വത്തിക്കാൻ : ജനുവരി ഇരുപത്തിയെട്ട് ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ, തന്റെ പ്രതിവാര പൊതുകൂടിക്കാഴ്ചയ്ക്കായി, വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ എത്തി. “ദേയി വേർബും” (Dei Verbum) എന്ന ദൈവികവെളിപാടിനെക്കുറിച്ചുള്ള പ്രമാണരേഖയെ ആധാരമാക്കി, “ഒരേ വിശുദ്ധ നിക്ഷേപം. തിരുവെഴുത്തുകളും പാരമ്പര്യവും തമ്മിലുള്ള ബന്ധം” എന്ന പ്രമേയം മുൻനിർത്തി സന്ദേശം നൽകി.
പാപ്പായുടെ പ്രഭാഷണത്തിന് മുൻപായി, വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനാലാം അദ്ധ്യായം ഇരുപത്തിയഞ്ചു മുതൽ ഇരുപത്തിയാറു വരെയുള്ള തിരുവചനങ്ങൾ വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു. ആ വചനം ഇപ്രകാരമായിരുന്നു:
നിങ്ങളോടുകൂടെ ആയിരിക്കുമ്പോൾത്തന്നെ ഇതു ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു. എന്നാൽ, എന്റെ നാമത്തിൽ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയുംചെയ്യും.
പ്രിയ സഹോദരീ സഹോദരന്മാരേ, സുപ്രഭാതം, സ്വാഗതം!
ദൈവിക വെളിപാടിനെക്കുറിച്ചുള്ള കൗൺസിൽ പ്രമാണരേഖയുടെ “ദേയി വെർബും” വായന തുടരുമ്പോൾ, ഇന്ന് നമുക്ക് വിശുദ്ധ തിരുവെഴുത്തിനും പാരമ്പര്യത്തിനും ഇടയിലുള്ള ബന്ധത്തെക്കുറിച്ച് ചിന്തിക്കാം. രണ്ട് സുവിശേഷ രംഗങ്ങൾ പശ്ചാത്തലമായി എടുക്കാം. ആദ്യത്തേത് ഊട്ടുശാലയിൽ ആയിരുന്ന ശിഷ്യന്മാരോട്, യേശുവിന്റെ ആദ്യ സാക്ഷ്യ-പ്രഭാഷണമാണ്. അവിടെ യേശു പറയുന്നു: ” നിങ്ങളോടുകൂടെ ആയിരിക്കുമ്പോൾത്തന്നെ ഇതു ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു. എന്നാൽ, എന്റെ നാമത്തിൽ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയുംചെയ്യും….സത്യാത്മാവു വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്കു നയിക്കും” (യോഹന്നാൻ 14:25-26; 16:13).
രണ്ടാമത്തെ രംഗം, പകരം, നമ്മെ ഗലീലിയിലെ കുന്നുകളിലേക്ക് കൊണ്ടുപോകുന്നു. ഉയിർത്തെഴുന്നേറ്റ യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെടുന്നു, അവർ അത്ഭുതപ്പെടുകയും എന്നാൽ സംശയിക്കുകയും ചെയ്യുന്നു. അവർക്ക് അവൻ ഒരു കൽപ്പന നൽകുന്നു: “പോയി എല്ലാ ജനതകളെയും ശിഷ്യരാക്കുക, […] ഞാൻ നിങ്ങളോട് കൽപ്പിച്ചതെല്ലാം പാലിക്കാൻ അവരെ പഠിപ്പിക്കുക” (മത്തായി 28:19-20). ഈ രണ്ട് രംഗങ്ങളിലും, ക്രിസ്തു പറഞ്ഞ വചനവും നൂറ്റാണ്ടുകളായി അതിന്റെ പ്രചാരവും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമാണ്.
രണ്ടാം വത്തിക്കാൻ കൗൺസിൽ ശ്രദ്ധേയമായ ഒരു ചിത്രം ഉപയോഗിച്ച് സ്ഥിരീകരിക്കുന്നത് ഇതാണ്: “വിശുദ്ധ ലിഖിതങ്ങളും വിശുദ്ധ പാരമ്പര്യങ്ങളും തമ്മിൽ സുദൃഢമായ ബന്ധവും, വിനിമയവും ഉണ്ടെന്നു കാണാം. എന്തെന്നാൽ അവ രണ്ടിന്റെയും ഉത്ഭവം ഒരേ ദിവ്യസ്രോതസ്സിൽ നിന്നുമാണ്. ഒരു വിധത്തിൽ രണ്ടും ഒന്നായി ചേർന്ന് ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു” (ദേയി വെർബും, 9). സഭാ പാരമ്പര്യം ചരിത്രത്തിലുടനീളം സഭയിലൂടെ വ്യാപിക്കുന്നു, അത് ദൈവവചനത്തെ സംരക്ഷിക്കുകയും വ്യാഖ്യാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു.(കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം 113). “വിശുദ്ധ തിരുവെഴുത്ത് അതായത്, വിശുദ്ധമായ വാക്കുകൾ ഭൗതിക ഉപകരണങ്ങളിൽ എഴുതപ്പെടുന്നതിന് മുമ്പ് സഭയുടെ ഹൃദയത്തിലാണ് എഴുതിയിരിക്കുന്നത്,” എന്ന സഭാ പിതാക്കന്മാരുടെ ആദർശവചനവും ഇവിടെ എടുത്തു പറയേണ്ടതാണ്.
മുകളിൽ ഉദ്ധരിച്ച ക്രിസ്തുവിന്റെ വാക്കുകളുടെ അടിസ്ഥാനത്തിൽ, “അപ്പോസ്തലിക ഉത്ഭവമുള്ള പാരമ്പര്യം പരിശുദ്ധാത്മാവിന്റെ സഹായത്തോടെ സഭയിൽ വളർന്നു കൊണ്ടിരിക്കുന്നുവെന്നു” കൗൺസിൽ സ്ഥിരീകരിക്കുന്നു”, (ദേയി വെർബും, 8). “വിശ്വാസികളുടെ ധ്യാനത്തിലൂടെയും പഠനത്തിലൂടെയും”, “ആത്മീയ കാര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഗ്രാഹ്യത്തിൽ” നിന്ന് ജനിച്ച അനുഭവത്തിലൂടെയും, എല്ലാറ്റിനുമുപരി, “സത്യത്തിന്റെ തെറ്റാവരം” ലഭിച്ച അപ്പോസ്തലന്മാരുടെ പിൻഗാമികളുടെ പ്രസംഗത്തിലൂടെയും ഈ വളർച്ച സംഭവിക്കുന്നുണ്ട് . ചുരുക്കത്തിൽ, “സഭ, അവളുടെ പ്രബോധനത്തിലും, ജീവിതത്തിലും ആരാധനയിലും, തലമുറ തലമുറയായി സഭ തന്നെത്തന്നേയും, താൻ വിശ്വസിക്കുന്നവരെയും എന്നും നിലനിർത്തുകയും, എല്ലാ തലമുറകൾക്കുമായി പകർന്നു കൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.” (ദേയി വെർബും, 8)
ഇക്കാര്യത്തിൽ മഹാനായ വിശുദ്ധ ഗ്രിഗറിയുടെ പ്രസ്താവന ഏറെ പ്രസിദ്ധമാണ്: “വിശുദ്ധ തിരുവെഴുത്ത് അത് വായിക്കുന്നവരോടൊപ്പം വളരുന്നു.” “തിരുവെഴുത്തിലുടനീളം, പുരോഗതി പ്രാപിക്കുന്ന ദൈവത്തിന്റെ ഒരു പ്രഭാഷണവും, നിരവധി വിശുദ്ധരുടെ അധരങ്ങളിൽ പ്രതിധ്വനിക്കുന്ന ഒരു വചനം മാത്രമേയുള്ളൂ” എന്ന് വിശുദ്ധ അഗസ്റ്റിൻ ഇതിനകം സ്ഥിരീകരിച്ചിരുന്നു. അതിനാൽ, ദൈവവചനം നിർജ്ജീവമായി ശിലീഭവിച്ചിട്ടില്ല, മറിച്ച് പാരമ്പര്യത്തിൽ വികസിക്കുകയും, വളരുകയും ചെയ്യുന്ന ജീവനുള്ള, ജൈവ യാഥാർത്ഥ്യമാണ്. പരിശുദ്ധാത്മാവിന്റെ സഹായത്താൽ, പാരമ്പര്യം അതിന്റെ സത്യത്തിന്റെ സമ്പന്നതയിൽ ഉൾക്കൊള്ളുകയും ചരിത്രത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ഏകോപനങ്ങളിൽ ഉടലെടുക്കുകയും ചെയ്യുന്നു.
ഇതിനുള്ള ഒരു സൂചനയാണ് സഭയുടെ വേദപാരംഗതനായ ജോൺ ഹെൻറി ന്യൂമാൻ തന്റെ ‘ക്രിസ്തീയ പ്രബോധനത്തിന്റെ വികസനം’ എന്ന കൃതിയിൽ നിർദ്ദേശിച്ചത്.ക്രിസ്തുമതം ഒരു സാമൂഹിക അനുഭവമായും, പ്രബോധനമായും ഒരു ചലനാത്മക യാഥാർത്ഥ്യമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു, യേശു തന്നെ വിത്തിന്റെ ഉപമയിലൂടെ സൂചിപ്പിച്ചതുപോലെ: ഒരു ആന്തരിക ജീവശക്തിയാൽ പുരോഗമിക്കുന്ന ജീവിക്കുന്ന ഒരു യാഥാർത്ഥ്യമാണിത്.
അപ്പോസ്തലനായ പൗലോസ് തന്റെ ശിഷ്യനും സഹകാരിയുമായ തിമോത്തിയോസിനെ ആവർത്തിച്ച് ഉദ്ബോധിപ്പിക്കുന്നു: “തിമോത്തിയോസേ, നിന്നെ ഏൽപ്പിച്ചിരിക്കുന്ന നിക്ഷേപം കാത്തുസൂക്ഷിക്കുക” (1 തിമോത്തി 6:20; 2 തിമോത്തി 1:12, 14). “വിശുദ്ധ പാരമ്പര്യവും, വിശുദ്ധ തിരുവെഴുത്തും സഭയെ ഏൽപ്പിച്ചിരിക്കുന്ന ദൈവവചനത്തിന്റെ ഒരൊറ്റ നിക്ഷേപമാണ്” എന്ന് പ്രമാണരേഖ ദേയി വെർബും പ്രസ്താവിക്കുമ്പോൾ ഈ പൗലോസ് ശ്ളീഹായുടെ വാചകം പ്രതിധ്വനിക്കുന്നു. ഈ അധികാരം യേശുക്രിസ്തുവിന്റെ നാമത്തിലാണ് പ്രയോഗിക്കപ്പെടുന്നത്. (ദേയി വെർബും,10)
“നിക്ഷേപം” എന്നത് അതിന്റെ യഥാർത്ഥ രൂപത്തിൽ, നിയമപരമായ സ്വഭാവമുള്ള ഒരു പദമാണ്, കൂടാതെ ഉള്ളടക്കം സംരക്ഷിക്കാനും അത് കേടുകൂടാതെ കൈമാറാനുമുള്ള കടമ നിക്ഷേപകനിൽ ചുമത്തുന്നു, ഈ സാഹചര്യത്തിൽ ഈ നിക്ഷേപം വിശ്വാസവും, അതിനെ കേടുകൂടാതെ കൈമാറാനുള്ള കടമയുമാണ്.
ദൈവവചനത്തിന്റെ “നിക്ഷേപം” ഇന്നു സഭയുടെയും ,നമ്മുടെയും കൈകളിലാണ്, നമ്മുടെ വിവിധ സഭാ ശുശ്രൂഷകളിൽ നാമെല്ലാവരും, ചരിത്രത്തിന്റെയും നിലനിൽപ്പിന്റെയും സങ്കീർണ്ണതയിലൂടെയുള്ള യാത്രയിൽ വഴികാട്ടുന്ന ഒരു നക്ഷത്രം പോലെ, അതിന്റെ സമഗ്രതയിൽ അതിനെ സംരക്ഷിക്കുന്നത് തുടരണം.
ഉപസംഹാരമായി, പ്രിയ സുഹൃത്തുക്കളേ, വിശുദ്ധ തിരുവെഴുത്തുകളും പാരമ്പര്യവും തമ്മിലുള്ള പരസ്പര ബന്ധത്തെ ഉയർത്തിപ്പിടിക്കുന്ന ദേയി വെർബും നമുക്ക് വീണ്ടും ശ്രവിക്കാം. തനിച്ചു നിൽക്കാൻ സാധിക്കാത്ത വിധം, പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിൽ, അവ സ്വന്തം രീതിയിൽ ആത്മാക്കളുടെ രക്ഷയ്ക്ക് ഫലപ്രദമായി സംഭാവന ചെയ്തുകൊണ്ട്, അവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. (ദേയി വെർബും,10)

