്പെട്ട ദമ്പതിമാരുടെ ‘ദിവ്യകാരുണ്യ ആതിഥ്യം,’ ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യാന്‍ മെത്രാന്മാരെ ഒഴിവാക്കി മറ്റൊരു സംവിധാനം ഏര്‍പ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ അഭിപ്രായ ഐക്യം രൂപപ്പെടാത്തതിനാല്‍ അവ ‘പരിഗണനയ്ക്കുള്ള വിഷയങ്ങള്‍’ എന്ന വിഭാഗത്തില്‍ ചേര്‍ക്കപ്പെട്ടിരിക്കയാണ്.
വൈദികരുടെ ബ്രഹ്മചര്യത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ സംവാദങ്ങളില്‍ ഉയര്‍ന്നുവെങ്കിലും ”ക്രിസ്തുവിനോട് താദാത്മ്യം പ്രാപിക്കുന്ന സാക്ഷ്യവും പ്രവാചകത്വത്തിന്റെ മുഴുവന്‍ മൂല്യവും പൗരോഹിത്യ ബ്രഹ്മചര്യത്തിലുണ്ടെന്ന് ഏവര്‍ക്കും ബോധ്യമുണ്ട്” എന്ന് സിനഡല്‍ അസംബ്ലി വ്യക്തമാക്കുന്നു.
”ജെന്‍ഡര്‍ ഐഡന്റിറ്റി, ലൈംഗിക ആഭിമുഖ്യം, ജീവിതാന്ത്യം, പ്രശ്നസങ്കീര്‍ണമായ ദാമ്പത്യ സാഹചര്യങ്ങള്‍, നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട ധാര്‍മിക വശങ്ങള് തുടങ്ങി പല സമകാലീന പ്രശ്നങ്ങളും പൊതുസമൂഹത്തിലെന്ന പോലെ സഭയിലും വിവാദവിഷയമാകുന്നുണ്ട്.” വ്യക്തിഗത അനുഭവങ്ങളിലും ശാസ്ത്രീയപഠനങ്ങളിലും നിന്ന് ഉരുത്തിരിയുന്ന സങ്കീര്‍ണതകളെ മുഴുവനായി ഗ്രഹിക്കാന്‍ നിലവിലുള്ള ‘നരവംശശാസ്ത്രപരമായ വിഭാഗങ്ങള്‍ക്ക്’ കഴിയാത്ത സാഹചര്യത്തില്‍ ദൈവവചനത്തിന്റെയും സഭയുടെ പ്രബോധനങ്ങളുടെയും ദൈവശാസ്ത്രപരമായ വിചിന്തനങ്ങളുടെയും വെളിച്ചത്തില്‍ പ്രബോധനപരവും പ്രാമാണികവും അജപാലനപരവും ധാര്‍മികവുമായ പര്യാലോചനകള്‍ പങ്കുവയ്ക്കാനുള്ള സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്.
സിനഡ് പ്രതിനിധികളില്‍ നിന്ന് 13 പേര് അടങ്ങുന്ന ഒരു കമ്മിഷന്റെ മേല്‍നോട്ടത്തില്‍ ‘വിദഗ്ധര്‍’ എഴുതിയുണ്ടാക്കിയ രേഖയാണ് സമന്വയ റിപ്പോര്‍ട്ട്. ഇത് സിനഡിന്റെ അന്തിമരേഖയല്ലെന്നും, ”തുടര്‍ന്നുകൊണ്ടിരിക്കുന്ന പരിചിന്തനങ്ങള്‍ക്ക് ഉപകരിക്കുന്ന ഒരു ഉപകരണം” മാത്രമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2024 ഒക്ടോബറില്‍ വത്തിക്കാനില്‍ ചേരുന്ന രണ്ടാംഘട്ട ജനറല്‍ അസംബ്ലിയുടെ അന്തിമ രേഖയാകും പരിശുദ്ധ പിതാവിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കപ്പെടുക.
പ്രാദേശിക സഭാ കൗണ്‍സിലുകളില്‍ ”ദൈവജനത്തിന് കൂടുതല്‍ പങ്കാളിത്തം” ഉറപ്പുവരുത്തിക്കൊണ്ട് സഭയുടെ ഭരണസംബന്ധമായ തീരുമാനങ്ങളെടുക്കുന്ന സംവിധാനങ്ങളില്‍ സിനഡല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കണമെന്ന സമൂര്‍ത്തമായ നിര്‍ദേശമുണ്ട്. ഓസ്ട്രേലിയയില്‍ അടുത്തകാലത്ത് നടത്തിയ പ്ലീനറി അസംബ്ലിയില്‍ മെത്രാന്മാരല്ലാത്തവരെ പങ്കെടുപ്പിച്ച ഉദാഹരണം റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. റീജനല്‍, ദേശീയ, ഭൂഖണ്ഡ തലത്തില്‍ സിനഡാലിറ്റി പ്രാവര്‍ത്തികമാക്കണം. ഭൂഖണ്ഡതല അസംബ്ലികള്‍ കാനോനികമായി അംഗീകരിക്കണം.
സിനഡാലിറ്റിയെ വിശുദ്ധഗ്രന്ഥത്തിന്റെയും പാരമ്പര്യങ്ങളുടെയും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖകളുടെയും പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കുന്ന സിനഡല്‍ രേഖ, സിനഡാത്മകതയെ സഭയുടെ ദൈവശാസ്ത്ര വീക്ഷണത്തിലും കാനോന്‍ നിയമത്തിലും കൂടുതല്‍ ആഴത്തില്‍ പ്രയോഗവത്കരിക്കേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്നു.
പലര്‍ക്കും ഇപ്പോഴും അസ്പഷ്ടവും അവ്യക്തവുമായ ഒരാശയമാണ് സിനഡാത്മകത എന്നതിനാല്‍ സമഗ്രമായ ഒരു നിര്‍വചനം റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുള്ളത് ഇങ്ങനെയാണ്:
”ക്രിസ്തുവിനോടൊപ്പം ക്രൈസ്തവര്‍ സ്വര്‍ഗരാജ്യത്തിലേക്ക് മുഴുവന്‍ മനുഷ്യരാശിയോടൊപ്പം നടക്കുന്നതിനെ സിനഡാലിറ്റിയായി മനസിലാക്കാം. അത് പ്രേഷിതലക്ഷ്യത്തോടെ ജീവിതത്തിന്റെ വ്യത്യസ്ത സഭാത്മക തലങ്ങളില്‍ ഒരുമിച്ചു സമ്മേളിക്കലാണത്. പരസ്പരം ശ്രവിച്ചുകൊണ്ടും സംവാദത്തിലും സാമൂഹിക പര്യാലോചനയിലും പൊതുധാരണ കെട്ടിപ്പടുത്തും ആത്മാവില്‍ ക്രിസ്തു സജീവമായി സന്നിഹിതനാകുന്നതുപോലെ, കൂട്ടുത്തരവാദിത്വത്തിന്റെ വേറിട്ട തീര്പ്പുകളിലെത്തുന്നതാണത്.”
റോമിലെ പരിശുദ്ധ സിംഹാസനവുമായി പൂര്‍ണ ഐക്യത്തില്‍ കഴിയുന്ന സ്വയംഭരണാവകാശമുള്ള 23 പൗരസ്ത്യ കത്തോലിക്കാ സഭകളുമായി ബന്ധപ്പെട്ട്, റോമന്‍ കൂരിയായിലെ ഡികാസ്റ്ററികളില്‍ ഈ സഭകളിലെ അംഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
പൗരസ്ത്യസഭകളുടെ തലവന്മാരെ പാപ്പായുമായി ബന്ധിപ്പിക്കുന്ന ഒരു കൗണ്‍സില്‍ രൂപവത്കരിക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കു പ്രതിവിധി കണ്ടെത്തുന്നതിന് പൗരസ്ത്യ സഭകളില്‍ നിന്നും ലത്തീന്‍ സഭയില്‍ നിന്നുമുള്ള ദൈവശാസ്ത്രജ്ഞരുടെയും ചരിത്രകാരന്മാരുടെയും കാനോന്‍ നിയമവിദഗ്ധരുടെയും സംയുക്ത കമ്മിഷനുകള്‍ രൂപീകരിക്കണം.
കിഴക്കന്‍ യൂറോപ്പില്‍നിന്ന് ഉള്‍പ്പെടെ പൗരസ്ത്യ സഭകളുടെ അതിര്‍ത്തികളില്‍ നിന്ന് ലത്തീന്‍ സഭയ്ക്ക് ആധിപത്യമുള്ള മേഖലകളിലേക്ക് കുടിയേറുന്ന വിശ്വാസികള്‍ക്ക് സിനഡാത്മകതയുടെ നാമത്തില്‍ അവരുടെ സവിശേഷ പൈതൃകവും സ്വത്വവും നിലനിര്‍ത്താന്‍ ആവശ്യമായ സഹായം ചെയ്തുകൊടുക്കണം. പ്രാദേശിക ലത്തീന്‍ സമൂഹത്തിലേക്ക് അവരെ ലയിപ്പിക്കാനുള്ള നടപടികള്‍ ഒഴിവാക്കേണ്ടതാണെന്ന് സിനഡ് നിര്‍ദേശിക്കുന്നു.
സിനഡല്‍ പ്രക്രിയ സംബന്ധിച്ച് പലതരം ആശങ്കകള്‍ ഉയര്‍ന്നത് റിപ്പോര്‍ട്ടില്‍ അനുസ്മരിക്കുന്നുണ്ട്: മാറ്റങ്ങള്‍ക്ക് നിര്‍ബന്ധിക്കപ്പെടും എന്നായിരുന്നു ചിലരുടെ പേടി. മറ്റുചിലരാകട്ടെ, ഒരു മാറ്റവും ഉണ്ടാവുകയില്ലെന്നും ജീവല്പാരമ്പര്യത്തിന്റെ താളത്തില്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ധൈര്യം തീരെ കുറവാണെന്നും ആശങ്ക പ്രകടിപ്പിച്ചു. അധികാരവും അതിന്റെ ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്ന ഭയത്താലും ചിലര്‍ എതിര്‍പ്പും അങ്കലാപ്പും പ്രകടിപ്പിച്ചു. 2021-ല്‍ ഫ്രാന്‍സിസ് പാപ്പാ തുടങ്ങിവച്ച സിനഡാത്മകതയുടെ ആഗോള പ്രക്രിയയില്‍ എന്തുകൊണ്ടാണ് മിക്ക കത്തോലിക്കരും പങ്കെടുക്കാതിരുന്നത് എന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ആഗോളതലത്തില്‍ കേവലം ഒരു ശതമാനം കത്തോലിക്കരാണ് ഈ പ്രക്രിയയില്‍ പങ്കുചേര്‍ന്നത്.
സിനഡിന്റെ സമാപനം കുറിച്ചുകൊണ്ട് വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച ഫ്രാന്‍സിസ് പാപ്പാ സിനഡ് പൊതുസമ്മേളനത്തിലെ ആത്മാവിന്റെ സംഭാഷണത്തെയും സാഹോദര്യത്തിന്റെ സൗന്ദര്യത്തെയും പരാമര്‍ശിച്ചുകൊണ്ടുള്ള സന്ദേശത്തില്‍ പറഞ്ഞു: ”കൂടുതല്‍ സിനഡാത്മകവും പ്രേഷിതത്വമുള്ളതുമായ സഭയാകാന്‍ കര്‍ത്താവ് നമ്മെ നയിക്കുകയും സഹായിക്കുകയും ചെയ്യട്ടെ. ദൈവത്തെ ആരാധിക്കുകയും നമ്മുടെ കാലത്തെ സ്ത്രീകളെയും പുരുഷന്മാരെയും സേവിക്കുകയും സുവിശേഷത്തിന്റെ സാന്ത്വനിപ്പിക്കുന്ന ആനന്ദത്തിലേക്ക് ഏവരെയും കൊണ്ടുവരികയും ചെയ്യുന്ന സഭയാകട്ടെ അത്.”