തിരുവനന്തപുരം: സംസ്ഥാനത്തെ വേനൽ ചൂട് കണക്കിലെടുത്ത് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ദിനം പ്രതി ഉയരുന്ന താപനിലയാണ് പ്രധാന ആശങ്ക. പ്രത്യേകിച്ച് പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിൽ 34°C മുതൽ 38°C വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ഇതോടൊപ്പം ഉയർന്ന ഈർപ്പനിലയും ചേർന്നതോടെ “Heat index” ചൂട് കൂടുതലായി അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ആലപ്പുഴ, കോട്ടയം, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില എത്താം. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും യെലോ അലർട്ട് നിലവിലുണ്ട്.
സംസ്ഥാനത്തു പലയിടങ്ങളിലും അൾട്രാവയലറ്റ് (യുവി) വികിരണത്തിന്റെ അളവ് അപകടകരമായ രീതിയിൽ ഉയർന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വടക്കൻ ജില്ലകളായ കാസർഗോഡ്, കണ്ണൂർ, വയനാട് എന്നിവിടങ്ങളിൽ ഉച്ചയ്ക്കുശേഷം മേഘാവരണം(Cloud cover) വർധിച്ച് ലഘു മുതൽ മിതമായ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത നിലനിൽക്കും.
കാലാവസ്ഥ സാഹചര്യങ്ങൾ പരിഗണിച്ച് ആരോഗ്യ വിദഗ്ദ്ധരും അധികൃതരും നൽകുന്ന കാലാവസ്ഥ നിർദ്ദേശങ്ങൾ പാലിക്കണം. ഉച്ചക്ക് 11മുതൽ 3വരെ നേരിട്ട് സൂര്യ പ്രകാശത്തിൽ കഴിയുന്നത് ഒഴിവാക്കുക, ദിവസവും ധാരാളം വെള്ളം കുടിക്കുക, ഇടിമിന്നൽ സാധ്യതയുള്ള വടക്കൻ ജില്ലകളിൽ തുറസ്സായ സ്ഥലങ്ങളിലും ഉയർന്ന മരങ്ങളുടെ സമീപത്തും നിൽക്കുന്നത് ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കണം. കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണമെന്നും അതോറിറ്റി നിർദേശിച്ചു.

