‘ഈശോമിശിഹായുടെ പാടുപീഡകള്‍ എപ്പോഴും കണ്മുമ്പാകെ ഉണ്ടായിരിക്കണം. പാടുപീഡകളെ കുറിച്ചുള്ള ധ്യാനത്തില്‍ നിന്നു ജനിക്കാത്ത സ്നേഹം ദുര്‍ബലമായിരിക്കും.’
കേരളത്തിലെ ആദ്യത്തെ കന്യാസ്ത്രീ മദര്‍ ഏലീശ്വയുടെ ജീവിതം പ്രകാശപൂരിതമാകാനുള്ള കാരണം മുകളില്‍ ഉദ്ധരിച്ച സത്യമായിരിക്കും. ജീവിതം മുഴുവന്‍ അമ്മ ധ്യാനിച്ച ഒരു സത്യമാണിതെന്ന് ജീവചരിത്രകാരി സിസ്റ്റര്‍ സൂസി കിണറ്റിങ്കല്‍ പറയുന്നു. പുസ്തകം : 2017ല്‍ തൃശൂര്‍ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച മദര്‍ ഏലീശ്വാ-കേരളത്തിലെ ആദ്യത്തെ കന്യാസ്ത്രീ.
സമൂഹത്തില്‍ ചെയ്യുന്ന നന്മ സ്വന്തം പേരില്‍ രേഖപ്പെടുത്തരുത് എന്ന കര്‍മ്മലീത്ത പാരമ്പര്യം കര്‍ശനമായി ജീവിതത്തില്‍ പാലിച്ചതുകൊണ്ട് നമ്മള് അറിയാതെ പോയ മഹാത്മാക്കളായ നിരവധി സന്ന്യാസജീവിതങ്ങളുണ്ട്. കേരള സമൂഹത്തെ പ്രകാശത്തിലേക്ക് നയിച്ചവരാണ് അവര്‍. നവോത്ഥാനത്തിന്റെ വഴികള്‍ തുറന്ന അവരെ ആരും അറിഞ്ഞില്ല; അവര്‍ക്കുവേണ്ടി സ്മാരകങ്ങളും ഉയര്‍ന്നില്ല.
കൂനമ്മാവില്‍ ഒരു പനമ്പുമഠത്തില്‍ കര്‍മ്മലീത്താ സഭയുടെ നിയമാവലി അനുസരിച്ച് പ്രാര്‍ഥനയിലും ലാളിത്യത്തിലും തപചര്യയിലും കൃത്യമായ ആവൃതിനിയമത്തിലും വളര്‍ന്നുവന്ന കേരളത്തിലെ ആദ്യ സന്ന്യാസിനി സഭ ‘കര്‍മ്മലീത്ത നിഷ്പാദുക മൂന്നാം സഭ (Third Order of Carmelite Discalced Congregation for Women – TOCD)’ യുടെ സ്ഥാപക മദര്‍ ഏലിശ്വയും അക്കൂട്ടത്തില്‍ വിസ്മരിക്കപ്പെട്ടു.
1868 ജൂലൈ 20ന് മലയാളക്കരയിലെ ആദ്യ കോണ്‍വെന്റ് സ്കൂള്‍ റ്റിഒസിഡി സന്ന്യാസിനികള്‍ തങ്ങളുടെ മഠത്തിനോട് ചേര്‍ന്ന് ആരംഭിച്ചു. ഇതിന്റെ തുടര്‍ച്ചയായി പില്ക്കാലത്ത് മലയാളക്കരയുടെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച കോണ്‍വെന്റ് സ്കൂളുകളില്‍ നിന്ന് നിരവധി വനിതാരത്നങ്ങള്‍ ഉയര്‍ന്നുവന്നു. അക്കൂട്ടത്തില്‍ ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ സമിതിയിലെ അംഗമായിരുന്ന ദാക്ഷായണി വേലായുധന് ഉള്‍പ്പെടെ ഉണ്ടായിരുന്നു. ദളിതര്‍ക്ക് പൊതുവഴിയില്‍ നടക്കാന്‍ അവകാശം ഇല്ലാതിരുന്ന, ആ സമൂഹത്തിലെ സ്ത്രീകള്‍ക്ക് മാറുമറക്കാന്‍ സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്താണ് ഇതൊക്കെ നടന്നതെന്ന് നാം പ്രത്യേകം ഓര്‍ക്കണം. മദര്‍ എലിശ്വയും അവര്‍ ആരംഭിച്ച സന്ന്യാസമൂഹവും കേരള സമൂഹത്തില്‍ നവോത്ഥാനത്തിന്റെ വഴികള്‍ തുറന്നത് ചര്‍ച്ച ചെയ്യുന്നില്ല എന്നതാണ് ഈ പുസ്തകത്തിന്റെ ഒരു ന്യൂനത.
പുസ്തകത്തിന്റെ അവതാരികയില്‍ ഡോ. സ്കറിയ സക്കറിയ പറയുന്നു: പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ച കന്യാസ്ത്രീയെക്കുറിച്ച് മറ്റൊരു കന്യാസ്ത്രീ ചരിത്രമെഴുതുമ്പോള്‍ അറിവുടമസ്ഥതയില് ക്ഷോഭമുണ്ടാവുക സ്വാഭാവികം. ദളിതറിവുകളും പെണ്ണറിവുകളും ന്യൂനപക്ഷ അറിവുകളും ചരിത്രമണ്ഡലത്തില്‍ സൃഷ്ടിക്കുന്ന ക്ഷോഭങ്ങള്‍ അനുസ്മരിക്കുക. ഗ്രന്ഥകാരിയായ സിസ്റ്റര്‍ സൂസി കിണറ്റിങ്കലിന്റെ ജീവചരിത്രകൃതി വിലയിരുത്തുമ്പോള്‍ സുമനസ്സുകള്‍ ഇക്കാര്യംകൂടി പരിഗണിക്കണം. ക്ഷോഭംകലര്ന്ന ചിന്തകള്‍ തത്ത്വനിഷ്ഠമായും സംവാദാത്മകമായും അവതരിപ്പിക്കാന്‍ ഗ്രന്ഥകാരി ശ്രമിച്ചിട്ടുണ്ട്. അവരുടെ ദൃഷ്ടിയില്പ്പെടാതെയും ഗൗനിക്കപ്പെടാതെയും മറ്റനേകം ചരിത്രരേഖകളും ഓര്‍മകളും ഉണ്ടാകാം. അവ വെളിച്ചത്തുവരണം. ചര്‍ച്ച ചെയ്യപ്പെടണം. വ്യാഖ്യാനിക്കപ്പെടണം. ചരിത്രമണ്ഡലത്തിലുണ്ടാകുന്ന പുതിയ വെളിച്ചം കേരള കത്തോലിക്കാ സമൂഹത്തിനും നവോത്ഥാന പഠനത്തിനും ഊര്‍ജ്ജം പകരും. ഇത് പുരോഹിത മണ്ഡലത്തിലോ മതമണ്ഡലത്തിലോ തറഞ്ഞു നില്‍ക്കരുത്. ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെ ചുരുങ്ങിപ്പോകരുത്.
സന്ന്യാസജീവിതത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന കാലത്ത് അതിലെ സഹനങ്ങളുടെയും ഭാഗ്യങ്ങളുടെയും പൂര്‍ണരൂപം ദൃശ്യമായില്ലെങ്കിലും ഏലീശ്വാമ്മ തന്റെ ഉള്ളില്‍ പരിശുദ്ധാത്മാവ് നിവേശിപ്പിച്ച ആ വഴിതന്നെ തിരഞ്ഞെടുത്തു. ധനികയായ ഒരു വിധവയില്‍നിന്ന് ഒരു സാധാരണ സന്ന്യാസിനിയിലേക്കുള്ള യാത്രയില്‍ അവള് ദൈവസ്നേഹാഗ്നിയില്‍ ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരുന്നു. അഗ്നിയില്‍ സ്ഫുടംചെയ്യപ്പെട്ട സ്വര്‍ണം പോലെ സമര്‍പ്പിതജീവിതത്തില്‍ അവള് ശോഭിച്ചു. കൊച്ചു പനമ്പുമഠത്തിലെ പരിമിതികള്ക്കിടയില് നിശ്ചിതമായ ആവൃതിനിയമങ്ങള് പാലിച്ചുകൊണ്ടു തുടക്കമിട്ട സന്ന്യാസിജീവിതത്തില് സഹനങ്ങള്‍ക്ക് ഒരു കുറവുമില്ലായിരുന്നു. രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും വിഷപ്പാമ്പുകളുടെയും രൂപത്തില്‍ അവര്‍ പരീക്ഷിക്കപ്പെട്ടു.
ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയിലൂടെ മഴവെള്ളം മുറിയിലേക്കു വീഴുമ്പോള്‍ കര്‍ത്താവിന്റെ തിരുസ്വരൂപം പോലും നനയാതെ സൂക്ഷിക്കാന്‍ അവര്‍ക്ക് മാര്‍ഗങ്ങളില്ലായിരുന്നു.
ജീവിതസഹനങ്ങളുടെ നെരിപ്പോടില്‍ ചവിട്ടിനിന്ന് ആരംഭകാല അരിഷ്ടതകള് പിന്നിട്ട് സഭ വളര്ന്നുതുടങ്ങിയപ്പോള് ജീവന്റെ ഭാഗമായിരുന്ന മകള്‍ അന്ന ഇഹലോകവാസം വെടിഞ്ഞു. രക്തബന്ധത്തെയും മറികടക്കുന്ന ആത്മീയ ബന്ധത്തിലേക്കു വളര്‍ന്നുകഴിഞ്ഞിരുന്ന അവള്‍ക്ക് സ്വന്തം മകള്‍, സഹോദരി അന്നയായിരുന്നു. 21-ാം വയസ്സില്‍ അന്ത്യയാത്ര പറഞ്ഞുപോയ മകളെയോര്‍ത്ത് അവള് ക്രാസിയില്‍ അമര്‍ത്തിപ്പിടിച്ചു തേങ്ങി. പുതിയ അപ്പസ്തോലപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം സഹോദരിയെ ഭാരമേല്പിച്ചു മുന്നോട്ടുനീങ്ങിയപ്പോള്‍ സഹോദരി തളര്വാതംപിടിപെട്ട് കിടന്നത് അഞ്ചുവര്‍ഷം. ഇങ്ങനെ സഹനങ്ങള്‍ ഏലിശ്വാമ്മയെ പിന്തുടര്ന്നുകൊണ്ടിരുന്നു. (മദര്‍ ഏലീശ്വാ – പേജ് 98).
മുപ്പത്തിയൊന്ന് അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. കേരളത്തിലെ സന്ന്യാസിനി സഭയുടെ ഉത്ഭവത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ഗ്രന്ഥകര്‍ത്താവായ സിസ്റ്റര്‍ സൂസി കിണറ്റിങ്കല്‍ നടത്തിയ അന്വേഷണവും കണ്ടെത്തലുകളും വെളിപ്പെടുത്തലുകളും കേരള സമൂഹത്തില്‍ സജീവമായ ചര്‍ച്ചയ്ക്ക് വിധേയമായിട്ടുണ്ട്. 2017 ജൂലൈ 31 ലെ മാധ്യമം വാരികയില്‍ സിസ്റ്റര്‍ സൂസിയുമായി ആര്.കെ. ബിജുരാജ് നടത്തിയ അഭിമുഖം ഇതിന്റെ തെളിവാണ്. ആ അഭിമുഖവും പുസ്തകത്തില്‍ അനുബന്ധമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖചിത്രമായി ചേര്‍ത്തിട്ടുള്ള പ്രശസ്ത ചിത്രകാരന് ടോം ജെ. വട്ടക്കുഴിയുടെ മദര്‍ എലിശ്വായുടെ പെയിന്റിംഗ് അതിമനോഹരമാണ്.
പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള ചിത്രങ്ങളും ചരിത്രരേഖകളും ഗ്രന്ഥസൂചിയും തുടര്‍പഠനങ്ങള്‍ക്ക് സഹായകരമാണ്. കേരള ക്രൈസ്തവ സമുദായ ചരിത്രം, കേരള നവോത്ഥാന ചരിത്രം, പാശ്ചാത്തീകരണം തുടങ്ങിയ വിഷയങ്ങളില്‍ താല്പര്യമുള്ളവര്ക്ക് ഉപകാരപ്രദമാണ് ഈ ഗ്രന്ഥം.