''പൗരോഹിത്യ ബ്രഹ്മചര്യം ഡോഗ്മയുമായി ബന്ധപ്പെട്ടതല്ല; അത് ഒരു ഡിസിപ്ലിന്റെ കാര്യമാണ്. ഇന്ന് നിലവിലുള്ള നിഷ്ഠ; എന്നാല്‍ നാളെ അത് അങ്ങനെതന്നെയാകണമെന്നില്ല. ഒരുപക്ഷെ, വരാനിരിക്കുന്ന ഒരു പാപ്പാ അത് പുനഃപരിശോധിച്ചെന്നുവരും.''
റോമന്‍ കത്തോലിക്കാ സഭയില്‍ ഒരു സഹസ്രാബ്ദത്തിലേറെയായി നിലനില്‍ക്കുന്ന വൈദികരുടെ ബ്രഹ്മചര്യവ്രതം സംബന്ധിച്ച കാനോനിക വ്യവസ്ഥ പുനഃപരിശോധിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ഒരുങ്ങുന്നു എന്ന ചില മാധ്യമവ്യാഖ്യാനങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അര്‍ജന്റീനയില്‍ നിന്നുള്ള ഈശോസഭാംഗമായ എണ്‍പത്താറുകാരനായ ഫ്രാന്‍സിസ് പാപ്പാ പരിശുദ്ധ സിംഹാസനത്തില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍, അര്‍ജന്റീനയിലെ ഇന്‍ഫോബെ, പെര്ഫില് എന്നീ മാധ്യമങ്ങള്‍ക്ക് അനുവദിച്ച പ്രത്യേക അഭിമുഖസംഭാഷണങ്ങളിലെ പരാമര്‍ശങ്ങളില്‍ നിന്നാണ് വൈദിക ബ്രഹ്മചര്യം വീണ്ടും ലോകമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്നത്.
”വൈദികന് വിവാഹിതനാകുന്നതില്‍ വൈരുദ്ധ്യമൊന്നുമില്ല. പാശ്ചാത്യസഭയില്‍ ബ്രഹ്മചര്യം എന്നത് ഒരു താത്കാലിക അനുശാസനമാണ്. അതില്‍ അന്തിമ തീര്പ്പുണ്ടായിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. വൈദികപട്ടം എന്നത് എക്കാലത്തേക്കുമുള്ളതാണ്. അതുപോലെ നിത്യമായതല്ല ബ്രഹ്മചര്യം. പൗരോഹിത്യ അഭിഷേകം എന്നത്, അത് ഉപേക്ഷിച്ചുപോയാലും ഇല്ലെങ്കിലും, ശാശ്വതമാണ്, ബ്രഹ്മചര്യമാകട്ടെ ഒരു നിഷ്ഠ മാത്രമാണ്,’ ഇന്‍ഫോബെ അഭിമുഖത്തില്‍ ഫ്രാന്‍സിസ് പാപ്പാ പറയുന്നു.
സ്പാനിഷ്ഭാഷാ വാര്‍ത്താ ഏജന്‍സിക്കുവേണ്ടി അഭിമുഖ സംഭാഷണം നടത്തിയ ഡാനിയേല്‍ ഹദാദുമായുള്ള കൂടിക്കാഴ്ചയ്ക്കു തൊട്ടുമുന്‍പ് താന്‍ റോമന്‍ കൂരിയായില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൗരസ്ത്യ കത്തോലിക്കാസഭാ വൈദികനെ കണ്ട കാര്യം പാപ്പാ സൂചിപ്പിക്കുന്നുണ്ട്. ആ വൈദികന് ഭാര്യയും മകനുമുണ്ട്. കത്തോലിക്കാ സഭയിലെ കോപ്റ്റിക്, മെല്‍ക്കൈറ്റ്, അര്‍മീനിയന്‍ തുടങ്ങിയ പൗരസ്ത്യ സഭാവിഭാഗങ്ങളില്‍ വിവാഹിതരായ വൈദികരുണ്ട്. അപ്പസ്തോലിക പാരമ്പര്യത്തില്‍ നിന്നു തുടങ്ങി സഭാചരിത്രത്തില്‍ ആദ്യ നൂറ്റാണ്ടുകളില്‍ ഇന്ദ്രിയനിഗ്രഹം, ദാരിദ്യം, വിരക്തി എന്നിവ ഉള്‍പ്പെടെയുള്ള താപസവ്രതം സഭാശുശ്രൂഷകരുടെ സവിശേഷ സമര്‍പ്പണത്തിന്റെ അടയാളമായി കാണാമെങ്കിലും പൗരോഹിത്യ അഭിഷേകത്തിന് ബ്രഹ്മചര്യം നിര്‍ബന്ധ ഉപാധിയായിരുന്നില്ല. പുരുഷന്മാരുടെ പൗരോഹിത്യം കത്തോലിക്കാ സഭയുടെ ഡോഗ്മ (മൗലിക പ്രമാണം) ആണെങ്കില്‍, കാനോന്‍ നിയമത്തില്‍ അനുശാസിക്കുന്ന ‘ഡിസിപ്ലിന്‍’ (ചിട്ട) മാത്രമാണ് ബ്രഹ്മചര്യം.
സഭയുടെ മണവാളനായ ക്രിസ്തുവിനോട് താദാത്മ്യം പ്രാപിക്കുന്ന പൗരോഹിത്യത്തിന്റെ മൗലിക സ്വത്വവുമായി ബന്ധപ്പെട്ടതാണ് ബ്രഹ്മചര്യം എന്ന പാശ്ചാത്യസഭയുടെ പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിക്കാനുള്ള സാധ്യതയെക്കുറിച്ചാണ് ഇന്‍ഫോബെ അഭിമുഖത്തില്‍ ചോദ്യം ഉയര്‍ന്നത്.
വിവാഹിതരാകാന്‍ താല്പര്യമുള്ള പൗരോഹിത്യശുശ്രൂഷകര്ക്ക് അതിനുള്ള സ്വാതന്ത്ര്യം അനുവദിച്ചാലും വൈദിക ദൈവവിളിയില്‍ വലിയ വര്‍ധനയുണ്ടാകുമെന്നു കരുതുന്നില്ലെന്ന് പാപ്പാ പറയുന്നുണ്ട്.
പെര്ഫില് എന്ന അര്‍ജന്റീനിയന്‍ വാര്‍ത്താ ഏജന്‍സി മാര്‍ച്ച് 12ന് സംപ്രേഷണം ചെയ്ത സുദീര്‍ഘമായ അഭിമുഖത്തില്‍, താന്‍ വൈദികരുടെ ബ്രഹ്മചര്യചട്ടം പുനഃപരിശോധിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് പാപ്പാ പറയുന്നത്. ”അത് പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ബ്രഹ്മചര്യം ഡോഗ്മയുമായി ബന്ധപ്പെട്ടതല്ല, അത് ഒരു ഡിസിപ്ലിന്റെ കാര്യമാണ്. ഇന്ന് നിലവിലുള്ള ചിട്ട; എന്നാല്‍ നാളെ അത് അങ്ങനെതന്നെയാകണമെന്നില്ല. ഒരുപക്ഷെ, വരാനിരിക്കുന്ന ഒരു പാപ്പാ അത് പുനഃപരിശോധിച്ചെന്നുവരും.”
ബ്രഹ്മചര്യം സഭയ്ക്കുള്ള ദൈവിക ദാനമാണെന്ന നിലപാടാണ് ഫ്രാന്‍സിസ് പാപ്പാ ഇന്നുവരെ സ്വീകരിച്ചുപോന്നിട്ടുള്ളത്. അത് നിര്ബന്ധമല്ലാത്തതാക്കുന്നതിനോടു യോജിപ്പില്ലെന്ന് 2019-ല്‍ പാപ്പാ പ്രഖ്യാപിക്കുകയുണ്ടായി. ”ബ്രഹ്മചര്യം ലത്തീന്‍ സഭ കാത്തുപാലിക്കുന്ന ഒരു ദാനമാണ്. വിശുദ്ധീകരണത്തിനായി ജീവിക്കേണ്ട ഒരു ദാനമാകേണ്ടതിന് ആരോഗ്യകരമായ ബന്ധങ്ങള്‍, ക്രിസ്തുവില്‍ വേരൂന്നിയ ആദരപൂര്‍വമായ ബന്ധങ്ങള്‍ ആവശ്യമാണ്. സ്നേഹിതരും പ്രാര്ഥനയുമില്ലെങ്കില്, ബ്രഹ്മചര്യം അസഹനീയമായ ഭാരമാകും. പൗരോഹിത്യത്തിന്റെ മനോഹാരിതയ്ക്ക് എതിരായ പ്രതിസാക്ഷ്യവുമായി അതു മാറും,” 2022 ഫെബ്രുവരിയില്‍ പൗരോഹിത്യം സംബന്ധിച്ച് വത്തിക്കാനില്‍ സംഘടിപ്പിച്ച സിമ്പോസിയത്തില്‍ പാപ്പാ പറഞ്ഞു.
വിശാല ആമസോണ്‍ മേഖലയ്ക്കായി 2019-ല്‍ റോമില്‍ ചേര്‍ന്ന മെത്രാന്മാരുടെ സിനഡില്‍, ആമസോണിലെ വിദൂര പ്രവിശ്യകളില്‍ അജപാലനശുശ്രൂഷയ്ക്കായുള്ള വൈദികരുടെ അഭാവം പരിഗണിച്ച് വിശ്വാസതീക്ഷ്ണതയുള്ള (വീരി പ്രൊബാത്തി) വിവാഹിതരായ ശുശ്രൂഷകര്‍ക്ക് അര്പ്പിതജീവിതത്തിനായി പട്ടം നല്‍കുന്നത് പരിഗണിക്കണമെന്ന ലാറ്റിന്‍ അമേരിക്കന്‍ മെത്രാന്മാരുടെ ശുപാര്‍ശയോട് ഫ്രാന്‍സിസ് പാപ്പാ അനുകൂലമായി പ്രതികരിക്കുമെന്ന സൂചനകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ യാഥിസ്ഥിതികവിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആമസോണ്‍ സിനഡിന്റെ അന്തിമ പ്രഖ്യാപനത്തില്‍ നിന്ന് അത് ഒഴിവാക്കി.
ദൈവാരാധനയ്ക്കും കൂദാശകളുടെ പരികര്മങ്ങള്ക്കുമായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ മുന്‍ പ്രീഫെക്ട് കര്‍ദിനാള്‍ റോബര്‍ട്ട് സെറാ, സ്ഥാനത്യാഗം ചെയ്ത ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പായുടെ പേരു കൂടി ചേര്‍ത്ത്, പൗരോഹിത്യം, ബ്രഹ്മചര്യം, കത്തോലിക്കാ സഭയിലെ പ്രതിസന്ധി എന്ന വിഷയം സംബന്ധിച്ച് പ്രസിദ്ധീകരിച്ച ‘ഫ്രം ദ് ഡെപ്ത് സ് ഓഫ് ഔര്‍ ഹാര്‍ട്സ്’ എന്ന വിവാദഗ്രന്ഥം പൗരോഹിത്യ ബ്രഹ്മചര്യത്തിലെ നയംമാറ്റത്തെ വിമര്‍ശിക്കുന്നതായിരുന്നു. ഇക്കാര്യത്തില്‍ തന്റെ മുന്‍ഗാമിയും താനും തമ്മില്‍ വലിയ സംഘര്‍ഷം നിലനില്ക്കുന്നു എന്ന ദുഷ്പ്രചരണം നടത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി ഫ്രാന്‍സിസ് പാപ്പാ പരസ്യവിമര്‍ശനം നടത്തുകയുണ്ടായി.
ആദ്യകാലത്തെ താപസശുശ്രൂഷകരുടെ മാതൃക പിന്തുടര്ന്ന് നാലാം നൂറ്റാണ്ടു മുതല്‍ സഭയില്‍ പൗരോഹിത്യ ബ്രഹ്മചര്യ പാരമ്പര്യം നിലനില്‍ക്കുന്നുണ്ടായിരുന്നു. എപ്പിസ്കോപ്പല്‍ പദവിയിലേക്ക് അവിവാഹിതരായ വൈദികരെ മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. 1074-ല്‍ ഗ്രിഗറി ഏഴാമന് പാപ്പാ, വിവാഹിതര്‍ക്ക് വൈദികപട്ടം നല്കുന്ന മെത്രാന്മാരെ അനുസരിക്കാതിരിക്കാന്‍ വിശ്വാസികള്‍ക്ക് അവകാശം നല്‍കിക്കൊണ്ട് കല്പന പുറപ്പെടുവിച്ചതായി കാണാം.
പതിനാറാം നൂറ്റാണ്ടില്‍ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തില്‍ വൈദിക ബ്രഹ്മചര്യ പാരമ്പര്യം തിരസ്കരിക്കല്‍ പ്രധാന അജണ്ടയായിരുന്നു. 1549-ല്‍ ഇംഗ്ലണ്ടില്‍ വൈദികവിവാഹം നിയമപരമായി അംഗീകരിക്കപ്പെട്ടു.
ജര്‍മന്‍ റിഫോര്‍മേഷന്റെ സ്ഥാപകനായ മാര്ട്ടിന് ലൂഥര്‍ മുന്‍ സന്ന്യാസിനിയെ വിവാഹം ചെയ്തുകൊണ്ട് എഴുതി, ”ഈ വിവാഹം കണ്ട് മാലാഖമാര്‍ പുഞ്ചിരിക്കുകയാണ്. ചെകുത്താന്മാര് വിലപിക്കുന്നു.”
പ്രൊട്ടസ്റ്റന്റ് മുന്നേറ്റത്തെ ചെറുക്കാനുള്ള മാര്‍ഗരേഖകള്‍ അംഗീകരിച്ച ത്രെന്തോസ് സൂനഹദോസില്‍ (1543-1563) കത്തോലിക്കാ സഭ വൈദിക ബ്രഹ്മചര്യം നിര്‍ബന്ധമാക്കുന്നത് വീണ്ടും സ്ഥിരീകരിക്കുകയായിരുന്നു. എങ്കിലും പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭാ പാരമ്പര്യങ്ങളിലെന്നപോലെ കത്തോലിക്കാ സഭാ കൂട്ടായ്മയിലുള്ള പൗരസ്ത്യ സഭകളില്‍ വിവാഹിതര്‍ക്കും വൈദികപട്ടം നല്കുന്ന രീതി തുടര്‍ന്നുപോന്നു.
വിവാഹിതരായ ലൂഥറന്‍, എപ്പിസ്കോപ്പലിയന്‍, ആംഗ്ലിക്കന്‍ തുടങ്ങിയ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളില്‍ നിന്നുള്ള വൈദികരെ പരിശുദ്ധ സിംഹാസനത്തിന്റെ പ്രത്യേക അനുമതിയോടെ കത്തോലിക്കാ പൗരോഹിത്യത്തിലേക്ക് സ്വീകരിക്കുന്ന നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1994-ല്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വനിതകള്‍ക്ക് പൗരോഹിത്യം അനുവദിച്ചതിനെ തുടര്‍ന്ന് ആ സഭ വിട്ടുപോന്ന വിവാഹിതരായ ആംഗ്ലിക്കന്‍ വൈദികരെ ബ്രഹ്മചര്യവ്രതവാഗ്ദാനം നടത്താതെ തന്നെ കത്തോലിക്കാ പുരോഹിതരായി പട്ടം നല്കി സ്വീകരിച്ചു. 2014-ലെ കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലെ കത്തോലിക്കാ വൈദികരില്‍ പത്തില്‍ ഒരാള്‍ മുന്‍ ആംഗ്ലിക്കന്‍ വൈദികനായിരുന്നു. അമേരിക്കയിലെ കത്തോലിക്കാ സഭയില്‍ വിവാഹിതരായ മുന്‍ എപ്പിസ്കോപ്പല്‍ വൈദികര്‍ നൂറിലേറെ വരും. ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ ആംഗ്ലിക്കന്‍ സഭാംഗങ്ങള്‍ക്കായി പ്രത്യേക ഓര്‍ഡിനറീസ് സംവിധാനം പ്രഖ്യാപിക്കുകയുണ്ടായി. ഇത്തരം ഇളവുകള്‍ അനുസരിച്ച് വിവാഹിതര്‍ക്ക് പൗരോഹിത്യം സ്വീകരിക്കാമെങ്കിലും വൈദികരായതിനുശേഷം വിവാഹം അനുവദിക്കാറില്ല.
സ്ഥിരം ഡീക്കന്മാര് ഒഴികെ സഭയിലെ അഭിഷിക്തരായ ശുശ്രൂഷകരെല്ലാം ബ്രഹ്മചര്യം പാലിക്കണമെന്ന് 1992-ലെ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1983-ല്‍ പ്രസിദ്ധീകരിച്ച ലത്തീന്‍ സഭയുടെ കാനോന്‍ നിയമസംഹിതയില്‍, ബ്രഹ്മചര്യം ദൈവത്തിന്റെ ദാനമാണെന്നും ദൈവരാജ്യത്തിനുവേണ്ടി സമ്പൂര്‍ണവും നിത്യവുമായ ബ്രഹ്മചര്യം പാലിക്കേണ്ടത് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി. രണ്ടാം വത്തിക്കാന്‍ എക്യുമെനിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച വൈദികശുശ്രൂഷയെയും വൈദികജീവിതത്തെയും സംബന്ധിച്ച ‘പ്രെസ്ബിത്തേരോരും ഓര്ദീനിസ്’ എന്ന ഡിക്രിയെ ആധാരമാക്കി പോള്‍ ആറാമന്‍ പാപ്പാ 1967 ജൂണില്‍ ഇറക്കിയ ‘സാസെര്ദോത്താലിസ് സെലിബാത്തുസ്’ എന്ന ചാക്രികലേഖനവും ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ ‘പാസ്തൊരെസ് ദാബോ വോബിസ്’ എന്ന അപ്പസ്തോലിക പ്രബോധനവും ബ്രഹ്മചര്യത്തിന്റെ ക്രിസ്റ്റോളജിക്കല്‍ വ്യാഖ്യാനത്തില്‍ ഊന്നിയ സഭയുടെ പ്രബോധനാധികാരത്തിന്റെ (മജിസ്തേരിയം) തെളിമയാര്‍ന്ന മാര്‍ഗരേഖകളാണ്. ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ, ദൈവരാജ്യത്തിനായുള്ള പൂര്‍ണസമര്‍പ്പണത്തിന്റെ അടയാളമായി (ദോമിനുസ് പാര്‍സ് മേയാ) ബ്രഹ്മചര്യത്തിലെ അവിഭക്ത ഹൃദയാര്പ്പണത്തിന്റെ അനന്യതയെ വാഴ്ത്തുന്നുണ്ട്.
ജര്‍മനിയിലെ മെത്രാന്മാരുടെ ദേശീയ സമിതിയും കത്തോലിക്കാ വിശ്വാസികളുടെ കേന്ദ്ര സമിതിയും ചേര്‍ന്ന് മൂന്നു വര്‍ഷമായി നടത്തിവരുന്ന ‘സിനഡല്‍ മാര്‍ഗ’ത്തിന്റെ ഫ്രാങ്ക്ഫര്‍ട്ടില്‍ ചേര്‍ന്ന സമാപന സമ്മേളനം ഇക്കഴിഞ്ഞയാഴ്ച അംഗീകരിച്ച വിവാദപരമായ പ്രമേയങ്ങളിലൊന്ന് പൗരോഹിത്യ ബ്രഹ്മചര്യം ഐച്ഛികമാക്കുന്നതു സംബന്ധിച്ചാണ്. സ്വവര്‍ഗ ദമ്പതിമാര്‍ക്ക് ദേവാലയത്തില്‍ വച്ച് ആശീര്‍വാദം നല്‍കുന്നതിന് സൗകര്യമൊരുക്കാന്‍ മെത്രാന്മാരെ ചുമതലപ്പെടുത്തിയ ആ സിനഡല്‍ സമ്മേളനം, വൈദികരുടെ ബ്രഹ്മചര്യം സംബന്ധിച്ച് തീരുമാനം പ്രഖ്യാപിക്കാന്‍ പരിശുദ്ധ സിംഹാസനത്തോട് ആവശ്യപ്പെടാനാണ് നിശ്ചയിച്ചത്.
യൂറോപ്പിലും അമേരിക്കയിലും ലാറ്റിന്‍ അമേരിക്കയിലും, ഒരു വിഭാഗം വൈദികരില്‍ നിന്നും അര്പ്പിതരില് നിന്നുമുണ്ടായ ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച വ്യാപകമായ ആരോപണങ്ങളെ തുടര്‍ന്ന്, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അല്മായര്ക്ക് സഭയിലെ പങ്കാളിത്തവും സുതാര്യവും നീതിപൂര്‍വകവുമായ ഭരണസംവിധാനവും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് ജര്‍മനിയിലെ സിനഡല്‍ മാര്‍ഗ സംവാദങ്ങള്‍ ആരംഭിച്ചത്. കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്റെയും പ്രേഷിത ദൗത്യത്തിന്റെയും അനുയാത്രയായി ഫ്രാന്‍സിസ് പാപ്പാ വിഭാവന ചെയ്ത സിനഡാത്മക സഭയിലേക്കുള്ള പരിവര്‍ത്തനത്തിനു സമാന്തരമായി, സാര്‍വത്രിക സഭയുടെ പ്രബോധനങ്ങളെ വെല്ലുവിളിക്കുന്ന, വിശ്വാസപാരമ്പര്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്നു വ്യതിചലിക്കുന്ന നീക്കങ്ങളാണ് ജര്‍മനിയിലെ സിനഡല്‍ മാര്‍ഗ മുന്നേറ്റത്തില്‍ ഉയര്‍ന്നുവന്നത്. സഭയുടെ ഐക്യത്തിനു ഭീഷണിയായ, പിളര്‍പ്പിന്റെ സൂചനകള്‍ നല്കുന്ന പ്രഖ്യാപനങ്ങളാണ് ജര്‍മനിയില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. വൈദിക ബ്രഹ്മചര്യം ഓപ്ഷണല്‍ ആക്കാനുള്ള ജര്‍മന്‍ നീക്കത്തിനെതിരെ ആഫ്രിക്ക വന്‍കരയില്‍ നിന്നുള്‍പ്പെടെ പ്രതിഷേധം ഇരമ്പുന്നുണ്ട്.
മാധ്യമങ്ങളിലെ ആഖ്യാനങ്ങളിലൂടെയല്ല റോമില്‍ നിന്ന് തീര്‍പ്പുണ്ടാകേണ്ടത്. അത് പേപ്പല്‍ മജിസ്തേരിയത്തിന്റെ പ്രബോധനരേഖകളിലൂടെയാണ്. ഫ്രാന്‍സിസ് പാപ്പാ അത്തരം അപ്പസ്തോലിക ലേഖനമോ ചാക്രികലേഖനമോ രചിക്കുന്നതായി ഇപ്പോള്‍ സൂചനയൊന്നുമില്ല.