വത്തിക്കാൻ : ക്രാൻസ്-മൊന്താന അഗ്നിബാധയിൽ ഇരകളായവരുടെ പ്രിയപ്പെട്ടവർക്ക് സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ചും, അവർക്ക് ആശ്വാസം പകർന്നും ലിയോ പതിനാലാമൻ പാപ്പാ. അപകടത്തിൽ ഇരകളായവരുടെ ബന്ധുമിത്രാദികളായ വിവിധയിടങ്ങളിൽനിന്നുള്ള ആളുകൾക്ക് ജനുവരി 15 വ്യാഴാഴ്ച വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച പാപ്പാ, ഇത്രയധികം വലിയ ഒരു ദുരന്തത്തിൽ ഉത്തരമേകുന്നതും ആശ്വസിപ്പിക്കുന്നതും എളുപ്പമല്ലെന്നും, ക്രിസ്തുവിന്റെ മരണ.ഉത്ഥാനങ്ങളുമായി ബന്ധപ്പെട്ട ക്രൈസ്തവമായ വിശ്വാസത്തിനും പ്രത്യാശയ്ക്കുമേ അവ നമുക്ക് നൽകാനാകൂ എന്നും പ്രസ്താവിച്ചു.”എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു (മത്തായി 27, 46) എന്ന ദൈവപുത്രന്റെ നിലവിളിക്കുള്ള പിതാവിന്റെ ഉത്തരം ലഭിക്കുന്നത് മൂന്ന് ദിനങ്ങളുടെ നിശ്ശബ്ദതയ്ക്കപ്പുറമുള്ള മഹത്വപൂർണ്ണമായ പുനരുത്ഥാനത്തിലായിരുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
പെസഹായുടെ നിത്യമായ ആനന്ദത്തിലും പ്രകാശത്തിലുമാണ് യേശു ജീവിക്കുന്നതെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ, ക്രിസ്തുവിന്റെ ഉയിർപ്പ് നൽകുന്ന പ്രത്യാശയാണ് തനിക്ക് കൈമാറാനുള്ളതെന്ന് പ്രസ്താവിച്ച പാപ്പാ, സഭ ഈ മഹത്വപൂർണ്ണമായ ഉയിർപ്പിന്റെ സാക്ഷിയാണെന്നും, ഈ സംഭവമാണ് പ്രഘോഷിക്കുന്നതെന്നും ഓർമ്മിപ്പിച്ചു.
ഈ ലോക ജീവിതത്തിനുവേണ്ടി മാത്രമല്ല ക്രിസ്തുവിൽ പ്രത്യാശ വയ്ക്കേണ്ടതെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു (1 കോറിന്തോസ് 15, 19-20).ജീവിതത്തിന്റെ ഏറ്റവും അന്ധകാരമയമായ നിമിഷങ്ങളെപ്പോലും പ്രകാശമയമാക്കാൻ സാധിക്കുന്നതാണ് നമ്മുടെ വിശ്വാസമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, പ്രിയപ്പെട്ടവരുടെ മരണമോ, പരിക്കുകളോ ഉൾപ്പെടെ ഒന്നിനും ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ അകറ്റാനാകില്ലെന്ന് (റോമാ 8, 35) ഉദ്ബോധിപ്പിച്ചു.
കുരിശിൻ കീഴിൽ നിന്നിരുന്ന പരിശുദ്ധ അമ്മയുടേതുപോലെ നിങ്ങളുടെ ഹൃദയങ്ങളും ഇന്ന് മുറിവേറ്റതാണെന്ന് പറഞ്ഞ പാപ്പാ, വ്യാകുലമാതാവ് ഈ ദിവസങ്ങളിൽ നിങ്ങൾക്കരികിലുണ്ടെന്നും, ആ അമ്മയ്ക്കാണ് ഞാൻ നിങ്ങളെ സമർപ്പിക്കുന്നതെന്നും പ്രസ്താവിച്ചു.
സ്വിറ്റ്സർലണ്ടിലെ ക്രാൻസ്-മൊന്തന സ്കീ റിസോർട്ടിൽ ജനുവരി ഒന്നാം തീയതി പ്രഭാതത്തിൽ ഉണ്ടായ അപകടത്തിൽ നാൽപ്പതിലധികം യുവജനങ്ങൾ മരിക്കുകയും, നൂറോളം പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു.സംഭവത്തിൽ പ്രാദേശികമെത്രാനായച്ച എഴുത്തിലൂടെയും, വത്തിക്കാനിൽ നൽകിയ സന്ദേശങ്ങളിലൂടെയും ഇരകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും പാപ്പാ തന്റെ സാന്നിദ്ധ്യം ഉറപ്പുനൽകിയിരുന്നു.
