വത്തിക്കാന്: അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ മരണത്തിന്റെ എണ്ണൂറാം വാർഷികത്തിൽ, പൂർണ്ണദണ്ഡവിമോചനസാധ്യത അനുവദിച്ച് റോമൻ കൂരിയയുടെ അപ്പസ്തോലിക പെനിറ്റെൻഷ്യറി. വിശുദ്ധന്റെ മരണവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ പാപ്പാ, 2025-ലെ പ്രത്യാശയുടെ ജൂബിലിയുടെ അവസാനത്തിൽ, 2026 ജനുവരി 10 മുതൽ 2027 ജനുവരി 10 വരെ നീളുന്ന “പ്രത്യേക ഫ്രാൻസിസ്കൻ വർഷവും” പ്രഖ്യാപിച്ചു. ക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിരുനാൾ ആഘോഷിച്ചതിന് തലേന്ന്, ജനുവരി പത്താം തീയതിയാണ് പെനിറ്റെൻഷ്യറി ഇത്തരമൊരു ഡിക്രി പുറത്തുവിട്ടത്.
പതിവ് നിബന്ധനകൾക്ക് വിധേയമായിരിക്കും തങ്ങൾക്കുവേണ്ടിത്തന്നെയോ, ശുദ്ധീകരണസ്ഥലത്തുള്ള മരണമടഞ്ഞവർക്ക് വേണ്ടിയോ പൂർണ്ണദണ്ഡവിമോചനം നേടാനാകുക. കൗദാശിക കുമ്പസാരം, വിശുദ്ധ കുർബാന സ്വീകരണം, പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾ അനുസരിച്ചുള്ള പ്രാർത്ഥന എന്നിവയാണ് പ്രധാനമായി പൂർണ്ണദണ്ഡവിമോചനത്തിനുള്ള നിബന്ധനങ്ങൾ.
ഫ്രാൻസിസ്കൻ സഭംഗങ്ങൾക്കും, മറ്റുള്ള സമർപ്പിതർക്കും സാധാരണ എല്ലാ വിശ്വാസികൾക്കും നേടാനാകുന്ന ഈ ദണ്ഡവിമോചനത്തിന്റെ ഭാഗമായി, ഫ്രാൻസിസ്കൻ ദേവാലയങ്ങളോ, വിശുദ്ധന്റെ നാമധേയത്തിലുള്ളതോ, അതുമായി ബന്ധപ്പെട്ടതോ ആയ ഏതെങ്കിലും ദേവാലയത്തിൽ, ഫ്രാൻസിസ്കൻ വർഷത്തിന്റെ ഭാഗമായുള്ള തീർത്ഥാടനം നടത്തുകയും, ഭക്തികൃത്യങ്ങൾ ചെയ്യുകയും, ഫ്രാൻസിസ് അസ്സീസിയെപ്പോലെ ആളുകളിൽ മറ്റുള്ളവർക്ക് നേർക്കുള്ള കരുണ വർദ്ധിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുകയും, സ്വർഗ്ഗസ്ഥനായ പിതാവേ, വിശ്വാസപ്രമാണം, പരിശുദ്ധ അമ്മയുടെ പ്രാർത്ഥനാഭ്യർത്ഥന, വിശുദ്ധ ഫ്രാൻസിസ് അസ്സീസി, വിശുദ്ധ ക്ലെയർ, ഫ്രാൻസിസ്കൻ കുടുംബത്തിലെ വിശുദ്ധർ എന്നിവരോടുള്ള അപേക്ഷ, തുടങ്ങിയവയും ഡിക്രി അനുശാസിക്കുന്നുണ്ട്.
വയോധികരും, രോഗികളും, അവരെ ശുശ്രൂഷിക്കുന്നവരും, ഗൗരവതരമായ കാരണങ്ങളാൽ പുറത്തിറങ്ങാൻ സാധിക്കാത്തവരുമായ ആളുകൾക്കും, പാപങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയും, പതിവായുള്ള മൂന്ന് നിബന്ധനങ്ങൾ കഴിയുന്നതും വേഗം ചെയ്യാനുള്ള തീരുമാനമെടുത്തും, അദ്ധ്യാത്മികമായി ഫ്രാൻസിസ്കൻ വർഷത്തിലെ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്കും, പൂർണ്ണദണ്ഡവിമോചനം നേടാനാകും.
റോമൻ കൂരിയയുടെ മൂന്ന് ജുഡീഷ്യൽ സ്ഥാപനങ്ങളിൽ ഒന്നാണ് അപ്പസ്തോലിക് പെനിറ്റൻഷ്യറി. കത്തോലിക്കാ സഭയുടെ പരമോന്നത കോടതിയും റോമൻ ക്യൂറിയയിലെ ഏറ്റവും പഴയ ഡികാസ്റ്ററികളിൽ ഒന്നുമാണ് ഇത്.
