- സി.എൽ.സി ദേശീയ അസംബ്ലി
- എസ് ബി കോളേജിനെ വാനോളം പുകഴ്ത്തി ഉപരാഷ്ട്രപതി
- മുനമ്പം ഭൂമി: ഹൈക്കോടതി വിധിക്കെതിരെ കേരള വഖഫ് ബോർഡ് സുപ്രീം കോടതിയിൽ
- ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
- ബി ഇ സി സംഗമം നടത്തി
- KRLCBC, വിശ്വാസ പരിശീലന കമ്മീഷൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷ ആചരണം
- KLCA വൈപ്പിൻ നിയോജകമണ്ഡലം കൺവെൻഷൻ ഞായറാഴ്ച്ച
- ശ്രീലങ്കയിലെ തീവ്രവാദി ആക്രമണം: ശ്രീലങ്കയിൽ മുൻ ഇന്റലിജൻസ് മേധാവി അറസ്റ്റിൽ
Author: admin
വയനാട് : ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറക്കും. സംഘര്‍ഷ സാധ്യത ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഇത് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ മരണം സംഭവിച്ചപ്പോള്‍ തന്നെ ക്യാമ്പസിലും ഹോസ്റ്റലിലും സിസിടിവിയും സെക്യൂരിറ്റിയും അടക്കം കൃത്യമായി സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഹോസ്റ്റലിന്റെ വാര്‍ഡന്‍ കൂടിയായ ഡീനിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ വ്യക്തമാക്കിയതാണെന്നും ജെ ചിഞ്ചുറാണി പറഞ്ഞു.
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാർച്ച് 15 ന് പാലക്കാട് നടക്കുന്ന റോഡ് ഷോയില്‍ മോദി പങ്കെടുക്കും.തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായും മോദി കേരളത്തില്‍ വന്നിരുന്നു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷമായിരുന്നു മോദി ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുത്തത്. ബിജെപി വിജയം പ്രതീക്ഷിക്കുന്ന തിരുവനന്തപുരത്തും തൃശൂരിലുമായിരുന്നു മോദിയുടെ നേരത്തെയുള്ള രണ്ട് സന്ദര്‍ശനങ്ങള്‍. ഫെബ്രുവരി 27നാണ് മോദി അവസാനമായി കേരളത്തില്‍ എത്തിയത്. അതിന് മുമ്പ് കൊച്ചിയിലെത്തിയ നരേന്ദ്രമോദി റോഡ് ഷോ നടത്തുകയും വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ കേരളപദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മോദി തിരുവനന്തപുരത്ത് എത്തിയത്.
ന്യൂ ഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു രാജി അംഗീകരിച്ചതായി നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കി.ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് രാജി . 2022 നവംബറില്‍ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ അദ്ദേഹത്തിന് 2027 വരെ കാലാവധിയുണ്ട്. മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. തെരഞ്ഞെടുപ്പ് കമ്മിഷനിലെ മറ്റൊരംഗമായ അനൂപ് പാണ്ഡെയുടെ കാലാവധി നേരത്തെ അവസാനിച്ചിരുന്നു. ഇതോടെ മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഇനി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമാണ് ഉള്ളത്. അരുണ്‍ ഗോയലിന്റെ രാജി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന നടപടി ക്രമങ്ങളെ ബാധിക്കുമോ എന്നതില്‍ വ്യക്തതയില്ല.അടുത്ത ഫെബ്രുവരിയില്‍ രാജീവ് കുമാര്‍ വിരമിക്കുമ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആകേണ്ട ആളായിരുന്നു ഗോയല്‍. സിവിൽ സർവീസിൽനിന്ന് സ്വയം വിരമിച്ച അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറാക്കിയ സംഭവം വിവാദമായിരുന്നു.
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണം സിബിഐ അന്വേഷിക്കും. കേസന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഏറെ ദുഃഖമുണ്ടാക്കിയ സംഭവമാണ് സിദ്ധാര്‍ഥന്റെ മരണമെന്നും അച്‌ഛന്‍ ജയപ്രകാശന്‍ തന്നെ വന്ന് കണ്ടിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി . ഇപ്പോള്‍ നടക്കുന്ന അന്വേഷണം കുറ്റമറ്റതാണെങ്കിലും കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് കേസ് സിബിഐക്ക് വിടുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു . സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഏജന്‍സി കേസന്വേഷിച്ചാല്‍ സിദ്ധാര്ഥന് നീതി കിട്ടില്ലെന്ന് കുടുംബം തുടക്കം മുതല്‍ ആരോപിച്ചിരുന്നു. വിഷയത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. സിദ്ധാര്‍ഥന്റെ മരണത്തില്‍ ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് മുഖ്യമന്ത്രിയെ കണ്ടശേഷം കുടുംബം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറങ്ങിയത്.
കോട്ടയം :റിട്ട.ജഡ്ജിമാർക്ക് അതിവേഗത്തിൽ പുതിയ നിയമനങ്ങൾ നൽകുന്നത് ജുഡീഷ്യറിയുടെ നിഷ്‌പക്ഷത ഇല്ലാതാക്കുമെന്ന് സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ അഡ്വ. പ്രശാന്ത് ഭൂഷൺ. നിർണായക കേസുകളിൽ കേന്ദ്രസർക്കാറിന് അനുകൂലമായി വിധി പറഞ്ഞ പല ന്യായാധിപൻമാർക്കും പുതിയ നിയമനങ്ങൾ ലഭിച്ചുകഴിഞ്ഞു. ഇതിനൊപ്പം സ്വതന്ത്ര ജഡ്‌ജിമാരെ നിയമിക്കാതിരിക്കാനും കേന്ദ്രസർക്കാർ ഇടപെടുന്നു. മുസ്ലിം ജഡ്‌ജിമാർ നിയമിക്കപ്പെടുന്നില്ല. ജഡ്‌ജിമാരെ അന്വേ ഷണ ഏജൻസികളുടെ നിരീക്ഷത്തിലാക്കി ഭയപ്പെടുത്തി സർക്കാറിന് അനു കൂലമായി വിധികൾ രൂപപ്പെടുത്തുകയാണ്. ജുഡീഷ്യറി പൂർണമായും അഴിമതിമുക്തമാണെന്ന് പറയാനാകില്ല. നിർണായക വിഷയങ്ങളിൽ സുപ്രീംകോടതിയിൽ നിന്നടക്കം നിഷ്‌പക്ഷ വിധികൾ പുറത്തുവരുന്നുണ്ട്. ഇത്തരം വിധിന്യായങ്ങളെക്കൂടി സ്വാധീനിക്കാനുള്ള ‘കെണിയായി’ നിയമനങ്ങൾ മാറാമെന്നും അദ്ദേഹം പറഞ്ഞു. ദർശന സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച പ്രഭാഷണത്തിൽ “ഇന്ത്യൻ റിപ്പബ്ലിക്കിന്റെ വീണ്ടെടുക്കൽ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ നടക്കുന്നു എന്ന് പറയപ്പെടുന്ന തട്ടിപ്പുകൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നു. പണവും സ്വാധീനവും ഉപയോഗിച്ച് മാധ്യമങ്ങളിൽ പരസ്യം നൽകി തെരഞ്ഞെടുപ്പിനെ വിലയ്‌ക്കുവാങ്ങുകയാണ്. മാധ്യമങ്ങൾ മോദിമാധ്യമങ്ങളായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ത്യ മുന്നണി സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍. കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തെ സീറ്റ് വിഹിതം നല്‍കാനാവില്ലെന്ന നിലപാടില്‍ ഡി എം കെ. സംസ്ഥാനത്തെ ഇതര പാര്‍ട്ടികളുമായുളള മുന്നണി ധാരണകള്‍ രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ട്.കോണ്‍ഗ്രസും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമായുള്ള ചര്‍ച്ചകളാണ് നീളുന്നത്. കമല്‍ഹാസന്റെ പാര്‍ട്ടിയെ ഉള്‍ക്കൊള്ളുന്നത് കോണ്‍ഗ്രസ് അവകാശപ്പെട്ട വിഹിതത്തില്‍ നിന്നാവണം എന്ന ഉപാധി ഡി എം കെ മുന്നോട്ട് വെച്ചു. കഴിഞ്ഞതവണ തമിഴ്‌നാട്ടില്‍ ഒമ്പതുസീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഇത്തവണ ഏഴുസീറ്റില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന നിലപാടിലാണ് ഡി.എം.കെ. മാത്രമല്ല അനുവദിക്കുന്ന സീറ്റുകളില്‍ ഒന്ന് കമലിന് നല്‍കണമെന്ന ഉപാധിയും മുന്നോട്ട് വെച്ചു.ഇടതുപാര്‍ട്ടികള്‍, മുസ്ലിം ലീഗ് തുടങ്ങി മുന്നണിയിലെ കക്ഷികളുമായി ഇതിനകം ധാരണയിലെത്തിയിട്ടുണ്ട്. സി പി എം., സി പി ഐ., രണ്ടുവീതം, മുസ്ലിംലീഗ്, കൊങ്കുനാട് മക്കള്‍ ദേശീയ കക്ഷി ഒന്നുവീതം എന്നിങ്ങനെയാണ് മറ്റുപാര്‍ട്ടികളുമായി ഡി എം കെയുണ്ടാക്കിയ ധാരണ. 39 ലോക്‌സഭാ മണ്ഡലങ്ങളാണ് തമിഴ്നാട്ടിലുള്ളത്.
തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ റാഗിങ്ങിന് ഇരയായ ശേഷം ആത്മഹത്യ ചെയ്‌ത വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിന്‍റെ അച്‌ഛന്‍ ജയപ്രകാശും ബന്ധുകളും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് സിദ്ധാര്‍ഥിന്‍റെ അച്‌ഛനും ബന്ധുക്കളും മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ സംഘടനകളുടെയും സമരം. ഇതിനിടെയാണ് സിദ്ധാര്‍ഥിന്‍റെ അച്‌ഛന്‍ തന്നെ നേരിട്ട് മുഖ്യമന്ത്രിയോട് ആവശ്യമുന്നയിക്കുന്നത്. സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ വെറ്ററിനറി സര്‍വകലാശാല വി സി, കോളജിലെ ഡീന്‍, അസിസ്‌റ്റന്‍റ് വാര്‍ഡന്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. സംഭവത്തില്‍ കോളജിലെ ആന്‍റി റാഗിങ് സെല്ലും അന്വേഷണം നടത്തി വരികയാണ്. എന്നാല്‍ സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ മാത്രം സംഭവത്തില്‍ അന്വേഷണം നടത്തിയാല്‍ മതിയാകില്ലെന്ന് സിദ്ധാര്‍ഥിന്‍റെ അച്‌ഛന്‍ തന്നെ നേരത്തെ പരസ്യമായി പ്രതികരിച്ചിരുന്നു. സമഗ്രമായ അന്വേഷണത്തിന് സിബിഐ വേണമെന്ന ആദ്യം മുതല്‍ക്കുള്ള നിലപാടില്‍ ഉറച്ച് നില്ക്കുകയാണ് സിദ്ധാര്‍ഥിന്‍റെ കുടുംബം.
ന്യൂഡല്‍ഹി: ഇപ്പോഴും ജയിലിലാണെന്നാണ് തോന്നുന്നതെന്ന് പ്രൊഫസര്‍ ജി.എന്‍ സായിബാബ. നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഏഴ് വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായി പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി തന്റെ കുടുംബം അനുഭവിക്കുന്ന വേദനകളെ കുറിച്ച് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനാവുകയും ചെയ്തു. ‘ഞാന്‍ സ്വതന്ത്രനായെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഇപ്പോഴും ജയില്‍ സെല്ലിലാണ് കഴിയുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഈ ഏഴ് വര്‍ഷങ്ങള്‍ എനിക്ക് ഒരു അഗ്‌നിപരീക്ഷയായിരുന്നു’, സായിബാബ പറഞ്ഞു. കേസ് നടത്തിയതിന് തന്റെ അഭിഭാഷകര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. അഭിഭാഷകരില്‍ ഒരാള്‍ ഫീസ് വാങ്ങാതെയാണ് കേസ് വാദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ പിന്തുണച്ചതിന് അഭിഭാഷകന് ജയിലില്‍ പോകേണ്ടി വന്നു. ‘ആശുപത്രിയില്‍ പോകുന്നതിന് പകരം ഞാന്‍ മാധ്യമങ്ങളെ കാണാനാണ് തീരുമാനിച്ചത്. കാരണം എന്റെ യാത്രയിലുടനീളം നിങ്ങള്‍ മാധ്യമങ്ങള്‍ എന്നെ പിന്തുണച്ചു. എന്റെ കുടുംബത്തിന് വലിയ കളങ്കം നേരിടേണ്ടി വന്നു. എന്നെ എല്ലാവരും തീവ്രവാദിയെന്ന് വിളിച്ചു’, കണ്ണീരോടെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.…
മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം:കേരള – തമിഴ്നാട് അതിർത്തിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടി കൊന്നു. അതിർത്തി പ്രദേശമായ ആറുകാണിക്ക് സമീപം കീഴ്മലയിലാണ് സംഭവം. ആറുകാണി കീഴ്മല സ്വദേശി മധുവാണ് (37) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. വെള്ളം എടുക്കാൻ തോട്ടിൽ എത്തിയപ്പോഴാണ് ആനയുടെ ആക്രമണം. കേരള തമിഴ്നാട് അതിർത്തിക്കടുത്ത് കന്യാകുമാരി ജില്ലയിലെ സ്ഥലമാണ് കീഴ്മല.
Subscribe to Updates
Get the latest creative news from FooBar about art, design and business.
