കൊച്ചി: സർക്കാർ ആരോഗ്യ മേഖലയെ സ്വകാര്യ മേഖലയ്ക്കൊപ്പം നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ആശുപത്രികളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ ആരോഗ്യ വകുപ്പ് നടപടികൾ സ്വീകരിച്ചുവരികയാണെന്നും കാലാനുസൃതമായി സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതിലൂടെ സാധാരണക്കാരായ രോഗികൾക്ക് മികച്ച ചികിത്സയും സംരക്ഷണവും ഉറപ്പാക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടിയന്തര സാഹചര്യങ്ങളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്നും ആശുപത്രികളിൽ രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ 150 കിടക്കകൾ കൂടി സജ്ജീകരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മറ്റ് ആശുപത്രികളിലും കൂടുതൽ കിടക്കകൾ സജ്ജീകരിക്കുമെന്നും മന്ത്രി അറിയിച്ചു.ഒരാൾക്ക് പോലും നിപ പകരാതെ നിയന്ത്രിക്കാൻ കഴിഞ്ഞത് ഡോക്ടർമാരുടെയും ആരോഗ്യ സംവിധാനങ്ങളുടെയും നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. നിപ പോലുള്ള സാഹചര്യങ്ങളിൽ പ്രദർശനപരമായ ഇടപെടലുകളല്ല, ഫലപ്രദമായി പ്രതിരോധിക്കുകയാണ് വേണ്ടത്. വിമർശനങ്ങൾ ഉൾക്കൊള്ളുന്ന സർക്കാരാണിത്.
എന്നാൽ, വിമർശനങ്ങൾ കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായിരിക്കണം. ഏറ്റുമുട്ടലുകളല്ല, ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.എത്രകാലം ഭരിച്ചു എന്നതിലല്ല, എങ്ങനെ ഭരിച്ചു എന്നതാണ് പ്രധാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.വാർത്തകളുടെ തിരക്കിനിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ കഴിയാത്തവരാണ് മാധ്യമപ്രവർത്തകരെന്ന് മന്ത്രി പറഞ്ഞു. കാൻസർ, വൃക്കരോഗങ്ങൾ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മാധ്യമപ്രവർത്തകരുടെ ആരോഗ്യസംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
പ്രളയം, രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ കടുത്ത മാനസിക സമ്മർദവും നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നാല് ആശുപത്രികളുമായി ആരംഭിച്ച ആരോഗ്യ പരിരക്ഷാ പദ്ധതി നിലവിൽ ഒമ്പത് ആശുപത്രികളുടെ പങ്കാളിത്തത്തോടെ മുന്നോട്ടുപോകുകയാണ്. മാധ്യമപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും ചികിത്സാ സൗകര്യം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാധ്യമപ്രവർത്തകരെയും സർക്കാർ ആരോഗ്യ പദ്ധതികളുടെ ഭാഗമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. വനിതാ മാധ്യമപ്രവർത്തകർക്കായി വിജയലക്ഷ്മി മെഡിക്കൽ സെന്ററുമായി സഹകരിച്ച് പ്രിവിലേജ് കാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ ആരോഗ്യകാര്യത്തിൽ പ്രസ് ക്ലബ് നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ഷജിൽകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി റൊമേഷ് നന്ദിയും പറഞ്ഞു. മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. പി. വി. ലൂയിസ്, അമൃത ഹോസ്പിറ്റൽ സീനിയർ മാനേജർ സുന്ദർ അയ്യർ, കിൻഡർ ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ആന്റോ ട്വിങ്കിൾ, രാജഗിരി ആശുപത്രി വൈസ് പ്രസിഡന്റ് ജോസ് പോൾ, ഐ ഫൗണ്ടേഷൻ ഹോസ്പിറ്റൽ ഡോ. പ്രവീൺ മുരളി, അഹലിയ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ കെ. പി. സനോജ്, വിജയലക്ഷ്മി മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ദീപക് ഗോപകുമാർ എന്നിവർ പങ്കെടുത്തു.

