പ്രശസ്ത ബെല്‍ജിയന്‍ സംവിധായക മരിയോണ്‍ ഹാന്‍സെല്‍ കിഴക്കന്‍ ആഫ്രിക്കയുടെ പശ്ചാത്തലത്തില്‍, മാര്‍ക്ക് ഡുറിന്-
വലോയിസിന്റെ ‘ഷാമെല്‍’ എന്ന നോവലിനെ ആസ്പദമാക്കി ചെയ്ത ബെല്‍ജിയം-ഫ്രാന്‍സ് സംയുക്ത സംരംഭമായ സിനിമയാണ് ‘സൗണ്ട്സ് ഓഫ് സാന്റ്’.
കടുത്ത വരള്‍ച്ചയിലായ ആഫ്രിക്കന്‍ ഗ്രാമത്തില്‍നിന്ന് വെള്ളമുള്ള ഭൂപ്രദേശങ്ങള്‍ തേടി മറ്റുള്ള ഗ്രാമീണര്‍ക്കൊപ്പം റഹ്നെയും കുടുംബവും നടത്തുന്ന അനിശ്ചിതമായ യാത്രയെക്കുറിച്ചാണ് സിനിമ. പലായനത്തിന്റെയും, അന്വേഷണത്തിന്റെയും, പ്രതീക്ഷയുടെയും, മരണത്തിന്റെയും കഥ.
ആഭ്യന്തരയുദ്ധവും വരള്‍ച്ചയും മൂലം പരിസ്ഥിതി നാശം ബാധിച്ച, കിഴക്കന്‍ ആഫ്രിക്കയിലെ ജിബൂട്ടിയില്‍ അതിജീവിക്കാന്‍
പാടുപെടുന്ന ഒരു കുടുംബത്തിന്റെ വേദനാജനകമായ യാത്രയെ പിന്തുടരുന്നു സിനിമ.
ഒരു വശത്ത് മരുഭൂമി, ഭൂമിയെ കാര്‍ന്നു തിന്നുകയാണ്. അനന്തമായ വരണ്ട കാലാവസ്ഥ, വെള്ളത്തിന്റെ അഭാവം. മറുവശത്ത് യുദ്ധഭീഷണി.
ഗ്രാമത്തിലെ കിണര്‍ വറ്റിവരണ്ടു. വെള്ളമില്ലാതെ മനുഷ്യനും മൃഗങ്ങളും കഷ്ടപ്പെടുന്നു. കന്നുകാലികള്‍ ചാവുന്നു. മിക്ക ഗ്രാമവാസികളും അവിടം വിട്ട് പോകുന്നു. സാക്ഷരതയുള്ള ഏക വ്യക്തിയായ റഹ്നെ, തന്റെ മൂന്ന് കുട്ടികളോടും ഭാര്യ മൗനയോടും ഒപ്പം കിഴക്കോട്ട് പോകാന്‍ തീരുമാനിക്കുന്നു. അയല്‍വാസികളും സുഹൃത്തുക്കളും കൂടി, ഒട്ടകപ്പുറത്ത്
വീട്ടുസാമാനങ്ങളെല്ലാം കെട്ടിവച്ച് ആടുമാടുകളുമൊക്കെയായി ചേര്‍ന്നാണ് മരുഭൂമിക്കപ്പുറം വെള്ളമുള്ള പ്രദേശം തേടിയുള്ള യാത്ര.
യാത്രയില്‍ താണ്ടുന്ന സ്ഥലങ്ങളിലെ മോശമായ രാഷ്ട്രീയ കാലാവസ്ഥ, ഗോത്രങ്ങള്‍ തമ്മിലുള്ള കുടിപ്പക, റിബല്‍ ഗ്രൂപ്പുകളുടെ അരാജകത്വം, പിടിച്ചുപറിക്കാരും മോഷ്ടാക്കളുമൊക്കെയാണ് വഴിയില്‍ അവരെ കാത്തിരിക്കുന്നത്.
കുറച്ച് ആടുകളും നായയും മാത്രമാണ് റഹ്നെയുടെ സമ്പത്ത്. റഹ്നെയും കുടുംബവും കത്തിയുരുകുന്ന സൂര്യനു കീഴില്‍ പല ദേശങ്ങളിലൂടെയും അനന്തമായി മുന്നോട്ട് നീങ്ങുന്നു. യാത്ര അത്ര എളുപ്പമല്ല, ദീര്‍ഘവും അപകടകരവുമാണ്. മണല്‍ക്കാറ്റ് വിശിയടിക്കുന്ന ചൂട്ടുപൊള്ളുന്ന മരുഭൂമി. എല്ലാ കോണിലും അപകടങ്ങള്‍ മുന്നിലുണ്ട്, പലപ്പോഴും മരണത്തിന്റെ
പാതകള്‍ മുറിച്ചുകടക്കുന്നു. പിന്നീട് വഴിയില്‍ ഓരോരുത്തരായി നഷ്ടപ്പെടുന്നു.
ഈ യാത്രയിലെ അവരുടെ ഏക കൂട്ടാളി പ്രതിരോധശേഷിയുള്ള ഒട്ടകമാണ്, അവളുടെ ശക്തിയും വിശ്വസ്തതയും
കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് പ്രതീകാത്മക നങ്കൂരമായി മാറുന്നു.

പ്രശസ്ത ബെല്‍ജിയന്‍ സംവിധായക മരിയോണ്‍ ഹാന്‍സെല്‍
നിര്‍ജ്ജലീകരണം, പട്ടിണി, സായുധ സേന, വംശീയ അക്രമം, രോഗം, തകര്‍ന്നുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ക്രൂരമായ നിസ്സംഗത എന്നിവയില്‍ക്കൂടി അവര്‍ പിന്തുടരുന്ന പാത അപകടങ്ങള്‍ നിറഞ്ഞതാണ്.
യാത്രക്കിടയില്‍ രക്തസ്രാവം മൂലം അവശയായ ‘മൗന’ മുന്നോട്ട് പോകാനാകാതെ തളരുന്നു. പക്ഷെ മരണമാര്ഗ്ഗത്തില് മുന്നോട്ട് യാത്രതുടരുക മാത്രമേ അവര്‍ക്ക് മാര്‍ഗമുള്ളൂ. റിബല്‍ സേന വഴിയില്‍ പാകിയ മൈനുകളെയും അവര്‍ പിന്നിടുന്നുണ്ട്. രണ്ട് ആണ്മക്കളും യാത്രയില്‍ നഷ്ടപ്പെടുന്നു. സങ്കല്‍പ്പിക്കാനാവാത്ത ബുദ്ധിമുട്ടുകള്‍ക്കിടയിലും, തന്റെ കുടുംബത്തിന്റെ അന്തസ്സും ജീവിതവും സംരക്ഷിക്കാനുള്ള റഹ്നെയുടെ ദൃഢനിശ്ചയം അവരെ മുന്നോട്ട് നയിക്കുന്നു.
വഴിയില്‍, പ്രതിസന്ധികളോടുള്ള മനുഷ്യന്റെ പ്രതികരണങ്ങളെ പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന മനുഷ്യരെ അവര്‍ കണ്ടുമുട്ടുന്നു. അനന്തമായ യാത്രയില്‍ അവശനായ ഒട്ടകവും മുന്നോട്ട് പോകാന്‍ കഴിയാതെ കിടന്നു പോകുന്നു.
ഒടുവില്‍ അച്ഛനും മകളും ബാക്കിയായി, അവരും തളര്‍ന്ന് മരണത്തോടടുത്തു മണ്ണില്‍ കിടക്കുകയാണ്. അയാളുടെ മനസ്സില്‍ പഴയ കിനാവുകള്‍ മുളക്കുന്നു… തകര്‍ത്തു പെയ്യുന്ന മഴയില്‍ മകളെ തോളില്‍ വച്ച് നൃത്തച്ചുവടുകള്‍ ചവിട്ടുകയാണ് ഇപ്പോള്‍ റഹ്നെ.
സിനിമ കാലാവസ്ഥാ ദുരന്തത്തെയും രാഷ്ട്രീയ അസ്ഥിരതയെയും അഭിമുഖീകരിക്കുമ്പോള്‍ അതിജീവനത്തിന്റെ പച്ചയായ വശം
പകര്‍ത്തുന്നു. സംവിധായിക മാരിയോണ്‍ ഹാന്‍സെല്‍ സംയമനം പാലിച്ചുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്, ഇത് കഥയെ പൂര്‍ണ്ണമായ യാഥാര്‍ത്ഥ്യബോധത്തോടെയും ആത്മാര്‍ത്ഥതയോടെയും വികസിക്കാന്‍ അനുവദിക്കുന്നു.
‘വാള്‍തര്‍ വാന്‍ ഡെന്‍ എന്‍ഡെ’യുടെ ഛായാഗ്രഹണം പ്രത്യേകിച്ചും ശ്രദ്ധേയമാണ്. വരണ്ടതും വിണ്ടുകീറിയതുമായ ഭൂമി, തുറന്ന സൂര്യപ്രകാശം, മരുഭൂമിയുടെ അനന്തമായ വിസ്തൃതി എന്നിവ സൗന്ദര്യത്തെ ഉണര്‍ത്തുന്നു. കഥാപാത്രങ്ങളുടെ വേദന നിറഞ്ഞ യാത്രാ ദൃശ്യങ്ങള്‍ കാവ്യാത്മകമാണ്. പ്രകൃതിയുടെ മാരക ഭാവങ്ങള്‍ കാഴ്ച്ചക്കാരന് അനുഭവ ഭേദ്യമാക്കാന്
ക്യാമറക്കു കഴിഞ്ഞു. മെലോഡ്രാമ ഒഴിവാക്കാന്‍ സംവിധായിക പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. റഹ്നെ (ഇസാക്ക സവാഡോഗോ), മൗന (കരോള്‍ കരേമേര) എന്നിവരുടെ പ്രകടനങ്ങള്‍ മികച്ചതാണ്, ഇത് അവരുടെ കഷ്ടപ്പാടുകള്‍ക്കും തിരഞ്ഞെടുപ്പുകള്‍ക്കും വിശ്വാസ്യത നല്കുന്നു.
കുട്ടികള്‍, പ്രത്യേകിച്ച് ബരാക ആയി അസ്മാ നൗമാന്‍ ഏഡന്‍, നിശബ്ദശക്തി നിറഞ്ഞ പ്രകടനങ്ങള്‍ അവതരിപ്പിക്കുന്നു, നാശത്തിനിടയിലും നിഷ്കളങ്കതയുടെ സഹിഷ്ണുതയെ ഉള്‍ക്കൊള്ളുന്നു. ഒട്ടകവും സ്വന്തം നിലയില്‍ ഒരു കഥാപാത്രമായി മാറുന്നു – അതിന്റെ സാന്നിധ്യം സമ്മര്‍ദ്ദത്തിന് കീഴിലുള്ള വിശ്വസ്തതയുടെ രൂപകമാണ്. കുടുംബവും മൃഗവും
തമ്മിലുള്ള ബന്ധം സിനിമയുടെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഘടകങ്ങളില്‍ ഒന്നാണ്.
സിനിമ യഥാര്‍ത്ഥ ലോകത്തിലെ പ്രശ്നങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്, അഭയാര്‍ത്ഥി ജീവിതത്തിന്റെ അനുഭവം, അതിന്റെ എല്ലാ അപകടങ്ങളും, സ്ഥാനഭ്രംശങ്ങളും, മനുഷ്യന്റെ അന്തസ്സിന്റെ തകര്‍ച്ചയും അടിവരയിടുന്നു ചിത്രം. പ്രത്യേകിച്ച് പ്രതിസന്ധികളില്‍ സ്ത്രീകളും പെണ്‍കുട്ടികളും എങ്ങനെ കൂടുതല്‍ ദുര്‍ബലതയെ നേരിടുന്നു/അതിജീവിക്കുന്നു എന്നും ചിത്രം അന്വേഷിക്കുന്നു.
അമിതമായ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും കുടുംബ പ്രതിരോധശേഷിയും പ്രതീക്ഷയും ഉയര്‍ത്തിപ്പിടിക്കുന്നു സിനിമയില്‍. കാലാവസ്ഥാ വ്യതിയാനവും മരുഭൂവല്‍ക്കരണവും നിര്‍ബന്ധിത കുടിയേറ്റത്തിലേക്ക് നയിക്കുന്നു. കാലാവസ്ഥാ മാറ്റം മൂലമുള്ള കുടിയേറ്റം ഒരു ആഗോള പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുന്ന കാലത്തില്‍, ഈ സിനിമ വളരെ പ്രസക്തമാണ്. നിശബ്ദമായി പറഞ്ഞാലും, അതിന്റെ സ്വാധീനം ശക്തമാണ്. ഇത് കാഴ്ചക്കാരെ സഹതാപം കാണിക്കാനല്ല,
മനസ്സിലാക്കാനല്ല, തിരിഞ്ഞുനോക്കാനല്ല, കേള്‍ക്കാനാണ് ക്ഷണിക്കുന്നത്,

മരുഭൂമിയില്‍ മണലിനെ ഉയര്‍ത്തുന്ന കാറ്റ് പോലെ
അതിജീവനത്തിനായുള്ള ഒരു കുടുംബത്തിന്റെ പോരാട്ടത്തിന്റെ ഗൗരവമേറിയതും മനോഹരവുമായ ചിത്രീകരണം. മനുഷ്യാവകാശ പ്രശ്നങ്ങളും കാവ്യാത്മകമായ കഥപറച്ചിലുകളും സമന്വയിപ്പിക്കുന്ന ലോക സിനിമയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇത് അനുയോജ്യം.
അസഹനീയമായ ജീവിത സാഹചര്യങ്ങള്‍ നേരിടുന്ന ഒരു ജനതയുടെ ദൈന്യതയെ ഈ ചിത്രം ഹൃദയഭേദകമായി പ്രതിഫലിപ്പിക്കുന്നു. ഏറ്റവും ദുര്‍ബലരും ദരിദ്രരുമായ മനുഷ്യര്‍ക്ക് ഭീതി സൃഷ്ടിക്കുന്ന തദ്ദേശീയ കൊള്ളക്കാരുടെയും കുറ്റവാളികളുടെയും, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ദീര്‍ഘകാല കൊളോണിയല്‍ കൊള്ളയെയും നാശത്തെയും ഈ സിനിമ അഡ്രസ്സ് ചെയ്യുന്നു.
പലായനത്തിന്റെയും അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും കഥയാണ് ‘സൗണ്ട്സ് ഓഫ്സാന്ഡ്’. മരുഭൂമിയില്‍ വെള്ളത്തിനുവേണ്ടി ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന നിസ്വരായ മനുഷ്യ ജീവിതാവസ്ഥകളിലേക്ക് വെളിച്ചം വിതറുന്നു ഈ സിനിമ. ആഫ്രിക്കന്‍ ഭൂഖണ്ഡം നേരിടുന്ന ജനസംഖ്യാപരവും മാനുഷികവുമായ നിരവധി പ്രശ്നങ്ങളെ ഈ സിനിമ നാടകീയമാക്കുന്നു:
വരള്‍ച്ച, വിപ്ലവം, നിയമരാഹിത്യം, ദാരിദ്ര്യം, ഭവനരഹിതര്‍… ഹാന്‍സെലിന്റെ ശക്തമായ ദൃശ്യ കഥപറച്ചില്‍ ഇതെല്ലാം നമുക്ക് മുന്നില്‍ യാഥാര്‍ത്ഥ്യമാക്കുന്നു. ‘മണല്‍ ശബ്ദങ്ങള്‍’ എന്നത് ദൃഢനിശ്ചയത്തെയും നിത്യതയെയും കുറിച്ചുള്ള ഒരു ഉപമ കൂടിയാണ്.