തിരുവനന്തപുരം : 2024 ലെ റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിൽ നിന്നുള്ള നിശ്ചലദൃശ്യത്തിന് അനുമതിയില്ല. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് കേരളം സമര്‍പ്പിച്ച മാതൃകകള്‍ തള്ളിയത് ”വികസിത ഭാരതം”, ”ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്” എന്നീ വിഷയങ്ങളിലായിരുന്നു കേരളത്തിന്റെ നിശ്ചലദൃശ്യ മാതൃക തയ്യാറാക്കിയത്.
കേരളത്തിന് പുറമെ പഞ്ചാബ്, ബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യ മാതൃകകള്‍ക്കും കേന്ദ്രം അനുമതി നിഷേധിച്ചിട്ടുണ്ട്. എല്ലാ വർഷവും പത്തോ പതിനഞ്ചോ സംസ്ഥാനങ്ങൾക്ക് മാത്രമാണ് കേന്ദ്രം അനുമതി നൽകുന്നത്.
2020ലായിരുന്നു അവസാനമായി കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ചിരുന്നത്. എന്നാൽ 2021 ലും 2022 ലും കേരളത്തിന്റെ നിശ്ചലദൃശ്യം റിപ്പബ്ലിക്ക് ദിന പരേഡില്‍ ഉൾപ്പെടുത്താൻ അനുമതി ലഭിച്ചിരുന്നു.
2023 റിപ്പബ്ലിക് ദിനത്തില്‍ കേരളം അവതരിപ്പിച്ച നിശ്ചലദൃശ്യം ശ്രദ്ധേയമായിരുന്നു. സ്ത്രീശക്തി പ്രമേയമാക്കിയാണ് 2023ൽ കേരളം റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തത്. സംസ്ഥാനത്തിന്റെ കലാപാരമ്പര്യം ഫ്ലോട്ടില്‍ മുഖ്യ ആകര്‍ഷണമായിരുന്നു.കേരളത്തില്‍ നിന്ന് ആദ്യമായാണ് ഗോത്ര നൃത്തം ഫ്ലോട്ടില്‍ ഇടം പിടിച്ചത്. സംസ്ഥാനത്തെ നാടന്‍ കലാപാരമ്പര്യവും ബേപ്പൂര്‍ ഉരുവിന്റെ മാതൃകയില്‍ നിര്‍മിച്ച ഫ്ലോട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. 24 വനിതകളാണ് കേരളത്തെ പ്രതിനിധാനം ചെയ്ത്, കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തത്.
കളരിപ്പയറ്റ്, ശിങ്കാരി മേളം, ഗോത്ര നൃത്തം എന്നിവ ഫ്ലോട്ടിലുണ്ടായിരുന്നു. സാക്ഷരത മിഷന് പദ്ധതിയും കുടുംബശ്രീ പദ്ധതിയും ഫ്ലോട്ടിന്റെ പ്രധാന ആകര്‍ഷണങ്ങളായി മാറിയിരുന്നു. 96-ാം വയസില്‍ സാക്ഷരത പരീക്ഷ ജയിച്ച് 2020ലെ നാരീശക്തി പുരസ്കാരം നേടിയ ചേപ്പാട് സ്വദേശി കാര്‍ത്ത്യായനി അമ്മയുടെ പ്രതിമയായിരുന്നു ഫ്ലോട്ടിലെ മുഖ്യ ഘടകം. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ ഗോത്ര നൃത്തമായ ഇരുളനൃത്തം അവതരിപ്പിച്ചിരുന്നു.