വത്തിക്കാൻ: ലോകസമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനയും പരിശ്രമങ്ങളും മുന്നോട്ടുവയ്ക്കുന്ന ലിയോ പതിനാലാമൻ പാപ്പാ, 2025-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനജേതാവ് മരിയ കൊറീന മച്ചാദോയ്ക്ക് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. ജനുവരി 12 തിങ്കളാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ചാണ്, വെനസ്വേലയിലെ ദേശീയ അസംബ്ലി മുൻ അംഗം കൂടിയായ ശ്രീമതി മച്ചാദോയും പാപ്പായും തമ്മിലുള്ള ഈ കൂടിക്കാഴ്ച നടന്നത്.
രാഷ്ട്രീയ പ്രവർത്തകയും, മനുഷ്യാവകാശപ്രവർത്തകയുമായ മച്ചാദോ, വെനസ്വേലയിലെ “വെന്തേ വെനസ്വേല” എന്ന ലിബറൽ പാർട്ടിയുടെ നേതാവാണ്. മദൂറോ ഗവണ്മെന്റിനെതിരായി പ്രവർത്തിച്ചുവരുന്ന മച്ചാദോ, വെനസ്വേലയിൽനിന്ന് രക്ഷപെട്ട് നോബൽ സമ്മാനം സ്വീകരിക്കാനായി ഓസ്ലോയിലെത്തിയിരുന്നു. ശ്രീമതി മച്ചാദോ ഈയാഴ്ച വാഷിങ്ടണിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഒരു കൂടിക്കാഴ്ചയ്ക്കെത്തുമെന്ന് ട്രമ്പ് പ്രസ്താവിച്ചിരുന്നു.
വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മദൂറോയെയും ഭാര്യ ചിലിയ ഫ്ലോറെസിനെയും അമേരിക്കൻ സൈന്യം ജനുവരി 3-ന് തട്ടിക്കൊണ്ടുപോയിരുന്നു. മയക്കുമരുന്ന് കടത്തും മയക്കുമരുന്നുമായി ബന്ധപ്പെട്ട തീവ്രവാദപ്രവർത്തനങ്ങളും ചുമത്തപ്പെട്ട പ്രസിഡന്റ് മദൂറോ അമേരിക്കയിലെ ബ്രൂക്ലിനിലുള്ള മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലാണ്.
പ്രസിഡന്റ് മദൂറോ പിടിക്കപ്പെട്ടതിന് പിറ്റേന്ന് ജനുവരി നാലിന് വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നടത്തിയ അവസരത്തിൽ, താൻ, “ഉത്കണ്ഠ നിറഞ്ഞ മനസ്സോടെയാണ്” അവിടുത്തെ കാര്യങ്ങൾ നോക്കിക്കാണുന്നതെന്ന് പാപ്പാ പ്രസ്താവിച്ചിരുന്നു. മദൂറോയെ പിടിക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന പ്രവർത്തനങ്ങളിൽ വെനസ്വേലയുടെയും ക്യൂബയുടെയും മിലിട്ടറി പ്രവർത്തകരും സാധാരണക്കാരുമുൾപ്പെടെ എൺപത് പേരോളം മരണമടഞ്ഞിരുന്നു.
ജനുവരി 9-ന്, വത്തിക്കാനിലേക്കുള്ള നയതന്ത്രപ്രതിനിധികൾക്കനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെ, രാജ്യത്ത് വര്ഷങ്ങളായി തുടരുന്ന പ്രതിസന്ധിയിൽനിന്ന് കരകയറുന്നതിനും, നീതി, സത്യം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയിൽ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും വേണ്ടി പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തിരുന്നു.
