വത്തിക്കാൻ: തന്റെ ജനത്തിന്റെ ആകുലതകൾ വിവരിച്ചും, വിശുദ്ധ നാട്ടിൽ സമാധാനത്തിനും പ്രത്യാശയ്ക്കുമായുള്ള ശ്രമങ്ങളിൽ പിന്തുണ അഭ്യർത്ഥിച്ചും ലിയോ പതിനാലാമൻ പാപ്പായ്ക്ക് മുന്നിൽ ബേത്ലഹേം മേയർ മഹർ നിക്കോള കാനവാത്തി (Maher Nicola Canawati). സെപ്റ്റംബർ 24 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയുടെ അവസാനമാണ് മേയർ കാനവാത്തി പാപ്പായുമായി സംസാരിച്ചത്.
ബെത്ലെഹെമിലും മറ്റ് പാലസ്തീനിയൻ നഗരങ്ങളിലും നിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം തുടരുകയാണെന്നും, ഇതുവഴി വിശുദ്ധ നാട്ടിലെ ക്രൈസ്തവസാന്നിദ്ധ്യം കുറയുകയാണെന്നും ലിയോ പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാൻ ന്യൂസുമായി സംസാരിക്കവെ, മേയർ കാനവാത്തി പറഞ്ഞു.
പാലസ്തീനയിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കവേ, ഇപ്പോൾ ബെത്ലഹേമിൽ പുതുതായി താമസിക്കാനെത്തുന്നവർ, നഗരത്തിൽ മുൻപുണ്ടായിരുന്ന ജനങ്ങൾക്ക് മുന്നിൽ മാത്സര്യത്തിന്റെ ചിന്തകളാണ് ഉയർത്തുന്നതെന്നും, ഇത് സമൂഹത്തിൽ സമ്മർദ്ധം വർദ്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാലസ്തീനായിലും, ഗാസായിലും ബേത്ലഹേമിലും സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റിയും, വിശുദ്ധ നാട്ടിലെ ജനം അവിടെ തുടരേണ്ടതിന്റെ പ്രാധാന്യവും താൻ പാപ്പായോട് വിശദീകരിച്ചുവെന്ന് പറഞ്ഞ മേയർ, വിശുദ്ധ നാട്ടിലെ “ജീവിക്കുന്ന ശിലകളായ മനുഷ്യരില്ലെങ്കിൽ” അതൊരു മ്യൂസിയമായി മാറുമെന്ന് പ്രസ്താവിച്ചു.
ബേത്ലെഹേം മുൻപ് 37 ചതുരശ്രകിലോമീറ്ററുകൾ വിസ്തൃതിയുള്ള ഇടമായിരുന്നുവെന്ന് ഓർമ്മിപ്പിച്ച മേയർ കാനവാത്തി, പുതിയ അധിനിവേശവും, വിഭജനമതിലുകളും മൂലം ബെത്ലഹേമും ജെറുസലേമും വേർതിരിക്കപ്പെട്ടുവെന്ന് അപലപിച്ചു. പാലസ്തീന പ്രദേശത്തെ ക്രൈസ്തവരുടെ എണ്ണത്തിലുണ്ടാകുന്ന കുറവിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, ലോകത്തെമ്പാടുമായി നാൽപ്പത് ലക്ഷം പാലസ്തീനിയൻ ക്രൈസ്തവരുള്ളപ്പോൾ, വെറും ഒരുലക്ഷത്തി അറുപതിനായിരം ക്രൈസ്തവർ മാത്രമാണ് പാലസ്തീനായിൽ ഉള്ളതെന്ന് വ്യക്തമാക്കി. പ്രദേശത്ത് ക്രൈസ്തവർ നേരിടുന്ന സമ്മർദ്ദത്തിന്റെ അടയാളം കൂടിയാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ബേത്ലെഹെമിലെ മേയർ എപ്പോഴും ക്രൈസ്തവനായിരിക്കണമെന്ന നിലപാടാണ് പാലസ്തീനിയൻ നേതാക്കൾ സ്വീകരിച്ചിരുന്നതെന്നും ക്രൈസ്തവനായ മേയർ മഹർ നിക്കോള കാനവാത്തി കൂട്ടിച്ചേർത്തു.