വത്തിക്കാൻ: 2025 ജൂബിലി വർഷം, ഒക്ടോബർ മാസത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ മുഖ്യകാർമ്മികത്വം വഹിക്കുന്ന വിവിധ ആരാധനക്രമ ആഘോഷങ്ങളുടെ പട്ടിക, വത്തിക്കാനിലെ ആരാധനാക്രമ ആഘോഷങ്ങളുടെ കാര്യാലയം വഴിയായി, വത്തിക്കാൻ വാർത്താ കാര്യാലയം പ്രസിദ്ധീകരിച്ചു.
ഒക്ടോബർ മാസം അഞ്ചാം തീയതി, പ്രേഷിതപ്രവർത്തകരുടെയും, അഭയാർത്ഥികളുടെയും ജൂബിലി ആഘോഷത്തോടനുബന്ധിച്ച്, വത്തിക്കാൻ ചത്വരത്തിൽ പ്രാദേശിക സമയം രാവിലെ, 10.30 നു, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, ആഘോഷമായ ദിവ്യബലിയർപ്പിക്കും. അതുപോലെ,
ഒക്ടോബർ ഒൻപതാം തീയതി, സമർപ്പിതരുടെ ജൂബിലി ദിനത്തിലും, പരിശുദ്ധ പിതാവ്, പ്രാദേശിക സമയം രാവിലെ, 10.30 നു, ചത്വരത്തിൽ ആഘോഷമായ ദിവ്യബലിയർപ്പിക്കും.
ഒക്ടോബർ മാസം പന്ത്രണ്ടാം തീയതി, മരിയൻ ആധ്യാത്മികത മുൻനിർത്തിയുള്ള ജൂബിലി ആഘോഷം നടക്കും. തദവസരത്തിൽ, തീർത്ഥാടകർക്കായി, പ്രാദേശിക സമയം രാവിലെ 10.30 നു, വത്തിക്കാൻ ചത്വരത്തിൽ പരിശുദ്ധ പിതാവ് വിശുദ്ധ ബലിയർപ്പിക്കും.
ഒക്ടോബർ പത്തൊൻപതാം തീയതി, സഭയിൽ പുതിയതായി 7 പേരെ കൂടി വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങിന് പരിശുദ്ധ പിതാവ് മുഖ്യ കാർമ്മികത്വം വഹിക്കും. പ്രാദേശിക സമയം രാവിലെ 10.30 നു, വത്തിക്കാൻ ചത്വരത്തിൽ വച്ചാണ് ചടങ്ങുകൾ നടക്കുന്നത്. ഇഗ്നാസിയോ ചൗക്രല്ല മാലോയൻ, പീറ്റർ തോ റോത്, വിൻസെൻസ മരിയ പോളോണി, മരിയ ഡെൽ മോന്തേ കാർമേലോ റെൻഡിലെസ് മർത്തിനെസ്, മരിയ ത്രോൺകാത്തി, ഹോസെ ഗ്രിഗോറിയോ ഹെർണാണ്ടസ് ചിസ്നേറോസ്, ബാർട്ടോളോ ലോൻഗോ എന്നിവരെയാണ് വിശുദ്ധരായി സഭയിൽ പ്രഖ്യാപിക്കുന്നത്.
ഒക്ടോബർ മാസം ഇരുപത്തിയാറാം തീയതി, സിനഡൽ ടീമുകളുടെയും പങ്കാളിത്ത സംഘടനകളുടെയും ജൂബിലിയോടനുബന്ധിച്ച്, വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ പ്രാദേശിക സമയം രാവിലെ പത്തുമണിക്ക് പരിശുദ്ധ പിതാവ് വിശുദ്ധ ബലിയർപ്പിക്കും.
ഒക്ടോബർ ഇരുപത്തിയേഴാം തീയതിയും, പ്രാദേശിക സമയം പത്തുമണിക്ക്, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വച്ച്, പൊന്തിഫിക്കൽ സർവ്വകലാശാലകളിലെ വിദ്യാർത്ഥികളുമൊത്ത്, പരിശുദ്ധ പിതാവ്, വിശുദ്ധ കുർബാന അർപ്പിക്കുമെന്നും കാര്യാലയത്തിൽ നിന്നും അറിയിച്ചു.