ബോബന് വരാപ്പുഴ
കടന്നുവരു…. വരു… ആദായ വില്പന… സ്മാരക ശിലകള്‍ 750 ഗ്രാമിന് വെറും പതിനേഴര രൂപ മാത്രം… ഒരു കിലോ എടുത്താല്‍ പിന്നെയും പ്രത്യേക സൗജന്യങ്ങള്‍…
സംഭവം അല്പം പഴയതാണ്. 1993 കാലം. ഇന്നത്തെ ചലച്ചിത്രനടനായ ജോയിമാത്യു ബോധി പുസ്തക പ്രകാശനം തുടങ്ങിയ കാലം. സാഹിത്യസംബന്ധിയായതിന് പുറമേ യൂണിവേഴ്സിറ്റി ടെക്സ്റ്റ് പുസ്തകങ്ങളും അച്ചടിച്ച് വില്പന ചെയ്യാന്‍ ശ്രമിച്ച വകയില്‍ പ്രതീക്ഷിച്ചിരുന്ന ഏഴര ലക്ഷം രൂപയുടെ മുതല്‍ ശിവകാശിയിലെ പടക്ക കമ്പനികള്‍ക്ക് പതിനേഴായിരം രൂപക്ക് തൂക്കി വിറ്റ് കൈ പൊള്ളിയിരിക്കുമ്പോഴാണെത്രെ സാഹിത്യകാരനായിരുന്ന അക്ബര്‍ കക്കാട്ടില്‍ ഒരു ഉപായം പറഞ്ഞത്,
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകള്‍ കേരള യൂണിവേഴ്സിറ്റി അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകമായി തിരഞ്ഞെടുത്തിട്ടുണ്ട്. നിലവില്‍ എന്‍.ബി.എസ് ഇറക്കുന്ന പുസ്തകത്തിന്റെ കോപ്പി പക്ഷേ, ഇപ്പോള്‍ കിട്ടാനില്ല. അപ്പോള്‍ അദ്ദേഹത്തെ പോയി കാണുക.
ജോയി മാത്യു, സുഹൃത്തും സിനിമ സംവിധായകനുമായ പ്രതാപ് സിംഗിനൊപ്പം വടകരയില്‍ നേരിട്ട് ചെന്ന് പതിനായിരം രൂപ രൊക്കം അഡ്വാന്‍സും നല്കി സംഭവം ഉറപ്പാക്കുന്നു. എഗ്രിമെന്റൊന്നും വേണ്ടന്ന പുനത്തിലിന്റെ വാക്ക് വിശ്വസിച്ച്, ഒഴിച്ചു കൊടുത്ത വില കൂടിയ സ്കോച്ച് വിസ്കിയും മോന്തി അവര്‍ മടങ്ങി. സംഭവത്തിലേക്കിനിയും ഒരു വര്‍ഷമുണ്ട്. തല പുകഞ്ഞിരിക്കുന്ന ഒരു ദിവസം പുനത്തില്‍ വിളിച്ചു.
‘അടിയന്തരമായി അമ്പതിനായിരം രൂപ വേണം. മോളുടെ കല്യാണമാണ്. ‘
സ്വന്തം ഭാര്യയുടെ ആഭരണം ഊരി വിറ്റാണ് ജോയി ആ ആവശ്യം നിറവേറ്റിയത്..അതറിഞ്ഞ പുനത്തില്‍ പറയുന്നതാകട്ടെ ..
‘ജോയി നീ ദൈവമാണ്. സ്മാരക ശിലകള്‍ മാത്രമല്ല എന്റെ ‘മലമുകളിലെ അബ്ദുള്ള’യും ‘ദുഃഖിതര്‍ക്കൊരു പൂമരവും’ കൂടി എടുത്തോന്ന്… ‘
ആ പ്രലോഭനത്തില്‍ പക്ഷേ ജോയി വീണില്ല. പുനത്തിലിന്റെ മകളുടെ കല്യാണവും കൂടി കുറച്ചു നാള് കഴിഞ്ഞപ്പോള്‍ ഡി.സി ബുക്സ് പുതിയതായി പുറത്തിറക്കുന്ന പുസ്തകങ്ങളുടെ ബുള്ളറ്റിനില്‍ ദാ കിടക്കുന്നു, സ്മാരക ശിലകള്‍. നേരിട്ട് അന്വേഷിച്ചെങ്കിലും സാക്ഷാല്‍ കിഴക്കേമുറി അത് കണ്ടതായി പോലും ഭാവിച്ചില്ല. ഉള്ളത് പറയണമല്ലോ ഇക്കാര്യത്തില്‍ അക്ബര്‍ കക്കട്ടിലും ജോയിയെ കയ്യൊഴിഞ്ഞു. അല്ലാതെന്ത് ചെയ്യാന്‍.
‘കുഞ്ഞിക്ക ചിലപ്പോള്‍ അങ്ങനെയും ചെയ്തേക്കാം. ഏതായാലും നീയൊരു എഗ്രിമെന്റ് ആക്കി വെച്ചോ.. ‘എന്ന ഉപദേശവും നല്കി. മുദ്രപത്രത്തില്‍ എഴുതി തയ്യാറാക്കി കൊണ്ടുപോയ കരാറുമായി വീണ്ടും പുനത്തിലിന്റെ മുമ്പിലെത്തി. ഒരു കാരണവശാലും ഇത്തവണ സത്കാരം സ്വീകരിക്കരുതെന്ന നിര്‍ദേശം, കൂടെ പോയിരുന്ന സ്നേഹിതന് ജയപ്രകാശ് കുളൂര്‍ ജോയിയെ കൊണ്ട് സമ്മതിപ്പിച്ചിരുന്നു. പതിവുപോലുള്ള പുനത്തിലിന്റെ മുഖസ്തുതിയിലൊന്നും ഇത്തവണ ജോയി വീണില്ല.
തന്റെ മാനേജറും ബോഡി ഗാര്‍ഡുമായ ഒരു ആറടിക്കാരന്റെ സാന്നിധ്യത്തില്‍ പുനത്തില്‍ കരാറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതനായി.
ഇതിനിടെ രോഗബാധിതനായി ഒരു വര്‍ഷം കിടപ്പിലായ ജോയിയുടെ അസാന്നിധ്യത്തില്‍, യൂണിവേഴ്സിറ്റി നല്കിയ സ്മാരകശിലയുടെ 4000 കോപ്പികകള്ക്കുള്ള ഓര്‍ഡറും അടുത്ത രണ്ട് വര്‍ഷത്തേക്കു കൂടിയുള്ളതും കൂട്ടി 10000 കോപ്പികള്‍ അച്ചടിപ്പിക്കുന്നു. 4000 കോപ്പികളയച്ച് കാശും കാത്തിരിക്കുമ്പോള്‍ അതാ തപാലില്‍ ഒരു കവര്‍ വരുന്നു. ചെക്കായിരിക്കുമെന്ന് കരുതി തുറന്നപ്പോള്‍ അറിയിപ്പാണ്. സ്മാരക ശിലകള്‍ക്ക് നിങ്ങളുടെ വില 48 രൂപ. ഡിസി യുടെ വില 42രൂപ അതിനാല്‍ പുസ്തകങ്ങള്‍ തിരിച്ചയക്കുന്നു.
കാര്യം തിരക്കിയപ്പോള്‍ സംസ്കാരിക നായകന്റെ മറുപടി. ‘ ജോയി, നിങ്ങള്‍ക്ക് ഞാന്‍ തന്നത് പാഠ പുസ്തകമാണ്. അത് നിങ്ങള്‍ അടിച്ച് വിറ്റോ, ഡി.സി ക്ക് കൊടുത്തത് ലൈബ്രറി എഡിഷനാ…’
‘ഒരേ പുസ്തകം രണ്ട് പ്രസാധകര്‍ക്കോ..,, ‘
‘എന്റെ പുസ്തകം എനിക്ക് ഇഷ്ടമുള്ള പോലെ ഞാന്‍ ചെയ്യും.’
‘സാഹിത്യം എഴുതുന്നവരോട് സ്നേഹമൊക്കെയുണ്ടെങ്കിലും ആ കൈ കൊത്തി കളയാനും മടിയൊന്നുമില്ല’
എന്നാണ് ജോയി മാത്യു അതിന് പറഞ്ഞ മറുപടി. ഇതേ തുടര്‍ന്ന് ഭീമമായ നഷ്ടവും മനഃസംഘര്‍ഷവും അനുഭവിച്ചെങ്കിലും കേസിനൊന്നും പോകാതെ ചെയ്ത നടപടിയാണ്, സ്മാരക ശിലകള്‍ തൂക്കി വില്‍ക്കുന്ന പ്രതിഷേധ പരിപാടി.
കോഴിക്കോട് സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വച്ച്, ‘കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയവനും ഒരു പാവം പ്രസാധകനെ വഞ്ചിച്ചവനുമായ എഴുത്തുകാരന്റെ സ്മാരകശിലകള്‍ തൂക്കി വില്‍ക്കുന്നു. 750 ഗ്രാം 17.50. ഒരു കിലോ എടുക്കുന്നവര്‍ക്ക് പ്രത്യേക സൗജന്യം. ‘ വരുവിന്‍ വരുവിന്‍ സ്മാരക ശിലകള്‍ തൂക്കി വില്‍ക്കുന്നു. എഴുത്തുകാരന് ജീവിച്ചിരിക്കെ അയാളുടെ കൃതി തൂക്കി വില്‍ക്കുന്നത് ചരിത്രത്തിലാദ്യം. ‘ എന്ന അനൗണ്‍സ്മെന്റും. സംഭവം ക്ലിക്കായി. ആളുകള്‍ തിരക്കുകൂട്ടി. ചെറുകിട കച്ചവടക്കാര്‍ രണ്ടും നാലും കിലോ വാങ്ങിക്കൊണ്ടുപോയി.
സംഭവം കൗതുകകരവും വിവാദവുമായപ്പോള്‍ വടകരയില്‍ നിന്നും പുനത്തില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. എപ്പോള്‍ വേണമെങ്കിലും വരാവുന്ന ഗുണ്ടകളെയും നോക്കിയിരിപ്പായി ജോയി മാത്യു. ആയിടെ ടി.കെ ഇബ്രാഹിം എന്ന ഇവരുടെ സുഹൃത്തിന്റെ മധ്യസ്ഥതയില്‍ ഒരു ഒരു തീരുമാനമുണ്ടായി. അത് പ്രകാരം ‘ പനമരത്ത് എനിക്കൊരു സ്ഥലമുണ്ട് അത് വിറ്റുകിട്ടിയാല്‍ ജോയിക്ക് തരാനുള്ളത് തന്നിട്ടേ ബാക്കി ഞാനെടുക്കു….. ‘ പിന്നെ പനമരത്തെ സ്ഥലം വില്‍ക്കുകയെന്നത് ജോയിയുടെ ആവശ്യമായി മാറുന്നു.
‘ഇപ്പോള്‍ വില ഭയങ്കര ഇടിവാണ്… ഉടനെ നടക്കും..തരാം..’1992-ല്‍ തുടങ്ങിയ ഈ നാടകം 2005-ല്‍ എത്തിയ കാലത്തൊരിക്കല്‍ ജീവിക്കാന്‍ മാര്‍ഗ്ഗം തേടി ജോയി മാത്യൂ കടല്‍ കടന്ന് ദുബായില്‍ പണിയെടുത്ത് ജീവിക്കവേ പുനത്തില്‍ മുമ്പില്‍ വന്നുപെട്ടു.
‘ജോയിയെന്ത ഇവിടെ?’
‘ഞാനെന്താ ഇവിടെയെന്നോ? നിന്റെ പുസ്തകം അച്ചടിച്ച് പൊളിഞ്ഞു പാളീസായി നാടുവിട്ട് ഇപ്പോ ഇവിടെ മരുഭൂമിയില്‍ ചെരക്കാന്‍ വന്നതാ.. എന്റെ പൈസ എടുക്ക്…’ വികാരവിക്ഷോഭത്താല്‍ ജ്വലിച്ചിട്ടും മുഖത്ത് പുഞ്ചിരി പരത്തിയുള്ള ആ അഭിനയ പ്രകടനത്തില്‍ പുനത്തില്‍ വിരണ്ടു പോയി..
‘കുഞ്ഞിക്കാ നമ്മളെത്ര നാളായി കണ്ടിട്ട് …’ വെട്ടി വിയര്ത്തിട്ടും ചമ്മി വിളറിയിട്ടും പുനത്തിലും മുഖത്ത് ചിരി വരുത്തി.
അടുത്തു വന്നവരോട് പറഞ്ഞതേ….’ജോയി എന്റെ അടുത്ത സുഹൃത്താണ്. ഞാനിപ്പോള്‍ വരാം. നിങ്ങള്‍ തുടങ്ങിക്കോ…’
ജോയി … നാറ്റിക്കരുത്..പനമരത്തെ സ്ഥലം ഇതുവരെ….
2007 ല്‍ ദുബായില്‍ വച്ച് വീണ്ടും കണ്ടുമുട്ടല്‍, മാത്രമല്ല, ആ കാസറ്റ് പ്രകാശന മീറ്റിംഗിലെ സ്വാഗത പ്രാസംഗികന് സാക്ഷാല്‍ ജോയി മാത്യു. സംഘാടകര്‍ പകച്ചു. പുനത്തില്‍ പകച്ച് പണ്ടാറടങ്ങി. ക്ഷമയുടെ നെല്ലിപലകയും കഴിഞ്ഞിരുന്നിട്ടും മാന്യത കാട്ടി. ‘ മലയാളത്തിന്റെ പ്രഗല്ഭനായ എഴുത്തുകാരന്. ഞങ്ങളുടെ തലമുറയിലുള്ളവര്‍ കുഞ്ഞിക്ക എന്ന് വിളിക്കുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയെ ദുബായി മീഡിയ ഫോറത്തിന്റെ പേരില്‍ ഞാന്‍ സ്വാഗതം ചെയ്യുന്നു…’
പ്രസ്സ് മീറ്റിംഗിന് ശേഷം ഭക്ഷണം കഴിക്കവേ പുനത്തില്‍ വീണ്ടും നമ്പറിറക്കി…
‘ജോയി … പണ്ട് ബോധി നടത്തിയിരുന്ന ..
‘അതെ, ഫുള്‍ പേര് ജോയി മാത്യു … പല പല വേഷങ്ങള്‍ . ജീവിതങ്ങള്‍, എല്ലാം സ്മാരക ശിലകള്‍. ‘
കുഞ്ഞിക്ക ബിരിയാണി കഴിക്കുന്നത് ഒരു നിമിഷം നിര്‍ത്തി… ‘ക്ഷമിക്ക് ജോയി ..പനമരത്തെ സ്ഥലം ഇന്നോ നാളെയോ…’
പനമരത്തെ സ്ഥലം ഒരിക്കലും വില്‍ക്കാനാവില്ലെന്ന് ജോയി മാത്യു മനസിലാക്കാന്‍ പിന്നെയും കുറെ കാലമെടുത്തു.
ഇല്ലാത്ത നാട്ടിലെ ഇല്ലാത്ത സ്ഥലം വില്‍ക്കുന്നതെങ്ങിനെ… അല്ലെങ്കിലും, പന… അതൊരു മരമല്ലെ..

