ഇൻഡോർ: ക്രൈസ്തവ സംഗീതം, വിശുദ്ധ കലകൾ, പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് ഭോപ്പാലിൽ നിന്നുള്ള സിസ്റ്റർ പുഷ്പാഞ്ജലി പോൾ എസ്.എസ്.പി.എസ്., ജബൽപൂരിൽ നിന്നുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ ഫ്രാൻസിസ് സേവ്യർ ജോസഫ് എന്നിവർ ആത്മദർശൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.
2026 നവംബർ ഒമ്പതിന് നടക്കുന്ന ആത്മദർശൻ ഗോസ്പൽ സിംഗർ റിയാലിറ്റി ഷോയുടെ രണ്ടാം സീസണിന്റെ ഗ്രാൻഡ് ഫിനാലെയിൽ ഇരുവരെയും ആദരിക്കും.പരിശുദ്ധാത്മാവിന്റെ ദാസിമാരായ മിഷനറി സിസ്റ്റേഴ്സ് സഭാംഗമായ സിസ്റ്റർ പുഷ്പാഞ്ജലി പോൾ 300-ലധികം ഗാനങ്ങളും ഭജനകളും സ്തുതിഗീതങ്ങളും രചിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഹിന്ദി സംസാരിക്കുന്ന മേഖലകളിൽ ക്രൈസ്തവ ഭക്തിഗാനങ്ങൾക്കും ആരാധനാക്രമ സംഗീതത്തിനും ഗണ്യമായ സംഭാവനകൾ നൽകാൻ ഇതിലൂടെ അവർക്കു കഴിഞ്ഞു.
പ്രാർഥനയ്ക്കും ആത്മീയ ധ്യാനത്തിനുമായി ഒരുക്കിയ 15 വാല്യങ്ങളടങ്ങിയ ഓഡിയോ റെക്കോർഡിങ് പരമ്പരയായ ‘മംഗൾ-മേഖ്ല’യും അവർ തയ്യാറാക്കിയിട്ടുണ്ട്.സംഗീതം, നൃത്തം, ആത്മീയത എന്നിവ സമന്വയിപ്പിക്കുന്ന നൃത്തനാടകങ്ങളുടെ രചനയും ചിട്ടപ്പെടുത്തലും അവതരണവും സിസ്റ്റർ പുഷ്പാഞ്ജലി നിർവഹിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും ഇത്തരം കലാവതരണങ്ങൾ നടത്തിയിട്ടുണ്ട്. 1998-ൽ ഏഷ്യൻ മെത്രാന്മാരുടെ സിനഡിനോടനുബന്ധിച്ച് റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ആരാധനാക്രമ നൃത്തം അവതരിപ്പിച്ചതും അവരുടെ പ്രവർത്തനങ്ങളിലെ ശ്രദ്ധേയമായ നേട്ടമാണ്. ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിസ്റ്റർ പുഷ്പാഞ്ജലി, കലയും ആത്മീയതയും സംസ്കാരവും ആശയവിനിമയവും പ്രോത്സാഹിപ്പിക്കുന്നതിനായി ‘സാധന-സഞ്ചാർ’ എന്ന കേന്ദ്രം സ്ഥാപിച്ചു. സംഗീതധ്യാന പരിപാടികൾ, ധ്യാന പരിശീലനങ്ങൾ, ആർട്ട് തെറാപ്പി സെഷനുകൾ എന്നിവയും അവർ സംഘടിപ്പിച്ചുവരുന്നു. ജബൽപൂരിൽ നിന്നുള്ള മാധ്യമപ്രവർത്തകനും എഴുത്തുകാരനും അധ്യാപകനും ആശയവിനിമയ വിദഗ്ധനുമായ ഫ്രാൻസിസ് സേവ്യർ ജോസഫ്, ക്രൈസ്തവ മാധ്യമപ്രവർത്തനത്തിനും ഹിന്ദി ക്രൈസ്തവ സാഹിത്യത്തിനും നൽകിയ ദീർഘകാല സംഭാവനകളുടെ പേരിലാണ് പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിലും സാമൂഹിക വികസന പ്രവർത്തനങ്ങളിലും അദ്ദേഹം നൽകിയ സേവനങ്ങളും അംഗീകാരത്തിന് അർഹമായി.

