വാട്ടർഫോർഡ്: ഹോളിക്രോസ് സന്യാസ സമൂഹാംഗവും കത്തോലിക്ക വൈദികനുമായ ഫാ. ഇമ്മാനുവൽ കല്ലറയ്ക്കൽ (സി.എസ്.സി) അയർലണ്ടിലെ വാട്ടർഫോർഡിൽ അന്തരിച്ചു. 69 വയസ്സായിരുന്നു. സഹോദരപുത്രിയെ സന്ദർശിക്കുന്നതിനായി യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോളിക്രോസ് സന്യാസ സമൂഹത്തിന്റെ ഗ്ലോബൽ വികാരി ജനറലായും ഫസ്റ്റ് അസിസ്റ്റന്റായും സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഫാ. ഇമ്മാനുവൽ.
ഇടുക്കി ജില്ലയിലെ തെന്നത്തൂർ സ്വദേശിയായ പരേതനായ ജോസഫിന്റെ മകനാണ്. വിദ്യാഭ്യാസ രംഗത്തും ശ്രദ്ധേയമായ സേവനമാണ് അദ്ദേഹം കാഴ്ചവച്ചത്. മദ്രാസ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ന്യൂയോർക്കിലെ ഫോർഡാം സർവകലാശാലയിൽ നിന്ന് റിലീജിയസ് എജ്യുക്കേഷനിൽ ഡോക്ടറേറ്റ് (PhD) കരസ്ഥമാക്കി.ത്രിപുരയിലെ അഗർത്തല ഹോളിക്രോസ് സ്കൂളിന്റെ പ്രിൻസിപ്പലായും അഗർത്തല ഹോളിക്രോസ് കോളേജിന്റെ സ്ഥാപക പ്രിൻസിപ്പലായും ദീർഘകാലം സേവനം ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ച് അഖിലേന്ത്യാ ക്രിസ്ത്യൻ ഉന്നതവിദ്യാഭ്യാസ അസോസിയേഷൻ 2015-ൽ അദ്ദേഹത്തെ ‘ഇന്ത്യയിലെ മികച്ച പ്രിൻസിപ്പൽ’ പുരസ്കാരം നൽകി ആദരിച്ചിരുന്നു.

