കൊച്ചി > ഈ വർഷം കേരളം സമ്പൂർണ്ണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ച ഒൻപത് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നവ കേരളം കർമ്മ പദ്ധതി രണ്ടിൽ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിൽ ഒന്നാണ് പാലിയേറ്റീവ് കെയർ. ആശാവർക്കർമാർ മുഖേന ശൈലി ആപ്പ് വഴി പാലിയേറ്റീവ് കെയർ ആവശ്യമായവരുടെ ലിസ്റ്റ് എടുത്തിട്ടുണ്ട്. കിടപ്പിലായവർക്കും, വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക്കും മികച്ച ഹോം കെയർ പരിചരണം നൽകുന്നതിന് ആവശ്യമായ വൊളൻ്റിയേഴ്സിനെ നിയമിക്കും. സംസ്ഥാനത്തെ എല്ലാ കിടപ്പുരോഗികൾക്കും കൃത്യമായ ഇടവേളകളിൽ പാലിയേറ്റീവ് കെയർ സംവിധാനം ഉറപ്പാക്കി കേരളം സമ്പൂർണ്ണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്നും മന്ത്രി പറഞ്ഞു.
പാലിയേറ്റീവ് വാരാചരണത്തിൻ്റെ ഭാഗമായി ജനറൽ ആശുപത്രിയിൽ ആരംഭിച്ച അനുഗാമി ടു ഹീൽ ടുഗതർ പദ്ധതി വഴി അൻപതോളം വരുന്ന ക്രോണിക് അൾസർ രോഗികളെ 100 ദിവസത്തെ കർമ്മപദ്ധതിയിലൂടെ സുഖപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ ആയിരത്തിലധികം രോഗികൾക്ക് ആശുപത്രി വഴി പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുന്നുണ്ട്-മന്ത്രി പറഞ്ഞു.