വത്തിക്കാൻ: “മുഖവും ശബ്ദവും ഓരോ വ്യക്തിയുടെയും സ്വഭാവസവിശേഷതകളാണ്. അവ അവരുടെ ആവർത്തിക്കാനാവാത്ത സ്വത്വം പ്രകടമാക്കുന്നു, മാത്രമല്ല ഓരോ കണ്ടുമുട്ടലിന്റെയും ഘടനാപരമായ നിർമ്മിതിക്ക് സഹായകരവുമാകുന്നു”, ഈ വാക്കുകളോടെയാണ് അറുപതാമത് സാമൂഹ്യസമ്പർക്ക മാദ്ധ്യമദിനത്തിനു ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം ആരംഭിക്കുന്നത്. തന്റെ ഛായയിലും സാദൃശ്യത്തിലും നമ്മെ സൃഷ്ടിച്ച ദൈവം നമുക്ക് നൽകിയിരിക്കുന്ന നമ്മുടെ മുഖവും ശബ്ദവും പവിത്രമാണെന്നും, ഇത് യേശുവിന്റെ മനുഷ്യാവതാരത്തിൽ കൂടുതൽ അർത്ഥപൂർണ്ണമായിരിക്കുന്നുവെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
സൃഷ്ടിയുടെ നിമിഷം മുതൽ ദൈവിക സ്നേഹത്തിന്റെ പ്രതിഫലനം മനുഷ്യന്റെ മുഖത്തു പതിപ്പിച്ചതിനാൽ, മനുഷ്യമുഖങ്ങളും ശബ്ദങ്ങളും കാത്തുസൂക്ഷിക്കുക എന്നതിന്റെ അർത്ഥം ദൈവസ്നേഹത്തിന്റെ മായാത്ത പ്രതിഫലനമായ ഈ മുദ്രയെ കാത്തുസൂക്ഷിക്കുക എന്നാണെന്നും പാപ്പാ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു.
അതിനാൽ മാറുന്ന ഈ ലോകത്തിലെ യഥാർത്ഥ വെല്ലുവിളി, സാങ്കേതികതയുടേതല്ല, മറിച്ച് നരവംശശാസ്ത്രപരമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ സാങ്കേതികവിദ്യയും നിർമ്മിത ബുദ്ധിയും നല്കുന്ന അവസരങ്ങളെ ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും, വിവേചനത്തോടെയും സ്വാഗതം ചെയ്യുക എന്നതിനർത്ഥം വെല്ലുവിളികളെയും, അപകടസാധ്യതകളെയും മറച്ചുവെക്കുക എന്നതല്ലായെന്നും പാപ്പാ പറഞ്ഞു.വിമർശനാത്മകമായി കേൾക്കാനും ചിന്തിക്കാനുമുള്ള കഴിവിനെ ദുർബലപ്പെടുത്തുകയും സാമൂഹിക ധ്രുവീകരണം വർദ്ധിപ്പിക്കുകയും ചെയ്യുന്ന സാമൂഹിക മാധ്യമ വെല്ലുവിളികളെ വേർതിരിച്ചറിയുവാൻ മനുഷ്യന് സാധിക്കണമെന്നും, നമ്മുടെ വൈജ്ഞാനിക, വൈകാരിക, ആശയവിനിമയ കഴിവുകളെ ഇല്ലാതാക്കുന്ന നിർമ്മിതബുദ്ധിയുടെ അതിപ്രസരങ്ങളെ വിവേകപൂർണ്ണമായ ഉപയോഗത്തിലൂടെ നിയന്ത്രിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
മനുഷ്യന്റെ വിവിധ പ്രതിഭകളെ പോലും മാറ്റുരയ്ക്കുവാൻ സാധിക്കാത്തവണ്ണം, യന്ത്രങ്ങളുടെ കടന്നുവരവ് സൃഷ്ടിക്കുന്ന അപകടസാധ്യതകളെക്കുറിച്ചും പാപ്പാ മുന്നറിയിപ്പ് നൽകുന്നു.സർഗ്ഗാത്മക പ്രക്രിയ ഉപേക്ഷിക്കുകയും ഒരാളുടെ മാനസിക പ്രവർത്തനങ്ങളും ഭാവനയും യന്ത്രങ്ങൾക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നത് ദൈവത്തോടും മറ്റുള്ളവരോടും ചേർന്നുകൊണ്ട് നല്ല മനുഷ്യരായി വളരുന്നതിന് നമുക്ക് ലഭിച്ച കഴിവുകളെ കുഴിച്ചുമൂടുകയാണെന്നും, നമ്മുടെ മുഖം മറയ്ക്കുക, നമ്മുടെ ശബ്ദം ഇല്ലാതാക്കുക എന്നതാണ് ഇതിനർത്ഥമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
അതിനാൽ നമ്മെ ചൂഷണം ചെയ്യുന്ന സാങ്കേതികവിദ്യകളുടെ വേദനാജനകമായ പ്രത്യാഘാതങ്ങൾ സമൂഹങ്ങളുടെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ഘടനയെ തകർക്കുമെന്നും പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു. സമാന്തര “യാഥാർത്ഥ്യങ്ങൾ” കെട്ടിച്ചമച്ച്, നമ്മുടെ മുഖങ്ങളും ശബ്ദങ്ങളും പോലും പിടിച്ചെടുക്കുന്ന നിർമ്മിതബുദ്ധിയുടെ വഞ്ചനകളെ തിരിച്ചറിയണമെന്നും പാപ്പാ ഏവരെയും ആഹ്വാനം ചെയ്യുന്നു.
അതിനാൽ ആധുനിക കാലഘട്ടത്തിൽ നമ്മുടെ മുന്നിലുള്ള വെല്ലുവിളി ഡിജിറ്റൽ നവീകരണം തടയുകയല്ല, മറിച്ച് അതിനെ നയിക്കുക, അതിന്റെ ദ്വന്ദ്വാത്മക സ്വഭാവത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുക എന്നതാണെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു. ഇതിനു മൂന്ന് പ്രധാനപ്പെട്ട ഘടകങ്ങളും പാപ്പാ ചൂണ്ടികാണിക്കുന്നു: ഉത്തരവാദിത്തം, സഹകരണം, വിദ്യാഭ്യാസം. ഭാവിയെ കെട്ടിപ്പടുക്കുന്ന പ്രക്രിയയിൽ ഉത്തരവാദിത്വത്തിൽ നിന്നും ആർക്കും ഒഴിഞ്ഞു നിൽക്കുക സാധ്യമല്ലെന്നു പാപ്പാ ഓർമ്മിപ്പിക്കുന്നു.
മാനുഷിക അന്തസ്സിനോടുള്ള ബഹുമാനം ഉറപ്പാക്കാൻ ഉത്തരവാദികളായ ഭരണാധികാരികളും ശ്രദ്ധിക്കണമെന്ന് പാപ്പാ എടുത്തു പറയുന്നു. തെറ്റായതും കൃത്രിമവും തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഉള്ളടക്കത്തിന്റെ വ്യാപനം ഇപ്രകാരം നിയന്ത്രിക്കുവാൻ സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.
പരസ്പരമുള്ള സഹകരണത്തിൽ സുരക്ഷാ സംവിധാനങ്ങൾ സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്നും, ബോധപൂർവവും ഉത്തരവാദിത്തമുള്ളതുമായ ഡിജിറ്റൽ പൗരത്വം കെട്ടിപ്പടുക്കുന്നതിലും നടപ്പിലാക്കുന്നതിലും ഏവരും ഒന്നിച്ചുപ്രവർത്തിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്യുന്നു. അതിനാൽ കാര്യങ്ങളെ വിമർശനാത്മകമായി പ്രതിഫലിപ്പിക്കാനുള്ള നമ്മുടെ വ്യക്തിപരമായ ശേഷി വർദ്ധിപ്പിക്കുക, ഉറവിടങ്ങളുടെ വിശ്വാസ്യതയും നമ്മിലേക്ക് എത്തുന്ന വിവരങ്ങൾ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ സാധ്യതയുള്ള താൽപ്പര്യങ്ങളും വിലയിരുത്തുക, മനഃശാസ്ത്രപരമായ സംവിധാനങ്ങൾ മനസ്സിലാക്കുക, ആരോഗ്യകരവും കൂടുതൽ ഉത്തരവാദിത്തമുള്ളതുമായ ആശയവിനിമയ സംസ്കാരത്തിനുള്ള പ്രായോഗിക മാനദണ്ഡങ്ങൾ വികസിപ്പിക്കുക എന്നതിന് വിദ്യാഭ്യാസ രംഗം കാര്യക്ഷമമാക്കുന്നതിനുള്ള പ്രാധാന്യവും പാപ്പാ സന്ദേശത്തിൽ പ്രത്യേകം എടുത്തു പറയുന്നു.
ഇത്തരുണത്തിൽ, മാധ്യമ സാക്ഷരതയ്ക്കൊപ്പം എല്ലാ തലങ്ങളിലും വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ നിർമ്മിതബുദ്ധിയുടെ സാക്ഷരത അവതരിപ്പിക്കേണ്ടത് കൂടുതൽ അടിയന്തിരമാണെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു. ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റത്തെ അഭിമുഖീകരിക്കുമ്പോൾ, ആരെയും ഒഴിവാക്കാതെ എല്ലാവരിലേക്കും എത്തിച്ചേരുന്ന വിദ്യാഭ്യാസ സംരംഭങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
വ്യാവസായിക വിപ്ലവത്തിന്, പുതുമയോട് പ്രതികരിക്കാൻ ആളുകളെ അനുവദിക്കുന്നതിന് അടിസ്ഥാന സാക്ഷരത ആവശ്യമായതുപോലെ, ഡിജിറ്റൽ വിപ്ലവത്തിന് ഡിജിറ്റൽ സാക്ഷരത ആവശ്യമെന്നും പാപ്പാ പറഞ്ഞു.മനുഷ്യവ്യക്തിയെ വിശദീകരിക്കുവാൻ അവന്റെ മുഖവും, ശബ്ദവും ആവശ്യമാണെന്നും, യഥാർത്ഥ ആശയവിനിമയം മനുഷ്യൻ എന്ന സത്യം തന്നെയാണെന്നും പാപ്പാ ഉപസംഹാരമായി സന്ദേശത്തിൽ എടുത്തു പറഞ്ഞു.
