വത്തിക്കാൻ: വിശുദ്ധനാട്ടിലെ ക്രൈസ്തവസമൂഹത്തിന് “ജറുസലേമിലെ തിരുക്കല്ലറയുടെ അശ്വാരൂഢസേന” (Equestrian Order of the Holy Sepulchre of Jerusalem) നൽകുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞും അവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചും ലിയോ പതിനാലാമൻ പാപ്പാ.
ക്രിസ്തുവിന്റെ തിരുക്കല്ലറയുടെ സംരക്ഷണം മാത്രമല്ല, അവിടെയുള്ള വിശ്വാസികളുടെയും അവിടേക്കെത്തുന്ന തീർത്ഥാടകരുടെയും സംരക്ഷണം കൂടി ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന ഉണ്ടായതെന്ന്, ജൂബിലി തീർത്ഥാടനത്തിന്റെ ഭാഗമായി വത്തിക്കാനിലെത്തിയ സേനാംഗങ്ങൾക്ക് ഒക്ടോബർ 23 വ്യാഴാഴ്ച രാവിലെ പോൾ ആറാമൻ ശാലയിൽ അനുവദിച്ച സ്വകാര്യകൂടിക്കാഴ്ചാമദ്ധ്യേ പാപ്പാ ഓർമ്മിപ്പിച്ചു.
ജറുസലേമിലെ ലത്തീൻ പാത്രിയർക്കേറ്റിന്റെ കീഴിലുള്ള സെമിനാരി, സ്കൂളുകൾ, കാരുണ്യപ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലുള്ള സേവനങ്ങൾക്ക് തിരുക്കല്ലറയുടെ അശ്വാരൂഢസേന നൽകുന്ന സഹായസഹകരണങ്ങൾ പാപ്പാ പ്രത്യേകം പരാമർശിച്ചു. അവിടെയുള്ള തിരുക്കല്ലറയുടെ സംരക്ഷണത്തിനൊപ്പം, ജീവനുള്ള കല്ലുകളാൽ നിർമ്മിക്കപ്പെട്ട സഭയെ സഹായിക്കുകകൂടിയാണ് ഇതുവഴി നിങ്ങൾ ചെയ്യുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു.
പ്രത്യാശയുടെ ഈ ജൂബിലി വർഷത്തിൽ തീർത്ഥാടനത്തിനെത്തിയ സേനാംഗങ്ങൾക്ക് മുന്നിൽ പ്രത്യാശയെന്ന ആശയവുമായി ബന്ധപ്പെടുത്തി, ക്രിസ്തുവിന്റെ കല്ലറയ്ക്കരികിലെ പ്രത്യാശയോടെയുള്ള കാത്തിരിപ്പ്, ക്രിസ്തുവിന്റെ ശരീരം തൈലം കൊണ്ട് പൂശാനായി കല്ലറയിലേക്ക് നീങ്ങുന്ന സ്ത്രീകളുടെ പ്രത്യാശയും കാരുണ്യമനോഭാവവും, കല്ലറയിലേക്ക് ഓടുന്ന പത്രോസും യോഹന്നാനും മുന്നോട്ടുവയ്ക്കുന്ന “ലക്ഷ്യത്തിലേക്കുള്ള നോട്ടം” എന്നീ മൂന്ന് വിഷയങ്ങളെ ആധാരമാക്കി പാപ്പാ പ്രഭാഷണം നടത്തി.
യേശുവിന്റെ തിരുക്കല്ലറയ്ക്കരികിൽ പ്രത്യാശയോടെ കാത്തുനിൽക്കുകയെന്നാൽ, തന്റെ വാഗ്ദാനങ്ങൾ കാത്തുപരിപാലിക്കുന്ന ദൈവത്തിലുള്ള വിശ്വാസത്തെ നവീകരിക്കുകയെന്നതുകൂടിയാണ് നാം അർത്ഥമാക്കുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. കരുത്തും അക്രമവും കാരുണ്യത്തിനും മേലെയാണെന്ന ചിന്ത മുന്നോട്ടുവയ്ക്കുന്ന ഇന്നത്തെ ലോകത്ത്, ജീവൻ മരണത്തെയും, സ്നേഹം വെറുപ്പിനെയും, ക്ഷമ വൈരാഗ്യത്തെയും അതിജീവിക്കുമെന്ന സന്ദേശം നൽകാനാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ക്രിസ്തുവിന്റെ ശരീരത്തിൽ തൈലം പൂശാനായി കല്ലറയിലേക്ക് പോകുന്ന സ്ത്രീകൾ സേവനത്തിന്റെ മുഖമാണ് കാട്ടിത്തരുന്നതെന്ന് പാപ്പാ പറഞ്ഞു. ജറുസലേമിലെ തിരുക്കല്ലറയുടെ അശ്വാരൂഢസേന ചെയ്യുന്ന സേവനപ്രവർത്തനങ്ങൾക്ക് ആദ്യമേ നന്ദി പറഞ്ഞത് വീണ്ടും പരാമർശിച്ച പാപ്പാ, നിങ്ങളുടെ പ്രവർത്തനങ്ങൾ വഴി എത്രയോ ആളുകൾക്കും കുടുംബങ്ങൾക്കും സമൂഹങ്ങൾക്കുമാണ് പ്രത്യാശയുടെ ഒരു കിരണം ലഭ്യമായിട്ടുള്ളതെന്ന് ഓർമ്മിപ്പിച്ചു.
കല്ലറയിലേക്ക് ഓടുന്ന പത്രോസും യോഹന്നാനും ഓടിയെത്തിയത് ശൂന്യമായ കല്ലറയ്ക്ക് മുന്നിലേക്കാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, എന്നാൽ അതിലൂടെ തിരുവുത്ഥാനത്തിന്റെ വെളിച്ചത്തിൽ ക്രിസ്തുവിലുള്ള വിശ്വാസം നവീകരിക്കാനുള്ള ക്ഷണമാണ് അവർക്ക് ലഭിച്ചതെന്ന് പ്രസ്താവിച്ചു. കർത്താവുമായുള്ള കണ്ടുമുട്ടലിനായി ഒരു മത്സരത്തിലെന്നതുപോലെ ഓടാൻ വിശുദ്ധ പൗലോസ് ആഹ്വാനം ചെയ്യുന്നതും പാപ്പാ പരാമർശിച്ചു (1 കോറിന്തോസ് 9, 24-27).
തീർത്ഥാടനത്തിലും ഇതുപോലെ നമ്മുടെ ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെ നോക്കിയുള്ള ഒരു യാത്രയാണ് നമ്മൾ നടത്തുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. വത്തിക്കാനിലേക്കെത്തുകയെന്നാൽ ലക്ഷ്യത്തിലേക്കെത്തലല്ലെന്നും, സ്വർഗ്ഗത്തിൽ ദൈവവുമായുള്ള ഐക്യമെന്ന ഏക, സത്യാ ലക്ഷ്യത്തിലേക്കുള്ള യാത്ര പുനരാരംഭിക്കാനുള്ള ഒരിടം മാത്രമാണിതെന്നും പാപ്പാ ഓർമ്മിപ്പിച്ചു
