വത്തിക്കാൻ :നവംബർ 30 മുതൽ ഡിസംബർ 12 വരെ നീണ്ടുനിൽക്കുന്ന കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള COP 28 രാജ്യതലവന്മാരുടെ ഉച്ചകോടിയിൽ ഡിസംബർ ഒന്ന് മുതൽ മൂന്നു വരെ ഫ്രാൻസിസ് പാപ്പായും സംബന്ധിക്കും.കാലാവസ്ഥാവ്യതിയാനങ്ങളെ ചെറുക്കുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുവാനുള്ള പാരീസ് ഉടമ്പടിയിൽ അതിന്റെ പുരോഗതി വിലയിരുത്തുന്ന നിർണ്ണായകമായ ഉച്ചകോടിയാണ് ദുബായിൽ വച്ചു നവംബർ 30 മുതൽ ഡിസംബർ 12 വരെ നീണ്ടുനിൽക്കുന്ന COP 28 രാജ്യതലവന്മാരുടെ ഉച്ചകോടി. ആഗോളതലത്തിൽ കാലാവസ്ഥാവ്യതിയാനങ്ങളെക്കുറിച്ചും , അതിന്റെ അനന്തര പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള പഠനങ്ങൾക്കും, ചർച്ചകൾക്കും വഴിത്തിരിവായത് 2015 മെയ് ഇരുപത്തിനാലാം തീയതി പ്രസിദ്ധീകരിച്ച ഫ്രാൻസിസ് പാപ്പായുടെ ‘ലൗദാത്തോ സി’ എന്ന ചാക്രികലേഖനമാണ്. അന്നുമുതൽ ലോകം മുഴുവൻ ഈ വലിയ വിപത്തിനെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾക്ക് കാതോർത്തിരുന്നു.
ദുബായിലേക്കുള്ള ഈ യാത്രയോടെ തന്റെ നാല്പത്തിയഞ്ചാമത് അപ്പസ്തോലികയാത്രയാണ് ഫ്രാൻസിസ് പാപ്പാ പൂർത്തീകരിക്കുന്നത്. അറബ് എമിരേറ്റ്സ് രാജ്യത്തേക്ക് ഫ്രാൻസിസ് പാപ്പായുടെ രണ്ടാമത്തെ യാത്രയെന്നതും വ്യതിരിക്തമാണ്.2019 ൽ അബുദബി സന്ദർശിച്ച ഫ്രാൻസിസ് പാപ്പായ്ക്ക് ലഭിച്ച സ്വീകാര്യത ആഗോളതലത്തിൽ ചർച്ചയായതും എടുത്തു പറയേണ്ടതാണ്.
ദുബായിൽ ആദ്യമായി അപ്പസ്തോലിക യാത്ര നടത്തുന്ന പാപ്പാ എന്നതും ഈ യാത്രയുടെ പ്രത്യേകതയാണ്. ‘നാം ഒരേ ലോകത്തിലെ അംഗങ്ങൾ’ എന്നതാണ് ഫ്രാൻസിസ് പാപ്പായുടെ ദുബായ് യാത്രയുടെ മുദ്രാവാക്യം. ഡിസംബർ ഒന്നാം തീയതി രാവിലെ 11.30 നു റോമിലെ ഫ്യുമിച്ചിനോ വിമാനത്താവളത്തിൽ നിന്നും യാത്ര തിരിക്കുന്ന പാപ്പാ ദുബായിൽ വൈകുന്നേരം പ്രാദേശികസമയം 8 .30 നു എത്തിച്ചേരും. തുടർന്ന് രണ്ടാം തീയതിയാണ് എക്സ്പോ സിറ്റിയിൽ വച്ച് നടക്കുന്ന COP 28 സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ സംസാരിക്കുന്നത്. തുടർന്ന് സ്വകാര്യകൂടിക്കാഴ്ച്ചകളും പാപ്പാ നടത്തും.
മൂന്നാം തീയതി പ്രാദേശികസമയം രാവിലെ ഒൻപതുമണിക്ക് എക്സ്പോ സിറ്റിയിലെ വിശ്വാസമണ്ഡപത്തിന്റെ ഉദ്ഘാടനത്തിനു ഗ്രാൻഡ് ഇമാം അൽ -അസറിനോടൊപ്പം പങ്കെടുക്കുകയും ‘മനഃസാക്ഷി സംഗമം’ പ്രഖ്യാപനത്തിൽ ഒപ്പു വയ്ക്കുകയും ചെയ്യും. അന്നേ ദിവസം പ്രാദേശിക സമയം 10.45 നു റോമിലേക്കുള്ള മടക്കയാത്രയും ആരംഭിക്കും. പാപ്പായുടെ സന്ദർശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. [കടപ്പാട് :വത്തിക്കാൻ ന്യൂസ് ]