ലേഖനം / ഡോ. ജേക്കബ് പ്രസാദ്
ദരിദ്രരോടുള്ള മുന്‍ഗണനാപരമായ താത്പര്യം ഈ ലേഖനത്തില്‍ ഊന്നിപ്പറയുന്നു.
അതേസമയം ‘ഈ മുന്‍ഗണന’ ഇതര വിഭാഗങ്ങളില്പെട്ടവരോടു വിവേചനം കാട്ടുകയോ
അവരെ ഒഴിവാക്കുകയോ അല്ല; അത് ദൈവത്തിനു സാധ്യമാകില്ലല്ലോ. ഈ മുന്‍ഗണനയുടെ
അര്‍ഥം മനുഷ്യരാശിയുടെ ദാരിദ്ര്യത്തിന്റെയും ദൗര്‍ബല്യത്തിന്റെയും
മേലുള്ള ദൈവത്തിന്റെ അനുകമ്പ എന്നതാണ്. നീതിയുടെയും സാഹോദര്യത്തിന്റെയും
ഐകമത്യത്തിന്റെയും ആയ ഒരു ദൈവരാജ്യം ഉദ്ഘാടനം ചെയ്യുക എന്ന ലക്ഷ്യത്തോടെ
പ്രവര്‍ത്തിക്കുന്ന ദൈവത്തിനു വിവേചനം അനുഭവിക്കുകയും
മര്ദ്ദിതരായിരിക്കുകയും ചെയ്യുന്ന ജനത്തിന് തന്റെ ഹൃദയത്തില്‍ പ്രത്യേക
സ്ഥാനമുണ്ട്. അതിനാല്‍ ദൈവം ഏറ്റവും ദുര്ബലരായവരോടു വിപ്ലവാത്മകമായ
രീതിയില്‍ പെരുമാറാന്‍ തന്റെ സഭയോട് ആവശ്യപ്പെടുന്നു.

പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ പാപ്പായുടെ ആദ്യത്തെ അപ്പസ്തോലിക
ആഹ്വാനമായ ‘ഞാന്‍ നിന്നെ സ്നേഹിച്ചു’ (ദിലേക്സി തേ) 2025 ഒക്ടോബര്‍
ഒന്‍പതാം തീയതി പ്രസിദ്ധീകൃതമായി. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ
തിരുനാള്‍ ദിനമായ ഒക്ടോബര്‍ നാലാം തീയതി പരിശുദ്ധ പിതാവ് അത്
ഒപ്പുവച്ചിരുന്നു. ദരിദ്രരോടുള്ള ക്രിസ്തുവിന്റെ സ്നേഹത്തില്‍
കേന്ദ്രീകരിച്ചുള്ള ഈ ലേഖനം ആവശ്യങ്ങളില്‍ ഇരിക്കുന്ന ആളുകളോടുള്ള സഭയുടെ
പ്രതിജ്ഞാബദ്ധതയ്ക്ക് ഊന്നല്‍ നല്കുന്നു; അതിനായി സഭയെ ക്ഷണിക്കുന്നു.
‘ദരിദ്രരോടുള്ള സ്നേഹം’ എന്നതാണ് ഇതിന്റെ ഉപശീര്‍ഷകം. ‘ഞാന്‍ നിന്നെ
സ്നേഹിച്ചു’ (ദിലേക്സി തേ) എന്ന ഉക്തി ബൈബിളില്‍ മൂന്നിടങ്ങളിലാണ്
കൃത്യമായി കാണുന്നത്: ഏശ 43:4; ജറെ 31:3; വെളി 3:9. ഈ അപ്പസ്തോലിക
ആഹ്വാനം ദരിദ്രരോടുള്ള സ്നേഹത്തെ സംബന്ധിച്ച് എല്ലാ ക്രിസ്ത്യാനികളെയും
അഭിസംബോധന ചെയ്തിട്ടുള്ളതാണ്. ഈ വിഷയം വിശുദ്ധ ലിഖിതത്തിന്റെയും സഭാ
പ്രബോധനങ്ങളുടെയും വിശുദ്ധരുടെ സാക്ഷ്യങ്ങളിലൂടെയും അവലോകനം
ചെയ്യപ്പെടുന്നു.
അല്പം ചരിത്രം
ഫ്രാന്‍സിസ് പാപ്പായുടെ നാലാമത്തെ ചാക്രിക ലേഖനമായ ‘അവന് നമ്മെ
സ്നേഹിച്ചു’ (ദിലേക്സി നോസ്) പുറത്തുവന്നത്
2024 ഒക്ടോബര്‍ 24-ാം തീയതി ആയിരുന്നു. യേശുക്രിസ്തുവിന്റെ ദൈവികവും
മാനുഷികവുമായ സ്നേഹത്തെക്കുറിച്ചായിരുന്നു അത് പ്രതിപാദിച്ചത്. ഏതാണ്ട്
അതിന്റെ പിന്തുടര്ച്ച എന്നപോലെ ലെയോ പാപ്പായുടെ ഈ ലേഖനം വരുന്നു.
ആമുഖത്തില്‍ പറയുന്നതനുസരിച്ച് ഈ ലേഖനത്തിന്റെ ആദ്യ കരട് രൂപം
ഫ്രാന്‍സിസ് പാപ്പാ തന്നെ എഴുതിയിരുന്നു. ലെയോ പാപ്പാ അത്
പൂര്‍ത്തീകരിക്കുകയാണ് ചെയ്തത്. അപ്പോള്‍ ഇത് ഇരുകരങ്ങളാല്‍
രചിക്കപ്പെട്ടത് എന്ന് കണക്കാക്കാവുന്നതാണ്. ഈ ലേഖനത്തിന്റെ 150
ഉദ്ധരണികളില്‍ 57 എണ്ണം പാപ്പാ ഫ്രാന്‍സിസിന്റെ കൃതികളില്‍ നിന്നാണ്.
ആമുഖത്തില്‍ തന്നെ ലെയോ പാപ്പാ എഴുതുന്നു: ‘ക്രിസ്തുവിനോടുള്ള സ്നേഹവും
ദരിദ്രരോടു താല്പര്യം പുലര്‍ത്താനുള്ള ആഹ്വാനവും തമ്മിലുള്ള
അടുത്തബന്ധം എല്ലാ ക്രിസ്ത്യാനികളും ആദരിച്ച് അംഗീകരിക്കണമെന്ന എന്റെ
പ്രിയപ്പെട്ട മുന്‍ഗാമിയുടെ
ആഗ്രഹത്തില്‍ ഞാനും പങ്കുചേരുന്നു’ (ഖണ്ഡിക 3).
മുഖ്യ വിഷയം

ദാരിദ്ര്യം ആണ് ഈ ലേഖനത്തിന്റെ മുഖ്യവിഷയം. അതിന്റെ ഘടനാപരവും
സാര്‍വത്രികവുമായ വശങ്ങളെക്കുറിച്ച് ചര്‍ച്ച നടക്കുന്നു. അത് ലോകത്തിലെ
എല്ലാ സമൂഹങ്ങളെയും ബാധിക്കുന്നു. അസമത്വങ്ങളെ നിലനിര്‍ത്തുന്നതിനെയും
വര്‍ധിപ്പിക്കുന്നതിനെയും ഈ ലേഖനം നിശിതമായി വിമര്‍ശിക്കുന്നു. ദാരിദ്യം
ഉന്മൂലനം ചെയ്യുന്നതിനു ശ്രമങ്ങള്‍ നടക്കുന്നെങ്കിലും അവയൊന്നും
തൃപ്തികരമാകുന്നില്ല. മാത്രമല്ല ഒരുപാട് പേരെ ഒഴിവാക്കുന്ന തരത്തിലുള്ള
സംവിധാനങ്ങള്‍ വര്‍ധിച്ചുവരികയും അതു ദാരിദ്ര്യത്തിന് മറ്റൊരു രൂപമായി
മാറുകയും ചെയ്യുന്നു; അതും തുല്യമായ രീതിയില്‍ അപകടകരമാണ്. എന്താണ്
പരിഹാരം?
ദരിദ്രരോടുള്ള കൃത്യമായ പ്രതിജ്ഞാബദ്ധത; മാത്രമല്ല, ആഭിമുഖ്യങ്ങളുടെ
തലത്തിലുള്ള പരിവര്‍ത്തനം; അതാണ് സാംസ്കാരികമായ പരിവര്‍ത്തനത്തിന്
കാരണമാകുന്നത്. ഇവ രണ്ടും ആവശ്യമാണ്: കൃത്യമായ പദ്ധതികളുടെ ആസൂത്രണവും
നിര്‍വഹണവും മനോഭാവ വ്യത്യാസംവഴിയുള്ള സാംസ്കാരികപരിവര്ത്തനത്തിനും.
ആമുഖത്തിനുശേഷം ഈ ആഹ്വാനത്തിന് 5 അധ്യായങ്ങളാണുള്ളത്.
- ദരിദ്രരുടെ വിലാപം
ഒന്നാം അധ്യായത്തില്‍ ദാരിദ്ര്യത്തിന്റെ വിവിധ രൂപങ്ങള്‍
വിവരിക്കപ്പെടുന്നു. ദാരിദ്ര്യം ഒരു ഘടനാപരമായ യാഥാര്‍ഥ്യമാണെന്ന് ലേഖനം
പറയുന്നു: ഒഴിവാക്കല്‍, അസമത്വം, അവകാശങ്ങളുടെ നഷ്ടം എന്നിവയാണ് അതിന്റെ
കൃത്യമായ ലക്ഷണങ്ങള്‍. ‘മാനവ ചരിത്രത്തില്‍ ദരിദ്രരുടെ അവസ്ഥ ഒരു വിലാപം
ആണ്. അത് നിരന്തരം നമ്മുടെ ജീവിതങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രീയ
സാമ്പത്തിക സംവിധാനങ്ങളെയും, ഇങ്ങേയറ്റം സഭയെയും വെല്ലുവിളിക്കുന്നു’.
കൂടുതല്‍ കൃത്യമായി ദരിദ്രരുടെയും ദാരിദ്ര്യത്തിന്റെയും വിവിധ മുഖങ്ങളെ
കാണേണ്ടതുണ്ട്: ജീവിക്കാനുള്ള അടിസ്ഥാനപരമായ ഭൗതിക വസ്തുക്കളുടെ കുറവ്
മൂലമുള്ള ദാരിദ്ര്യം, സമൂഹത്തില്‍ പാര്ശ്വവല്ക്കരിക്കപ്പെടുകയും
തങ്ങളുടെ മാഹാത്മ്യത്തിനും കഴിവുകള്‍ക്കും യോജിച്ചവിധം
ജീവിക്കാനാവാത്തതരം ദാരിദ്ര്യം, സന്മാര്ഗപരവും ആധ്യാത്മികവുമായ
ദാരിദ്ര്യം, സാംസ്കാരിക ദാരിദ്ര്യം, വ്യക്തിപരവും സാമൂഹ്യവും ആയ
ബലഹീനതയോ ഉറപ്പില്ലായ്മയോ കൊണ്ടുള്ള ദാരിദ്ര്യം, അവകാശങ്ങളോ സ്ഥലങ്ങളോ
സ്വാതന്ത്ര്യമോ ഇല്ലാത്തതരം ദാരിദ്ര്യം’ (9). ‘ചില സാമ്പത്തിക നിയമങ്ങള്‍
ഫലപ്രദമായ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്; എന്നാല്‍, സമഗ്രമായ മാനുഷിക
വികാസത്തിന് (integral human development) സഹായികമായിട്ടില്ല. സമ്പത്ത്
വര്‍ധിച്ചിട്ടുണ്ട്, അതോടൊപ്പം അസമത്വവും. അതിന്റെ അനന്തരഫലമായി പുതിയ
രൂപത്തിലുള്ള ദാരിദ്ര്യവും കടന്നുവരുന്നു. ആധുനിക ലോകം ദാരിദ്ര്യം
കുറച്ചു എന്നു പറയുമ്പോള്‍ ഭൂതകാലത്തുനിന്നുള്ള മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തില്‍ ദാരിദ്ര്യം
വിലയിരുത്തപ്പെടുമ്പോഴാണ്; യഥാര്‍ഥത്തില്‍ ഇന്നത്തെ യാഥാര്‍ഥ്യത്തിന്റെ
അടിസ്ഥാനത്തിലല്ല’ (13).

ദരിദ്രരെത്തന്നെ തങ്ങളുടെ അവസ്ഥയ്ക്ക് കാരണമായി പഴിക്കുന്ന തരത്തിലുള്ള
വാദങ്ങളെ ലേഖനം തള്ളിക്കളയുന്നു. ദാരിദ്ര്യത്തിന്റെ കൂടുതല്‍ ആഴത്തിലുള്ള
കാരണങ്ങള്‍ കണ്ടെത്താന്‍ ലേഖനം ആഹ്വാനം ചെയ്യുന്നു. അത് സാമൂഹ്യമായ
പരിവര്‍ത്തനത്തിന് ഇടവരുത്തണം; ധനത്തെയും മനുഷ്യമാഹാത്മ്യത്തെയും
സംബന്ധിച്ച കാഴ്ചപ്പാടുകളില്‍ വ്യത്യാസം ഉണ്ടാകണം.
- ദരിദ്രരോടു മുന്‍ഗണനാപരമായ താത്പര്യം
ദൈവത്തിനു ദരിദ്രജനത്തോടുള്ള സവിശേഷതാത്പര്യം ബൈബിള്‍
വ്യാഖ്യാനിച്ചുകൊണ്ട് രണ്ടാം അധ്യായത്തില്‍
പാപ്പാ ചൂണ്ടിക്കാണിക്കുന്നു. പാവപ്പെട്ടവരോടു ദൈവം ‘മുന്‍ഗണനാപരമായ
താത്പര്യം’ (preferential option for the poor) കാണിച്ചിരുന്നു എന്നും
അവിടുത്തെ സഭ അത് അനുകരിക്കാന്‍ ബാധ്യസ്ഥയാണെന്നും പാപ്പാ പറയുന്നു:
‘നീതിയുടെയും സാഹോദര്യത്തിന്റെയും ഐകമത്യത്തിന്റെയും ഒരു രാജ്യം
സ്ഥാപിക്കാന്‍ ഉദ്ദേശിച്ച ദൈവത്തിന്റെ ഹൃദയത്തില്‍ വിവേചനം
അനുഭവിക്കുന്നവര്‍ക്കും മര്‍ദ്ദിതര്‍ക്കും സവിശേഷസ്ഥാനമുണ്ട്; അതിനാല്‍
അവിടുന്ന് തന്റെ സഭയോട് അതീവ ദുര്ബലരായവര്ക്കുവേണ്ടി നിര്‍ണായകവും
വിപ്ലവാത്മകവുമായ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ ആവശ്യപ്പെടുന്നു’ (16).
ദൈവപുത്രനായ യേശു സ്വയം ശൂന്യവല്‍ക്കരിച്ച് മനുഷ്യനായി തീര്‍ന്നു;
ദരിദ്രനായി ജീവിച്ചു; ദരിദ്രരോടും ഒഴിവാക്കപ്പെട്ടവരോടും പ്രത്യേക പരിഗണന
കാട്ടി. ‘ദരിദ്രനായിത്തീരുകയും ദരിദ്രരോടും പുറന്തള്ളപ്പെട്ടവരോടും
സമീപസ്ഥനായിരിക്കുകയും ചെയ്ത ക്രിസ്തുവിലുള്ള വിശ്വാസമാണ് സമൂഹത്തില്‍
ഏറ്റവും തിരസ്കൃതരായവരുടെ സമഗ്രവികസനത്തിനോടുള്ള നമ്മുടെ താത്പര്യത്തിന്
കാരണമായിരിക്കുന്നത്’ (23). യേശുവിന്റെ ദാരിദ്ര്യവും അവസാന വിധിയില്‍
ദരിദ്രരോടും അയല്ക്കാരോടുമുള്ള കരുണ നിര്‍ണായകമാകുന്നതും ഒക്കെ
ശ്രദ്ധേയമാണ്. അങ്ങനെയെങ്കില്‍
കരുണയും നീതിയും അവഗണിക്കത്തക്കവിധത്തിലുള്ള ഒരു ആരാധനയും വിശ്വാസ
ജീവിതവും ഇല്ല. പഴയനിയമത്തിലും പുതിയനിയമത്തിലും കാണുന്നതുപോലെ ചൂഷണവും
അന്യായമായ ധനവും അപലപിക്കപ്പെടണം. ആദിമ ക്രൈസ്തവ സമൂഹങ്ങള്‍ അതിന്
ഉദാഹരണമാണ്; പങ്കുവെക്കലും അതീവ ദുര്‍ബലരായവരെ സഹായിക്കുകയും ചെയ്യുക
എന്നത് അവരുടെ പതിവായിരുന്നു.
- ദരിദ്രര്‍ക്കായി ഒരു സഭ
‘ദരിദ്രര്‍ക്കായി ഒരു സഭ’ എന്നതാണ് മൂന്നാം അധ്യായത്തിന്റെ
തലക്കെട്ടുതന്നെ. സഭയുടെ സ്വത്വം ഒഴിവാക്കാന്‍ ആവാത്തവിധം അവള്
ദരിദ്രരുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ആദ്യകാല ക്രിസ്ത്യാനികള്‍
മുതല്‍ പിതാക്കന്മാര് വരെയുള്ള കാലഘട്ടത്തില്‍ അപ്രകാരമാണ്. പ്രഥമ
രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്‍, ഡീക്കന്‍ ലോറന്‍സ് എന്നിവര്‍
ദരിദ്രരുടെ ശുശ്രൂഷകര്‍ ആയിരുന്നു. റോമന്‍ അധികാരികളുടെ മുമ്പില്‍
ലോറന്‍സ് ദരിദ്രരെ കൊണ്ടുവന്നു നിര്‍ത്തിക്കൊണ്ടു പറഞ്ഞു, ‘ഇവരാണ് സഭയുടെ
സമ്പത്ത്.’ അങ്ങനെ അവര്‍, ഡീക്കന്മാര് എന്ന നിലയില്‍ ആദിമസഭയില്‍
കാരുണ്യത്തിന്റെ ശുശ്രൂഷകള്‍ ചെയ്തുകൊണ്ട് തങ്ങളുടെ ദൗത്യം
പൂര്‍ത്തിയാക്കി. ആദ്യകാല പിതാക്കന്മാരായ അന്തിയോക്യയിലെ വിശുദ്ധ
ഇഗ്നേഷ്യസ്, സ്മിര്‍ണായിലെ വിശുദ്ധ പൊളികാര്‍പ്പ്, രക്തസാക്ഷിയായ
ജസ്റ്റിന് എന്നിവര്‍ ക്രൈസ്തവര്‍ ചെയ്യേണ്ട കാരുണ്യ
പ്രവൃത്തികളെക്കുറിച്ച് ഊന്നിപ്പറയുന്നു.

ഈ ആഹ്വാനത്തിന്റെ ചില ഭാഗങ്ങള്‍ മുഴുവനും വിശുദ്ധ ജോണ്‍
ക്രിസോസ്റ്റോമിന്റെയും വിശുദ്ധ അഗസ്റ്റിന്റെയും സുവിശേഷപ്രസംഗങ്ങളുടെയും
പുസ്തകങ്ങളുടെയും ദീര്‍ഘമായ ഉദ്ധരണികളാല്‍ നിറയുന്നു. അവയിലൊക്കെ
ദാനധര്‍മ്മം നീതിയുടെ ഒരു പ്രവര്‍ത്തനമായി ചിത്രീകരിക്കപ്പെടുന്നു.
അപ്രകാരം ചെയ്യാന്‍ ക്രൈസ്തവര്‍ ബാധ്യസ്ഥരാണ്. ഉപവി എന്നത് ഐച്ഛികമായ
ഒന്നല്ല, മറിച്ച് ശരിയായ ആരാധനയുടെ അവശ്യഘടകമാണ്. ‘അഗസ്റ്റിനെ
സംബന്ധിച്ച് ദരിദ്രര്‍ കേവലം സഹായിക്കപ്പെടേണ്ട ഒരു കൂട്ടരല്ല; അവര്‍
കര്‍ത്താവിന്റെ കൗദാശിക സാന്നിധ്യമാണ്’ (44).
തുടര്‍ന്ന് സംവിധാനതലത്തില് ക്രമപ്പെടുത്തപ്പെട്ടിട്ടുള്ള കാര്യങ്ങള്‍
ലേഖനം വിശകലനം ചെയ്യുന്നു: രോഗീപരിചരണം, സന്ന്യാസാശ്രമങ്ങളിലെ
അതിഥിസേവയും സഹായവും, അടിമകളെ വീണ്ടെടുക്കുന്നത്, സുവിശേഷാത്മക
ദാരിദ്ര്യം വഴിയുള്ള സാക്ഷ്യം, ജനകീയമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍
തുടങ്ങിയവ. ഇവയ്ക്കെല്ലാം സംഘടനാത്മകമായി നേതൃത്വം നല്‍കിയിട്ടുള്ള
വിശുദ്ധര്‍ പരാമര്‍ശിക്കപ്പെടുന്നു: സിപ്രിയന്, ദൈവത്തിന്റെ യോഹന്നാന്,
കമില്ലസ് ദേ ലെല്ലിസ്, ലൂയിസ് ദേ മാരിലാക്, മഹാനായ ബേസില്‍,
നോര്ച്ചായിലെ ബെനഡിക്ട്, ജോണ്‍ ദേ മാതാ, ഫെലിക്സ് ഓഫ് വലോയിസ്, പീറ്റര്‍
നോളാസ്കോ, പെഞ്ഞാഫോര്ത്തിലെ റെയ്മണ്ട്, അസ്സീസിയിലെ ഫ്രാന്‍സിസ്,
അസ്സീസിയിലെ ക്ലാരാ, ഡോമിനിക് ദേ ഗുസ്മാന്, ജോസഫ് കലാസാന്സ്,
മര്‍സെലിന്‍ ഷാംപെങ്ങാട്ട്, ജോണ്‍ ബോസ്കോ, ജോണ്‍ ബാപ്റ്റിസ്റ്റ്
സ്കലാബ്രീനി, ഫ്രാന്‍സെസ് കബ്രീനി, ദുള്ച്ചേ ഓഫ് ദ പൂവര്‍, ബെനഡിക്ട്
മെന്നി, ചാള്‍സ് ദേ ഫുക്കോ, കാതറിന് ദ്രെക്സല്, കല്ക്കട്ടായിലെ തെരേസ,
ഓസ്കാര്‍ റോമേറോ, ജോണ്‍ പോള്‍ രണ്ടാമന്, മഹാനായ ഗ്രിഗറി, ഗ്രിഗറി
നസ്സിയാന്‍സന്‍ എന്നിവര്‍. ഇങ്ങനെ മുപ്പതില്‍പ്പരം വിശുദ്ധര്‍
ലേഖനത്തില്‍ അവതരിപ്പിക്കപ്പെടുന്നു. ഇവരുടെ വാക്കുകളും പ്രവൃത്തികളും
ദരിദ്രരും രോഗികളും കാരാഗൃഹവാസികളും അനഭ്യസ്തരും പ്രവാസികളും
കുടിയേറ്റക്കാരും അഭയാര്‍ഥികളും ഒക്കെ ആയവരെ ശുശ്രൂഷിക്കാനുള്ള
പ്രചോദനവും മാതൃകയും ആകുന്നു.
സമകാലിക യാഥാര്‍ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഘടനാപരമായ അനീതി
തുടച്ചുനീക്കുന്നതിന് ജനകീയ സംരംഭങ്ങള്‍ നിര്‍വഹിക്കുന്ന പ്രവൃത്തികളെ
രേഖ അംഗീകരിക്കുന്നു; അവ ഇക്കാര്യത്തില്‍ സഹകാരികളാണ് എന്നു പറയുന്നു. ഈ
ജനകീയ നേതാക്കള്‍ക്ക് ഒരു കാര്യം അറിയാം: ഐകമത്യം എന്നു പറഞ്ഞാല്‍,
‘ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും ഘടനാപരമായ കാരണങ്ങള്‍ക്ക്
എതിരായി പോരാടുക എന്നതാണ്: ജോലിയില്ലായ്മ, സ്വന്തമായി സ്ഥലവും ഭവനവും
ഇല്ലാതിരിക്കുക, സാമൂഹികവും തൊഴില്‍പരവുമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുക
എന്നിവ. അതു പണത്തിന്റെ സാമ്രാജ്യത്തിന്റെ ദോഷകരമായ അനന്തരഫലങ്ങള്‍ക്ക്
എതിരായി നിലകൊള്ളുക എന്നതത്രേ. ഐകമത്യം, ആഴത്തില്‍ മനസ്സിലാക്കിയാല്‍,
അത് ചരിത്രം സൃഷ്ടിക്കുന്നതിനു തുല്യമാണ്; ജനകീയ പ്രസ്ഥാനങ്ങള്‍
ഇതുതന്നെയാണ് ചെയ്യുന്നത്’ (81).
- തുടരുന്ന ചരിത്രം
ദരിദ്രരെക്കുറിച്ചുള്ള സഭയുടെ ഈ താത്പര്യം ഇക്കഴിഞ്ഞ 150 വര്‍ഷങ്ങളുടെ
സാമൂഹ്യ പ്രബോധനത്തിന്റെ തുടര്‍ച്ചയാണെന്നു നാലാം അധ്യായം
സമര്‍ഥിക്കുന്നു. സാമൂഹ്യനീതി നടപ്പാക്കണം എന്ന ചിന്തയുള്ള സഭയുടെ വിവിധ
പ്രബോധനങ്ങള്‍ പരാമര്‍ശവിധേയമാകുന്നു: റേരും നൊവാരും (പുതിയ
കാര്യങ്ങളെക്കുറിച്ച്, ലെയോ പതിമൂന്നാമന്‍ , 1871) മാത്തെര്‍ എത്ത്
മജിസ്ത്ര (മാതാവും ഗുരുനാഥയും, ജോണ്‍ ഇരുപത്തിമൂന്നാമന്‍ 1961),
പോപ്പുലോരും പ്രോഗ്രസിയോ (ജനതകളുടെ പുരോഗതി, പോള്‍ ആറാമന്‍, 1967),
സൊളിസിത്തൂദോ റെയ് സോഷ്യാലിസ് (സാമൂഹ്യ ഔല്‍സുക്യം, ജോണ്‍ പോള്‍
രണ്ടാമന്, 1987), ലാബോരെം എക്സര്സെന്സ് (തൊഴിലിന്റെ മാഹാത്മ്യം,
ജോണ്‍ പോള്‍ രണ്ടാമന്, 1981) കാരിത്താസ് ഇന്‍ വെരിത്താത്തെ (സത്യത്തില്‍
സ്നേഹം, ബെനഡിക്ട് പതിനാറാമന്‍, 2009) എന്നിവയും രണ്ടാമത്തെ വത്തിക്കാന്‍
കൗണ്‍സിലിന്റെ പ്രമാണ രേഖകളും. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍
ദര്‍ശിച്ച ‘ദരിദ്രരുടെ സഭ’ എന്നതാണ് ഇവയ്ക്കെല്ലാം അടിസ്ഥാനമായുള്ളത്.
കൗണ്‍സിലിനെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ എഴുതുന്നു: ‘തനിക്കും തന്റെ
കുടുംബത്തിനും ആവശ്യത്തിനു മതിയാകുന്നത്ര വസ്തുക്കള്‍ സ്വന്തമാക്കാന്‍
ഓരോരുത്തനും അവകാശമുണ്ട് …. അങ്ങേയറ്റം ആവശ്യസ്ഥിതിയിലാകുന്നവന്
മറ്റുള്ളവരുടെ സ്വത്തില്‍നിന്നു തനിക്കാവശ്യമുള്ളത് എടുക്കാന്‍
അവകാശമുണ്ട്’. ഭൗതികവസ്തുക്കളുടെ പൊതുവായ ഭാഗധേയം സംബന്ധിച്ച നിയമത്തില്‍
അധിഷ്ഠിതമായൊരു സാമൂഹ്യസ്വഭാവം സ്വകാര്യസ്വത്തിനു സ്വതേയുണ്ട്.
ഇതവഗണിക്കപ്പെട്ടാല് സ്വകാര്യസ്വത്ത് ധനക്കൊതിയും ഗൗരവമായ അസ്വസ്ഥതയും
സൃഷ്ടിക്കാനുള്ള കാരണമായി ഭവിക്കുന്നു’ (86; സഭ ആധുനിക ലോകത്തില്‍ 69,
71). കൗണ്‍സിലിനെ തുടര്‍ന്നുവന്ന പ്രാദേശിക കൗണ്‍സിലുകളും അതേ
ആഭിമുഖ്യങ്ങള്‍ സ്വീകരിച്ചു. ഉദാഹരണത്തിന്, മെഡെലിന്, പ്യൂബ്ല, സാന്റോ
ഡൊമിംഗോ, അപാരെസിഡ എന്നിവിടങ്ങളിലെ ലത്തീന്‍ അമേരിക്കന്‍
കോണ്‍ഫറന്‍സുകള്‍. അവരുടെ ഭാഷ്യപ്രകാരം ദാരിദ്ര്യവും അസമത്വവും
ഘടനാത്മകമായ പാപമാണ് (‘structures of sin’). ദുര്‍ബലരെ ഒഴിവാക്കുന്ന
സാമ്പത്തിക ഘടനകള്വഴിയായി ഇത്തരത്തിലുള്ള ഘടനാത്മക പാപം
ബലപ്പെടുത്തപ്പെടുന്നു.

- നിരന്തരമുള്ള വെല്ലുവിളി
ദരിദ്രരോടുള്ള താത്പര്യം നിരന്തരമുള്ള വെല്ലുവിളിയായി അഞ്ചാം അധ്യായം
അവതരിപ്പിക്കുന്നു. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ദരിദ്രരോടുള്ള കരുതല്‍
കേവലം സമൂഹത്തിലെ ഒരു പ്രശ്നം പരിഹരിക്കുന്ന രീതിയില്‍ ആകാന്‍ പാടില്ല.
കാരണം, ദരിദ്രര്‍ നമ്മുടെ കുടുംബത്തിന്റെ ഭാഗമാണ്; അവര്‍ നമ്മില്‍തന്നെ
ഉള്ളവരാണ്. ദരിദ്രരോടുള്ള ബന്ധം കേവലം മറ്റൊരു സഭാത്മക പ്രവൃത്തിയായി
കണക്കാക്കാനും പാടില്ല (104).
‘ദരിദ്രരെ സംരക്ഷിക്കുക’ എന്നത് സഭയുടെ നിലനില്‍ക്കുന്ന അടയാളവും
ക്രൈസ്തവികതയുടെ തന്നെ സ്വത്വവും ആണ്. ദരിദ്രരോട് പുലര്‍ത്തുന്ന
നിസ്സംഗമനോഭാവം ക്രൈസ്തവമായ ഒന്നല്ല. ഘടനാപരമായ നീതി നിര്‍വഹണത്തിനും
സ്നേഹത്തിന്റെ പ്രവൃത്തികള്‍ക്കുമായി ലേഖനം ആഹ്വാനം ചെയ്യുന്നു.
‘ക്രൈസ്തവസ്നേഹം എല്ലാ അതിര്‍വരമ്പുകളെയും ലംഘിക്കുന്നു; വിദൂരത്ത്
ആയിരിക്കുന്നവരെ അത് സമീപത്തേക്കു കൊണ്ടുവരുന്നു; അപരിചിതരെ ഒരുമിച്ച്
ചേര്‍ക്കുന്നു; ശത്രുക്കളെ രമ്യതപ്പെടുത്തുന്നു…. സ്വഭാവത്താല്‍തന്നെ
ക്രൈസ്തവസ്നേഹം പ്രവചനാത്മകമാണ്; അത് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു,
അതിന് അതിര്‍വരമ്പുകളില്ല. പ്രത്യക്ഷത്തില്‍ സാധ്യമല്ലെന്നു തോന്നുന്നവ
അത് സാധ്യമാക്കുന്നു. സ്നേഹം എന്നത് എല്ലാറ്റിനുമുപരി ജീവിതത്തെ
നോക്കിക്കാണുന്ന ഒരു രീതിയാണ്; അതൊരു ജീവിതശൈലിയാണ്. സ്നേഹത്തിനു
പരിധികള്‍ വയ്ക്കാത്തതും പോരാടാന്‍ ശത്രുക്കള്‍ ഇല്ലാത്തതും
സ്നേഹിക്കാന്‍ മാത്രം സ്ത്രീപുരുഷന്മാരുമുള്ള ഒരു സഭയെയാണ് ഇന്നത്തെ
ലോകത്തിന് ആവശ്യം’ (120).
ഉപസംഹാരം
പ്രവാസികളോടും കുടിയേറ്റക്കാരോടും അഭയാര്‍ഥികളോടും അനുഭാവപൂര്‍വം
പെരുമാറാനുള്ള ആഹ്വാനം ആണ് ഇതിന്റെ സവിശേഷത എന്നു പറയാം. അമേരിക്കന്‍
മെത്രാന് സമിതി അപ്രകാരം അഭിപ്രായപ്പെട്ടു. ദി ന്യൂ റിപ്പബ്ലിക് ഇതിനെ
വിമോചനദൈവശാസ്ത്രത്തിന്റെ വിജയമായി കണക്കാക്കുന്നു. അമേരിക്കക്കാരനായ
പാപ്പാ ലത്തീന്‍ അമേരിക്കയില്‍ പ്രവര്‍ത്തിച്ചതിന്റെ അനന്തരഫലമാണിത്.
അദ്ദേഹത്തിന് യാഥാര്‍ഥ്യങ്ങള്‍ മനസ്സിലായിട്ടുണ്ട് എന്ന് അവര്‍
നിരീക്ഷിക്കുന്നു; ഒരര്‍ഥത്തില്‍ വിമോചനദൈവശാസ്ത്രം ഗൗരവമായ വിമര്‍ശനം
കൂടാതെ പുനഃപ്രതിഷ്ഠിക്കപ്പെടുന്നു എന്നു പറയാം. ദരിദ്രരോടുള്ള
മുന്‍ഗണനാപരമായ താത്പര്യം ഈ ലേഖനത്തില്‍ ഊന്നിപ്പറയുന്നു.
അതേസമയം ‘ഈ മുന്‍ഗണന’ ഇതര വിഭാഗങ്ങളില്പെട്ടവരോടു വിവേചനം കാട്ടുകയോ അവരെ
ഒഴിവാക്കുകയോ അല്ല; അത് ദൈവത്തിനു സാധ്യമാകില്ലല്ലോ. ഈ മുന്‍ഗണനയുടെ
അര്‍ഥം മനുഷ്യരാശിയുടെ ദാരിദ്ര്യത്തിന്റെയും ദൗര്‍ബല്യത്തിന്റെയും
മേലുള്ള ദൈവത്തിന്റെ അനുകമ്പ എന്നതാണ്. നീതിയുടെയും സാഹോദര്യത്തിന്റെയും
ഐകമത്യത്തിന്റെയും ആയ ഒരു ദൈവരാജ്യം ഉദ്ഘാടനം ചെയ്യുക എന്ന ലക്ഷ്യത്തോടെ
പ്രവര്‍ത്തിക്കുന്ന ദൈവത്തിനു വിവേചനം അനുഭവിക്കുകയും
മര്ദ്ദിതരായിരിക്കുകയും ചെയ്യുന്ന ജനത്തിന് തന്റെ ഹൃദയത്തില്‍ പ്രത്യേക
സ്ഥാനമുണ്ട്. അതിനാല്‍ ദൈവം ഏറ്റവും ദുര്ബലരായവരോടു വിപ്ലവാത്മകമായ
രീതിയില്‍ പെരുമാറാന്‍ തന്റെ സഭയോട് ആവശ്യപ്പെടുന്നു.
ഈ ലേഖനത്തില്‍ സഭയിലും സമൂഹത്തിലും ഉള്ളവര്‍ ചിലരെങ്കിലും വിവാദപരമായ
അംശങ്ങള്‍ കണ്ടെന്നുവരും.
ഈജിപ്തിലെ കെയ്റോയില്‍ എസ്ബെത്ത് എല്‍ നഖല്‍ പ്രദേശത്ത് ചണ്ടി
പെറുക്കിയിരുന്നവരുടെ ഇടയില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത
എമ്മനുവേലെ സിന്ക്വിന് എന്ന കന്യാസ്ത്രീയെ ദരിദ്രരില്‍ ദരിദ്രരായവരുടെ
ഇടയിലുള്ള പ്രവര്‍ത്തനത്തിന്റെ സാക്ഷിയായി ചിത്രീകരിച്ചിരിക്കുന്നു (79).
അതേസമയം, ഗര്‍ഭനിരോധനത്തെയും പൗരോഹിത്യ ബ്രഹ്മചര്യത്തെയും
സംബന്ധിച്ചുള്ള ഈ സിസ്റ്ററിന്റെ അഭിപ്രായങ്ങള്‍ സഭയുടെ നിലവിലുള്ള
നിലപാടുകളോടു യോജിക്കുന്നവ ആയിരുന്നില്ല എന്നു ചില വിമര്‍ശകര്‍
ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, അഭിപ്രായവ്യത്യാസങ്ങള്‍ക്കുപരി
ദരിദ്രരോടുള്ള താത്പര്യവും നീതിനിര്‍വഹണവും മുന്ഗണനാത്മകമാകുന്നു എന്നു
കരുതേണ്ടിയിരിക്കുന്നു.
കുടിയേറ്റക്കാര്‍ക്കുവേണ്ടിയും അവരോടൊപ്പം സഭ പ്രവര്‍ത്തിച്ച പാരമ്പര്യം
രേഖ ചര്‍ച്ച ചെയ്യുന്നു. ഇന്ന് അത് നടപ്പാക്കുന്നത് അഭയാര്‍ഥികളെ
സ്വീകരിക്കുന്ന കേന്ദ്രങ്ങളും അതിര്‍ത്തി ദൗത്യങ്ങളും കാരിത്താസ്
ഇന്റര്നാഷണലിസിന്റെയും ഇതര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം വഴിയാണ്.
സഭയുടെ ദൗത്യം എന്നു പറയുന്നത് പ്രാന്തസ്ഥിതരായിട്ടുള്ളവരുടെ ഇടയില്‍
പ്രവര്‍ത്തിക്കുക എന്നതാണ്.
ഈ രേഖ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേ വാചകത്തിലാണ്, ‘ഞാന്‍ നിന്നെ
സ്നേഹിച്ചു’ (വെളി 3:9). യേശു അത് എളിയതും പീഡിപ്പിക്കപ്പെട്ടതുമായ ഒരു
സഭയോടാണ് പറഞ്ഞത്.

