ന്യൂഡൽഹി: കേരള ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിക്കുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെയാണ് കേരളം സുപ്രിം കോടതിയിൽ അപ്പീല്‍ നൽകിയത്. ആദ്യ ഹര്‍ജിക്കൊപ്പം പൊതുതാല്പര്യ ഹര്‍ജിയിലെ അപ്പീലും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു.
ബില്ലുകള്‍ ഒപ്പിടാന്‍ ഗവര്‍ണ്ണറോട് സമയപരിധി നിര്‍ദ്ദേശിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെയാണ് കേരളം സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഭരണഘടനയിലെ അനുച്ഛേദം 200 നിര്‍വ്വചിക്കുന്ന ‘എത്രയും വേഗം’ എന്ന പ്രയോഗത്തിന് സമയ പരിധി നിശ്ചയിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
പരിഗണിക്കാതിരുന്ന എട്ട് ബില്ലുകളിൽ തീരുമാനമായെന്ന് ഗവർണർക്ക് വേണ്ടി, അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കും. ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് ഗവർണർ ഇന്നലെ അയച്ചിരുന്നു. ഒരു ബില്ലിൽ ഒപ്പിടുകയും ചെയ്തു. ഈക്കാര്യമാകും കോടതിയെ ധരിപ്പിക്കുക.