കൊച്ചി : ആത്മീയമായ പങ്കുവെക്കൽ അഥവാ സ്പിരിച്വൽ കൗൺസിലിംഗ് വളരെ ജാഗ്രതയോടെ നടത്തേണ്ട ഒരു കർമ്മമാണ് എന്ന്ബിഷപ് ഡോ. ആന്റണി വാലുങ്കൽ പ്രസ്താവിച്ചു. എറണാകുളം ആശീർ ഭവനിൽ ഓൾ കേരള കൗൺസിലേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബിഷപ്.

സുൽത്താൻപേട്ട് മുതൽ നെയ്യാറ്റിൻകര വരെയുള്ള കേരളത്തിലെ അങ്ങോളമിങ്ങോളം ഉള്ള ലത്തീൻ രൂപതയിൽ നിന്നുള്ള പ്രതിനിധികളാണ് മീറ്റിങ്ങിൽ പങ്കെടുത്തത്. സഭയിലെ ഏറ്റവും ഉത്തരവാദിത്തപ്പെട്ട ഒരു പ്രക്രിയയിൽ നിരതരായിരിക്കുന്ന എല്ലാവരെയും ബിഷപ് അഭിനന്ദിച്ചു. നിരവധി അൽമായരും സന്യസ്തരും ഈ മീറ്റിംഗിൽ പങ്കുചേർന്നു. ഡോക്ടർ സ്റ്റാൻലി മാതിരപ്പിള്ളി, ആന്റണി ഷൈൻ കാട്ടുപറമ്പിൽ, തങ്കച്ചൻ, ജൂഡ് സി വർഗീസ്, തദേവൂസ്, മോളി അഗ്രിമ, ഷാജി പി ജോർജ് എന്നിവർ സംസാരിച്ചു.

