ചെന്നൈ: തിങ്കളാഴ്ച ഐപിഎല്ലില്‍ ആദ്യ പോരാട്ടത്തിനു ഇറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്സിനു അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ് ഇതിഹാസ താരവും മുന്‍ നായകനുമായ എംഎസ് ധോണിയുടെ പരിക്ക്. കാൽവണ്ണയ്ക്ക് പരിക്കേറ്റ ധോനിക്ക് സീസണിലെ ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ നഷ്ടമാകുമെന്ന് ടീം അറിയിച്ചു.
കാലിലെ പേശികള്‍ക്ക് പരുക്കേറ്റതോടെയാണ് താരത്തിന് വിശ്രമം വേണ്ടി വന്നത്. ധോണിയുടെ ആരോഗ്യം നിരീക്ഷിച്ച് വരികയാണെന്നും സിഎസ്കെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. കാല്‍മുട്ടിന്റെ പരുക്ക് തുടര്‍ച്ചയായി അലട്ടുന്നതിനാല്‍ ധോണിയുടെ അവസാന സീസണാകും ഇതെന്ന അഭ്യൂഹങ്ങള്‍ നേരത്തേ നിറഞ്ഞിരുന്നു. തന്റെ ഫിറ്റ്നസ് കുറയുന്നതായി ധോണിയും അടുത്തിടെ തുറന്ന് പറയുകയും ചെയ്തു.
ധോനിയുടെ അഭാവത്തിൽ സഞ്ജു സാംസൺ വിക്കറ്റ് കീപ്പിങ് ചുമതല വഹിക്കും. ധോണിയുടെ പിൻഗാമിയായി ടീം മാനേജ്മെന്റ് കാണുന്ന സഞ്ജുവിനെ കഴിഞ്ഞ ഡിസംബറിലെ ലേലത്തിന് മുന്നോടിയായി വലിയൊരു ട്രേഡിലൂടെയാണ് ചെന്നൈ ടീമിലെത്തിച്ചത്. രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാൻ റോയൽസിന് നൽകി സഞ്ജുവിനെ പകരം വാങ്ങുകയായിരുന്നു.

