ഡൽഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജികളിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് വിധി പറയുക. 2019 ഓഗസ്റ്റിലാണ് പ്രത്യേക പദവി റദ്ദാക്കിയത്.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചിന് മുന്നില്‍ പതിനാറ് ദിവസം നീണ്ട വാദം പൂര്‍ത്തിയായി. കപില്‍ സിബല്‍, രാജീവ് ധവാന്, ഗോപാല്‍ സുബ്രഹ്മണ്യം, ദുഷ്യന്ത് ദവെ, സഫര്‍ ഷ, ഗോപാല്‍ ശങ്കരനാരായണന് തുടങ്ങിയ അഭിഭാഷകരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.
കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര് വെങ്കിട്ടരമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയും ഹാജരായി. 1947ലെ അക്സഷന് ഓഫ് ഇന്ത്യ ആക്ടില്‍ ഒപ്പു വച്ച ശേഷം ജമ്മുകശ്മീരിന് ആഭ്യന്തര പരമാധികാരം നല്‍കിയിരുന്നുവെന്നും ചരിത്രപരമായും നിയമപരമായും ഭരണഘടനപരമായും ഇന്ത്യ ജമ്മുകശ്മീരിന് നല്കിയ വാഗ്ദാനങ്ങളില്‍ നിന്ന് പിന്‍മാറിയിരുന്നില്ലെന്നും ജമ്മുകശ്മീര്‍ പീപ്പീള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണിന് വേണ്ടി ഹാജരായ അഭിഭാഷകന് ധവാന് ചൂണ്ടിക്കാട്ടി.
ഭരണഘടനപ്രകാരം കാശ്മീരിന് പ്രത്യേക പദവി നൽകുന്നതാണ് അനുച്ഛേദം 370. ഭരണഘടനയുടെ 21-ാം വിഭാഗത്തിലാണ് ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഈ വകുപ്പ് നിലകൊള്ളുന്നത്. “താൽക്കാലികവും, മാറ്റം വരാവുന്നതും, പ്രത്യേക നിബന്ധനയുള്ളതുമായതാണ്” ഈ അനുച്ഛേദം. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു കാശ്മീരിന്റെ കാര്യത്തിൽ നിലനിൽക്കുന്നതല്ലെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു.