കൊച്ചി: ഇന്നത്തെ കേരളത്തില്‍ കൈപിടിച്ചുയര്‍ത്തേണ്ട വിഭാഗം മത്സ്യത്തൊഴിലാളികളാണെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പുമന്ത്രി സജി ചെറിയാന്. കോസ്റ്റല്‍ ഏരിയ ഡവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍(കടല്‍) കേരള മത്സ്യ-സമുദ്രപഠന സര്‍വകലാശാലയു(കുഫോസ്)മായി സഹകരിച്ച് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളെ ഉദ്ധരിക്കുന്നതിന്റെ ഭാഗമായി ആദ്യം ചെയ്യേണ്ടത് തീരദേശത്തെ സമ്പൂര്‍ണ വിദ്യാഭ്യാസമാണ്.
മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്ന് ഒരാള്‍ക്കെങ്കിലും മറ്റേതെങ്കിലും മേഖലയില്‍ തൊഴില്‍ ലഭിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അപ്പോള്‍ കുടുംബത്തില്‍ പട്ടിണിയുണ്ടാകില്ല. കക്ഷി രാഷ്ട്രീയത്തിനതീതമായി മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം. മത്സ്യമേഖലയിലും ടൂറിസത്തിലും മാത്രം ശ്രദ്ധകേന്ദ്രീകരിച്ചാല്‍ കേരളം ലോകത്തിലെ വന്‍കിട സാമ്പത്തിക ശക്തിയാകും. അതിനായി ജലാശയങ്ങള്‍ പുനര്നിര്മിക്കേണ്ടതുണ്ട്്.
ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങള്‍ മൂലം കേരളത്തില്‍ വന്‍കിട വ്യവസായങ്ങള്‍ക്ക് സാധ്യതയില്ല. കാര്‍ഷിക മേഖലയും പ്രശ്നത്തിലാണ്. വൈകാരികമായ തലമാണ് മത്സ്യത്തൊഴിലാളി മേഖല. മുതലപ്പൊഴിയില്‍ അപകടത്തെ തുടര്‍ന്ന് വലിയ പ്രശ്നമുണ്ടായിരുന്നു. മുതലപ്പൊഴി ഹാര്‍ബര്‍ നിര്‍മിച്ച കാലത്തെ അപാകതയാണ് ഈ പ്രശ്നത്തിനു കാരണം. നിരവധി മത്സ്യത്തൊഴിലാളികള്‍ അവിടെ മരിച്ചു. അനേകം കുടുംബങ്ങള്‍ അനാഥമായി. കെ. ബാബു എംഎല്‍എ മന്ത്രിയായിരിക്കുമ്പോള്‍ ഈ മേഖലയ്ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എറണാകുളം പനങ്ങാട് ഫിഷറീസ് സര്‍വകലാശാല ക്യാമ്പസില്‍ നടന്ന ശില്പശാലയുടെ ഉദ്ഘാടന സെഷനില്‍ കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. ടി. പ്രദീപ് കുമാര്‍ അധ്യക്ഷനായിരുന്നു. കടല്‍ സംഘടനയുടെ ചെയര്‍പേഴ്സണും ആലപ്പുഴ രൂപതാധ്യക്ഷനുമായ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ വിശിഷ്ടാതിഥിയായിരുന്നു. കെ. ബാബു എംഎല്‍എ, കുഫോസ് ഗവേണിംഗ് കൗണ്‍സില്‍ മെമ്പര്‍ സി.എസ്. സുജാത എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കടല്‍ ഡയറക്ടര്‍ റവ. ഡോ. സാബാസ് ഇഗ്നേഷ്യസ് സ്വാഗതവും കുഫോസ് ശില്പശാല ജനറല്‍ കണ്‍വീനര്‍ ഡോ. ദേവിക പിളള നന്ദിയും പറഞ്ഞു.
സമുദ്ര മത്സ്യബന്ധന മേഖല, സമുദ്രമത്സ്യ ഉല്പാദനം, അവലോകനം, സമുദ്ര വിഭവ പരിപാലനം- സാധ്യതകള്‍, വെല്ലുവിളികള്‍, നിര്‍ദ്ദേശങ്ങള്‍, സമുദ്ര മത്സ്യബന്ധന മേഖല- സര്‍ക്കാര്‍ ഇടപെടലുകള്‍, നിര്‍ദ്ദേശങ്ങള്‍, പരമ്പരാഗത കടലറിവും, ആധുനിക മത്സ്യബന്ധനവും, സമുദ്ര മത്സ്യബന്ധനത്തിന്റെ ആധുനികവത്കരണം, ആഴക്കടല്‍ മത്സ്യബന്ധനം -സാധ്യതകള്‍, നയങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, സമുദ്ര മത്സ്യബന്ധനം- മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍, സമുദ്ര ആവാസവ്യവസ്ഥയും പരിസ്ഥിതിയും, തീര പരിപാലനം, നീല സാമ്പത്തിക നയവും സമുദ്ര ആവാസ വ്യവസ്ഥയും അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ്, സമുദ്ര പരിസ്ഥിതിയും, കാലാവസ്ഥ വ്യതിയാനവും ജലകൃഷി വികസനം, അലങ്കാര മത്സ്യകൃഷി -അവലോകനം, സാധ്യതകള്‍, നിര്‍ദ്ദേശങ്ങള്‍, മത്സ്യ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ, മത്സ്യതൊഴിലാളി സമൂഹ്യ സാമ്പത്തിക വികസനം, തീരമൈത്രി പ്രോജക്ട്, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ അവലോകനം, മത്സ്യസംഭരണം, സംസ്കരണം, വിതരണം, വിപണനം, മത്സ്യലേലവും, വിതരണ ശൃംഖലകളും, മത്സ്യഉത്പന്ന വൈവിധ്യവത്കരണം, ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയും ആവാസ വ്യവസ്ഥയും, തീരദേശ സാമൂഹ്യ വികസനം തുടങ്ങിയ വിഷയങ്ങളാണ് എട്ടു സെഷനുകളിലായി അവതരിപ്പിക്കുന്നത്.