എഡിറ്റോറിയൽ/ ജെക്കോബി
ഭരണനേട്ടങ്ങളുടെ അതിശയകരമായ ചമല്ക്കാര പ്രചാരണത്തിലും വ്യക്തിപൂജയുടെ ആഖ്യാനനിര്‍മിതിയിലും ബ്രാന്‍ഡിങ്ങിലും മോദിയുടെ ഗേബല്സിയന് പ്രൊപ്പഗാന്ത മെഷിനറിയുടെ ‘നവകേരള’ പതിപ്പു പോലുള്ള പിണറായി വിജയന്റെ പ്രചാരണതന്ത്രങ്ങള്‍ കോടിക്കണക്കിനു രൂപയുടെ ഹോര്‍ഡിങ്ങുകളും എല്‍ഇഡി ഡിജിറ്റല്‍ ഡിസ്പ്ലേ സ്ക്രീനുകളും കെഎസ്ആര്‍ടിസി ബസുകളിലെയും ട്രെയിനുകളിലെയും ചലിക്കുന്ന പരസ്യങ്ങളും നവമാധ്യമങ്ങളിലെ ഗൂഗിള്‍ ആഡ്സ് സാധ്യതകളും താണ്ടി സംസ്ഥാനത്തെ ഹൈസ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള ‘ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്’ തലംവരെ എത്തിനില്‍ക്കുമ്പോഴും, അതിദാരിദ്ര്യമുക്തിയിലെന്നപോലെ സര്‍ക്കാര്‍ പ്രഖ്യാപനവും ജീവിതയാഥാര്‍ഥ്യവും തമ്മിലുള്ള വൈരുധ്യം കേരളത്തിലെ ജനങ്ങളെ വലിയ ആശയക്കുഴപ്പത്തിലാക്കുന്നു.
സംസ്ഥാനത്തെ ക്രൈസ്തവ സമൂഹങ്ങളിലെ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക പിന്നാക്കാവസ്ഥ പഠിക്കാന്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പേ പിണറായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന് 2023 മേയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ 284 ശുപാര്‍ശകളുടെയും 45 ഉപശുപാര്ശകളുടെയും കാര്യത്തില്‍ 220 എണ്ണം 17 സര്‍ക്കാര്‍ വകുപ്പുകള്‍ പൂര്‍ണമായി നടപ്പാക്കിക്കഴിഞ്ഞുവെന്നും ഏഴു ശുപാര്‍ശകള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കായി പാകപ്പെടുത്തിക്കൊണ്ടിരിക്കയാണെന്നും ബന്ധപ്പെട്ടവരുടെ സമ്മേളനം ഫെബ്രുവരി ആറിന് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന് തുടര്‍നടപടികളെടുക്കുമെന്നും ഇതു സംബന്ധിച്ച ഉന്നതതല അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി വെളിപ്പെടുത്തിയത് ഭ്രമാത്മകമായ മിഥ്യാകല്പനയുടെ ഒന്നാന്തരം പുതുവത്സര പരിഹാസക്കൂത്താണ്.
പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേരള ഹൈക്കോടതി ആക് ടിങ് ചീഫ് ജസ്റ്റിസ്, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ചെയര്മാന് എന്നീ പദവികള്‍ വഹിച്ച ജസ്റ്റിസ് ജേക്കബ് ബെഞ്ചമിന്‍ കോശി അധ്യക്ഷനും, മുന്‍ രാഷ് ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന് ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, റിട്ട. ഡിജിപി ജേക്കബ് പുന്നൂസ് എന്നിവര്‍ അംഗങ്ങളും, ജില്ലാ ജഡ്ജി സി.വി ഫ്രാന്‍സിസ് മെംബര്‍ സെക്രട്ടറിയുമായി രൂപവത്കരിച്ച കമ്മിഷന് സംസ്ഥാനത്ത് മേഖലാതലത്തില്‍ സിറ്റിങ് നടത്തി ബന്ധപ്പെട്ടവരുമായി സംവദിച്ചും മൊഴിശേഖരിച്ചും വിവിധ ക്രൈസ്തവ സഭകളും സംഘടനകളും സമര്‍പ്പിച്ച 4.87 ലക്ഷം നിവേദനങ്ങളും നിര്‍ദേശങ്ങളും പരിശോധിച്ചും സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്നേവരെ പുറത്തുവിട്ടിട്ടില്ല. നിയമസഭയില്‍ മേശപ്പുറത്തുവയ്ക്കുകയോ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിലോ മറ്റോ പ്രസിദ്ധീകരിക്കുകയോ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവര്‍ക്ക് യുക്തിസഹമായ മറുപടി നല്‍കുകയോ ചെയ്യാതെ, കഴിഞ്ഞ 32 മാസമായി അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ ‘സംസ്ഥാന, കേന്ദ്ര നിയമഭേദഗതികളോ കോടതി അനുമതിയോ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ അംഗീകാരമോ ആവശ്യമുള്ള ഏതാനും ചില വിഷയങ്ങള്‍ ഒഴികെ’ മറ്റെല്ലാ ശുപാര്‍ശകളും സര്‍ക്കാര്‍ നടപ്പാക്കിയെന്നാണ് അവകാശവാദം.
കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍, കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് എന്നിവ ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സഭാനേതൃത്വവും ബന്ധപ്പെട്ട സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിട്ടും പുറത്തുവിടാത്ത കമ്മിഷന് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്രോഡീകരിച്ച് ഫിഷറീസ്, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം തുടങ്ങി വിവിധ വകുപ്പുകള്‍ക്ക് 2023ല്‍ തന്നെ കൈമാറിയതായും, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പൊതുഭരണവകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന മൂന്നംഗ സമിതി ശുപാര്‍ശകള്‍ വിലയിരുത്തി നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കുന്നതായും ഇടയ്ക്കെങ്ങോ വാര്‍ത്താകുറിപ്പുകള്‍ പുറത്തുവന്നിരുന്നു.
2025 ഫെബ്രുവരിയില്‍ നിയമസഭയില്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹിമാന് പറഞ്ഞത് കമ്മിഷന്റെ ശുപാര്‍ശകള്‍ പരിശോധിച്ചുകൊണ്ടിരിക്കയാണെന്നും കാബിനറ്റിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കേണ്ട അന്തിമ രേഖ തയാറായിട്ടില്ല എന്നുമാണ്. പിന്നീട് ഏതെങ്കിലും മന്ത്രിസഭാ യോഗ തീരുമാനങ്ങളില്‍ കോശി കമ്മിഷന് ശുപാര്‍ശകളില്‍ ഏതെങ്കിലുമൊന്ന് നടപ്പാക്കുന്നതിനെക്കുറിച്ചോ ഇതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെയോ വകുപ്പുമന്ത്രിമാരുടെയും എന്തെങ്കിലും തീര്പ്പുകളെക്കുറിച്ചോ വകുപ്പുതല ഉത്തരവുകളെക്കുറിച്ചോ ഒരു വാര്‍ത്താകുറിപ്പും ഔദ്യോഗികമായി വന്നതായി ഒരു രേഖയുമില്ല. കമ്മിഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ്, ആ റിപ്പോര്‍ട്ടിലെ മിക്ക ശുപാര്‍ശകളും സര്‍ക്കാര്‍ നടപ്പാക്കിയതായി മുഖ്യമന്ത്രിതന്നെ വെളിപ്പെടുത്തുന്നത്. ഗുണഭോക്താക്കളായ ക്രൈസ്തവ സമൂഹങ്ങളില്‍ ആരുംതന്നെ അറിയാതെ എത്ര ഗോപ്യമായാകണം ഇത്ര ബൃഹത്തായ ക്ഷേമപദ്ധതികള്‍ പിണറായി ഭരണകൂടം നടപ്പാക്കിക്കളഞ്ഞത്!
സുതാര്യത, കണക്കുബോധിപ്പിക്കല്‍, വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള സംവാദം എന്നിങ്ങനെയുള്ള അടിസ്ഥാനതത്വങ്ങളൊന്നും മാനിക്കാത്തവണ്ണമാണ് 2017ലെ ഓഖി ദുരന്തം മുതല്‍, കോവിഡ് കാലത്തെയും പ്രകൃതിദുരന്തങ്ങളുടെയും ദുരിതാശ്വാസ, ‘നവകേരള’ പുനരധിവാസ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള കണക്കുകളും അവകാശവാദങ്ങളും ഇടതുമുന്നണി സര്‍ക്കാര്‍ അവതരിപ്പിച്ചുവന്നിട്ടുള്ളത്. യുക്തിയോ സ്പഷ്ടതയോ ന്യായമോ ഒന്നുംതന്നെ ബാധകമല്ലാത്തവണ്ണമുള്ള പ്രസ്താവങ്ങള്‍. മറുചോദ്യങ്ങളോട് പരമ പുച്ഛവും അസഹിഷ്ണുതയും വികലമായ ഉപരോധങ്ങളും.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് തദ്ദേശഭരണ തിരഞ്ഞെടുപ്പിലുമുണ്ടായ കനത്ത തിരിച്ചടികളും ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെയുള്ള നിരവധി അഴിമതി ആരോപണങ്ങളുടെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും പേറി, നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ ക്രൈസ്തവ ന്യൂനപക്ഷത്തോട് പ്രത്യേക കരുതല്‍ കാണിക്കണമെന്നുണ്ടെങ്കില്‍ ഈ ഒളിച്ചുകളികൊണ്ട് ആര്‍ക്കാണ് പ്രയോജനം? കുറച്ചുകൂടി വകതിരിവും നേരും നെറിവുമാണ് ഒരു ജനകീയ ഭരണകൂടത്തില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
പരിവര്‍ത്തിത ക്രൈസ്തവര്‍, ദലിത് ക്രൈസ്തവര്‍, ആംഗ്ലോ-ഇന്ത്യന്‍ വിഭാഗം ഉള്‍പ്പെടുന്ന ലത്തീന്‍ സമൂഹം, തീരപ്രദേശത്തും കുട്ടനാട്ടിലും മലയോരത്തുമായി തൊഴിലും ഉപജീവനവും ഭൗതികസൗകര്യങ്ങളും പാരിസ്ഥിതിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളും പരിമിതികളും നിറഞ്ഞ മേഖലകളില്‍ താമസിക്കുന്നവര്‍ എന്നിവരടക്കം പ്രത്യേക പരിഗണനയും ക്ഷേമനടപടികളും നിയമസംരക്ഷണവും അര്‍ഹിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി സാമൂഹിക നീതിയും ന്യൂനപക്ഷ അവകാശങ്ങളും ഉറപ്പുവരുത്തുന്നതിന് ഭരണപരമായ സവിശേഷ ഇടപെടല്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നത്?
രാജ്യത്തെ മുസ് ലിം സമൂഹത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്കു പരിഹാരം നിര്‍ദേശിക്കുന്നതിന് 2005ല്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് നിയമിച്ച രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കേരളത്തില്‍ നടപ്പാക്കുന്നതിന് 2008ല്‍ അച്യുതാനന്ദന് സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിക്കുകയും തദ്ദേശവകുപ്പ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദുകുട്ടി അധ്യക്ഷനായി ഹൈപവര്‍ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് മുസ് ലിം ക്ഷേമ ബോര്ഡുണ്ടായതും, വിവിധ തലങ്ങളില്‍ പഠിക്കുന്ന മുസ് ലിം വിദ്യാര്‍ഥികള്‍ക്കും, ഡിഗ്രി, പിജി, പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് മുസ് ലിം പെണ്‍കുട്ടികള്‍ക്കും സ്കോളര്‍ഷിപ്പും ഹോസ്റ്റല്‍ സ്റ്റൈപെന്‍ഡും മറ്റും ലഭിച്ചുതുടങ്ങിയതും. പിന്നീട്, മുസ്ലിം വിദ്യാര്‍ഥികളോടൊപ്പം 80:20 അനുപാതത്തില്‍ ലത്തീന്‍ ക്രൈസ്തവര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും സ്കോളര്‍ഷിപ് അനുവദിക്കുകയുണ്ടായി.
എന്നാല്‍ 2021 മേയില്‍ കേരള ഹൈക്കോടതി, ന്യൂനപക്ഷ സ്കോളര്‍ഷിപ് ജനസംഖ്യാ അനുപാതം അനുസരിച്ച് സംസ്ഥാനത്തെ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും തുല്യ പരിഗണനയോടെ വിതരണം ചെയ്യണമെന്ന് വിധിച്ചു. ഇതനുസരിച്ച് ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് മുസ് ലിം ക്വാട്ട 80 ശതമാനത്തില്‍ നിന്ന് 58.67 ശതമാനമായി കുറഞ്ഞു, ക്രൈസ്തവ ന്യൂനപക്ഷ ക്വാട്ട മൊത്തത്തില്‍ 40.6 ശതമാനമായി. സിഖ്, ബൗദ്ധ, പാര്‍സി, ജൈന വിഭാഗങ്ങള്‍ക്ക് 0.73 ശതമാനം ക്വാട്ടയ്ക്ക് അര്‍ഹത കൈവന്നു. വിദേശ യൂണിവേഴ്സിറ്റികളില്‍ യുജി, പിജി, പിഎച്ച്ഡി പഠനത്തിന് അഞ്ചു ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നുണ്ട്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും 10 ശതമാനം ഇഡബ്ല്യുഎസ് സംവരണ നിയമം മോദി സര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ രാജ്യത്ത് ഏറ്റവുമാദ്യം 2020 ഒക്ടോബറില്‍ അത് പൂര്‍ണമായ തോതില്‍ നടപ്പാക്കിയത് പിണറായി സര്‍ക്കാരാണ് – പ്ലസ് ടുവിനും മെഡിക്കല്‍, പാരാമെഡിക്കല്‍ കോഴ്സുകള്‍ക്കും വരെ ഇഡബ്ല്യുഎസ് സംവരണം അനുവദിക്കുകയും പിഎസ് സി നിയമനങ്ങളിലും അതു നടപ്പാക്കുകയും ചെയ്തത് അസാധാരണമായ വേഗത്തിലാണ്. ജനറല്‍ കാറ്റഗറിയില്‍ നിന്ന് 10 ശതമാനം ഇഡബ്ല്യുഎസ് സംവരണത്തിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ മുന്‍ ജില്ലാ ജഡ്ജി കെ. ശശിധരന് നായര്‍ അധ്യക്ഷനായ രണ്ടംഗ കമ്മിഷനെ നിയമിക്കാനും കമ്മിഷന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച് നടപ്പാക്കാനും സര്‍ക്കാര്‍ കാണിച്ച തിടുക്കം ജെ.ബി കോശി കമ്മിഷന്റെ കാര്യത്തില്‍ കാണാനില്ല എന്നത് ആശ്ചര്യകരമാണ്. 80:20 ന്യൂനപക്ഷ സ്കോളര്‍ഷിപ് അനുപാതം റദ്ദായപ്പോഴും അശാസ്ത്രീയമായ മാനദണ്ഡങ്ങളോടെ ഇഡബ്ല്യുഎസ് സംവരണം നടപ്പാക്കിയപ്പോഴും അതിന്റെ പാര്‍ശ്വഫലങ്ങള്‍ കുറെയൊക്കെ അനുഭവിക്കേണ്ടിവന്ന വിഭാഗങ്ങളില്‍ ലത്തീന്‍ കത്തോലിക്കാ സമൂഹവും ഉള്‍പ്പെട്ടിരുന്നു.
സര്‍ക്കാര്‍ സര്‍വീസില്‍ പരിവര്‍ത്തിത ക്രൈസ്തവര്‍, നാടാര്‍ തുടങ്ങിയ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് നികത്തുന്നതിന് സ്പെഷല്‍ റിക്രൂട്ട്മെന്റ്, ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി ആനുകൂല്യങ്ങള്‍, സര്‍ക്കാര്‍ നിയമനങ്ങളില്‍ ലത്തീന്‍ കത്തോലിക്ക, ദലിത് ക്രൈസ്തവ പ്രാതിനിധ്യം സംബന്ധിച്ച പഠനത്തിന് പ്രത്യേക സമിതി, പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സംവരണം നാലു ശതമാനത്തില്‍ നിന്ന് ആറു ശതമാനമായി വര്‍ധിപ്പിക്കുകയും ഇത് ലത്തീന്‍-ആംഗ്ലോ ഇന്ത്യന്‍, നാടാര്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ എന്നിങ്ങനെ 3:2:1 എന്ന അനുപാതത്തില്‍ വിഭജിക്കുക, സ്വാശ്രയ മെഡിക്കല്‍, നഴ്സിങ്, പാരാമെഡിക്കല്‍ കോളജുകളിലെ ഗവണ്മെന്റ് സീറ്റുകളില്‍ 20% കമ്യൂണിറ്റി ക്വാട്ടയായി സ്ഥാപന മാനേജ്മെന്റ് പ്രതിനിധാനം ചെയ്യുന്ന സമുദായത്തിനായി വിട്ടുനല്‍കുക, തീരമേഖലയിലും മലയോരത്തുമുള്ള ന്യൂനപക്ഷ കോളജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുക, കേരള മദ്രസ ടീച്ചേഴ്സ് വെല്‍ഫെയര്‍ ഫണ്ടിനു സമാനമായ രീതിയില്‍ സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കായി ക്ഷേമ പദ്ധതികള്‍ ആരംഭിക്കുക, ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ ക്രൈസ്തവര്‍ക്ക് ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ജസ്റ്റിസ് കോശി കമ്മിഷന് ശുപാര്ശകളിലുണ്ടെന്ന് ചില റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരുന്നു.
സര്‍ക്കാര്‍ അംഗീകരിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചാലേ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കാര്യങ്ങള്‍ വിശകലനം ചെയ്യാനും ഭേദഗതികള്‍ നിര്ദേശിക്കാനുമാകൂ. സര്‍ക്കാര്‍ ഏകപക്ഷീയമായും നിഗൂഢമായും നടപടികളെടുക്കുന്നത് ആര്‍ക്കുവേണ്ടിയാണ്?
കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി ആര് എന്ന സിഎം മെഗാ ക്വിസ് ചോദ്യത്തിന് ഉത്തരം പറയാന്‍ കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ കൈപ്പുസ്തകം തിരയേണ്ടതില്ലെങ്കിലും, അത്തരം വ്യാജ ആഖ്യാനങ്ങള്‍ക്കു പിന്നിലെ കൊടിയ പൊരുത്തക്കേടുകളെ ചോദ്യം ചെയ്യാന്‍ അവരെ ആരു പഠിപ്പിക്കും?
സാമൂഹ്യസുരക്ഷാവലയത്തില് ഉള്‍പ്പെടാത്ത അദൃശ്യരായ 64,006 അതിദരിദ്ര ‘കുടുംബങ്ങളെ’ കണ്ടെത്തി അഞ്ചുവര്‍ഷം കൊണ്ട് അവരെ ദാരിദ്ര്യമുക്തമാക്കിയ കഥ പിണറായി സര്‍ക്കാരിന്റെ ചരിത്രനേട്ടമായി ഉദ്ഘോഷിക്കുമ്പോള്‍, ആദിവാസി ഊരുകളിലെയും തീരദേശത്തെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലെയും പട്ടിണിയുടെ കണക്കുകള്‍ എന്തിനു മറച്ചുവയ്ക്കണം? കേരളത്തിലെ എട്ടു ലക്ഷം മത്സ്യത്തൊഴിലാളികളില്‍ 68% പേര് ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്ന് 2022-ലെ ഗ്രീന്‍പീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആദിവാസി കുടുംബങ്ങളില്‍ 80 ശതമാനവും ദുരിതാവസ്ഥയിലാണ്. പതിനാലാമത് പഞ്ചവത്സര പദ്ധതി റിപ്പോര്‍ട്ടില്‍ കേരളത്തിലെ 105 ലക്ഷം അസംഘടിത തൊഴിലാളികളില്‍ 48 ലക്ഷം പേര് സാമൂഹികസുരക്ഷയോ പറയത്തക്ക വരുമാനമോ ഇല്ലാത്തവരാണെന്നും, 22 ലക്ഷം പേര്‍ക്ക് സാമൂഹ്യസുരക്ഷ അപര്യാപ്തമായ തോതിലാണെന്നും, 35 ലക്ഷം പേര് പലതരത്തില്‍ അരക്ഷിതാവസ്ഥ നേരിടുന്നവരാണെന്നും പറയുന്നുണ്ട്.
രാജ്യത്ത് ജയില്‍പുള്ളികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ദിവസനവേതനം നല്കുന്ന സംസ്ഥാനം പിണറായിയുടെ കേരളമാണ്. ജയിലിലെ വിദഗ്ധ തൊഴിലാളികള്‍ക്ക് 620 രൂപയാണ് പുതുക്കിയ വേതനം. ആശ വര്‍ക്കര്‍മാരുടെ ദിവസക്കൂലി ഇപ്പോഴും 400 രൂപയാണ്; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 369 രൂപയും! ക്രൈസ്തവ മാനേജ്മെന്റിനു കീഴിലുള്ളവരടക്കം 16,000 എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് വര്‍ഷങ്ങളായി ദിവസ വേതനം പോലും നിഷേധിക്കുന്ന അവസ്ഥ തുടരുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. എയ്ഡഡ് ടീച്ചര്‍മാര്‍ക്ക് തടവുപുള്ളികളെക്കാള് 180 രൂപ അധിക വേതനത്തിന് സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടല്ലോ എന്നാവും മന്ത്രി ശിവന്‍കുട്ടിയുടെ വാങ്മയം!

