വത്തിക്കാൻ: ദൈവവും മാനവികതയും തമ്മിലുള്ള ഐക്യത്തിന്റെ പ്രകടമായ അടയാളമാണ് സഭ എന്ന രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ വാക്കുകൾ ഓർമ്മപെടുത്തിക്കൊണ്ട്, സിനഡൽ സംഘത്തിൻറെയും സഭയ്ക്കുള്ളിൽ വിശ്വാസികൾ ശ്രവിക്കപ്പെടുന്നതിനും കുടീയാലോചനയിൽ പങ്കാളികളാക്കപ്പെടുന്നതിനും വഴിയൊരുക്കുന്ന സംഘടനകളുടെയും ജൂബിലി ആഘോഷത്തിന്റെ സമാപനത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ ബലിയർപ്പിച്ചു, വചന സന്ദേശം നൽകി. പിതാവായ ദൈവത്തിന്റെ സ്നേഹ ആലിംഗനത്തിൽ മനുജകുലം മുഴുവൻ പരസ്പരം ബന്ധപ്പെട്ടിരിക്കുവെന്നു പാപ്പാ എടുത്തുപറഞ്ഞു.
സിനഡൽ സംഘത്തിൻറെയും സഭയ്ക്കുള്ളിൽ പങ്കാളിത്ത സമിതികളുടെയും ജൂബിലി ആഘോഷിക്കുന്നതിലൂടെ, സഭയുടെ രഹസ്യത്തെക്കുറിച്ച് കൂടുതൽ ധ്യാനിക്കുന്നതിനും, അതിനെ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിൽ വളരുവാനും നമുക്ക് സാധിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. ബന്ധങ്ങൾ അധികാരത്തിന്റെ യുക്തിയോടല്ല, മറിച്ച് സ്നേഹത്തിന്റെ യുക്തിയോടാണ് പ്രതികരിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു. ക്രിസ്തീയ സമൂഹത്തിൽ പ്രഥമസ്ഥാനം ആത്മീയ ജീവിതത്തെക്കുറിച്ചാണ്, ഇത് നാമെല്ലാവരും ദൈവത്തിന്റെ മക്കളാണെന്നും നമുക്കിടയിൽ സഹോദരീസഹോദരന്മാരാണെന്നും പരസ്പരം സേവിക്കാൻ വിളിക്കപ്പെട്ടവരാണെന്നും നമ്മെ ബോധ്യപ്പെടുത്തുന്നു.
“സഭയിലെ പരമോന്നത ഭരണം സ്നേഹമാണ്: കല്പിക്കാൻ ആരും വിളിക്കപ്പെടുന്നില്ല, എല്ലാവരും സേവിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു; ആരും അവരുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കരുത്, നാമെല്ലാവരും പരസ്പരം ശ്രവിക്കണം; ആരും ഒഴിവാക്കപ്പെടുന്നില്ല, നാമെല്ലാവരും പ ങ്കു ചേരുവാൻ വിളിക്കപ്പെട്ടിരിക്കുന്നു; ആർക്കും മുഴുവൻ സത്യവും ഇല്ല, നാമെല്ലാവരും താഴ്മയോടെ, കൂട്ടായ്മയിൽ അത് അന്വേഷിക്കണം”, പാപ്പാ പറഞ്ഞു.
ക്രിസ്ത്യാനികൾ ഒരുമിച്ച് നടക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു, ഒരിക്കലും ഏകാന്ത യാത്രക്കാരായി അല്ല. ദൈവത്തിലേക്കും നമ്മുടെ സഹോദരീസഹോദരന്മാരിലേക്കും പോകാൻ നമ്മിൽ നിന്ന് പുറത്തുപോകാനുള്ള ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനവും പാപ്പാ അടിവരയിട്ടു പറഞ്ഞു. ചുങ്കക്കാരനും, ഫരിസേയനും ദേവാലയത്തിൽ നടത്തിയ പ്രാർത്ഥനയുടെ ആത്മീയ വിശകലനവും പാപ്പാ നൽകി.
മറ്റുള്ളവരെക്കാൾ മെച്ചമാണെന്ന അവകാശവാദം, ഈ വചനത്തിലെ വ്യക്തികളെപോലെ , വിഭജനം സൃഷ്ടിക്കുകയും സമൂഹത്തെ ന്യായവിധിയുടെയും ബഹിഷ്കരണത്തിന്റെയും സ്ഥലമാക്കി മാറ്റുകയും ചെയ്യുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അതിനാൽ, സഭയിൽ നാമെല്ലാവരും ദൈവത്തെ ആവശ്യമുള്ളവരാണെന്നും, പരസ്പരം ആവശ്യമുള്ളവരാണെന്നും. പരസ്പര സ്നേഹത്തിൽ കൂട്ടായ്മയിൽ വളരേണ്ടവരാണെന്നുമുള്ള ബോധ്യം വളർത്തിയെടുക്കുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു.
ഐക്യവും വൈവിധ്യവും, പാരമ്പര്യവും പുതുമയും, അധികാരവും പങ്കാളിത്തവും തമ്മിലുള്ള പിരിമുറുക്കങ്ങളെ ആത്മവിശ്വാസത്തോടെയും പുതിയ ചൈതന്യത്തോടെയും ജീവിക്കാൻ ക്രിസ്തുവിന്റെ ചിന്തകൾ നമ്മുടേതാക്കി മാറ്റുവാനും പാപ്പാ ആഹ്വാനം ചെയ്തു. മാനവികതയുടെ പാദങ്ങൾ കഴുകാൻ സ്വയം താഴ്ന്ന ഒരു സഭയായിരിക്കണം നമ്മുടേതെന്നും പാപ്പാ ഓർമ്മപ്പെടുത്തി.
