ക്രൈസ്തവദര്‍ശനത്തിന്റെ മഹത്തായ പ്രചാരകരായിരുന്ന പോര്‍ച്ചുഗീസിന്റെ മണ്ണില്‍ കത്തോലിക്ക സഭയുടെ യുവത്വത്തിന്റെ കരുത്ത് വിളിച്ചോതിയ ലോക യുവജന സംഗമത്തിന് സമാപനം. യുവജനദിനത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി ജോലിയിലും പഠനത്തിലും നിന്ന് അവധി എങ്ങനെ ചോദിക്കും, യാത്രയ്ക്ക് ടിക്കറ്റെടുക്കുന്നതിന് ആവശ്യമായ പണം എങ്ങനെ കണ്ടെത്തും തുടങ്ങിയ വിവിധങ്ങളായ കാര്യങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഉണ്ടെങ്കിലും യുവത എല്ലായ്പ്പോഴും പ്രത്യാശയാകുന്ന ചക്രവാളത്തിലേക്കു നോക്കുന്നുവെന്ന്’ സമ്മേളനത്തിനു മുന്നോടിയായി നല്കിയ സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് ലിസ്ബണില്‍ അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ഥ്യമായി. താളമേളങ്ങള്‍ നിറഞ്ഞാടിയ നിറപ്പകിട്ടാര്‍ന്ന വിവിധ പരിപാടികള്‍ക്കിടയിലും ഇടതടവില്ലാത്ത സഞ്ചാരത്തിനിടയിലും യുവജനം ഈ സംഗമവേദിയില്‍ കണ്ടെത്തിയത് വിശ്വാസത്തിന്റെ ആഴമായിരുന്നു, വെളിച്ചമായിരുന്നു, പ്രത്യാശയായിരുന്നു. സമാനതകളില്ലാത്ത ഈ പരിപാടിയില്‍ കത്തോലിക്ക സഭയുടെ പരമാധ്യക്ഷനോടൊപ്പം പങ്കെടുക്കുക എന്നത് ഓരോ കത്തോലിക്ക യുവാവിന്റേയും സ്വപ്നമാണ്. ആ സ്വപ്നം സാക്ഷാത്കരിച്ച കേരളത്തില്‍ നിന്നുള്ള ചിലര്‍ ലിസ്ബണ്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
ഇതാണ് നമ്മട ഈശോ പറഞ്ഞ എല്ലാവരും ഒന്നാകല്‍
ഫാ. ഷിനോജ് ആറാഞ്ചേരി,
ഡയറക്ടർ, കെ സി വൈ എം വരാപ്പുഴ അതിരൂപത
ഈശോ പറയുന്നുണ്ടല്ലോ നാമെല്ലാവരും ഒന്നാണ്. അത് നമ്മുടെ കണ്ണുകള്‍ കൊണ്ട് കാണാന്‍ പറ്റുന്ന ഒന്നാണ് ലോക യുവജന സംഗമം. ഒരാഴ്ചയോളം നീണ്ടു നിന്ന പോര്‍ച്ചുഗല്ലിലെ ലിസ്ബണില്‍ നടന്ന ഈ ഒരു സംഗമം കാണുമ്പോള്‍ നാം മനസിലാക്കുന്നത് ക്രിസ്തുവില്‍ എല്ലാവരും ഒന്നാകുന്നത് നമ്മുടെ കണ്ണുകളിലൂടെ നമുക്ക് കാണാന്‍ സാധിക്കുമെന്നതാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലേയും യുവജനങ്ങള്‍ അവര്‍ ഈശോയില്‍ മറിയം വഴി അടുക്കുന്ന രംഗങ്ങളാണ് കാണാന്‍ സാധിച്ചത്. തേനീച്ചകൂടില്‍ തേനിച്ച ഇരിക്കുന്നതുപോലെ എല്ലാവരും ഒരുമിച്ചു കൂടുന്നു എന്നുള്ളതാണ്. നിറമില്ല, ഭാഷയില്ല എല്ലാവരും ഒന്നാകുന്ന സ്നേഹിച്ചുകൊണ്ട് ഒരുമിച്ചുകൂടുന്ന യുവജനകൂട്ടം.
സംഗമത്തിന്റെ പ്രധാനപ്പെട്ട സവിശേഷത തീര്‍ച്ചയായും പരിശുദ്ധ പാപ്പയുടെ സാന്നിധ്യം തന്നെയാണ്. 86കാരനായ നമ്മുടെ ആത്മീയപിതാവ്, നമ്മുടെ അപ്പന്- പാപ്പ എവിടെ ഉണ്ടോ അവിടെ തടിച്ചുകൂടുന്ന ജനക്കൂട്ടം. പാപ്പ അവിടെ വന്നപ്പോള്‍ ലിസ്ബണില്‍ യുവജനങ്ങള്‍ നിറഞ്ഞു കവിഞ്ഞുപോകുന്ന ഒരവസ്ഥയായിരുന്നു. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് യുവജനങ്ങള്‍ ഒഴുകിയെത്തുകയാണ്. നിലയ്ക്കാത്ത ഒരു പ്രവാഹം പോലെ ലക്ഷക്കണക്കിനു യുവജനങ്ങള്‍ തമ്പടിക്കുകയാണ്. സംഗമത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായ കുരിശിന്റെ വഴിയില്‍ പങ്കെടുക്കാനും ധാരാളം യുവജനങ്ങളുണ്ടായിരുന്നു. ദൃശ്യാവി,്കാരങ്ങളോടെയുള്ള കുരിശിന്റെ വഴിയില്‍ കണ്ണീരണിഞ്ഞാണ് മിക്കവരും പങ്കെടുത്തത്. സമാപന സന്ദേശം നല്‍കിയത് പാപ്പയാണ്. കുരിശിന്റെ വഴിയില്‍ പങ്കെടുക്കാനും തയ്യാറെടുപ്പുകള്‍ക്കുമായി ആ ഒരു ദിവസം മുഴുവന്‍ അവര്‍ മാറ്റിവയ്ക്കുകയാണ്.
അവര്‍ക്ക് പാപ്പയുടെ സംസാരം കേട്ടാല്‍ മതി.
അദ്ദേഹത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ നിശബ്ദരാകാന്‍ മറ്റുള്ളവരോടെ പറയുന്നുമുണ്ട്. അത്രത്തോളം പാപ്പയെ സ്നേഹിക്കുന്ന ജനക്കൂട്ടം. പാപ്പയെ സ്വന്തം പിതാവായി കാണാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങളെയാണ് നമുക്ക് അവിടെ കാണാന്‍ സാധിക്കുന്നത്. പാപ്പ എവിടെ ഉണ്ട് അവിടെ ഒരുമിച്ചു കൂടുന്നു. തിരുസഭയെ നയിക്കുന്ന പാപ്പയെ കാണാന്‍ തമ്പടിക്കുകയും പിറ്റേദിവസം അദ്ദേഹത്തിന്റെ കൂര്ബാനയ്ക്കായി കാത്തിരിക്കുന്ന യുവജനത്തെയാണ് നമുക്ക് ലിസ്ബണില്‍ കാണാന്‍ സാധിച്ചത്.
വേള്‍ഡ് യൂത്ത്ഡേ ആരംഭിക്കുന്നത് യാമപ്രാര്‍ത്ഥനയോടെയാണ്. ആതിഥേയരാജ്യം അതിനുവേണ്ടി എല്ലാ ഒരുക്കങ്ങളും ചെയ്യുന്നു. സൗജന്യമായി നിരവധി സേവനങ്ങള്‍ നല്കുന്നു. പാപ്പയെ ഏറ്റവും അടുത്തു കാണാന്‍ സാധിച്ചത് വലിയൊരു അനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്. തിരുസഭയുടെ തലവനെ വളരെ അടുത്ത് കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷം തോന്നുന്നു.
എല്ലാ യുവജനങ്ങള്‍ക്കും കുമ്പസാരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നു. പാപ്പ, സിറ്റി ഓഫ് ജോയ് എന്ന സ്ഥലത്ത് കുമ്പസാരിപ്പിക്കുന്നു. കുമ്പസാരിക്കാന്‍ അനുയോജ്യമായ സ്ഥലമായിരുന്നു ആ പാര്‍ക്ക്. അനുരജ്ഞന കൂദാശകളെല്ലാം നടത്തിയത് അവിടെയാണ്.
ഇന്ത്യന്‍ പതാകയുമായി അഭിമാന നെറുകയില്‍
ആന്റണി ജൂഡി
ഐസിവൈഎം പ്രസിഡന്റ്
ഏറെ സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷത്തിലൂടെയായിരുന്നു കഴിഞ്ഞ ദിനങ്ങളില്‍ ഞാന്‍ കടന്നു പോയിരുന്നത്. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടന്ന ലോക യുവജന സംഗംമത്തില് പങ്കെടുക്കാന്‍ കഴിഞ്ഞത് ദൈവനിയോഗമായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു. ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല ഇന്ത്യയുടെ ദേശീയ സംഘത്തെ നയിക്കാനുള്ള ചുമതല എന്നിലേയ്ക്ക് വരുമെന്നത്. ആദ്യമായി വേള്‍ഡ് യൂത്ത് ഡേയില്‍ പങ്കെടുക്കാന്‍ പോകുന്നയാളായിരുന്നു ഞാന്‍. അതോടൊപ്പം ഒരു ടീമീനെ നയിക്കാനുള്ള കര്‍ത്തവ്യവും ഉത്തരവാദിത്വവും എന്നിലേയ്ക്ക് എത്തുകയും ചെയ്തു. നീണ്ട എട്ടുമാസത്തെ രാത്രിയും പകലും ഇല്ലാതെയുള്ള പ്രയത്നത്തിന്റെ ഫലമായിട്ടാണ് ഞങ്ങളെല്ലാം ലിസ്ബണില്‍ എത്തിച്ചേര്‍ന്നത്.
വളരെ വലിയ പ്രതിസന്ധികളിലൂടേയെല്ലാം കടന്നാണ് എല്ലാവരും ലിസ്ബണില്‍ എത്തിയതെങ്കിലും അവിടെ എത്തിയപ്പോള്‍ പ്രതിസന്ധികളെല്ലാം മറന്ന് ആകാംക്ഷയും ആഹ്ളാദവും മനസില്‍ സ്ഥാനം പിടിച്ചു. ആദ്യത്തെ അഞ്ചു ദിനങ്ങള്‍ ഡേയ്സണ്‍ ഡയസിസ് എന്ന പ്രോഗ്രാമില്‍ ഞങ്ങളെല്ലാവരും വിവിധ ഗ്രൂപ്പുകളായി മാറി. വീടുകളിലായിരുന്നു മിക്കമാറും താമസ്ഥലം ഒരുക്കിയിരുന്നത്. അതു തന്നെ വലിയൊരു അനുഭവമായിരുന്നു. പോര്‍ച്ചുഗലിനെ കുറിച്ച് കേട്ടറിവേ ഉണ്ടായിരുന്നുളളൂ. ഒരു കാലത്ത് നമ്മുടെ നാട് ഭരിച്ചിരുന്നവരാണ് പോര്‍ച്ചുഗീസുകാര്‍. ഇന്ന് പുതിയകാലത്ത് അവിടത്തെ ജനങ്ങളോടൊപ്പം വസിക്കാന്‍ അവസരം ലഭിച്ചു. വലിയൊരു ചരിത്രനിയോഗം!
പരസ്പരം മനസിലാക്കി ഒരുമിച്ചു വസിച്ച അഞ്ചു ദിനങ്ങള്‍. ലിസ്ബണിലെത്തിച്ചേരുമ്പോള് ഒരു കടല്‍ ഇരമ്പുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. യുവജനങ്ങളുടെ ആര്‍പ്പുവിളികളുടെ ആരവം. പാപ്പയെ കാണാനുള്ള ആകാംഷയോടെ വരുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍. അവിടേയ്ക്ക് ഞങ്ങളും എത്തിച്ചേര്‍ന്നു. ആദ്യദിനത്തിലെ പ്രഥമദിവ്യബലിയില്‍ ഇന്ത്യയെ പ്രതിനിധികരിച്ച് ഐസിവൈഎമ്മിന്റെ വൈസ് പ്രസിഡന്റ് ജലന്തര്‍ രൂപതാംഗമായ ജ്യോതി ആ വേദിയില്‍ നിന്നുകൊണ്ട് ഹിന്ദി യില്‍ വിശ്വാസികളുടെ പ്രാര്‍ഥന ചൊല്ലിയപ്പോഴുണ്ടായ കുളിര്‍മ ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല. മൂന്നാം ദിനത്തില്‍ പരിശുദ്ധ ഫ്രാന്‍സിസ് പാപ്പ വേദിയിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുന്നിലൂടെ ഇന്ത്യന്‍ പതാകയുമേന്തി മുന്നോട്ടുവരുമ്പോഴുണ്ടായ അനുഭൂതിയും മറക്കാന്‍ കഴിയില്ല. പാപ്പയോടൊപ്പം ഇന്ത്യന്‍ പതാക വാനിലുയര്ത്തിയപ്പോഴുണ്ടായ അഭിമാനം ഒന്നുവേറെ തന്നെയായിരുന്നു.
അവിടെ ആര്‍ക്കും പരാതികളുണ്ടായിരുന്നില്ല, പ്രയാസങ്ങളില്ല, സന്തോഷവും സ്നേഹവും ആഹ്ലാദവും മാത്രമായിരുന്നു യുവജനങ്ങള്‍ അനുഭവിച്ചത്. അവര്‍ പാപ്പയെ അവരുടെ ഹൃദയങ്ങളിലേക്ക് സ്വീകരിക്കുന്നു. അതിലൂടെ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് കടന്നുവരുന്നതും കാണാന്‍ സാധിച്ചു.
ലോക യുവജന ദിനത്തിന്റെ മൂന്നാം ദിവസത്തിലാണ് ഫ്രാന്‍സിസ് പാപ്പയെ കണ്ടത്. ആദ്യ രണ്ടു ദിവസങ്ങളിലും നിരവധി രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കളില്‍ പലരുമായും ആശയസംവേദനം നടത്താന്‍ സാധിച്ചു എന്നത് സന്തോഷകരമായിരുന്നു. അവരുടെ സംസ്കാരവും ഭാഷാവൈവിധ്യങ്ങളും ഭക്ഷണരീതികളുമെല്ലാം ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നു. എല്ലാവരും കാത്തിരുന്ന കൂടിക്കാഴ്ച, എഡ്വേര്‍ഡ് ഏഴാമന് പാര്‍ക്കിലായിരുന്നു. പരിശുദ്ധ പിതാവ് എത്തിയപ്പോള്‍, അവിടെ തീര്‍ഥാടകരുടെ മഹാപ്രവാഹമായിരുന്നു. ഇരുപത് ലക്ഷത്തോളം പേരാണ് സംഘാടകരുടെ പോലും കണക്കുകൂട്ടല്‍ തെറ്റിച്ച് ഇവിടെ എത്തിയതെന്ന് ഓര്‍ക്കണം! ഔദ്യോഗികമായി ഓരോ രാജ്യത്തു നിന്നും എത്തിയവരെ കൂടാതെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം പേരും എത്തിച്ചേര്‍ന്നതാണ് കാരണം.
സ്വാഗതചടങ്ങില്‍ ഫ്രാന്‍സിസ് പാപ്പയെയും ലക്ഷക്കണക്കിന് തീര്‍ഥാടകരെയും വര്‍ണത്തിന്റെയും ശബ്ദത്തിന്റെയും ചടുലമായ ദൃശ്യാവിഷ്കാരത്താലാണ് അഭിവാദ്യം ചെയ്തത്. വിശ്വാസത്തിന്റെ ആഘോഷവും സഭയുടെ ഐക്യത്തിന്റെയും നാനാത്വത്തിന്റെയും പ്രകടനവുമായിരുന്നു ഈ ആഘോഷ സ്വഭാവം. പാരമ്പര്യവും ആധുനികതയും സമ്മേളിച്ചു. അന്ന് ലോക യുവജന ദിനത്തില്‍ പ്രതിനിധീകരിക്കുന്ന എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള പതാകകളുടെ ഘോഷയാത്രയുണ്ടായിരുന്നു. നമ്മുടെ പ്രിയ രാജ്യത്തെ പ്രതിനിധീകരിച്ച് പതാകയേന്തിയത് ഞാനായിരുന്നു. തലേദിവസം ഇതിന്റെ ഒരു റിഹേഴ്സലും ഉണ്ടായിരുന്നു. ‘ഉം ദിയാ ഡി സോള്‍’ (‘ഒരു മനോഹര ദിനം’) എന്ന ഗാനം ഈ സമയത്ത് ആലപിച്ചു. യേശുവിലുള്ള വിശ്വാസം ആഘോഷിക്കാനുള്ള ആഗ്രഹം ഈ ഗാനം എടുത്തുകാണിക്കുന്നു.
കുമ്പസാരങ്ങളും കുരിശിന്റെ വഴിയും വ്യത്യസ്തഅനുഭവങ്ങളാണ് പകര്‍ന്നു നല്‍കിയത്.
ബെലേമിലെ ടേഗസ് നദിക്കരയില്‍ തീര്‍ഥാടകര്‍ക്ക് അനുരഞ്ജന ശുശ്രൂഷയ്ക്കായി ഒരുക്കിയ പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന 150 കുമ്പസാര സെറ്റുകള്‍ പോര്‍ച്ചുഗലിലെ കൊയിംബ്ര, പാസോസ് ജെഫെഹെയ്ഡ, ഒപോര്‍ത്തോ ജയിലുകളിലെ വര്‍ക് ഷോപ്പുകളില്‍ തടവുപുള്ളികള്‍ നിര്‍മിച്ചതായിരുന്നു. അനുതാപത്തിന്റെ വഴികള്‍ തുറക്കാന്‍ ഇതിലും വലിയൊരു ആശയമുണ്ടോ!
സാധാരണ കുമ്പസാരക്കൂടുകളില്‍ നിന്നു വ്യത്യസ്തമായി, കുമ്പസാരിക്കാന്‍ എത്തുന്നയാളും കുമ്പസാരിപ്പിക്കുന്ന വൈദികനും മുഖത്തോടു മുഖം നോക്കിയിരുന്ന രീതിയിലാണ് തുറന്ന സെറ്റുകള്‍ ഒരുക്കിയിരുന്നത്. ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ രാവിലെ 10 മണി മുതല്‍ വൈകീട്ട് ആറുവരെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വൈദികര്‍ കുമ്പസാരിപ്പിക്കാന്‍ ഈ പാര്‍ക്കിലുണ്ടായിരുന്നു. ഓഗസ്റ്റ് നാലിന് ഫ്രാന്‍സിസ് പാപ്പായും തീര്‍ഥാടകരില്‍ ചിലരുടെ കുമ്പസാരം കേട്ടു.
ലോകത്ത് ക്രൈസ്തവ സഭ ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്നു പറയുന്നവര്‍ക്ക് ഒരു മധുരമായ മറുപടിയായിട്ടാണ് എനിക്ക് ലിസ്ബണ്‍ സമാഗമത്തെ കാണാന്‍ സാധിച്ചത്. ഒരൊറ്റ കടലായി ഇരമ്പുന്ന യുവജനങ്ങളുടെ ശബ്ദം ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു. അടുത്ത യുവജനസംഗമത്തിന് 2027ല്‍ ദക്ഷിണ കൊറിയ ഒരുങ്ങുകയാണ് എന്ന സന്ദേശവും ഏഷ്യക്കാരെല്ലാം ആര്‍പ്പുവിളികളോടെ സ്വീകരിച്ചു.
ഏറെ സങ്കടകരമായ കാര്യമെന്നു പറയുന്നത,് നമ്മുടെ നാട്ടിലെ ഓരോ യുവജനങ്ങളും പങ്കെടുക്കേണ്ട ഒന്നാണ് ലോക യുവജന സംഗമം എന്നാണ് എന്റെ കാഴ്ചപ്പാടും ആഗ്രഹവും; തീര്‍ച്ചയായും അതിന് സാങ്കേതിക തടസങ്ങള്‍ ഉണ്ടാകും. വരുന്ന വേദികളില്‍ ഇന്ത്യയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള പ്രതിനിധികളുടെ എണ്ണം കൂട്ടാന്‍ സാധിക്കട്ടെ എന്നു പ്രാര്‍ഥിക്കാം.
പാസ്പോര്‍ട്ടിലെ ആദ്യത്തെ സ്റ്റാമ്പിങ്ങ്
കാസി പൂപ്പന
കെസിവൈഎം ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ്
ആദ്യമായി ലോക യുവജനസംഗമത്തില്‍ പങ്കെടുക്കുന്ന വ്യക്തിയെന്ന നിലയില്‍ എനിക്ക് വളരെയധികം ആകാംക്ഷയും ഒപ്പം ഉത്കണ്ഠയും ഉണ്ടായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നായി 20 ലക്ഷത്തോളം വരുന്ന യുവജനങ്ങള്‍ ഒന്നിച്ചു വരുമ്പോള്‍ അത് സഭയുടെ വിശ്വാസത്തിന്റെ ഒരു സാക്ഷ്യം കൂടിയാവും എന്നത് എന്തുകൊണ്ടും സന്തോഷം പകരുന്ന ഒരു കാര്യം തന്നെയായിരുന്നു. ലോക യുവജനസംഗമത്തിനായി പോകുമ്പോള്‍ സാധാരണ ചെയ്യാറുള്ളത് പോലെ ‘ഡേയ്സ് ഇന്‍ ഡയസിസ്’, ലോക യുവജനസംഗമം എന്നീ രണ്ടു ഘട്ടങ്ങളിലായി നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കാനാണ് പേര് രജിസ്റ്റര്‍ ചെയ്തത്. ഡേയ്സ് ഇന്‍ ഡയസിസ് എന്ന ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഞങ്ങള്‍ക്ക് ലഭിച്ചത് പോര്‍ത്തോ എന്ന രൂപതയാണ്. രൂപതയിലെ ഒരു ഇടവകയിലേക്ക് ഞങ്ങളെ സ്വീകരിച്ചു. അഞ്ഞൂറോളം വരുന്ന ഞങ്ങളുടെ സംഘത്തിന് വിവിധ വീടുകളിലും സ്കൂളുകളിലും സ്പോര്‍ട്സ് ക്ലബ്ബിലുമായാണ് താമസസൗകര്യം ഒരുക്കിയത്.
പോര്‍ത്തോ നഗരത്തെക്കുറിച്ചും രൂപതയെ കുറിച്ചും കൂടുതലായി മനസിലാക്കാനും അവിടത്തെ വിവിധ ഇടവകകളെക്കുറിച്ച് പഠിക്കുവാനും, ഒന്നിച്ചു കുര്‍ബാന അര്‍പ്പിക്കാനുമൊക്കെ സാധിച്ചു. ലോക യുവജനസംഗമവേദിയില്‍ നമ്മുടെ പ്രിയപ്പെട്ട ഫ്രാന്‍സിസ് പാപ്പയുടെ വരവ് പ്രതീക്ഷിച്ച് യുവജനങ്ങള്‍ എല്ലാവരും കണ്ണുംനട്ടിരുന്നത് ഇത്തവണത്തെ ലോക യുവജനദിനത്തിന്റെ മുദ്രാവാക്യമായ പരിശുദ്ധ അമ്മയുടെ സന്ദര്‍ശനം അനുസ്മരിപ്പിക്കുന്നതായിരുന്നു. ‘മറിയം എഴുന്നേറ്റു തിടുക്കത്തില്‍ യാത്രയായി’ (ലൂക്കാ 1:39).
വിവിധ രാജ്യങ്ങളില്‍ നിന്ന്, വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍, പല സംസ്കാരങ്ങളിലും ജീവിതസാഹചര്യങ്ങളിലും ആയിരിക്കുന്നവര്‍, അതും തീക്ഷ്ണതയുള്ള യുവത ഇത്തരത്തിലുള്ള പൊതുകൂട്ടായ്മയില്‍ ഒന്നിച്ചു വരുമ്പോള്‍ അത് ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന അതിവിശിഷ്ടമായ ഒരു മുഹൂര്‍ത്തമാണ്. അതിന് സാക്ഷിയാവാന്‍ സാധിച്ചു എന്നത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്നാണ്. ഇവിടെ സമ്മേളിച്ച എല്ലാവരെയും തമ്മില്‍ ഒന്നിച്ചു ചേര്‍ത്തത് ഭാഷയല്ല. പത്രോസ് ശ്ലീഹാ ക്രിസ്തുവിനെ പ്രഘോഷിച്ച വേളയില്‍ വിവിധ ഭാഷകള്‍ സംസാരിച്ചിരുന്നവര്‍ എല്ലാവരും ഒരുപോലെ താന്താങ്ങളുടെ ഭാഷയില്‍ ശ്രവിച്ചതു പോലുള്ള അനുഭവമായിരുന്നു.
കാരണം യുവജനങ്ങളുടെ കണ്ണുകള്‍ പരസ്പരം സംസാരിക്കുന്നു, അവര്‍ ഒരുമിച്ച് സൃഷ്ടിക്കുന്ന ക്രിസ്തീയ അന്തരീക്ഷത്തിലും ആശയവിനിമയം നടത്തുന്ന ലളിതമായ ആംഗ്യങ്ങളിലും ആത്മവിശ്വാസവുമാണ് തോന്നിയത്.
ഈ ദിവസങ്ങളില്‍ ഞങ്ങളുടെ ഇടയിലും ഞങ്ങള്‍ പോകുന്ന ഇടങ്ങളിലും മറ്റ് യുവജനസുഹൃത്തുക്കളുമായി സന്തോഷം പങ്കിടാന്‍, അവരോട് ആശയവിനിമയം നടത്താന്‍, അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാന്‍, പ്രചോദനം ഉള്‍ക്കൊള്ളാന്‍, മറിയം എലിസബത്തിനെ അഭിവാദനം ചെയ്തപോലെ അഭിവാദനം ചെയ്യുവാന്‍ എല്ലാം തിടുക്കം ഉണ്ടായിരുന്നു. അതൊക്കെ തന്നെയാണ് ഈ അനുഭവം ഇത്ര അനുസ്മരണീയവും സ്നേഹോഷ്മളവുമാക്കി തീര്‍ത്തത്.
ഇത്രനാളത്തെ എന്റെ ജീവിതത്തില്‍ ആദ്യത്തെ വിദേശയാത്ര കൂടിയാണ് ലോക യുവജനസംഗമത്തിലൂടെ യാഥാര്‍ഥ്യമായത്. ചെറുപ്പകാലത്ത് ഷിപ്പിലെ കപ്പിത്താന് ആവണമെന്നും ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കണമെന്നുമായിരുന്നു എന്റെ ആഗ്രഹമെങ്കിലും പല കാരണങ്ങളാല്‍ അത് നടന്നില്ല. എന്നാല്‍, എന്റെ ആദ്യ വിദേശയാത്ര ലോക യുവജന സംഗമത്തോടനുബന്ധിച്ച് സാക്ഷാത്കരിക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷം തോന്നുന്നു. തൊഴില്‍ സംബന്ധമായ ആഗ്രഹങ്ങള്‍ യാഥാര്‍ഥ്യമായതിനു ശേഷം വിശുദ്ധനാട് സന്ദര്‍ശനം നടത്താനും അത് പാസ്പോര്ട്ടില് ആദ്യമായി സ്റ്റാംപ് ചെയ്യാനുമാണ് കരുതിയിരുന്നത്. പക്ഷേ, ലോക യുവജനസംഗമത്തിനായുള്ള യാത്രയാണ് പാസ്പോര്ട്ടില് ആദ്യമായി സ്റ്റാംപ് ചെയ്യുന്നത്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അനുഭവമാണ് ലോക യുവജനസംഗമം നല്‍കിയത്. യുവജന ശുശ്രൂഷാ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കഴിഞ്ഞ 13 വര്‍ഷങ്ങള്‍ക്കിടയില്‍ എനിക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടമായി ഞാന്‍ ഈ ലോകയുവജന സംഗമത്തെ നോക്കി കാണുന്നു. കൂടുതല്‍ യുവജനങ്ങളെ ഈയൊരു ലോക യുവജനസംഗമ വേദിയിലേക്ക് എത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് നിരവധി യുവജനങ്ങളും യുവജന ശുശ്രൂഷയ്ക്ക് നേതൃത്വം നല്കുന്ന വൈദികരും സന്ന്യസ്തരും ഉള്‍പ്പെടെയുള്ളവര്‍ വരാറുണ്ട്. നമ്മുടെ രാജ്യത്ത് നിന്നും, പ്രത്യേകിച്ച് കേരളത്തില്‍ നിന്നും കൂടുതല്‍ യുവജനങ്ങളെ ഇതില്‍ പങ്കെടുപ്പിക്കാനുമുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്നും ആഗ്രഹിക്കുന്നുണ്ട്.
ഗോവിന്ദന്മാഷ് പറഞ്ഞ പള്ളികള്‍ കാണാത്തതില്‍ നല്ല സങ്കടമുണ്ട്
എം.ജെ ഇമ്മാനുവല്‍
ഇത്തവണത്തെ ലോക യുവജനസമ്മേളനം യൂറോപ്പിലാണ് നടക്കുന്നതെന്നും ഐസിവൈഎമ്മിന്റെ നേതൃത്വത്തില്‍ അവിടേക്കു പോകാന്‍ എനിക്ക് അവസരം ലഭിക്കുമെന്നും അറിഞ്ഞപ്പോള്‍ രാഷ്ട്രീയമായ ഒരു ചിന്തയാണ് എന്റെ മനസിലേക്ക് ആദ്യം ഓടിയെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറിഎം.വി ഗോവിന്ദന് യൂറോപ്പിലെ ക്രൈസ്തവരുടെ അവസ്ഥയെ കുറിച്ചു പറഞ്ഞതാണത്. പലരോടും ചോദിച്ചിട്ടും വ്യക്തമായൊരു മറുപടി ലഭിച്ചിരുന്നില്ല. സത്യാവസ്ഥ നേരിട്ടറിയാന്‍ ഒരവസരം ഉടനെ വന്നു ചേര്‍ന്നതില്‍ ഞാന്‍ ദൈവത്തിനു നന്ദി പറഞ്ഞു.
സംഘാടകരുടെ കണക്കുകൂട്ടലെല്ലാം മറികടന്ന് വന്‍ പങ്കാളിത്തമാണ് ഇത്തവണ ലിസ്ബണില്‍ ഉണ്ടായത്. 195 ഓളം ലോക രാജ്യങ്ങളില്‍ നിന്നും വളരെ വലിയൊരു ജനസമൂഹം ലിസ്ബണില്‍ ഒത്തുകൂടിയപ്പോള്‍ വളരെ ആശ്ചര്യത്തോടെയാണ് പറയുന്നതിനപ്പുറമാണ് ലിസ്ബണിലെ അല്ലെങ്കില്‍ യൂറോപ്പിലെ ജനങ്ങളുടെ വിശ്വാസതീക്ഷ്ണത എന്നത് എനിക്കു ബോധ്യമായി. ഈ മഹാഉത്സവത്തിനിടയിലും കൈയില്‍ ജപമാലയേന്തി കൊന്തയെത്തിക്കുന്ന വളരെ ഏറെ യുവജനങ്ങളെയും കണ്ടത് വളരെ വ്യത്യസ്തമായിട്ടുള്ളൊരു അനുഭവം. വിശ്വാസപരമായിട്ടുള്ളൊരു തീക്ഷ്ണതയാണ് അവിടെ കണ്ടത്. വിശുദ്ധ തിരുക്കര്മങ്ങളെ വിശ്വാസത്തിന്റെ ആഴമേറിയ അനുഭവമാക്കുന്ന ഒരു സമൂഹമായിട്ടാണ് മനസിലാക്കാന്‍ സാധിച്ചത്.
യൂറോപ്യന്‍ രാജ്യങ്ങളിലെ പള്ളികള്‍ മദ്യശാലകളായി മാറുകയാണെന്ന പ്രചരണമൊക്കെ വെറുതേയാണെന്നും ബോധ്യമായി.
അവിടെ കണ്ടത് പോര്‍ച്ചുഗീസ് പാരമ്പര്യത്തിന്റെ അവശേഷിപ്പുകളായ സ്മാരകശിലകളായി ആ ജനത കാത്തുപരിപാലിച്ചുവരുന്നത് പഴയ കാലത്ത്് സ്ഥാപിച്ച പള്ളികളാണ് എന്നു എനിക്കു തോന്നുന്നു.
ഞങ്ങള്‍ക്ക് ഒരു രൂപതയില്‍ താമസിച്ച് അവിടത്തെ ഇടവക ജനങ്ങളുമായി സാംസ്കാരികമായി ഇടപെടാന്‍ അവസരം ഉണ്ടായി. പോര്ത്തോയിലായിരുന്നു അത്. പോര്‍ച്ചുഗീസിന്റെ പാരമ്പര്യം അതേപടി നിലനിര്‍ത്തുന്ന ഒരു സ്ഥലം കൂടിയാണ് പോര്‍ത്തോ. അവിടെ ചെന്നപ്പോള്‍ മനസിലായത് ആറേഴു പള്ളികള്‍ ആ ഒരു ചെറിയ ചുറ്റളവില്‍ ഉണ്ടെന്നതാണ്. അതിനനുസരിച്ച് ജനസംഖ്യ ഇല്ല. മനോഹരമായ നിര്‍മിതികളാണ് ഈ ദേവാലയങ്ങള്‍. കല്ലിലും മരത്തിലും പെയിന്റിംഗുകളിലുമൊക്കെയായി വിശുദ്ധരേയും തിരുകുടംബത്തേയും തിരുക്കര്മങ്ങളുമൊക്കെ ആലേഖനം ചെയ്തിട്ടുള്ള പള്ളികള്‍. ഇന്ന് പലതും മ്യൂസിയമായി മാറ്റപ്പെട്ടിട്ടുണ്ട്. അത് ഒരു വിശ്വാസമില്ലായ്മയില്‍ നിന്നുമുള്ളതല്ല. അന്നത്തെക്കാലത്ത് പ്രതാപം കാണിക്കുന്നതിനു പണിതുയര്‍ത്തിയിട്ടുള്ള സൗധങ്ങളായിരിക്കണം അവ. ഇന്നത്തെക്കാലത്ത് അവിടെ തിരുക്കര്‍മങ്ങള്‍ ചെയ്യേണ്ട ആവശ്യമില്ല എന്നത് നമുക്ക് മനസിലാക്കാവുന്നതാണ്. അതായിരിക്കണം ഇപ്പറയുന്ന ആളുകള്‍ അവിടെ ചെന്നിട്ടു പള്ളികള്‍ ബാറുകളൊക്കെ ആക്കി മാറ്റി എന്ന ആരോപണം ഉണ്ടാകാന്‍ കാരണം.
വളരെ തണുപ്പുള്ള രാജ്യങ്ങളാണ് യൂറോപ്പിലേത്. അവരുടെ സംസ്കാരമനുസരിച്ച് ശരീരം ചൂടാകുന്നതിന് പബ്ലിക്കായിട്ടുള്ള സ്ഥലങ്ങളില്‍ പോലും ബിയര്‍ ഉപയോഗിക്കുന്നു. അതൊക്കെ ആയിരിക്കണം ഇത്തരം പ്രചരണങ്ങള്‍ക്കു വഴിമരുന്നിട്ടത്. എടുത്തു പറയേണ്ടത് ശില്പങ്ങളും തിരുവസ്ത്രങ്ങളും കവാടങ്ങളും എല്ലാം വളരെ മികച്ചതാണെന്നതാണ്. ഇപ്പോഴും ജീവന് തുടിക്കുന്ന ശില്പങ്ങളൊക്കെ നമുക്ക് ആസ്വദിക്കുവാന്‍ സാധിക്കും.
ആ വിശ്വാസ തീക്ഷ്ണത ആരുടേയും നിര്ബന്ധപ്രകാരമുള്ളതായിട്ടുമല്ല തോന്നിയത്. അവരുടെ ഉള്ളില്‍ നിന്നുമുള്ള ഒരു വിശ്വാസ പ്രഖ്യാപനമായിട്ടാണ് ഓരോ യുവജനങ്ങളില്‍ നിന്നും വരുന്നത്. പരിശുദ്ധ മാതാവിന്റെ കൊന്തകള്‍ ധരിക്കുകയും പ്രാര്‍ഥിക്കുകയും വിശുദ്ധ കുര്‍ബാനയില്‍ ഭക്തിയോടെ പങ്കെടുക്കുകയും ചെയ്യുന്നു. അവര്‍ ആഘോഷങ്ങള്‍ക്ക് ആഘോഷവും വിശുദ്ധതയ്ക്ക് വിശുദ്ധതയും നല്കുന്നു.
പോര്‍ത്തോ രൂപതയിലെ സ്രേന്ദ ദേ മിഖാവോ എന്ന ഇടവകയിലേക്കാണ് ഞങ്ങളെ ആനയിച്ചത.് അവിടെ ഏകദേശം വലിയൊരു സംഘമുണ്ടായിരുന്നു. ഇന്‍ഡോര്‍ കോംപ്ലക്സായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ വളരെ വ്യത്യസ്തവും ആനന്ദകരവുമായ നിമിഷങ്ങള്‍ ഈ ക്യാമ്പിങ്ങിലൂടെ ലഭിച്ചിരുന്നത്.
ഇനി ഇതുപോലൊരു വൈബ് ആയുസില്‍ കിട്ടില്ല
എല്‍ട്ടണ്‍ ഡി’ അരൂജ
എന്റെ ആദ്യത്തെ വേള്‍ഡ് യൂത്ത് ഡേ ആയിരുന്നു ഇത്. ആദ്യം പോര്‍ച്ചുഗലില്‍ എത്തുന്നത് ഫാത്തിമയിലാണ്. വോക്സ് ക്രിസ്റ്റി എന്ന ഞങ്ങളുടെ ബാന്‍ഡിന് അവിടെ രണ്ട് പ്രോഗാമുണ്ടായിരുന്നു. അവിടെ വച്ചാണ് ബാക്കിയുള്ള സംഗീത ട്രൂപ്പുകളെ കണ്ടുമുട്ടുന്നത്. അതൊരു വലിയ എക്സ്പീരിയന്‍സ് ആയിരുന്നു. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഹെല്‍പ്പിംഗ് മെന്റാലിറ്റിയും എല്ലാം വളരെ നല്ലതായിരുന്നു. പിന്നീട് പ്രോഗ്രാം കഴിഞ്ഞ് ലിസ്ബണില്‍ എത്തിച്ചേരുന്നത്് ആഗസ്റ്റ് 1 നാണ്. ആഗസ്റ്റ് 2ന് ക്യാറ്റിക്കിസം പോലെ മൂന്നു മണിക്കൂര്‍ പ്രാര്‍ഥനയും ക്ലാസുമൊക്കെയായി ഉണ്ടായിരുന്നു. അത് ലിസ്ബണിലുള്ള ഒരു ഇടവകയിലായിരുന്നു. ആഗസ്റ്റ് 3-ാം തീയതി ആയിരുന്നു വോക്സ് ക്രിസ്റ്റിയുടെ ആദ്യഷോ. അത് പാര്ക്കിഡ സ്വിറ്റഡേ എന്ന ഒരു സ്റ്റേജിലായിരുന്നു. അതു വളരെ ദൂരെയാണെങ്കിലും എല്ലാവരും ഷോയില്‍ വന്നിരുന്നു. അതൊരു എക്സ്പീരിയന്‍സ് ആയിരുന്നു. കുറെപേര് വന്നു സ്പിരിച്വാലിറ്റി മോട്ടിവേറ്റ് ചെയ്തു. ഇതു ശരിക്കും നമ്മുടെ ഷോയെ വല്ലാതെ സ്വാധീനിച്ചു. മനോഹരമായിട്ടാണ് ഈ ഫെസ്റ്റിവെല്‍ നടന്നത്. പിന്നെ തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് ടെറിയോഡുപാസ് എന്ന സ്റ്റേജിലായിരുന്നു പരിപാടി. അതൊരു ടൂറിസം സ്പോട്ടാണ്. അതുകൊണ്ടു തന്നെ ആസ്വാദകരായി കുറെപ്പേര് ഉണ്ടായിരുന്നു അതും എക്സ്പീരിയന്‍സ് ആയിരുന്നു. ഷോ കഴിഞ്ഞ് ജനക്കൂട്ടത്തിന്റെ ഇടയിലേക്കിറങ്ങി അവരുമായി ഇന്‍ട്രാക്ട് ചെയ്യാന്‍ കഴിഞ്ഞതും പ്രത്യേക അനുഭവമായി. അവിടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുറെപ്പേര് വന്നു സംസാരിക്കുകയും പല പല രാജ്യങ്ങളില്‍ നിന്നുമുള്ളവരായി സൗഹൃദം പങ്കിടുവാനും സാധിച്ചു.
ആഗസ്റ്റ് 5 ക്യാന്പോഡോഗ്രാസ എന്ന സ്റ്റേജില്‍ ജാഗ്രതാ പ്രാര്ഥനയോടൊപ്പമുള്ള സംഗീതം. അവിടെ വൈകീട്ട് 8,9 മണിയായപ്പോഴാണ് എത്തിയത്. 9.30നാണ് തുടങ്ങിയത്. അത് ഒരു മണിക്കൂര്‍ ലീഡ് ചെയ്തു.
നൈറ്റ് വിജില്‍ കഴിഞ്ഞിട്ട് ഒരു ക്യാമ്പിംഗ് പോലെയായിരുന്നു 1.5 മില്യന്‍ ആളുകള്‍ അവിടെ കൂടിയെന്നത് വിശദീകരിക്കാനാകാത്ത സന്തോഷം നല്കി.
രാത്രി അവിടെ സ്റ്റേ ചെയ്തു. പിറ്റേ ദിവസം രാവിലെ ഫ്രാന്‍സിസ് പാപ്പായുടെ കുര്‍ബാനയ്ക്കു പോയി. അവിടെ എ, ബി, സി എന്നിങ്ങനെ കുറേ സെക്ടരുകള് ഉണ്ട്. ഞങ്ങള്‍ സിയില്‍ ആയിരുന്നു. കുര്‍ബാന കഴിഞ്ഞ് പാപ്പ എല്ലാ സെക്ടറും സന്ദര്‍ശിച്ചു. ഞങ്ങള്‍ താമസിച്ചിരുന്ന സെക്ടറിനു മുന്നിലൂടെ പോയി. അവിടെ വച്ച് അദ്ദേഹത്തെ വളരെയടുത്ത് കാണാന്‍ സാധിച്ചു. ആ ആഹ്ളാദവും അതുല്യമായിരുന്നു.
ബാന്‍ഡ് പ്രധാനമായും കോ-ഓര്‍ഡിനേറ്റ് ചെയ്തത് റോണിച്ചേട്ടനായിരുന്നു. ഡ്രംസില്‍ യേശുദാസ്, ഗിറ്റാറില്‍ അരുണ്‍, ബേസില്‍, ബിജോ മെയിന്‍ വോക്ക് ലിസ്റ്റ് വര്‍ക്ക് റോണിച്ചേട്ടന്, ബെട്രിന്, എബിന്, എല്റിയ, ജിയോണ്‍ എന്നിവര്‍. കീസ് ഞാനാണ് വായിച്ചത്. ഞാന്‍ ഈ ബാന്‍ഡില്‍ പുതുമുഖമായിരുന്നു. എനിക്ക് വളരെ ഹാപ്പിയും എനര്‍ജറ്റിക്കായിട്ടുള്ള എക്സ്പീരിയന്‍സും ലഭിച്ചു. ഇവരുടെ കൂടെ പെര്‍ഫോം ചെയ്തതും അവരുടെ കൂടെയുള്ള ഒരു കെമിസ്ട്രിയും അവരുമായുള്ള ഇന്ട്രാക്ഷനും അടിപൊളിയായിരുന്നു.