ലെബനൻ :ആയുധങ്ങളുടെ ശബ്ദം ചുറ്റും ഇടിമുഴക്കുകയും, ദൈനംദിന ജീവിതത്തിന്റെ ആവശ്യങ്ങൾ തന്നെ ഒരു വെല്ലുവിളിയായി മാറുകയും ചെയ്യുമ്പോഴും, പ്രത്യാശ പ്രകടിപ്പിക്കാനും, അത് ജീവിക്കുവാനും പ്രാർത്ഥന നമ്മെ ശക്തിപ്പെടുത്തുന്നുവെന്നു പാപ്പാ.
നിഷ്കളങ്കമായി, ക്ഷമയുടെയും കരുണയുടെയും പുനരുജ്ജീവന ശക്തി വിജയിപ്പിക്കുന്നതിന് സാഹോദര്യത്തെ ഊട്ടിയുറപ്പിക്കുന്ന ഒരു ജീവിതത്തിനു ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ ഹാരിസയിലെ ലെബനൻ മാതാവിന്റെ ദേവാലയത്തിൽ മെത്രാന്മാർ, വൈദികർ, സമർപ്പിതർ, അജപാലകർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇങ്ങനെ സന്ദേശം നൽകിയത്.
തന്റെ യാത്രയുടെ ലോഗോയിൽ എടുത്തുകാണിക്കുന്ന നങ്കൂരത്തിന്റെ അടയാളം, വിശ്വാസത്തിന്റെ അടയാളം ആണെന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും പാപ്പാ അനുസ്മരിച്ചു. നമ്മുടെ ജീവിതത്തിന് സ്വർഗ്ഗത്തിൽ ഒരു നങ്കൂരമുണ്ടെന്ന് അടിയുറച്ചു വിശ്വസിക്കണമെന്നും, ഇതാണ് സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള മാർഗമെന്നും പാപ്പാ പറഞ്ഞു. ദേവദാരു മരങ്ങളുടേതുപോലെ ശക്തവും ആഴമേറിയതുമായ ഈ വേരുകളിൽ നിന്ന് ഏവരെയും സ്നേഹിക്കുവാൻ അപ്രകാരം നമുക്ക് സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ക്രിസ്ത്യാനികളും മുസ്ലീങ്ങളും ലെബനീകളും ഒരുമിച്ചുവസിക്കുന്നതിന്റെ മനോഹാരിത എടുത്തു പറഞ്ഞ പാപ്പാ, പരസ്പരം പങ്കുവയ്ക്കുന്നത് നമ്മെയെല്ലാം സമ്പന്നരാക്കുകയും ദൈവത്തോട് കൂടുതൽ അടുപ്പിക്കുകയും ചെയ്യുന്നുവെന്നു കൂട്ടിച്ചേർത്തു.

