മ്യാൻമർ :മ്യാന്മറിൽ നിന്ന് പലായനം ചെയ്ത് ബംഗ്ലാദേശിൽ അഭയം തേടിയിരിക്കുന്ന റൊഹിങ്ക്യൻ വംശജർക്ക് സാദ്ധ്യമായ സഹായം നല്‍കുമെന്ന് ചത്തൊഗ്രാം അതിരൂപത. “ലൊസ്സെർവത്തോരെ റൊമാനൊ” യ്ക്ക് (സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണം )അനുവദിച്ച അഭിമുഖത്തിൽ, ചത്തൊഗ്രാം അതിരൂപതയുടെ വികാരി ജനറാൾ ഫാദർ ടെറെൻസ് റൊഡ്രീഗസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
റോഹീങ്ക്യൻ വംശജരെക്കുറിച്ചുള്ള ഫ്രാൻസീസ് പാപ്പായുടെ നിരന്തര ഓർമ്മപ്പെടുത്തലാണ് ഈ തീരുമാനത്തിന് പ്രചോദനമായതെന്ന് അദ്ദേഹം വ്യക്തമാക്കി.ബംഗ്ലാദേശിൻറെ കിഴക്കു ഭാഗത്ത് കോക്സസ് ബസാർ ജില്ലയിലെ അഭയാർത്ഥി പാളയത്തിൽ പത്തുലക്ഷത്തിലേറെ റൊഹിങ്ക്യൻ വംശജർ തിങ്ങിനിറഞ്ഞിരിക്കുന്ന ഒരു അവസ്ഥയാണുള്ളതെന്ന് ഫാദർ റൊഡ്രീഗസ് വെളിപ്പെടുത്തി. മുസ്ലീംങ്ങളായ ഇവരുടെ ഒപ്പം ആയിരിക്കാനും ഇവർക്ക് സേവനം ചെയ്യാനും തിരുപ്പിറവിത്തിരുന്നാളിനോടനുബന്ധിച്ച് പ്രത്യേകം ശ്രദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് റോഹിംങ്ക്യകള്?
ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്മാറില് പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ റോഹിംഗ്യകളുണ്ട്. എന്നാല്‍ കിഴക്കന്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായിട്ടാണ് മ്യാന്മാര് ഭരണകൂടം ഇവരെ കാണുന്നത്.1948ലാണ് മ്യാന്മാര് ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം പ്രാപിച്ചത്. എന്നാല്‍ മ്യാന്മാറില് ജനാധിപത്യം വേരുറച്ചില്ല. 1948-ലെ പൗരത്വനിയമത്തില്‍ റോഹിംഗ്യകളെ ബര്‍മ ഉള്‍പ്പെടുത്തിയില്ല. 1962- ലെ പട്ടാള അട്ടിമറിക്കുശേഷം അവര്‍ക്ക് രജിസ്ട്രേഷന് എടുക്കേണ്ടിവന്നു. ഭൂരിപക്ഷ ബുദ്ധമതക്കാര്‍ക്കും റോഹിംഗ്യകള്‍ക്കെതിരെ വിരുദ്ധ വികാരം ഉടലെടുക്കാന്‍ ആരംഭിച്ചു.
സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നിലായ റോഹിംഗ്യകളുടെ ജീവിതം ദയനീയമായിരുന്നു. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതെ വലിയൊരു വിഭാഗം തന്നെ വളര്‍ന്നുവന്നു. ആദ്യ രജിസട്രേഷന് നടത്തിയവര്‍ക്ക് അര്‍ദ്ധ പൗരത്വം മാത്രമാണ് ലഭിച്ചത്. ഒട്ടേറെ രേഖകള്‍ കാണിച്ച് അര്‍ദ്ധ പൗരത്വം നേടിയാലും സാമുഹികമായി വലിയ അവഗണന നേരിട്ടു.
റോഹിംഗ്യകള്‍ നിരന്തരം ആക്രമിക്കപ്പെട്ടു. സഹിക്കാനാവാതായതോടെ ചെറിയൊരു റോഹിംഗ്യന്‍ ന്യൂനപക്ഷം പ്രതിരോധം തീര്‍ക്കാന്‍ ആരംഭിച്ചു. ഇവരുടെ സായുധ പ്രതിരോധം നിലവിലെ പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കി.ഒരുസംഘം റോഹിംഗ്യന്‍ യുവാക്കള്‍ ‘അരക്കന്‍ റോഹിംഗ്യന്‍ സാല്‍വേഷന്‍ ആര്‍മി’ എന്ന തീവ്രവാദ സംഘടനയ്ക്ക് രൂപം കൊടുത്തു. മ്യാന്മാര് സൈന്യത്തിനെതിരേ സായുധ ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. 1970 മുതല്‍ ചില ഒറ്റപ്പെട്ട ആക്രമണങ്ങള്‍ അവര്‍ നടത്തി. പക്ഷേ, അതിന്റെ ദുരന്തം അനുഭവിച്ചത് പാവങ്ങളായ റോഹിംഗ്യന്‍ സ്ത്രീകളും കുട്ടികളുമായിരുന്നു. പട്ടാളത്തിന്റെ പല ക്രൂരതകളും മറയ്ക്കപ്പെട്ടു.
ഏറ്റവും ഒടുവില്‍ 2017 ഓഗസ്റ്റ് 25ന് ‘ആര്‍സ’ എന്ന ഒളിപ്പോര് സംഘടന റാഖൈന്‍ പ്രവിശ്യയിലെ പൊലീസ് ഔട്ട് പോസ്റ്റുകള്‍ ആക്രമിച്ചു. കുറെ പൊലീസുകാരെ കൊന്നു. ഇതിന് പ്രതിരോധമെന്നോണം റോഹിംഗ്യന്‍ ഗ്രാമങ്ങള്‍ മ്യാന്മാര് പട്ടാളം ആക്രമിച്ചു.നൂറുകണക്കിന് റോഹിംഗ്യകള്‍ കൊല്ലപ്പെട്ടു. നാലായിരത്തോളം പേര് കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
ആങ്സാന്‍ സ്യൂചി ഭരണമേറ്റത് പട്ടാളത്തിന്റെ അടിമയായിക്കൊണ്ടാണ്.സ്യൂചിക്ക് പട്ടാളഭരണത്തെ ന്യായീകരിക്കേണ്ടി വന്നു. അവര്‍ക്ക് ഭരണത്തില്‍ തുടരാന്‍ അത് കൂടിയേ തീരുമായിരുന്നുള്ളൂ. റോഹിംഗ്യകള്‍ രാജ്യവിരുദ്ധരാണെന്ന് സ്യൂചി വ്യക്തമാക്കിയതോടെ റോഹിംഗ്യന്‍ വംശഹത്യക്ക് ആഴമേറി.
2017ല്‍ ഓഗസ്റ്റ് അവസാനം ആരംഭിച്ച സംഘര്‍ഷത്തില്‍ എട്ടുലക്ഷത്തോളം റോഹിംഗ്യകള്‍ രാജ്യം വിട്ടോടിപോയി. ഗ്രാമങ്ങള്‍ ചുട്ടെരിച്ചും സ്ത്രീകളെ ബലാത്സംഗം ചെയ്തും കുട്ടികളെയടക്കം കൊന്നും സൈന്യം ഒരു വംശത്തെ തന്നെ ചവിട്ടയരച്ചു. ബംഗ്ലാദേശിലേക്ക് ഏകദേശം ഏഴുലക്ഷത്തിലധികം പേര് അഭയാര്‍ഥികളായെത്തിയിട്ടുണ്ട്.വംശഹത്യയ്ക്ക് മ്യാന്മാര് സര്‍ക്കാരിന് കൃത്യമായ ഉത്തരവാദിത്വം ഉണ്ടെന്ന് തെളിയിക്കുന്നതാണ് കലാപത്തിന് ആഹ്വാനം ചെയ്യുക വഴി ജയിലിലായ ബുദ്ധസന്ന്യാസി അശിന്വിരാതുവിനെ സൈന്യം മോചിപ്പിച്ച സംഭവം. റോഹിംഗ്യക്കാര്‍ക്കെതിരേ വംശീയവിദ്വേഷത്തിന് രൂപംകൊടുത്ത വ്യക്തിയായിരുന്നു അശിന്വിരാതു.
ദരിദ്ര രാഷ്ട്രമായ ബംഗ്ലാദേശില്‍ ഉള്‍ക്കൊള്ളാനാവുന്നതിലധികം പേര് ഇപ്പോഴുണ്ട്. മറ്റ് രാജ്യങ്ങളൊന്നു തന്നെ റോഹിംഗ്യകാരെ സ്വീകരിക്കുന്നതില്‍ അനുകൂല നയമെടുത്തിട്ടില്ല.മ്യാന്മാറിലെ ക്രൂരപീഡനങ്ങള്കാരണം 2017 ഓഗസ്റ്റുമുതല്‍ പലായനം ചെയ്ത റോഹിംഗ്യ മുസ്ലിങ്ങളില്‍ 7.40 ലക്ഷത്തോളം പേര് ബംഗ്ലാദേശിലെ അഭയാര്ഥിക്യാമ്പുകളിലുണ്ട്. അതീവ ദുരിതത്തിലാണ് ഇവരുടെ ജീവിതം.