കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന മാജിക്കല്‍ ഈവന്റാണു തീരസദസ്. തീരദേശവികസനമാണ് ലക്ഷ്യമായി അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പു രാഷ്ട്രീയം ആരോപിക്കുന്നവരുണ്ട്. വിഴിഞ്ഞം സമരം തീരത്ത് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തിരിക്കുകയാണ്. അതു വീണ്ടെടുക്കാനും മീന്പിടുത്തക്കാരേയും ഒപ്പം നിര്‍ത്താനുമുള്ള രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണ് എന്നും നിരീക്ഷിക്കപ്പെടുന്നു. മാത്രമല്ല എന്‍പിപി എന്ന പുതിയ പാര്‍ട്ടി കടന്നുവരുന്നതിലെ അങ്കലാപ്പുമുണ്ട്.
കാരണങ്ങള്‍ എന്തൊക്കയായാലും തീരസദസ് എന്ന സങ്കല്പം നല്ലതു തന്നെ. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൗരാവലിയും ഒരുമിച്ചു സമ്മേളിക്കുന്നത് നിശ്ചയമായും നല്ലതുതന്നെ. കേരളത്തിലെ 47 തീരമണ്ഡലങ്ങള് കേന്ദ്രീകരിച്ച് 2023 ഏപ്രില്‍, മേയ് മാസങ്ങളിലായി നടത്തപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ പരാതി പരിഹാര അദാലത്തായാണ് തീരസദസ് വിഭാവന ചെയ്തിരിക്കുന്നത്. കാലേകൂട്ടി അപേക്ഷകള്‍ വാങ്ങിക്കുകയും പരിഹരിക്കാവുന്നതൊക്കെ പരിഹരിക്കുകയും ചെയ്യുന്നുണ്ട്. ചില പ്രഖ്യാപനങ്ങളും മിനിസ്റ്റര്‍ നടത്തുന്നുണ്ട്.
ആലപ്പുഴ പൊള്ളേത്തൈയില്‍ നടന്ന തീരസദസില്‍ ഞാന്‍ പങ്കെടുത്തിരുന്നു. കുഫോസിന്റെ ഒരു എക്സ്റ്റന്‍ഷന്‍- റിസേര്‍ച്ച് സെന്റര്‍ പൊള്ളേത്തൈയില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതപ്പോള്‍ത്തന്നെ അനുവദിക്കപ്പെട്ടു. ഒപ്പം കടലില്‍ വച്ചു മരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ക്കു സാമ്പത്തിക സഹായവും ആവശ്യപ്പെട്ടു. അങ്ങനെയുള്ളവര്‍ക്ക് 500000 (അഞ്ചുലക്ഷം) രൂപാവീതം നല്‍കാനും തീരുമാനമായി എന്നത് ആശാവഹമാണ്. ഇപ്പോള്‍ ഇതു നടന്നുവരുന്നത് കൂടുതലും തീരസംവാദം എന്ന നിലയിലാണ്. സംവാദം മാത്രം നടത്തി തീരജനതയെ കബളിപ്പിക്കാന്‍ സര്‍ക്കാരിന് ഇക്കുറി സാധിക്കില്ല എന്നാണു നാം അനുമാനിക്കുന്നത്. സെമിനാറും കലാപരിപാടികളുമുണ്ട് എന്നത് ആശാവഹമാണ്. മീന്‍പിടുത്തക്കാരുടെ റേഷന്‍ കാര്‍ഡ് എപിഎല്‍ ആണെങ്കില്‍ ബിപിഎല്‍ ആക്കിത്തരുമെന്നു പറഞ്ഞ് ഇതു പോലൊരു മാമാങ്കം ഇതിനുമനുമ്പു നടത്തിയിരുന്നു. പക്ഷേ ഒന്നും നടന്നില്ല. മത്സ്യത്തൊഴിലാളി പെന്ഷന് കുടിശിക ഉടന്‍ തീര്‍ക്കുമെന്നു പ്രഖ്യാപനമുണ്ടായി. അതും പ്രഖ്യാപനത്തിലൊതുങ്ങി. 2016 മുതല്‍ ഇതുവരെ കടലേറ്റത്തില്‍ തകര്‍ന്ന വഞ്ചികള്‍ക്കും വലകള്‍ക്കും ഒരു നഷ്ടപരിഹാരവും നല്‍കിയിട്ടില്ല. മത്സ്യഫെഡിലെ ഉദ്യോഗസ്ഥരെല്ലാം പിന്‍വാതില്‍ നിയമനം നേടിയവരാണെന്നു പരക്കെ ആക്ഷേപമുണ്ട്.
തീരം തീരദേശവാസികളുടേതാണ്. കാലങ്ങളായി കടലിനോടു മല്ലടിച്ചു ജീവിച്ചു പോരുന്ന തീരവാസികള്ക്കര്ഹതപ്പെട്ട ഇടങ്ങള്‍ മറ്റാര്‍ക്കും ഒരുകാര്യത്തിന്റെ പേരിലും തീറെഴുതാന്‍ തീരവാസികള്‍ ഇനി അനുവദിക്കില്ല. തീരദേശത്തെ പുറംപോക്കുഭൂമി തീരവാസികള്ക്കുള്ളതാണ്. അതാര്‍ക്കും ലേലംചെയ്തുകൊടുക്കാനാവില്ല. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന സാഗരമാലാ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനിന്നുകൂടാ. തീരഖനനം, കടല്‍ഖനനം തുടങ്ങിയ കാര്യങ്ങള്‍ നടന്നാല്‍ കടലിന്റേയും തീരത്തിന്റേയും ആവാസവ്യവസ്ഥ തകരും. തീരത്തു പിന്നെ ജീവിതം ദുസഹമാകും.
കടലേറ്റത്തില്‍ നിന്നുള്ള സംരക്ഷണം തീരത്തിനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. ഒരു കാര്യത്തിന്റെ പേരിലും തീരത്തുനിന്നിനി കുടിയൊഴിപ്പിക്കാനാവില്ല.
മത്സ്യത്തൊഴിലാളി ഭവന നിര്‍മ്മാണ പദ്ധതി തീരത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചു നവികരിച്ചു നടപ്പാക്കേണ്ടതാണ്. സി.ആര്.ഇസെഡ് വിഷയത്തില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. എന്തുതന്നെയായാലും ഇതു നല്ലൊരു പരിശ്രമമാണ്. ഒന്നുമില്ലെങ്കില്‍ തീരത്തിന്റെ പ്രശ്്നങ്ങള്‍ നേരിട്ടു മനസ്സിലാക്കാന്‍ ഒരു മന്ത്രിയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തീരത്തു വന്നിരിക്കുന്നുണ്ടല്ലോ. ആത്മാര്‍ത്ഥതയോടെയാണ് സര്‍ക്കാര്‍ തീരസദസു നടത്തുന്നത് എന്നാണു മനസ്സിലാക്കുന്നത്. തീരജനതയെ രക്ഷിക്കാനുള്ള വഴിയാകട്ടെ ഇത് എന്ന് ആശംസിക്കുന്നു. തീരത്തിന്റെ പ്രതിനിനിധികള്‍ അധികാരസ്ഥാനത്തില്ല എന്നത് ആശങ്കാജനകമാണ്. സാധാരണ നടക്കുന്ന രീതികള്‍ എല്ലാവര്ക്കുമറിയാവുതാണ്. എല്ലാംപാര്ട്ടിക്കാരുടെ കൈകളില്‍ ചെന്നെത്തുന്ന തരത്തിലാകും കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. നാളിതുവരെ കണ്ടുവരുന്നതങ്ങനെയാണ്. ഇത് അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
വാല്‍ക്കഷണം: ദി കേരളാസ്റ്റോറി, കക്കുകളി എന്നിവരണ്ടും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇപ്പോള്‍ വിവാദമായിരിക്കുകയാണല്ലോ. നിരോധിക്കുകയോ നിരോധിക്കാതിരിക്കുകയോ ചെയ്യുന്നതു സംബന്ധിച്ച് സര്‍ക്കാരിനു തീരുമാനിക്കാം. എന്നാല്‍ കക്കുകളി സംബന്ധിച്ച് അവിടെ ആരോപിക്കപ്പെടുന്ന വിഷയത്തെക്കുറിച്ച് കെസിബിസിയും ദി കേരളാസ്റ്റോറി പറയുന്ന കാര്യങ്ങളെക്കുറിച്ചു സര്‍ക്കാരും അന്വേഷണം നടത്താന്‍ തയ്യാറാകുമോ..?