ഓള് ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട് 1929ല്‍ എറിക് മരിയ റീമാര്‍ക്ക് എഴുതിയ അതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി 2022-ല്‍ പുറത്തിറങ്ങിയ ജര്‍മന്‍ ഇതിഹാസ യുദ്ധവിരുദ്ധ സിനിമയാണ്. 1930, 1979 പതിപ്പുകള്‍ക്കു ശേഷം പുസ്തകത്തിന്റെ മൂന്നാമത്തെ ചലച്ചിത്രാവിഷ്കാരമാണിത്. എഡ്വേര്‍ഡ് ബെര്‍ഗര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫെലിക്സ് കമ്മറര്, ആല്‍ബ്രെക്റ്റ് ഷൂച്ച്, ഡാനിയല്‍ ബ്രൂല്, സെബാസ്റ്റ്യന്‍ ഹള്‍ക്ക്, ആരോണ്‍ ഹില്മര്, എഡിന് ഹസനോവിച്ച്, ഡെവിഡ് സ്ട്രീസോ എന്നിവര്‍ അഭിനയിക്കുന്നു. 2023ലെ ഓസ്കറില് എവരിവെയര്‍ ഓള് അറ്റ് വണ്‍സിനു തൊട്ടു പിന്നിലായിരുന്നു ഓള് ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ടിന്റെ സ്ഥാനം. മികച്ച ഛായാഗ്രഹണം, മികച്ച ഒറിജിനല്‍ സ്കോര്‍, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നിവയ്ക്കു പുറമെ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം ബഹുമതിയും ലഭിച്ചു. ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകളില്‍ ഏഴെണ്ണവും വാരിക്കൂട്ടി.
യുദ്ധത്തിന്റെ വ്യര്‍ത്ഥതയെക്കുറിച്ചുള്ള ശക്തമായ ഓര്‍മപ്പെടുത്തലാണ് സിനിമ. ഒന്നാം ലോകമഹായുദ്ധകാലമാണ് സന്ദര്‍ഭം. ഓള് ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട് റിലീസ് ചെയ്യുമ്പോള്‍ റഷ്യ യുക്രെയ്നില്‍ അധിനിവേശം നടത്തുകയായിരുന്നു. പുതിയ യുദ്ധം വിശുദ്ധനാട്ടില്‍ തുടങ്ങുമ്പോള്‍ ഓള് ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട് വീണ്ടും പ്രസക്തമാകുന്നു.
യുദ്ധങ്ങളെപ്പോഴും ആരുടെയെങ്കിലുമൊക്കെ പ്രത്യേക താല്പര്യങ്ങള് സംരക്ഷിക്കാനുള്ളതായിരുന്നുവെന്ന് പിന്നീടതിനെകുറിച്ച് പഠിക്കുമ്പോള്‍ മനസിലാക്കാറുണ്ട്. പക്ഷേ, ഭരണാധികാരികള്‍ അതൊരിക്കലും സമ്മതിക്കാറില്ല. അതിദേശീയതയും വംശീയതയും വര്‍ഗീയതയും തരംപോലെ കുത്തിവച്ച് യുദ്ധം ധീരന്മാരുടേതാണെന്ന് അവര്‍ യുവാക്കളെ ബോധ്യപ്പെടുത്തും. സ്വന്തം രാജ്യത്തിനു വേണ്ടി, അതിന്റെ അഭിമാനത്തിനുവേണ്ടി പോരാടാന്‍ കഴിയുന്നില്ലെങ്കില്‍ ജീവിതം തന്നെ വ്യര്‍ത്ഥമാണെന്ന് അവര്‍ക്കു തോന്നും. യുദ്ധം എന്തിനുവേണ്ടിയാണെന്നോ ആര്‍ക്കുവേണ്ടിയാണെന്നോ ചിന്തിക്കാതെ കിട്ടുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മുന്നില്‍ കാണുന്ന ശത്രുവിനെ കൊല്ലുക മാത്രമാണ് അവന്റെ ദൗത്യം.
പക്ഷേ, യുദ്ധം മുറുകുന്തോറും ഒരു കാര്യം ബോധ്യപ്പെടും, കൊന്നില്ലെങ്കില്‍ ചത്തുപോകുമെന്നത്.
യുദ്ധസിനിമകളില്‍ വേറിട്ടതാണ് ഓള് ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട്. മറ്റു പല സിനിമകളും പോലെ അത് യുദ്ധത്തെ മഹത്വവത്കരിക്കുന്നില്ല. രണ്ടാമത്തെ കാര്യം ലോകമഹായുദ്ധങ്ങള്‍ക്ക് വലിയ കാരണക്കാരായ ജര്‍മനിയില്‍ നിന്നാണ് സിനിമയുടെ കഥയുടെ ഉത്ഭവം. സഖ്യസേനാ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളായിരുന്നു ഇതിനു മുമ്പ് കൂടുതലും ഉണ്ടായിട്ടുള്ളത്.
1917ലാണ് ഓള് ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട് പ്രമേയമാകുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടം. പോള്‍ ബ്യൂമര്‍ എന്ന പതിനേഴുകാരന് തന്റെ മാതാപിതാക്കളോടും സഹോദരിയോടും ഒപ്പം മനോഹരമായ ഒരു ജര്‍മന്‍ ഗ്രാമത്തിലാണ് താമസിക്കുന്നത്. യുദ്ധത്തിന്റെ കാല്പനികതയില് മനംമയങ്ങിയ പോള്‍ സുഹൃത്തുക്കളായ ആല്‍ബര്‍ട്ട് ക്രോപ്പ്, ഫ്രാന്‍സ് മുള്ളര്‍, ലുഡ്വിഗ് ബെം എന്നിവരോടൊപ്പം ഇംപീരിയല്‍ ജര്‍മന്‍ ആര്‍മിയില്‍ ചേരുന്നു. അവര്‍ ഒരു സ്കൂള്‍ അധ്യാപകന്റെ ദേശസ്നേഹ പ്രസംഗം കേട്ട് പ്രചോദിതരായവരാണ്. ആവേശത്തോടെ അവര്‍ യൂണിഫോമുകള്‍ സ്വീകരിക്കുന്നു. യൂണിഫോമിന്റെ കോളറില്‍ മറ്റൊരാളുടെ പേരു കാണുമ്പോള്‍ പോള്‍ അതേകുറിച്ച് ചോദിക്കുന്നു. ഉദ്യോഗസ്ഥന് ആ ടാഗ് പറിച്ചുകളഞ്ഞ് യൂണിഫോം പോളിനു നല്കുന്നു. നേരത്തെ കൊല്ലപ്പെട്ട ഒരു സൈനികന്റെ യൂണിഫോമാണത്. അതില്‍ വെടിയുണ്ട ഏറ്റ ഭാഗത്ത് ഒരു തുണിക്കഷണം തുന്നിപ്പിടിപ്പിച്ച് അലക്കി തേച്ചുമിനുക്കി അടുത്തയാള്‍ക്ക് കൈമാറുകയാണ് പതിവ്. മരിച്ചുവീണവരുടെ മൃതദേഹങ്ങളില്‍ നിന്ന് ടാഗുകള്‍ പറിച്ചെടുക്കുന്ന പണി പിന്നീട് പോള്‍ ചെയ്യുന്നുണ്ട്.
വടക്കന്‍ ഫ്രാന്‍സില്‍ ലാ മാല്മൈസണിനടുത്താണ് പോളിന്റെ വ്യൂഹത്തെ വിന്യസിച്ചിരിക്കുന്നത്. ഫ്രഞ്ച് സൈന്യവുമായാണ് അവര്‍ യുദ്ധം ചെയ്യേണ്ടത്. ഒരു തോക്ക് ഉപയോഗിക്കാന്‍ കിട്ടുമ്പോഴുള്ള അവരുടെ ആഹ്ളാദം കാണേണ്ടതാണ്! അതുപോലെ കുറേ ദൂരെയായി രാത്രിയില്‍ വെളിച്ചം വിതറുന്ന സ്ഫോടനങ്ങളും കൗതുകത്തോടെയാണ് അവര്‍ വീക്ഷിക്കുന്നത്. പക്ഷേ യാമങ്ങളുടെ ആയുസുമാത്രമേ ഈ സന്തോഷങ്ങള്ക്കുണ്ടായിരുന്നുള്ളൂ. യുദ്ധത്തെക്കുറിച്ചുള്ള അവരുടെ റൊമാന്റിക് വീക്ഷണം തകര്‍ന്നു, ആദ്യ രാത്രിയില്‍ തന്നെ പോളിന്റെ സുഹൃത്ത് ലുഡ്വിഗ് കൊല്ലപ്പെടുന്നു.
ജര്‍മന്‍ സ്റ്റേറ്റ് സെക്രട്ടറി മത്തിയാസ് എര്‍സ്ബെര്‍ഗര്‍ യുദ്ധക്കെടുതിയില്‍ വലഞ്ഞ് സഖ്യശക്തികളുമായി യുദ്ധവിരാമ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ജര്‍മന്‍ ഹൈക്കമാന്‍ഡിനെ കാണുന്നുണ്ട്. ഒരു ഭാഗത്ത് കുരുതി നടക്കുമ്പോള്‍ തന്നെ ചര്‍ച്ചകളും ആരംഭിച്ചുവെന്ന് സാരം. യുദ്ധവിരാമ ചര്‍ച്ചകളെ എതിര്‍ക്കുന്ന ജനറല്‍ ഫ്രീഡ്രിക്സ്, ഫ്രഞ്ച് സൈന്യം എത്തുന്നതിനു മുമ്പ് ആക്രമണത്തിന് ഉത്തരവിടുന്നു. അന്നു രാത്രി, എര്സ്ബെര്ഗറിന്റെ പ്രതിനിധി സംഘം കോംപിഗ്നെ വനത്തിലെത്തുന്നു. ഫ്രഞ്ച് നിരകളെ ആക്രമിക്കാന്‍ തയ്യാറെടുക്കാന്‍ പോളിന്റെ റെജിമെന്റിനെ മുന്‍നിരയിലേക്ക് – വെസ്റ്റേണ്ഫ്രണ്ടിലേക്ക് അയക്കുന്നു. വെസ്റ്റേണ്‍ ഫ്രണ്ടില്‍ അവര്‍ കാറ്റ് എന്ന വിളിപ്പേരുള്ള പഴയ സൈനികനായ സ്റ്റാനിസ്ലാസ് കാറ്റ്സിന്സ്കിയെ കണ്ടുമുട്ടുന്നു, അയാള്‍ പോളിന്റെ ഉപദേശകനാകുന്നു. പോളിന്റെ റെജിമന്റിന് പിന്തുണയുമായി വന്ന 60 സൈനികരെ കാണാതാകുന്നു.
ഇടയ്ക്ക് പോള്‍ അവധിക്ക് വീട് സന്ദര്‍ശിക്കുന്നു. അവന് യുദ്ധത്തിന് പോയതിനുശേഷം ഗ്രാമം മാറിയിട്ടില്ല. പക്ഷേ അവന് അവിടെ നിന്നു വിച്ഛേദിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. സൈനികന് മറ്റൊരു ലോകത്താണ് ജീവിക്കുന്നത്, ജീവിക്കേണ്ടത്. അവന്റെ യുദ്ധാനുഭവങ്ങളെക്കുറിച്ച് അവന്റെ പിതാവ് അവനോട് വിഷമിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. ഒരു പഴയ സ്കൂള്‍ മാസ്റ്റര്‍ അവനോട് യുദ്ധതന്ത്രങ്ങളെക്കുറിച്ചും പാരീസിലേക്ക് മുന്നേറുന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തുന്നു. അവന് ബന്ധം നിലനിര്‍ത്തുന്ന ഒരേയൊരു വ്യക്തി മരണാസന്നയായ അമ്മയാണ്. അവധി കഴിഞ്ഞ് മടങ്ങുന്നതിന്റെ തലേദിവസം രാത്രി, അവന് അമ്മയോടൊപ്പം താമസിക്കുന്നു. പരസ്പരം സ്നേഹത്തിന്റെയും കരുതലിന്റെയും വാക്കുകള്‍ അവര്‍ കൈമാറി.
ഒരിക്കലും അവധിയില്‍ വീട്ടില്‍ വരാന്‍ പാടില്ലായിരുന്നു എന്നു ചിന്തിച്ചാണ് പോളിന്റെ മടക്കം.
സഖ്യകക്ഷി കമാന്‍ഡര്‍ ഫെര്‍ഡിനാന്‍ഡ് ഫോച്ച് ഏകപക്ഷീയമായ സഖ്യകക്ഷി വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ജര്‍മനിക്ക് 72 മണിക്കൂര്‍ സമയം നല്കുന്നു. അതിനിടയിലും യുദ്ധം രൂക്ഷമായി തുടരുകയാണ്. യുദ്ധയാഥാര്ത്ഥ്യങ്ങള് സൈനികര്‍ക്കു മുമ്പില്‍ ഓരോന്നായി വെളിപ്പെടുകയാണ്. വിശപ്പാണ് ഏറ്റവും വലിയ പ്രശ്നമെന്ന് ബോധ്യപ്പെടുന്ന പോളും സുഹൃത്തും ഒരു വീടിന്റെ മതില് ചാടിക്കടന്ന് ഒരു താറാവിനെ മോഷ്ടിച്ച് പാകം ചെയ്ത് എല്ലാവരുമായി കഴിക്കുന്നതു കാണാം. പോളിന്റെ സുഹൃത്തായ ആല്‍ബര്‍ട്ടും കൊല്ലപ്പെടുന്നു. ഒരു ഗര്‍ത്തത്തില്‍ ഫ്രഞ്ച് സൈനികനോടൊപ്പം പെട്ടുപോയ പോള്‍ ഫ്രഞ്ചുകാരനെ കുത്തിക്കൊല്ലുന്നു. അവനതില്‍ അതിയായ പശ്ചാത്താപമുണ്ട്. ആ മൃതദേഹത്തോടവന് കരഞ്ഞുകൊണ്ട് മാപ്പു ചോദിക്കുന്നു. കൂട്ടത്തില്‍ നിന്ന് വേര്‍പെട്ട പോളിന്റെ മറ്റൊരു സുഹൃത്ത് ഫ്രാന്‍സ് മുള്ളറും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്നു. മാരകമായി മുറവേറ്റ ഒരു സൈനികന് ആത്മഹത്യ ചെയ്യുന്നു.
സഖ്യകക്ഷി നിബന്ധനകള്‍ അംഗീകരിക്കാന്‍ ജര്‍മനി തീരുമാനിച്ചു. വെടിനിര്‍ത്തല്‍ ഉടനെ പ്രാബല്യത്തിലാകുമെന്നാണ് എല്ലാവരും കരുതുന്നത്. പോളും സുഹൃത്തും വീണ്ടും താറാവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ വീട്ടുടമസ്ഥന്റെ മകന്റെ വെടിയേറ്റ് പോളിന്റെ സഹസൈനികന്‍ കൊല്ലപ്പെടുന്നു. ഒരു പട്ടാളക്കാരന്റെ അന്ത്യം എത്ര വിചിത്രമെന്ന് നമുക്കു തോന്നാം. കീഴടങ്ങുന്നതിനു മുമ്പ് ഒരു യുദ്ധമെങ്കിലും ജയിക്കണമെന്ന വാശിയില്‍ ജര്‍മന്‍ ജനറല്‍ ഫ്രെഡറിക്സ് ആക്രമണം ആരംഭിക്കാന്‍ ഉത്തരവിടുന്നു. അവിടേയും ജയം ഫ്രഞ്ചുകാര്‍ക്കായിരുന്നു. അവരുടെ മികച്ച യുദ്ധതന്ത്രങ്ങളും അമേരിക്കയുടെ ആധുനിക ആയുധസഹായങ്ങളും വിജയം കണ്ടു. ഇപ്പോള്‍, യുദ്ധം അതിന്റെ അവസാനത്തോട് അടുക്കുന്നു. ജര്‍മന്‍ സൈന്യം പിന്‍വാങ്ങുന്നു. നിരാശയോടെ, തന്റെ സുഹൃത്തുക്കള്‍ ഓരോരുത്തരായി വീഴുന്നത് പോള്‍ നോക്കിനിന്നു. കാറ്റ്സിന്സ്കിയുടെ മരണം പോളിന് ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെടുത്തുന്നു. അവസാനത്തെ വൈക്കോല്‍ തുരുമ്പായിരുന്നു അവനെ സംബന്ധിച്ചിടത്തോളം അയാള്‍. രാജ്യത്തിനു വേണ്ടി പോരാടാന്‍ ഇറങ്ങിയ പോളിന്റെ ജീവിതം ബയണറ്റ് മുനകളില്‍ അവസാനിച്ചു; യുദ്ധം അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് പോള്‍ കൊല്ലപ്പെടുന്നത്.
ഒരു യുദ്ധറിപ്പോര്ട്ട് ലളിതമായി പറയുന്നു: ”വെസ്റ്റേണ്‍ ഫ്രണ്ടില്‍ എല്ലാം ശാന്തമാണ്.” മുഖത്ത് ശാന്തമായ ഒരു ഭാവം പ്രകടിപ്പിച്ചാണ് പോള്‍ മരിച്ചുകിടക്കുന്നത്. എല്ലാം അവസാനിച്ചതില്‍ സന്തോഷിക്കുന്നതുപോലെ.
കുറച്ചുസമയത്തിനു ശേഷം, പോള്‍ നേരത്തെ യുദ്ധത്തില്‍ രക്ഷിച്ച പുതുതായി വന്ന ജര്‍മന്‍ യുവാവ് പോളിന്റെ ചെളി പുരണ്ട ശരീരം കണ്ടെത്തുന്നു. പക്ഷേ മരിച്ച സൈനികരുടെ തിരിച്ചറിയല്‍ രേഖയായ ടാഗ് കാണുന്നില്ല. പോളിന്റെ മരണം അതുകൊണ്ടുതന്നെ രേഖപ്പെടുത്തപ്പെട്ടതുപോലുമില്ല. യുദ്ധം വ്യര്‍ത്ഥമാണെന്നും അതിന്റെ തിന്മ വളരെ നിന്ദ്യമാണെന്നുമുള്ള തിരിച്ചറിവാണ് ചിത്രം സമ്മാനിക്കുന്നത്. സ്വേച്ഛാധിപത്യത്തിനെതിരെയുള്ള ഒരു സന്ദേശമെന്നും പറയാം.
ബെര്‍ഗറിന്റെ സംവിധാനത്തെ ഉജ്വലമായി പിന്തുണച്ചിരിക്കുന്നു വോള്‍ക്കര്‍ ബെര്ട്ടല്മാന്റെ മ്യൂസിക് സ്കോറുകള്‍. ശബ്ദവിന്യാസങ്ങളും ബാക്ക്ഗ്രൗണ്ട് സ്കോറുകളും സിനിമയെ വലിയ ഉയരത്തിലേക്കാണ് നയിച്ചിരിക്കുന്നത്. ഡയലോഗുകളോ ചലനങ്ങളോ ഇല്ലാത്ത സീനുകളില്‍ ഈ രണ്ടു ഘടകവും പ്രേക്ഷകനില്‍ ഉണ്ടാക്കുന്ന വികാരങ്ങള്‍ വിവരിക്കാന്‍ കഴിയില്ല. നായകനോടൊപ്പം കാണികള്‍ സ്തംഭിച്ചുപോകുന്ന നിമിഷങ്ങള്‍ ധാരാളം. സൈനികന്റെ മാനസികാവസ്ഥക്കൊപ്പമാണ് സിനിമയുടെ സഞ്ചാരം, മറ്റൊന്നിനും അവിടെ പ്രസക്തിയില്ല.