കൊച്ചി: സാർവ്വത്രിക കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ലിയോ പതിനാലാമൻ പാപ്പ ഇന്ത്യ സന്ദർശിച്ചേക്കും.2026 അവസാനമോ, 2027ലോ ആയിരിക്കും സന്ദർശനം . ഡിസംബർ 15ന് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ നേതൃത്വത്തിലുള്ള സിറോ മലബാർ സഭയുടെ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ സന്ദർശിക്കാനുള്ള താൽപര്യം അറിയിക്കുകയായിരുന്നു .
സന്ദർശനം സ്ഥീരികരിക്കുന്നതിനായി കേന്ദ്രസർക്കാർ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കേണ്ടതുണ്ട്.
2024 ജൂണിൽ ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് പാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. 2021-ലെ വത്തിക്കാൻ സന്ദർശന വേളയിലും അദ്ദേഹം ഇത്തരമൊരു ക്ഷണം നടത്തിയിരുന്നു. എന്നാൽ പുതിയ പാപ്പാ ചുമതലയേറ്റ സാഹചര്യത്തിൽ അദ്ദേഹത്തെ സർക്കാർ ഔദ്യോഗിക ക്ഷണിക്കേണ്ടതുണ്ട്.
‘ഇന്ത്യ സന്ദർശനത്തിനായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പാപ്പാ അറിയിച്ചിട്ടുണ്ട്. ഇനി കേന്ദ്ര സർക്കാരാണ് നടപടികൾ സ്വീകരിക്കേണ്ടത്. സന്ദർശനം നടക്കുകയാണെങ്കിൽ അദ്ദേഹം കേരളവും സന്ദർശിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.പാപ്പായാകുന്നതിന് മുമ്പ് ലിയോ പതിനാലാമൻ മൂന്ന് തവണ കേരളം സന്ദർശിച്ചിട്ടുണ്ട്. കൊച്ചി, ആലുവ, വരാപ്പുഴ എന്നിവിടങ്ങളിൽ അദ്ദേഹം എത്തിയിരുന്നു. അതുകൊണ്ടുതന്നെ ഈ മണ്ണുമായി അദ്ദേഹത്തിന് വൈകാരികമായ ഒരു ബന്ധമുണ്ട്,’ സിറോ മലബാർ സിനഡ് സെക്രട്ടറി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
1964-ൽ മുംബൈയിലെത്തിയ പോൾ ആറാമനായിരുന്നു ഇന്ത്യ സന്ദർശിച്ച ആദ്യ പാപ്പാ . ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 1986 ഫെബ്രുവരിയിൽ കേരളം സന്ദർശിച്ചു . സിസ്റ്റർ അൽഫോൻസാമ്മയെയും കുര്യാക്കോസ് ഏലിയാസ് ചാവറയച്ചനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു . കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലും ദിവ്യബലി അർപ്പിച്ചു. 1999 നവംബറിൽ ജോൺ പോൾ രണ്ടാമൻ വീണ്ടും ഇന്ത്യയിലെത്തിയിരുന്നു .

