ബിനോയ് ലിന് കപ്പൂച്ചിന്‍, ഡയറക്ടര്‍, തിയോഫിന്‍ ഗില്‍ഡ്
വേദനിക്കുന്നവരുടെ തോളില്‍ കയ്യിട്ട് പുഞ്ചിരിയുടെ ദീപശിഖ ഉയര്‍ത്തിയ വൈദികന് എന്നാണ് തിയോഫിനച്ചനെ വിശേഷിപ്പിക്കാറുള്ളത്. ധന്യപദവിലേക്ക് ഉയര്‍ന്ന ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികന് എന്ന ബഹുമതിയും തിയോഫിനച്ചന് ഇനി സ്വന്തം. ജീവിതകാലത്തുതന്നെ തിയോഫിനച്ചന് എല്ലാവരുടെയും വല്യച്ചനായിരുന്നു. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധന്മാര് വരെ അദ്ദേഹത്തെ അങ്ങനെയാണ് വിളിച്ചിരുന്നത്.
ആത്മീയതയുടെ പ്രകാശം പരത്തിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ലാളിത്യവും എളിമയും തിയോഫിനച്ചന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ജീവിതമാകുന്ന മഹാസമുദ്രത്തില്‍ കാറ്റുംകോളും ഇളകിയാടുമ്പോള്‍ മനുഷ്യന് അഭയമേകുന്ന തുറമുഖമാണ് കുടുംബമെന്ന് തന്റെ അടുത്ത് എത്തുന്ന കുടുംബജീവിതക്കാരെ അദ്ദേഹം എപ്പോഴും ഓര്‍മിപ്പിച്ചിരുന്നു.1913 ജൂലൈ 20-ന് കോട്ടപ്പുറത്തെ കൂടല്ലൂര്‍ കുടുംബത്തിലാണ് തിയോഫിനച്ചന് ജനിച്ചത്. 1941-ല്‍ പൗരോഹിത്യം സ്വീകരിച്ചു. തന്റെ ജീവിതത്തിന്റെ അവസാനത്തെ വര്‍ഷങ്ങള്‍ കൊച്ചിയിലെ പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തിലാണ് അദ്ദേഹം ചെലവഴിച്ചത്.
1968 ഏപ്രില്‍ 4-ന് നിത്യസമ്മാനത്തിന് യാത്രയായി. വിശ്വാസികള്‍ അച്ചന്റെ കല്ലറയില്‍ മെഴുകുതിരികള്‍ കത്തിച്ച് പ്രാര്‍ഥിക്കും. വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചതനുസരിച്ച് തിയോഫിനച്ചന്റെ വിശുദ്ധിയും മാധ്യസ്ഥശക്തിയും ജനങ്ങളുടെ സംസാരവിഷയമായി. ഈ അവസരത്തില്‍ 1991-ല്‍ ബഹു. വില്‍ഫ്രഡ് പ്രസാദ് ഒഎഫ്എം കാപ് അച്ചന് തിയോഫിന്‍ ഗില്‍ഡിന് രൂപം നല്‍കുകയും തിയോഫിനച്ചനെ പരിചയപ്പെടുത്തുന്നതിനായി മനുഷ്യസ്നേഹി എന്ന മാസിക പ്രസിദ്ധീകരിക്കുകയും ചെയ്തു.
വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ 2005 ജനുവരി 10 ന് അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിക്കുകയും ഹിസ്റ്റോറിക്കല്‍ കമ്മീഷന് രൂപം നല്‍ക്കുകയും നാമകരണ നടപടികള്‍ക്ക് തുടക്കമിടുകയുംചെയ്തു.
2008 മാര്‍ച്ച് 7 ന് ഹിസ്റ്റോറിക്കല്‍ കമ്മീഷന്റെ പുനര്രൂപികരണവും സഭാകോടതിയുടെ സ്ഥാപനവും നടന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ. ആന്‍ഡ്രൂസ് അലക്സാണ്ടര്‍ ഒഎഫ്എം ക്യാപും ഫാ. ബോബി ജോസ് കപ്പൂച്ചിനും നേതൃത്വം നല്കി. 2020 ഡിസംബര്‍ 3 ന് ഫാ. റോബിന് ഡാനിയേല്‍ ഒഎഫ്എം കാപ് വൈസ് പോസ്റ്റുലേറ്ററായി നിയമിക്കപ്പെട്ടു. നാമകരണ നടപ്പടിയുടെ ഭാഗമായുള്ള Positio 2023 റോമിലെ വിശുദ്ധ നാമകരണ കാര്യാലത്തില്‍ സമര്‍പ്പിച്ചു.
നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം ദൈവദാസന് തിയോഫിനച്ചനെ ലെയോ പതിനാലാമന്‍ പാപ്പ 21 ഫെബ്രുവരി 2026 ശനിയാഴ്ച ധന്യപദവിയിലേക്ക് ഉയര്‍ത്തി പ്രഖ്യാപനം നടത്തി. വിശുദ്ധ പദവിയിലേക്കുള്ള യാത്രയിലെ സുപ്രധാനമായ രണ്ടാമത്തെ ഘട്ടമാണ് ‘ധന്യന്‍’. ധന്യനായ തിയോഫിനച്ചന്റെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങള്‍ നേടുന്നതിനോടൊപ്പം ദൈവം അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം————————————–

