ടോക്യോ: ജപ്പാനില്‍ പുതുവത്സരദിനത്തിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. നൂറിലധികം ആളുകളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുരന്തബാധിത മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഇഷികാവയിലെ നോട്ടോ മേഖലയിലാണ് തിങ്കളാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. 155 തുടർഭൂചലനങ്ങളാണ് ഒറ്റദിവസം കൊണ്ട് രാജ്യത്തുണ്ടായത്.
റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിന് പിന്നാലെ ജപ്പാന് കാലാവസ്ഥാ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ തന്നെ പടിഞ്ഞാറന്‍ തീരത്ത് സുനാമി തിരകൾ വീശിയടിച്ചു.
ഒരു മീറ്റര്‍ ഉയരത്തില്‍ വരെ സുനാമി തിരകള്‍ എത്തി. ഇതേതുടർന്ന് ആയിരക്കണക്കിന് ആളുകളെ തീരപ്രദേശത്തുനിന്ന് മാറ്റിപാര്‍പ്പിച്ചിരുന്നു.
ഇഷികാവ, നൈഗറ്റ, ടൊയാമ പ്രവിശ്യകളിലെ തീരപ്രദേശങ്ങളിലാണ് സുനാമി സാധ്യത പ്രവചിച്ചിരുന്നത്. എന്നാൽ സുനാമി മുന്നറിയിപ്പുകൾ ഇപ്പോൾ പിൻവലിച്ചിട്ടുണ്ട്.
ഭൂചലനത്തിൽ ആയിരക്കണക്കിന് വീടുകൾ തകർന്നു. 45000 വീടുകളില്‍ വൈദ്യുതി തടസപ്പെട്ടു. ഇന്റര്‍നെറ്റ്, ടെലഫോണ്‍ സംവിധാനങ്ങളും പലയിടങ്ങളിലും തടസപ്പെട്ടിരുന്നു. നിരവധി റോഡുകൾ തകർന്നിട്ടുണ്ട്.രാജ്യത്തെ ആണവനിലയങ്ങള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു.