മുന്‍വിധികളില്ലാതെ കോട്ടപ്പുറത്തേക്ക്
വരാപ്പുഴ അതിരൂപതയിലെ സഹായമെത്രാനായിരിക്കെയാണ് പാപ്പായുടെ കല്പന പ്രകാരം കോട്ടപ്പുറം രൂപതയിലെ ശുശ്രൂഷയ്ക്ക് ഒരു വ്യാഴവട്ടക്കാലം മുമ്പ് ഞാനെത്തിയത്. എന്റെ പൗരോഹിത്യ ശുശ്രൂഷയുടെ ആരംഭകാലത്ത് അവിഭക്ത വരാപ്പുഴ അതിരൂപതയുടെ ഭാഗമായിരുന്ന കോട്ടപ്പുറം പ്രദേശത്ത് ഞാന്‍ ശുശ്രൂഷ ചെയ്തിരുന്നു. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് ദേവാലയത്തിനു സമീപം അന്നു നട്ടുനനച്ചു വളര്‍ത്തിയ വൃക്ഷങ്ങള്‍ ഇന്നു പടര്‍ന്നുപന്തലിച്ച് ഫലങ്ങളും തണലും നല്കുന്നതു കാണുമ്പോള്‍ വലിയ സന്തോഷം. വരാപ്പുഴ അതിരൂപയുടെ മെത്രാപ്പോലീത്തയായിരുന്ന അന്തരിച്ച ഡോ. ഡാനിയല്‍ പിതാവില്‍ നിന്ന് നല്ല പരിശീലനം ലഭിച്ചിരുന്നതുകൊണ്ട് ശുശ്രൂഷ വളരെ എളുപ്പമായിരുന്നു. ദൈവാനുഗ്രഹത്താല്‍ എന്റെ കാലാവധി തീരുവോളം നന്നായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു.
സൗകര്യങ്ങളൊരുക്കി മുന്‍ ഇടയന്
കോട്ടപ്പുറം രൂപതയെ ഒന്നുമില്ലായ്മയില്‍ നിന്നു വളര്‍ത്തിക്കൊണ്ടുവന്ന ഫ്രാന്‍സിസ് കല്ലറക്കല്‍ പിതാവിന്റെ പ്രവൃത്തികള്‍ അദ്ഭുതംതന്നെയായിരുന്നു. രൂപത രൂപീകരിച്ചപ്പോള്‍ തന്റെ ചെറിയ സൗകര്യങ്ങളില്‍ ഒതുങ്ങി നിന്ന് പിതാവ് രൂപതയുടെ അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗത്തില്‍ തന്നെ കൈവരിച്ചു. കൊടുങ്ങല്ലൂരിന്റെ തന്നെ മുഖമുദ്രയായ മനോഹരമായ കത്തീഡ്രല്‍ പള്ളി, ദേശീയ ശ്രദ്ധതന്നെയാകര്ഷിച്ച സേവന വിഭാഗമായ കിഡ്സ്, മറ്റനേകം കെട്ടിടങ്ങള്‍, പുതിയ ദേവാലയങ്ങള്‍, ചരിത്രപ്രാധാന്യം നഷ്ടപ്പെടാതെ പുതുക്കിപ്പണിത ദേവാലയങ്ങള്‍… അങ്ങനെ എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ടാക്കിയെടുത്തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു പോകേണ്ട കാര്യമേ എനിക്കുണ്ടായിരുന്നുളളൂ. ”പിതാവ് ദൈവാനുഗ്രഹത്തോടെയും ജാഗ്രതയോടെയും പ്രവര്‍ത്തിച്ചാല്‍ മതി” എന്നാണ് അദ്ദേഹമെന്നോട് പറഞ്ഞത്.
ആടുകളോടൊപ്പം
ഞാന്‍ എന്റെ രൂപതയിലെ ജനങ്ങളോടൊപ്പം ഒരു സാധാരണക്കാരനായി നടക്കാനാണ് ആഗ്രഹിച്ചത്. ഏകദേശം ഒരു ലക്ഷത്തോളം വിശ്വാസികള്‍ രൂപതയിലുണ്ട്. തന്റെ ജനത്തെ അറിയാന്‍ ദൈവദാസന് ജോസഫ് അട്ടിപ്പേറ്റി പിതാവ് തിരഞ്ഞെടുത്ത മാര്‍ഗം എനിക്കു മാതൃകയായി. അട്ടിപ്പേറ്റി പിതാവ് വിശാലമായ തന്റെ അതിരൂപതയിലെ ഓരോ കുടുംബവും സന്ദര്‍ശിച്ചിരുന്നു. ഞാന്‍ രൂപതയിലെ 536 കുടുംബയൂണിറ്റുകളും സന്ദര്‍ശിച്ചു. അവരുടെ കൂടെ അവരുടെ വീടുകളുടെ മുറ്റങ്ങളിലിരുന്നപ്പോള് അവര്‍ മനസുതുറന്ന് സംസാരിച്ചു. ചില വീടുകള്‍ രൂപതയുടെ വിദൂരപ്രദേശങ്ങളിലായിരുന്നു. അവിടെ എത്തിപ്പെടാന്‍ കാല്‍നടയായി കിലോമീറ്ററുകളോളം സഞ്ചരിച്ചു. യൂണിറ്റുകളിലെ രോഗികളെ സന്ദര്‍ശിച്ച് അവര്‍ക്കായി പ്രാര്‍ഥിച്ചു. അതോടെ രൂപതയുടെ ഹൃദയസ്പന്ദനം മനസിലാക്കാന്‍ പറ്റി; ജനങ്ങള്‍ക്ക് എന്നേയും. സമീപസ്ഥനായ ഒരു പിതാവായി മാറാന്‍ എനിക്കു സാധിച്ചു. ചില സ്ഥലങ്ങളില്‍ ഞാനാണ് ബിഷപ്പെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. ഒരു ബിഷപ്പിനെ അവര്‍ ഇത്ര അടുത്ത് കണ്ടിട്ടില്ല; ചിലര്‍ തൊട്ടുനോക്കുന്ന സന്ദര്‍ഭങ്ങളുമുണ്ടായി. അതെല്ലാം എനിക്കും പുതിയ അനുഭവമായിരുന്നു. അവര്‍ എന്നില്‍ വളരെ പ്രതീക്ഷ പുലര്‍ത്തുന്നുവെന്ന് എനിക്കു മനസിലായി.
വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തികം
വിശ്വാസികളുടെ കാര്യങ്ങളെല്ലാം മനസിലാക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഉന്നത വിദ്യാഭ്യാസം ലഭിച്ചവര്‍ പ്രായേണ കുറവായിരുന്നു. സര്‍ക്കാര്‍ ജോലിക്കാരും അര്‍ദ്ധസര്‍ക്കാര്‍ ജോലിക്കാരും കുറച്ചുണ്ട്. സാമ്പത്തികമായി ഉന്നതിയിലുള്ളവര്‍ വളരെ കുറച്ചു മാത്രം. മിക്കവാറും മിഡില്‍ ക്ലാസുകാരാണ്. ദരിദ്രരും ഉണ്ട്. ചില പ്രത്യേക മേഖലകളിലെ ഓരോ യൂണിറ്റ് സന്ദര്‍ശനം കഴിയുമ്പോഴും ഞാന്‍ അവരോടു പറയും, നിങ്ങളുടെ യൂണിറ്റിന്റെ പരിധിയില്‍ പട്ടിണി കിടക്കുന്നവരായി ആരുമുണ്ടാകാതെ ശ്രദ്ധിക്കണം. ജാതിയോ മതമോ അതിനു തടസമാകരുത്. എല്ലാവരേയും ദൈവമക്കളായി കാണണം. ഇല്ലാത്തവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കണം. അവരത് അക്ഷരം പ്രതി അനുസരിച്ചു.
പ്രളയവും കൊവിഡും
2018ല്‍ കേരളം നേരിട്ട മഹാപ്രളയം അനേകം ദുരന്തങ്ങള്‍ക്കു കാരണമായല്ലോ. ആ സമയത്ത് ജനങ്ങള്‍ക്കു വേണ്ടി കര്‍മനിരതനാകാന്‍ ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. കത്തീഡ്രലിന്റെ തൊട്ടടുത്തുവരെ വെള്ളം വന്നു. ചുറ്റുമുള്ള എല്ലാ പ്രദേശങ്ങളും മുങ്ങിപ്പോയിരുന്നു. വലിയ വീടുകളും കെട്ടിടങ്ങളും വരെ വെള്ളത്തിനടിയിലായി. ജനങ്ങള്‍ പ്രാണഭീതിയാല്‍ പരക്കംപാഞ്ഞു. ഞാനും സഹവൈദികരും പെട്ടെന്നുതന്നെ പ്രവര്‍ത്തനനിരതരായി. രൂപതയുടെ എല്ലാ കെട്ടിടങ്ങളും പ്രളയബാധിതര്‍ക്കായി തുറന്നുകൊടുത്തു. ഏകദേശം 17,000 പേര് ഈ ക്യാമ്പിലുണ്ടായിരുന്നു. സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ ക്യാമ്പായിരുന്നു അത്. അവിടെ എല്ലാ ജാതിക്കാരും മതവിഭാഗക്കാരുമുണ്ടായിരുന്നു. അവര്‍ക്കുവേണ്ട അവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുത്തു. എല്ലാവര്ക്കും സമൃദ്ധിയായി ഭക്ഷണം നല്കി. എല്ലാ വിധത്തിലുമുള്ള പിന്തുണയും നല്കി. ക്യാമ്പില്‍ വരാന്‍ സാധിക്കാത്തവരെയും തേടിപ്പിടിച്ച് ഭക്ഷണസാമഗ്രികള്‍ എത്തിച്ചുനല്‍കി. എന്റെ എല്ലാ വൈദികരും സന്ന്യസ്തരും അല്മായ സംഘടനാ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി അക്ഷീണം പ്രയത്നിച്ചു. പ്രളയം കഴിഞ്ഞിട്ടും ഞങ്ങള്‍ സേവനം തുടര്‍ന്നു. അഴുക്കുപിടിച്ചുകിടന്നിരുന്ന വീടുകളെല്ലാം യുവാക്കള്‍ മുന്നിട്ടിറങ്ങി ശുചീകരിച്ചു. കേടുപാടുകള്‍ പറ്റിയ വീടുകള്‍ പുതുക്കിപ്പണിതുകൊടുത്തു. പൂര്‍ണമായി തകര്‍ന്ന ഭവനങ്ങള്‍ക്കു പകരം പുതിയ താമസസൗകര്യങ്ങളൊരുക്കി നല്കി. സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും ധാരാളം സഹായം ഈ ഘട്ടത്തില്‍ ഞങ്ങള്‍ക്കു ലഭിച്ചിരുന്നു. ലോറിക്കണക്കിന് ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളുമാണ് എത്തിയത്. അതുകൊണ്ടുതന്നെ പ്രളയം കഴിഞ്ഞ് തൊഴിലെടുക്കാന്‍ സാഹചര്യമുണ്ടാകുന്നതുവരെ പലരേയും സംരക്ഷിക്കാന്‍ കഴിഞ്ഞു.
കൊവിഡുകാലത്തും രൂപത പ്രവര്‍ത്തനനിരതമായിരുന്നു. രോഗികളെ ശുശ്രൂഷിക്കാന്‍, ഒറ്റപ്പെട്ടവര്‍ക്കു സഹായമെത്തിക്കാന്‍, കൊവിഡ് ബാധിച്ച് മരണമടഞ്ഞവരെ പ്രോട്ടോക്കോള്‍ പാലിച്ച് സംസ്കരിക്കാനും മുന്നിട്ടിറങ്ങി. അതിനുവേണ്ടി കിഡ്സിന്റെ നേതൃത്വത്തില്‍ സന്നദ്ധസംഘടനകള്‍ രൂപീകരിച്ചു. പച്ചക്കറികള്‍ സൗജന്യമായി നല്കി.
ചരിത്രസംരക്ഷണം
കൊടുങ്ങല്ലൂര്‍ മേഖലയിലാണല്ലോ ക്രൈസ്തവവിശ്വാസത്തിന്റെ വിത്തുകള്‍ പാകപ്പെട്ടത്. വളരെയേറെ ചരിത്രപ്രാധാന്യമുള്ള പ്രദേശമാണ് ഇവിടം. പക്ഷേ ചരിത്രസാമഗ്രികള്‍ കണ്ടെത്തുന്നതിനോ സംരക്ഷിക്കുന്നതിനോ വലിയ ശ്രമങ്ങളൊന്നുമുണ്ടായിരുന്നില്ല. രൂപതയില്‍ അതിനുവേണ്ടി പ്രത്യേകമൊരു സംഘടന രൂപീകരിച്ച് പ്രദേശത്തിന്റെയും സമുദായത്തിന്റെയും ചരിത്രം വിശ്വാസികളെ അറിയിക്കുന്നതിനായി ക്ലാസുകള്‍ സംഘടിപ്പിച്ചു. കോട്ടപ്പുറം രൂപതയുടെ ചരിത്രം സിനിമാ രൂപത്തില്‍ ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ചു. മുസിരിസ് പൈതൃകത്തിന്റെ ഭാഗമാണ് നമ്മളെന്ന ധാരണ എല്ലാവരിലും ഉണ്ടാക്കാന്‍ ഇതുവഴി സാധിച്ചു. മുസിരിസ് പൈതൃക പദ്ധതി അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക് നടപ്പിലാക്കാന്‍ തുടങ്ങിയ സമയമായിരുന്നു അത്. അദ്ദേഹവുമായി ഞാന്‍ കൂടിക്കാഴ്ചകള്‍ നടത്തി. പ്രദേശത്തിന്റെ പൊതുവളര്ച്ചയ്ക്കു കൂടി ഉതകുന്ന വിധത്തില്‍ പദ്ധതി രൂപീകരിക്കണമെന്നാണ് ഞാന്‍ നിര്‍ദേശിച്ചത്. ജലഗതാഗതത്തിനുള്ള സൗകര്യങ്ങളും ഗുണങ്ങളും അന്നു ചര്‍ച്ച ചെയ്തു. പിന്നീട് ഇക്കാര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായതില്‍ വലിയ സന്തോഷം. അന്ന് കൊടുങ്ങല്ലൂരിലെ എംഎല്‍എയായിരുന്ന ടി.എന്‍. പ്രതാപന്, തുടര്‍ന്നു വന്ന എംഎല്‍എ സുനില്‍കുമാര്‍, കയ്പമംഗലം എംഎല്‍എ ടൈസണ്‍ മാസ്റ്റര്‍, വാര്‍ഡ് അംഗം ജോണി തുടങ്ങിയവരെല്ലാം മുസിരിസ് പൈതൃകപദ്ധതിയുമായി വളരെ കാര്യമായി സഹകരിച്ചിരുന്നവരാണ്. കോട്ടപ്പുറം ചന്തയുടെ ഭാഗം മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറെ കാര്യങ്ങള്‍ ചെയ്തു. കത്തീഡ്രലിനു സമീപം വരെ ടൈല്‍ പാകി മനോഹരമാക്കിയതും പദ്ധതിയുടെ ഭാഗമായാണ്. തുടര്‍ന്ന് ക്ഷേത്രങ്ങളും ചേരമാന്‍ മസ്ജിദ് ഉള്‍പ്പടെയുള്ള മുസ്ലിം പള്ളികളും മുസിരിസ് പദ്ധതിയുടെ ഭാഗമായി.
രൂപതയിലെ വിവിധ ശുശ്രൂഷാ സമിതികളെല്ലാം വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു എന്നതിലും വലിയ സന്തോഷമുണ്ട്. രൂപതയുടെയും ഇടവകകളുടെയും വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രാധാന്യത്തോടെ വരാന്‍ തുടങ്ങിയത് മീഡിയാ കമ്മീഷന്റെ വലിയ ശ്രമത്തിന്റെ ഭാഗമായാണ്.
ഒരുക്കം നേരത്തെ തുടങ്ങി
എന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പുതന്നെ വത്തിക്കാനിലേക്ക് രാജിക്കത്ത് തയ്യാറാക്കി അയച്ചിരുന്നു. ബിഷപ്പിന്റെ മുറി ഒഴിഞ്ഞ് മറ്റൊരു മുറിയിലേക്ക് താമസവും മാറ്റി. അലക്സ് പിതാവ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി സ്ഥാനമേറ്റെടുത്ത് മുറി കണ്ടപ്പോള്‍ സന്തോഷമായിക്കാണും. കാരണം, എല്ലാ സജ്ജീകരണങ്ങളും ഞാന്‍ ഒരുക്കിയിരുന്നു. പറവൂരിലെ ജൂബിലി ഹോമിലേക്കാണ് താമസം മാറ്റുന്നത്. ദൈവം അനുവദിക്കുന്നിടത്തോളം കാലം ശുശ്രൂഷകള്‍ തുടരും.