ഭാഷ, വംശീയസ്വത്വം എന്നിവയുടെ അപഗ്രഥനത്തിലൂടെ കൊച്ചിയുടെ ചരിത്രപഠനത്തിന് ഒരു പുതിയ വാതില്‍ തുറന്ന എഴുത്തുകാരനാണ് ബോണി തോമസ്. വ്യക്തിയെ അറിയാന്‍ അയാളെ സമൂഹത്തിന്റെ പാശ്ചാത്തലത്തില്‍ പരിശോധിക്കണം. സമൂഹത്തെ മനസ്സിലാക്കാന്‍ അതിന്റെ ചരിത്രവും അതിനെ രൂപപ്പെടുത്തിയ ശക്തികളെയും വേണം പരിശോധിക്കാന്‍. ഹൈറോഗ്ലിഫ് (Hieroglyph) എന്ന ഗ്രീക്കുവാക്കിന് പരിശുദ്ധമായ കൊത്തിയെടുക്കല്‍ എന്നര്‍ത്ഥം. ജാതി, മത, വംശ സമൂഹങ്ങള്‍ ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശങ്ങളില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍, പാതകള്‍, വീടുകള്‍, ആരാധനാലയങ്ങള്‍ എന്നിവ ചരിത്രത്തിന്റെ തിരുശേഷിപ്പുകളാണ്. ആ ചിത്രലേഖങ്ങള്‍ കൊത്തിയെടുത്താണ് ബോണി താമസിന്റെ ചരിത്രാന്വേഷണം. മലയാളം കൂടാതെ 16 വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന 30ല്‍ പരം കുടിയേറ്റ വിഭാഗങ്ങള്‍ ഇവിടെയുണ്ട്.
ഫോര്‍ട്ടുകൊച്ചി മട്ടാഞ്ചേരിയെക്കുറിച്ചുള്ള ഈദൃശ്യപൈതൃകപഠനം മലയാളത്തില്‍ ഇദംപ്രഥമമാണ്. അതുകൊണ്ടുതന്നെ ഈ പുസ്തകത്തിന് വ്യാപകമായ പ്രചാരം ലഭിച്ചിട്ടുണ്ട്.
പുസ്തകത്തിന്റെ ആമുഖത്തില്‍ ബോണി തോമസ് കൊച്ചിയെ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്.
‘തുറമുഖ സാന്നിധ്യം നല്കിയ ലോകപരിചയമാണ് കൊച്ചിയുടെ പൈതൃകസംസ്കാരവിശേഷങ്ങള്.
മലയാളം കൂടാതെ തമിഴ്, തുളു, കന്നഡ, തെലുങ്ക്, ഉറുദു, കൊങ്കണി, മറാത്തി, ഗുജറാത്തി, കച്ചി, മാര്‍വാഡി, രാജസ്ഥാനി ഹര്യാണ്‍വി, ഹിന്ദി, കാശ്മീരി, ഇംഗ്ലീഷ് ഭാഷകള്‍ സംസാരിക്കുന്ന 30ല്‍പരം സമൂഹങ്ങള്‍ പതിറ്റാണ്ടുകളായും നൂറ്റാണ്ടുകളായും സഹവസിക്കുന്നു കൊച്ചിയില്‍, ഏകദേശം 4.5 സ്ക്വയര്‍ കിലോമീറ്റര്‍ ഭൂവിസ്താരമുള്ള ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളുടെ ചേര്‍ച്ചയില്‍. ചരിത്രപരമായ കാരണങ്ങളാല്‍ അറബി, ഹീബ്രു, പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് ഭാഷകള്‍ ഉപയോഗിക്കപ്പെട്ട കൊച്ചിയില്‍ ആ ഭാഷകളുടെ സ്വാധീനം സംസ്കാരത്തിലുണ്ട്. സിന്ധി, പഞ്ചാബി ഭാഷകളും കൊച്ചിയുടെ സംസ്കാരത്തില്‍ ചേര്‍ന്നിരിക്കുന്നു. അതിനാല്‍ കൊച്ചിയുടെ ചെവിയും നാക്കും പല ഭാഷകള്‍ കേട്ടും പറഞ്ഞും പരിചയിച്ചു.
14-ാം നൂറ്റാണ്ടില്‍ തുറമുഖം രൂപപ്പെട്ടതു മുതല്‍ കൊച്ചിയുടെ സമ്പദ്ഘടന ഐശ്വര്യപ്പെട്ടു. കച്ചവടത്തിനും പണിക്കും ഇന്ത്യയിലെ പലയിടങ്ങളില്‍നിന്ന് വ്യക്തികളും കുടുംബങ്ങളും കൂട്ടങ്ങളും ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങില്‍ വന്നു പാര്‍ത്തു. തലമുറകളായി പാര്‍പ്പ് തുടര്‍ന്നു. വിവിധയിടങ്ങളില്‍നിന്ന് വന്നവര്‍ സ്വന്തം തനത് പൈതൃകസാംസ്കാരികതകള് തുടരുന്ന ആവാസവ്യവസ്ഥ രൂപപ്പെട്ടു. അതിനാല്‍ കൊച്ചിയുടെ കണ്ണിന് പല മത, ജാതി, വംശ ഭാഷ ജീവിതങ്ങള്‍ കണ്ട് പരിചയം.
അറബിക്കപ്പലുകള്‍ കച്ചവടത്തിന് വന്നു കൊച്ചി തുറമുഖത്ത്. യഹൂദര്‍ വന്നു. ചൈനക്കാര്‍ വന്നു. പോര്‍ച്ചുഗീസുകാര്‍ വന്ന് 16, 17 നൂറ്റാണ്ടുകളില്‍ 162 കൊല്ലം കൊച്ചിയില്‍ പോര്ച്ചുഗീസ്കോട്ടയില്, പോര്ച്ചുഗീസ്നഗരത്തില്, പോര്ച്ചുഗീസുഭാഷ പറഞ്ഞ് ഭരിച്ചു. പോര്ച്ചുഗീസ്കോട്ടയും നഗരവും തകര്‍ത്ത് ഡച്ചുകോട്ട പണിതു ഡച്ചുകാരുടെ ഭരണം 17, 18 നൂറ്റാണ്ടുകളില്‍. ഡച്ചുകോട്ട തകര്‍ക്കപ്പെട്ടു. 18, 19, 20 നൂറ്റാണ്ടുകളില്‍ കൊച്ചി ഭരിച്ച ഇംഗ്ലീഷുകാര്‍ 1947ലെ ഇന്ത്യന്‍ സ്വാതന്ത്യം വരെ കൊച്ചിയില്‍ തുടര്‍ന്നു.
പലപല കാരണങ്ങള്‍ കൊണ്ട് കൊച്ചിയിലേക്കു കടന്നുവന്ന വിവിധ സമുദായങ്ങളെ കുറിച്ച് 33 അധ്യായങ്ങളിലൂടെ അവരുടെ പൈതൃകം വിവരിക്കുന്നു കൊച്ചിക്കാര്. അത് വിവിധ വംശങ്ങളും സംസ്കാരങ്ങളും കൊച്ചി ജീവിതത്തില്‍ ലയിച്ചും ലയിക്കാതെയുമുള്ള ചരിത്രമാണ്. ബോണി തോമസ് അതിനെ കൊച്ചിത്തം എന്നു വിളിക്കുന്നു.
യെമനില്‍ നിന്ന് എത്തിയ പ്രവാചകന്റെ കുടുംബ ബന്ധമുള്ള മുസ്ലീങ്ങള്‍, കടവുംഭാഗക്കാരും തെക്കുഭാഗക്കാരും എന്ന് വിളിപ്പേരുള്ള യഹൂദര്‍, പോര്‍ച്ചുഗീസ് പൈതൃകക്കാരായ ലൂസോ ഇന്ത്യന്‍സ്, കാഷ്മീരി കരകൗശല വിഭവ കച്ചവടക്കാര്‍, കൊച്ചിയിലുണ്ടായിരുന്ന ദേവദാസികള്‍, അലക്കുകാരായ വണ്ണാന്മാര്, സ്വര്‍ണ്ണപ്പണിക്കാരായ കൊങ്കണി ദൈവജ്ഞ ബ്രാഹ്മണസമൂഹം, ആറ് ജാതി സമൂഹങ്ങളുള്ള കൊങ്കിണികള്‍, പുത്തന്‍ സംരഭങ്ങള്‍ അവതരിപ്പിച്ച ഗുജറാത്തികള്‍, സിന്ധു തീരത്ത് നിന്ന് എത്തിയ കുഡുംബികള്‍, തോട്ടിപ്പണിക്കായെത്തിയ ചക്കിളിയന്മാര്, മലയാളക്കരയില്‍ മസാലദോശയും ചപ്പാത്തിയും അവതരിപ്പിച്ച തുളു ബ്രാഹ്മണര്‍, ചക്ക് ആട്ടി എണ്ണയുണ്ടാക്കിയ തമിഴ് വണിയര്‍ തുടങ്ങി എഴുതപ്പെട്ട ചരിത്രമില്ലാത്ത ജനവിഭാഗങ്ങളുടെ കഥയാണ് ബോണി തോമസ് പറയുന്നത്.
ജീവിത സംസ്കാരങ്ങളാകുന്ന 33 ലേഖനങ്ങള്‍. 4.5 കിലോമീറ്റര്‍ ചുറ്റളവുള്ള ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശത്തിന്റെ സാംസ്കാരികതയിലേക്കുള്ള പ്രവേശികയാണ് ‘കൊച്ചിക്കാര്’ എന്ന പുസ്തകം. കാര്‍ട്ടൂണിസ്റ്റും ഇല്ലസ്ട്രേറ്ററും കൂടിയായ ബോണി തോമസിന്റെ രേഖാചിത്രങ്ങള്‍ പുസ്തകത്തെ സമ്പന്നമാക്കുന്നു.