വത്തിക്കാൻ: സഭാശുശ്രൂഷകരുടെ ലൈംഗികപീഢനത്തിനിരകളായവരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന സംഘടനയായ എൻറിംഗ് ക്ലെർജി അബ്യൂസ്-ഇസിഎ ഗ്ലോബലിൻറെ (ECA Global – Ending Clergy Abuse) ഭരണസമിതിയംഗങ്ങളും പീഢനത്തിനിരകളായവരും അടങ്ങുന്ന ഒരു സംഘത്തെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.
ഒക്ടോബർ 20-ന് തിങ്കളാഴ്ചയായിരുന്നു ലിയൊ പതിനാലാമൻ പാപ്പായും ഈ ആറംഗംസംഘവുമായുള്ള കൂടിക്കാഴ്ച. പാപ്പായുമായുള്ള ഈ കൂടിക്കാഴ്ച കൂടുതൽ സഹകരണത്തിലേക്കുള്ള ചരിത്രപരവും പ്രതീക്ഷാദായകവുമായ ഒരു ചുവടുവയ്പ്പാണെന്ന് ഇസിഎ ഗ്ലോബൽ പ്രതികരിച്ചു.
ആശങ്കകൾ പ്രകടിപ്പിക്കുക മാത്രമല്ല, ലോകമെമ്പാടുമുള്ള കുട്ടികളുടെയും ദുർബ്ബലരായ മുതിർന്നവരുടെയും സംരക്ഷണം ഉറപ്പാക്കാൻ എങ്ങനെ സഹകരിക്കാമെന്നതിനെക്കുറിച്ചു ആലോചിക്കുകകൂടി ചെയ്യുകയായിരുന്നു തങ്ങളുടെ ഈ സന്ദർശനത്തിൻറെ ലക്ഷ്യമെന്ന് ഇസിഎ യുടെ ഉപാദ്ധ്യക്ഷ ഉഗാണ്ട സ്വദേശിനി ജാനറ്റ് അഗുത്തി പറഞ്ഞു.
ഓരോ കുട്ടിയുടെയും ദുർബ്ബലരായ മുതിർന്നവരുടെയും അന്തർലീനമായ അന്തസ്സിലും, പിഡനത്തെ അതിജീവിച്ച ഓരോവ്യക്തിയുടെയും ധൈര്യത്തിലും, സുതാര്യതയോടും അനുകമ്പയോടും കൂടി നയിക്കാനുള്ള സഭയുടെ ധാർമ്മിക ഉത്തരവാദിത്തത്തിലും തങ്ങൾക്ക് വിശ്വസമുണ്ടെന്നും ഇസിഎ വ്യക്തമാക്കി.
ഇസിഎ, അഥവാ, എൻറിംഗ് ക്ലെർജി അബ്യൂസ് ഗ്ലോബൽ മനുഷ്യാവകാശപ്രവർത്തന സംഘടന പഞ്ച ഭൂഖണ്ഡങ്ങളിലായി 30 നാടുകളിൽ പ്രവർത്തനനിരതമാണ്. ഇസിഎ ശൃംഖല 2018-ലാണ് സ്ഥാപിതമായത്.