ടോക്യോ: പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി. 15-ാമത് ഇന്ത്യ- ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായിട്ടാണ് മോദി ടോക്യോയിലെത്തിയത്.
അമേരിക്ക ചുമത്തിയ അധിക തീരുവ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ തുടരുന്നതിനിടെ , ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ ക്ഷണപ്രകാരമാണ് മോദിയുടെ രണ്ടു ദിവസത്തെ സന്ദർശനം.പ്രധാനമന്ത്രി ഇഷിബയുമായുള്ള ചർച്ചകളിൽ വ്യാപാര രംഗത്തെ സഹകരണം വർധിപ്പിക്കുന്നത് വിഷയമാകും.
ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്നതും ചർച്ചയാവും. പ്രധാനമന്ത്രി ഇഷിബയുമായുള്ള മോദിയുടെ ആദ്യ ഉച്ചകോടിയാണിത്. 2018 ലെ ഇന്ത്യ – ജപ്പാൻ ഉച്ചകോടിയിലാണ് മുമ്പ് മോദി പങ്കെടുത്തത്.
അമേരിക്ക ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ അധിക തീരുവ ചുമത്തിയ സാഹചര്യത്തിൽ ഇന്ത്യ- ജപ്പാൻ ഉച്ചകോടിക്ക് പ്രാധാന്യമുണ്ട് . ജാപ്പനീസ് സന്ദർശനം ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് മോദി പറഞ്ഞു.