തിരുവനന്തപുരം: ഐഎസ്ആർഒയുടെയും നാസയുടെയും സംയുക്ത സംരംഭമായ ഭൗമനിരീക്ഷണ ഉപഗ്രഹം നിസാറിന്റെ വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വൈകിട്ട് 5.40ന് ഐഎസ്ആർഒയുടെ ജിഎസ്എൽവിഎഫ്16 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം.
743 കിലോമീറ്റർ അകലെയുള്ള സൗര-സ്ഥിര ഭ്രമണപഥത്തിലൂടെയാണ് നിസാർ ഭൂമിയെ ചുറ്റുന്നത് . 2,400 കിലോഗ്രാം ഭാരമുള്ള നിസാർ ഉപഗ്രഹത്തിന്റെ വിക്ഷേപണച്ചെലവ് 13,000 കോടിയിലധികമാണ്. ഐഎസ്ആർഒ ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും കൂടുതൽ ചെലവ് വരുന്ന ഉപഗ്രഹം കൂടിയാണ് ഇത് . ഐഎസ്ആർഒയുടെ എസ് ബാൻഡ് റഡാറും നാസയുടെ എൽ ബാൻഡ് റഡാറും ഉൾപ്പെടെ രണ്ട് എസ്എആർ റഡാറുകളുള്ള ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണിത്.
പകൽ, രാത്രി വ്യത്യാസമില്ലാതെ ഏത് കാലാവസ്ഥയിലും ഭൂമിയിലെ ഓരോ ഇഞ്ചും അതിസൂക്ഷ്മമായി പകർത്താനാകും എന്ന സവിശേഷതയുണ്ട് . ഭൗമോപരിതലത്തിലെ ചെറിയമാറ്റങ്ങൾപോലും സൂക്ഷ്മമായി നിരീക്ഷിച്ച് വിവരം കൈമാറുകയാണ് നിസാറിന്റെ ദൗത്യം.