മാനവചരിത്രത്തിലെ ഏറ്റവും ബൃഹത്തായ സമാലോചന എന്നാണ് അഞ്ചു വര്‍ഷത്തോളം നീളുന്ന ഈ സിനഡല്‍ പ്രക്രിയ വിശേഷിപ്പിക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലുതും അതിസങ്കീര്‍ണവുമായ സംസ്ഥാപിത മതസംവിധാനമായ കത്തോലിക്കാ സഭയുടെ ഭാവി മാറ്റിക്കുറിക്കുന്ന മഹാസംഭവമായും അര്‍ജന്റീനയില്‍ നിന്നുള്ള എണ്‍പത്താറുകാരനായ ജസ്യുറ്റ് പാപ്പാ ഫ്രാന്‍സിസിന്റെ വാഴ്ചയുടെ ഉച്ചസ്ഥ മഹാഭാഗമായും ഇതിനെ വാഴ്ത്തുന്നവരുണ്ട്. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാളില്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പാ ഉദ്ഘാടനം ചെയ്ത മെത്രാന്മാരുടെ സിനഡിന്റെ ജനറല്‍ അസംബ്ലി എന്തുകൊണ്ടും ചരിത്രം സൃഷ്ടിക്കുന്നതാണ്.
രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം 1965-ല്‍ വിശുദ്ധ പോള്‍ ആറാമന്‍ പാപ്പാ എപ്പിസ്കോപ്പല്‍ കൂട്ടായ്മയുടെ അടയാളമായി സ്ഥാപിച്ച സിനഡിന്റെ ഘടനതന്നെ ‘സിനഡാത്മക’ പ്രയാണത്തില്‍ മാറുകയാണ്. അന്വാരിയോ പൊന്തിഫീച്ചോ എന്ന പരിശുദ്ധ സിംഹാസനത്തിന്റെ വാര്‍ഷിക സ്ഥിതിവിവരഗ്രന്ഥത്തില് സിനോദോ ദേയി വെസ്കോവി (സിനോദുസ് എപ്പിസ്കോപ്പോരും) എന്ന് പതിറ്റാണ്ടുകളായി ഇറ്റാലിയനിലും ലത്തീനിലും രേഖപ്പെടുത്തിവന്ന മെത്രാന്മാരുടെ സിനഡ്, ഇക്കൊല്ലത്തെ 2,278 പേജ് വരുന്ന പതിപ്പില്‍ സെഗ്രെത്തേരിയ ജെനറാലെ ദെല്‍ സിനോദോ (സെക്രെത്തേരിയ ജെനറാലിസ് സിനോദി) എന്ന പുത്തന്‍ സംജ്ഞ പേറുന്നു. റോമന്‍ കൂരിയാ പരിഷ്കരണത്തിനായുള്ള 2022-ലെ പ്രെദിക്കാത്തെ എവാംഗേലിയും എന്ന അപ്പസ്തോലിക ഭരണഘടനയിലൂടെ ഫ്രാന്‍സിസ് പാപ്പാ മെത്രാന്മാരുടേത് മാത്രമല്ലാത്ത പൊതുസിനഡല് കാര്യാലയമായി അതിനെ പുനര്‍നിര്‍വചിച്ചു. സിസ്റ്റര്‍ നാതലി ബെക്കാ എന്ന അന്‍പത്തിനാലുകാരിയായ ഫ്രഞ്ച് സന്ന്യാസിനി സിനഡിന്റെ ജനറല്‍ സെക്രട്ടേറിയറ്റില്‍ അണ്ടര്‍സെക്രട്ടറിയായി നിയമിതയായി. ഇപ്പോള്‍ നടക്കുന്ന സിനഡിന്റെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്ന വോട്ടവകാശമുള്ള 363 പ്രതിനിധികളില്‍ 20 ശതമാനം പേര് മെത്രാന്മാരല്ലാത്തവരാണ്.
ചരിത്രത്തില്‍ ആദ്യമായി മെത്രാന്മാരോടൊപ്പം വോട്ടുചെയ്യുന്ന 70 അല്മായ പ്രതിനിധികളില്‍ സന്ന്യാസിനീസമൂഹങ്ങളില്‍ നിന്നുള്ളവരടക്കം 54 വനിതകളുണ്ട്. 54 കര്‍ദിനാള്‍മാരും കൂട്ടത്തിലുണ്ട്.
ജ്ഞാനസ്നാനം സ്വീകരിച്ച മുഴുവന്‍ ദൈവജനത്തെയും ശ്രവിക്കുക എന്ന ആഹ്വാനത്തോടെ ഫ്രാന്‍സിസ് പാപ്പാ 2020 മാര്‍ച്ച് ഏഴിന് പ്രഖ്യാപിച്ച സിനഡാത്മക സഭയ്ക്കായുള്ള സിനഡിന്റെ സമാപനം 2024 ഒക്ടോബറിലാണ് നടക്കുക. ജനറല്‍ അസംബ്ലിയുടെ ഒന്നാംഘട്ടം ഈമാസം 29 വരെ നീണ്ടുനില്‍ക്കും. അന്തിമ റിപ്പോര്‍ട്ടും അതിനെ ആധാരമാക്കി പാപ്പാ എഴുതാനിടയുള്ള അപ്പസ്തോലിക പ്രബോധനവും 2025-ലെ മഹാജൂബിലിക്കായി ഒരുങ്ങുന്ന സഭയെ ഇളക്കിമറിക്കുമോ? ദൈവിക വെളിപാടും സഭയുടെ വിശ്വാസപാരമ്പര്യങ്ങളും പ്രബോധനങ്ങളും പുനര്‍വ്യാഖ്യാനം ചെയ്ത് ഈ സിനഡിലൂടെ ”ശത്രുതാപരമായ ഏറ്റെടുക്കല്‍” നടക്കാന്‍ ഇടയുണ്ടെന്ന് വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്റെ മുന്‍ പ്രീഫെക്ട് ജര്‍മന്‍കാരനായ കര്‍ദിനാള്‍ ഗെറാര്‍ഡ് ലുഡ് വിഗ് മുള്ളര്‍ മുന്നറിയിപ്പു നല്കുകയുണ്ടായി. ‘സിനഡല്‍ വേ’ എന്ന പേരില്‍ ജര്‍മനിയില്‍ മെത്രാന് സമിതിയും അല്മായരുടെ ദേശീയ സമിതിയും ചേര്‍ന്ന് വോട്ടുചെയ്ത് പാസാക്കിയ പരിഷ്കാരങ്ങള്‍ സഭയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ച സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാകണം കര്‍ദിനാള്‍ മുള്ളറിന്റെ താക്കീത്. വിശ്വാസസത്യങ്ങളുടെ കാര്യാലയത്തില്‍ നിന്ന് ഒഴിവാക്കിയ കര്‍ദിനാള്‍ മുള്ളറെ സിനഡിലേക്ക് പാപ്പാ നാമനിര്‍ദേശം ചെയ്തത് ജര്‍മന്‍കാരായ ‘വിമതരെ’ നേരിടാനുള്ള തന്ത്രത്തിന്റെ ഭാഗമായി ചിലര്‍ കരുതുന്നു. യാഥാസ്ഥിതികര്‍ ഇത്രത്തോളം ഭയക്കുന്നതും പുരോഗമനവാദികള്‍ക്ക് അപര്യാപ്തമെന്നു തോന്നുന്നതുമായ എന്തെല്ലാം പരിവര്‍ത്തനങ്ങളാണ് ഈ സിനഡില്‍ നിന്നുണ്ടാവുക?
സ്വവര്‍ഗാനുരാഗികളുടെ ദാമ്പത്യബന്ധം ആശീര്‍വദിക്കല്‍, സ്ത്രീകളുടെ പൗരോഹിത്യം, ദൈവിക വെളിപാടിന്റെ വ്യാഖ്യാനം, സിനഡാലിറ്റിയെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍, പാപമോചന കൂദാശയുടെ അടിസ്ഥാനമായ മാനസാന്തരം എന്നീ വിഷയങ്ങളിലൂന്നി അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള, സിനഡില്‍ പങ്കെടുക്കാത്ത അഞ്ച് മുതിര്‍ന്ന കര്‍ദിനാള്‍മാര്‍ ഉന്നയിച്ച ‘സന്ദേഹങ്ങള്‍ക്ക്’ (ദൂബിയ) ഫ്രാന്‍സിസ് പാപ്പാ നല്കിയ മറുപടി സിനഡിന് രണ്ടു ദിവസം മുന്‍പ് വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡികാസ്റ്ററി പരസ്യപ്പെടുത്തിയത് തികച്ചും അപ്രതീക്ഷിതമായാണ്.
വിവാഹമെന്ന കൂദാശയെ സംബന്ധിച്ച സഭയുടെ പ്രബോധനങ്ങളുമായി ബന്ധപ്പെടുത്താതെ സ്വവര്‍ഗാനുരാഗികളുടെ ബന്ധത്തെ ആശീര്‍വദിക്കാനുള്ള അജപാലന വഴികള്‍ തേടാവുന്നതാണെന്ന് പാപ്പാ നിര്‍ദേശിക്കുന്നു. പുരുഷനും സ്ത്രീയും തമ്മിലുള്ള സവിശേഷവും സുസ്ഥിരവും അവിഭാജ്യവുമായ ഐക്യവും തന്മൂലം ജീവനിലേക്കുള്ള തുറവിയുമാണ് വിവാഹം. സ്വവര്‍ഗാനുരാഗമുള്ള ആളുകള്‍ സഭയെ സമീപിക്കുമ്പോള്‍ ദയയും ക്ഷമയും ആര്‍ദ്രതയുമുള്ള ഹൃദയത്തോടെ തെറ്റായ ആശയം നല്‍കാതെ അവരെ ആശീര്‍വദിക്കാനുള്ള അജപാലനവിവേകം നമുക്കുണ്ടാകണം. അനുഗ്രഹം ചോദിക്കുന്ന വ്യക്തി ദൈവത്തില്‍നിന്നുള്ള സഹായത്തിനായുള്ള അഭ്യര്‍ത്ഥനയാണ് നടത്തുന്നത്. അത് നിഷേധിക്കുവാനോ അവരെ വിധിക്കുവാനോ നമുക്ക് അവകാശമില്ല. ഒരേവര്ഗക്കാര് തമ്മില്‍ ഏര്‍പ്പെടുന്ന ബന്ധം യഥാര്‍ഥത്തില്‍ വിവാഹമല്ലാത്തതിനാല്‍ അവരെ ആശീര്വദിക്കുമ്പോള് കൗദാശിക തിരുകര്‍മം ഒഴിവാക്കണം. ഇതിന് രൂപതാ തലത്തിലോ മെത്രാന്മാരുടെ സമിതി മുഖേനയോ പ്രത്യേക പ്രാര്‍ഥനകളോ അനുഷ്ഠാനക്രമമോ ചിട്ടപ്പെടുത്തേണ്ടതില്ല. സാഹചര്യത്തിന് അനുസരിച്ച് അജപാലനവിവേകം ഉപയോഗിക്കുകയാണു വേണ്ടത്. ജര്‍മനിയില്‍ ഇതു സംബന്ധിച്ച് ഉയര്‍ന്ന നിര്‍ദേശങ്ങളെക്കാള്‍ ബെല്‍ജിയം മെത്രാന്മാര് ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടിനെയാണ് വത്തിക്കാന്‍ പിന്താങ്ങുന്നതെന്ന് പാപ്പായുടെ വിശദീകരണത്തില്‍ നിന്നു വ്യക്തമാകുന്നു.
അതേസമയം, 2021-ല്‍ വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡികാസ്റ്ററി ഒരേവര്ഗക്കാരുടെ ബന്ധത്തെ ആശീര്വദിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചത് ഒറ്റക്കാരണം പറഞ്ഞാണ്: ”ദൈവം പാപത്തെ ആശീര്‍വദിക്കുന്നില്ല.”
സ്ത്രീകള്‍ക്ക് വൈദികപട്ടം നല്കാന് സഭയ്ക്ക് ഒരു അധികാരവുമില്ല എന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ അസന്ദിഗ്ധ പ്രഖ്യാപനത്തെക്കുറിച്ചുള്ള കര്‍ദിനാള്‍മാരുടെ ചോദ്യത്തിനു മറുപടിയായി പാപ്പാ പറഞ്ഞത്, സ്ത്രീകള്‍ക്ക് പൗരോഹിത്യം നിരോധിക്കുന്ന സഭയുടെ നിലവിലുള്ള ചട്ടങ്ങളെ പരസ്യമായി ചോദ്യം ചെയ്യാന്‍ ആര്ക്കുമാവില്ലെങ്കിലും അത് ഇനിയും പഠിക്കേണ്ട വിഷയമാണെന്നാണ്. ജോണ്‍ പോള്‍ പാപ്പായുടേത് പ്രാമാണിക നിലപാടാണ്, എന്നാല്‍ അത് പ്രബോധനപരമായ നിര്വചനമാകുന്നില്ല. ലിയോ പതിമൂന്നാമന്‍ പാപ്പാ ആംഗ്ലിക്കന്‍ പൗരോഹിത്യം അസാധുവാണെന്ന് തീര്പ്പുകല്പിച്ചിരുന്നു. ആംഗ്ലിക്കന്‍ സഖ്യത്തിലെ പൗരോഹിത്യത്തിന്റെ സാധുതയുടെ കാര്യത്തിലെന്ന പോലെ വനിതാ പൗരോഹിത്യവും പുനഃപരിശോധിക്കാവുന്ന വിഷയമാണെന്ന് ഫ്രാന്‍സിസ് പാപ്പാ സൂചിപ്പിക്കുന്നു. സ്ത്രീകളെ പട്ടത്വശുശ്രൂഷകളില് നിന്ന് മാറ്റിനിര്‍ത്തുന്നതിലെ വിവേചനത്തെ സംബന്ധിച്ചും വനിതാ ഡീക്കന്പട്ടത്തെക്കുറിച്ചും പല രാജ്യങ്ങളിലും സിനഡല്‍ സംവാദം ശക്തമായിരുന്നു.
ജര്‍മന്‍കാരനായ കര്‍ദിനാള്‍ വാള്‍ട്ടര്‍ ബ്രാന്‍ഡ്മുള്ളര്‍, അമേരിക്കന്‍ കര്‍ദിനാള്‍ റെയ്മണ്ട് ബുര്‍ക്ക്, മെക്സിക്കന്‍ കര്‍ദിനാള്‍ ഹുവന്‍ സാന്ഡോവല് ഇനീഗ്വസ്, ആഫ്രിക്കയിലെ ഗിനിയ സ്വദേശി കര്‍ദിനാള്‍ റോബര്‍ട്ട് സെറാ, ഹോങ്കോംഗ് ബിഷപ് എമരിറ്റസ് കര്‍ദിനാള്‍ ജോസഫ് സെന്‍ സെകുന് എസ്ഡിബി എന്നിവരാണ് ദൂബിയയുമായി പരസ്യമായി രംഗത്തുവന്ന വിമര്‍ശകര്‍. കഴിഞ്ഞ ജൂലൈ 10ന് തങ്ങള്‍ ഉന്നയിച്ച ദൂബിയയ്ക്ക് പാപ്പാ പിറ്റേന്നുതന്നെ മറുപടി നല്‍കിയെങ്കിലും അതില്‍ തൃപ്തരാകാതെ വീണ്ടും ചോദ്യങ്ങള്‍ പരിഷ്കരിച്ച് ”ക്രിസ്തുവിന്റെ വിശ്വാസികള്‍ക്കായി വിജ്ഞാപനം” ചെയ്ത ഇവര്‍ ”പാപ്പായെ തങ്ങളുടെ വ്യര്ഥാന്വേഷണങ്ങളുടെ അടിമയായാണ് കാണുന്നത്” എന്ന് വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡികാസ്റ്ററിയുടെ പ്രീഫെക്ടായി അടുത്തിടെ ചുമതലയേറ്റ അര്‍ജന്റീനയില്‍ നിന്നുള്ള നവകര്‍ദിനാള്‍ വിക്തോര്‍ മനുവേല്‍ ഫെര്‍ണാണ്ടസ് കുറ്റപ്പെടുത്തുന്നുണ്ട്.
ചരിത്ര ശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കമ്മിറ്റി പ്രസിഡന്റായ തൊണ്ണൂറ്റിനാലുകാരനായ കര്‍ദിനാള്‍ മുള്ളര്‍, 2016-ലെ അമോരിസ് ലെത്തീസിയ എന്ന ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്തോലിക പ്രബോധനത്തില്‍ വിവാഹമോചിതരായി പുനര്‍വിവാഹം ചെയ്യുന്ന കത്തോലിക്കരെ സംബന്ധിച്ച വിശദീകരണം വിവാഹവും കൂദാശകളും സംബന്ധിച്ച സഭയുടെ പ്രബോധനങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഞ്ച് ദൂബിയ ഉന്നയിച്ച നാലു കര്‍ദിനാള്‍മാരില്‍ ഒരാളാണ്. അപ്പസ്തോലിക് സിഞ്ഞത്തൂര സുപ്രീം ട്രൈബ്യൂണല്‍ പ്രീഫെക്ട് ആയിരുന്ന കര്‍ദിനാള്‍ റെയ്മണ്ട് ബുര്‍ക്ക് 2019-ലെ അമസോണ്‍ മേഖലാ സിനഡിന്റെ ഇന്‍സ്ത്രുമെന്തും ലബോറിസ് സഭയുടെ പ്രബോധനങ്ങള്‍ക്കു വിരുദ്ധമാണെന്ന് വിമര്‍ശിക്കുകയുണ്ടായി. ആമസോണ്‍ മേഖലാ സിനഡില്‍, വിവാഹിതരായ പുരുഷന്മാര്ക്ക് പട്ടം നല്കി മിഷന് കേന്ദ്രങ്ങളില്‍ അജപാലനശുശ്രൂഷയ്ക്ക് നിയോഗിക്കാനുള്ള നിര്‍ദേശം അംഗീകരിക്കപ്പെട്ടപ്പോള്‍, ‘നമ്മുടെ ഹൃദയങ്ങളുടെ ആഴങ്ങളില്‍ നിന്ന്: പൗരോഹിത്യവും ബ്രഹ്മചര്യവും കത്തോലിക്കാ സഭയിലെ പ്രതിസന്ധിയും’ എന്ന പേരില്‍ പാപ്പാ എമരിറ്റസ് ബെനഡിക്റ്റ് പതിനാറാമന്റെ പേരുകൂടെ ചേര്‍ത്ത് പുസ്തകമിറക്കിയ കര്‍ദിനാള്‍ സെറാ ഫ്രാന്‍സിസ് പാപ്പായുടെ അപ്രീതി സമ്പാദിച്ചതാണ്.
വിവാഹമോചനം നേടിയ കത്തോലിക്കര്‍ പുനര്‍വിവാഹിതരായി കൂദാശകള്‍ക്കു സമീപിക്കുമ്പോള്‍ സഭയുടെ നിലപാട് എന്താകണം എന്നതിനെക്കുറിച്ച് ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെ ആര്‍ച്ച്ബിഷപ് എമരിറ്റസ് കര്‍ദിനാള്‍ ഡൊമിനിക് ഡുക്ക ഒപി ചെക്ക് ബിഷപ്സ് കോണ്‍ഫറന്‍സിനു വേണ്ടി സമര്‍പ്പിച്ച 10 ദൂബിയയ്ക്ക് വിശ്വാസപ്രമാണങ്ങള്ക്കായുള്ള ഡികാസ്റ്ററി നല്കിയ മറുപടിയില്‍, പുനര്‍വിവാഹിതരായ കത്തോലിക്കര്‍ക്ക് കൂദാശകള്‍ സ്വീകരിക്കാമെന്ന് കര്‍ദിനാള്‍ ഫെര്‍ണാണ്ടസ് വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച് 2016-ല്‍തന്നെ പാപ്പാ തീര്പ്പുകല്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
സിനഡാത്മക സിനഡില്‍ ഉയര്‍ന്നുവരാവുന്ന മുഖ്യ വിവാദവിഷയങ്ങളില്‍ പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ളവരും ആഫ്രിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവരും തമ്മില്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ട്. 2015-ലെ കുടുംബ സിനഡില്‍ ലൈംഗികത സംബന്ധിച്ച സംവാദത്തില്‍ പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ആഫ്രിക്കന്‍ പ്രതിനിധികളും തമ്മില്‍ വലിയ ഏറ്റുമുട്ടലുണ്ടായി. ലൈംഗികത സംബന്ധിച്ച ആഫ്രിക്കന്‍ കത്തോലിക്കരുടെ നിലപാട് സഭയുടെ പ്രബോധനങ്ങളെക്കാള്‍ സാംസ്കാരിക വിലക്കുകളെ ആധാരമാക്കിയുള്ളതാണെന്നാണ് യൂറോപ്യന്‍ പ്രതിനിധികള്‍ ആരോപിച്ചത്.
യൂറോപ്പ് കേന്ദ്രീകൃത സഭയില്‍ നിന്ന് ആഗോളസഭ എന്ന കാഴ്ചപ്പാടിലേക്കുള്ള പാരഡൈം ഷിഫ്റ്റിനെക്കുറിച്ച് പറയുമ്പോഴും ആഫ്രിക്കയില്‍ നിന്ന് പാപ്പാ നേരിട്ട് ഈ സിനഡിലേക്ക് നാമനിര്‍ദേശം ചെയ്തത് മൂന്നു പതിനിധികളെ മാത്രമാണ്.
റോമന്‍ കൂരിയ, നയതന്ത്ര മേഖലകളില്‍ നിന്നുള്ള ഏഴുപേര്‍ക്കു (എല്ലാവരും യൂറോപ്യന്‍, നോര്‍ത്ത് അമേരിക്കന്‍ പശ്ചാത്തലത്തില്‍ നിന്ന്) പുറമെ 23 പേരെയാണ് പാപ്പാ യൂറോപ്പില്‍ നിന്ന് നോമിനേറ്റ് ചെയ്തത്. ഏഷ്യ, ഓഷ്യാനിയ എന്നിവയ്ക്ക് ഓരോ നോമിനി വീതവും. ബെല്‍ജിയത്തില്‍ ഒരേവര്ഗക്കാരെ ആശീര്‍വദിക്കുന്നതിന് മുന്‍ഗണന നല്കുന്ന കര്‍ദിനാള്‍ ജൊസേഫ് ദെ കെസെല്‍, സ്ത്രീകള്‍ക്ക് ഡീക്കന്‍ പദവി നല്‍കണമെന്നു വാദിക്കുന്ന സാന്‍ ദിയേഗോയിലെ കര്‍ദിനാള്‍ റോബര്‍ട്ട് മാക്എല്റോയ്, എല്‍ജിബിടിക്യു വിഭാഗത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ജസ്യുറ്റ് വൈദികന് ജെയിംസ് മാര്ട്ടിന് എന്നിവര്‍ പാപ്പാ സിനഡിലേക്കു നാമനിര്‍ദേശം ചെയ്തവരില്‍ ഉള്‍പ്പെടുന്നു.
യൂറോപ്പിലും അമേരിക്കയിലും കാനഡയിലും ലാറ്റിന്‍ അമേരിക്കയിലും സഭ അടുത്തകാലത്ത് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി വൈദികരും അര്പ്പിതരുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ വന്ന കുറ്റകരമായ വീഴ്ചകളാണ്. കുറ്റവാളികളെ ഏതു ശ്രേണിയിലുള്ളവരാണെങ്കിലും സംരക്ഷിക്കുകയില്ലെന്നും സുതാര്യമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഇരകള്‍ക്ക് നീതിയും നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്നും ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചിട്ടുണ്ട്. അധികാര ദുര്‍വിനിയോഗമാണ് ലൈംഗിക ചൂഷണങ്ങള്‍ക്കുള്ള ‘വ്യവസ്ഥാപിത’ കാരണമെന്ന് ഇതു സംബന്ധിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിഷനുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇനിയും വ്യക്തമായി നിര്‍വചിക്കപ്പെടാത്ത സിനഡാത്മക സിനഡിന്റെ ഈ സങ്കീര്‍ണ ചരിത്രപശ്ചാത്തലം ഓര്മിപ്പിക്കാനെന്നോണം ന്യൂസിലന്‍ഡ്, മെക്സിക്കോ, കാനഡ, ഡിആര്‍ കോംഗോ, സ്ലൊവേനിയ, സ്പെയിന് തുടങ്ങി 26 രാജ്യങ്ങളില്‍ സഭാശുശ്രൂഷകരുടെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവരുടെ പ്രതിനിധികള്‍ റോമിലെത്തിയിട്ടുണ്ട്.
ഗര്‍ഭച്ഛിദ്രം, ദയാവധം തുടങ്ങിയ വിഷയങ്ങള്‍ സിനഡിന്റെ വര്‍ക്കിങ് പേപ്പറില്‍ കടന്നുകൂടിയില്ല. ദാരിദ്ര്യം, കാലാവസ്ഥാ പ്രതിസന്ധി, കുടിയേറ്റക്കാരുടെ ദുരിതങ്ങള്‍, മനുഷ്യക്കടത്ത്, വര്‍ണവിവേചനം, ഗോത്രവര്‍ഗക്കാരുടെ പ്രശ്നങ്ങള്‍, ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരോടുള്ള വിവേചനം തുടങ്ങിയ വിഷയങ്ങള്‍ സിനഡ് പരിഗണിക്കും.
1962-65 ലെ രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ നിന്ന് ഇന്നത്തെ സിനഡിലെത്തുമ്പോള്, ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍, മാറ്റത്തിനുവേണ്ടി വാദിക്കുന്നവര്‍ മതവിരുദ്ധരാകുന്നില്ല. സഭയും സംസ്കാരവും മാറും. സഭയും ലോകവും നിശ്ചലമായിരിക്കുന്നില്ല. അവ തമ്മില്‍ വേറിട്ടുനില്ക്കുന്നുമില്ല. എല്‍ജിബിടിക്യു ആളുകള്‍, ലൈംഗികത, മനഃശാസ്ത്രം, ചികിത്സാവിധികള്‍, മനുഷ്യന്റെ പെരുമാറ്റം – ഇതെല്ലാം ഒരു നിശ്ചിതകാലഘട്ടത്തില്‍ മരവിച്ചുനില്ക്കുന്നില്ല. എന്തായിരിക്കും സിനഡിന്റെ അന്തിമഫലം എന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. എന്നാല്‍ ചില മാറ്റങ്ങള്‍ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുകതന്നെ ചെയ്യും.
ഹൃദയങ്ങളില്‍ നിന്ന് ഭീതി അകറ്റുന്നതാകണം ഈ മഹാസംഗമം. 2025-ലെ മഹാജൂബിലിയില്‍ പ്രത്യാശയുടെ ഉത്സവമായി അതു പരിണമിക്കണം.