പുരാണം / ജെയിംസ് അഗസ്റ്റിന്
‘വരികള്‍ കയ്യില്‍ കിട്ടിയപ്പോള്‍ ഞങ്ങള്‍ ചിന്തിച്ചത് പ്രീമൂസ് സാറിനെക്കുറിച്ചായിരുന്നു. യേശുവുമായി അടുത്തു ജീവിക്കുന്ന, ബൈബിളിലും ദൈവശാസ്ത്രത്തിലും അഗാധപാണ്ഡിത്യവുമുള്ള സാറിന്റെ വരികള്‍ക്ക് അതേ തലത്തില്‍ത്തന്നെ ഈണം നല്കാന് കഴിയണേ എന്നായിരുന്നു പ്രാര്‍ഥന’.
ദിവ്യകാരുണ്യത്തില്‍ യേശുവും ഞാനും
പൂര്ണമായൊന്നാകുന്നു
ആഴിയില്‍ വീഴും ഒരു തുള്ളി വെള്ളം
അലിഞ്ഞലിഞ്ഞൊന്നാകും പോലെ
ഇന്നലെയോളവും ഞാനും എന്‍ നാഥനും
ഒന്നായിത്തീര്ന്നിരുന്നില്ല
ഇന്നിപ്പൊഴൊന്നായ ഞങ്ങള്‍ മേലില്‍
ഭിന്നിച്ചിരിക്കുകയില്ല.
മലയാളത്തിലെ ഏറ്റവുമധികം ആലപിക്കപ്പെട്ട ദിവ്യകാരുണ്യസ്വീകരണഗാനങ്ങളിലൊന്നാണ് മഹാജൂബിലി വര്‍ഷത്തിലെ ദിവ്യകാരുണ്യകോണ്‍ഗ്രസ്സിന്റെ ആശയഗീതമായ ‘ദിവ്യകാരുണ്യമേ ബലിവേദിയില്‍ ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ’ എന്നു തുടങ്ങുന്ന പാട്ട്. ഷെവ.ഡോ. പ്രീമൂസ് പെരിഞ്ചേരിയും ബേണി – ഇഗ്നേഷ്യസ് സഹോദരന്മാരും ചേര്‍ന്ന സംഗീതത്രയമാണ് ഈ ഗാനം ഒരുക്കിയത്. (ആലാപനം : കെസ്റ്റര്‍). ഇതേ നാല്‍വര്‍ സംഘം തന്നെ മലയാള ക്രിസ്തീയ ഭക്തിഗാനശാഖയ്ക്കു നല്കിയ മറ്റൊരു സമ്മാനമാണ് ‘ദിവ്യകാരുണ്യത്തില്‍ യേശുവും ഞാനും’ എന്ന ഗാനം.
സി.എ.സി.യില്‍ നിന്നും പ്രകാശനം ചെയ്ത ‘ മഹിതയാഗം’ എന്ന കസ്സറ്റിലാണ് ഈ ഗാനം ചേര്‍ത്തിട്ടുള്ളത്.

ബേണി -ഇഗ്നേഷ്യസ്
മരിയന്‍ കണ്‍വെന്‍ഷന്റെ ദിവ്യബലിക്കായി തയ്യാറാക്കിയ ഗാനങ്ങളായിരുന്നു ആല്‍ബത്തില്‍ ഉണ്ടായിരുന്നത്. ‘മധുരനാമധാരിണീ മേരി’ എന്ന ഗാനവും ഇതേ ആല്ബത്തിലെയാണ്.
ഷെവ.ഡോ.പ്രീമൂസ് പെരിഞ്ചേരിയ്ക്ക് ഏറെ പ്രിയപ്പെട്ടതാണീ ദിവ്യകാരുണ്യഗീതം. ഈ ഗാനത്തിന്റെ പിറവിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവയ്ക്കുന്നു.
‘സി.എ.സി.യുടെ കസ്സെറ്റിലേക്കു ദിവ്യകാരുണ്യ ഗീതം വേണമെന്ന് പറഞ്ഞപ്പോള്‍ എന്റെ മനസ്സിലേക്ക് വിശുദ്ധ കൊച്ചുത്രേസ്യയെക്കുറിച്ചു വായിച്ചത് ഓര്മ വന്നു. പ്രഥമദിവ്യകാരുണ്യ ദിനത്തില്‍ വിശുദ്ധയ്ക്കുണ്ടായ വിശുദ്ധവിചാരവികാരങ്ങള് ഇങ്ങനെയായിരുന്നു. ‘ഇന്ന് മുതല്‍ ഞാന്‍ ഞാനല്ലാതെയാകുന്നു. യേശുവില്‍ ഒന്നായി ചേര്‍ന്നിരിക്കുന്നു. ഒരു തുള്ളി വെള്ളം സമുദ്രത്തില്‍ അലിഞ്ഞു ചേരുന്ന പോലെ ഞാനും ഈ നിമിഷം മുതല്‍ യേശുവില്‍ ചേര്‍ന്നിരിക്കുന്നു.’
ഈ ആശയത്തെ കടമെടുത്താണ് ആദ്യ വരികള്‍ എഴുതിയത്. അടുത്ത വരികളിലേക്ക് കടന്നപ്പോള്‍ ഇനിയൊരിക്കലും യേശുവില്‍ നിന്നും ഭിന്നിച്ചുപോകില്ല എന്നും എഴുതാനായി.
ഈ വരികള്‍ക്ക് സംഗീതം നല്‍കുന്നത് ബേണി -ഇഗ്നേഷ്യസ് സഖ്യമാണെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് വലിയ സന്തോഷമായി. അവരുടെ കയ്യില്‍ ഈ വരികള്‍ ഭദ്രമായിരിക്കുമെന്നും ദിവ്യകാരുണ്യ സ്വീകരണ അനുഭൂതി വരികളിലേക്കു സന്നിവേശിപ്പിക്കാന്‍ ഇരുവര്‍ക്കും കഴിയുമെന്നും എനിക്കുറപ്പുണ്ടായിരുന്നു. ആ പ്രതീക്ഷ വെറുതെയായില്ല. ലളിതവും അനായാസ ആലാപനത്തിനു സഹായിക്കുന്നതുമായ സംഗീതവുമാണ് അവര്‍ ഈ വരികള്‍ക്ക് നല്‍കിയത്. സാധാരണ പാട്ടുകള്‍ക്ക് സംഗീതസംവിധായകരായ ബേണി -ഇഗ്നേഷ്യസ് സഖ്യം തന്നെയാണ് ഓര്ക്കസ്ട്രേഷന് നല്‍കിയിരുന്നത്. എന്നാല്‍ ഈ ഗാനത്തിന് വാദ്യവൃന്ദം ഒരുക്കിയത് പ്രശസ്ത സംഗീതജ്ഞന് റെക്സ് ഐസക്സായിരുന്നു. പാട്ടിന്റെ വരികള്‍ക്കും സംഗീതത്തിനും അനുരോധമായ ഓര്ക്കസ്ട്രേഷന് അദ്ദേഹം നല്കി.

കെസ്റ്റർ
ഈ ഗാനത്തിനു ശബ്ദം നല്‍കിയത് എന്റെ പ്രിയപ്പെട്ട ശിഷ്യന് കെസ്റ്ററായിരുന്നു. കെസ്റ്ററിന്റെ ആലാപനം ഈ പാട്ടിന്റെ ഹൃദ്യത ശതഗുണീഭവിച്ചു എന്നതാണു സത്യം. ഞാന്‍ എഴുതിയ എല്ലാ ദിവ്യകാരുണ്യ കാരുണ്യഗീതങ്ങളും ദൈവകരുണയാല്‍ ഭക്തിസാന്ദ്രമായിരുന്നു എന്ന് നന്ദിയോടെ ഓര്‍ക്കുന്നു. ‘നാഥാ നീയണഞ്ഞീടുക, ഏഴു തിരിയിട്ട വിളക്കാണെന്‍ ഹൃദയം, ആത്മാവില്‍ ഒരു പള്ളിയുണ്ട്, ഓ എന്റെ ഹൃദയേശ്വരാ എന്നീ ഗാനങ്ങളും എനിക്ക് എഴുതാന്‍ ഭാഗ്യമുണ്ടായി.
ബേണി – ഇഗ്നേഷ്യസ് സഹോദരന്മാരിലെ ബേണി പാട്ടോര്‍മ്മകളുടെ ചെപ്പു തുറക്കുന്നു.
‘വരികള്‍ കയ്യില്‍ കിട്ടിയപ്പോള്‍ ഞങ്ങള്‍ ചിന്തിച്ചത് പ്രീമൂസ് സാറിനെക്കുറിച്ചായിരുന്നു. യേശുവുമായി അടുത്തു ജീവിക്കുന്ന, ബൈബിളിലും ദൈവശാസ്ത്രത്തിലും അഗാധപാണ്ഡിത്യവുമുള്ള സാറിന്റെ വരികള്‍ക്ക് അതേ തലത്തില്‍ത്തന്നെ ഈണം നല്കാന് കഴിയണേ എന്നായിരുന്നു പ്രാര്‍ഥന.
ഞാനും ചേട്ടനും വളരെ ചെറുപ്പത്തില്‍ കേട്ടിരുന്ന ‘സ്വര്‍ഗ്ഗീയ രാജനീശോ നിന്മുന്നില് വനിതാ ഞാന്‍’ എന്ന പാട്ടു പോലെ ആയാലോ എന്ന് ചിന്തിച്ചു. ജോബ് ആന്‍ഡ് ജോര്‍ജ് സംഗീതം നല്കിയ ഗാനമാണത്. കീരവാണി എന്ന രാഗത്തിലാണ് ആ ഗാനം സംഗീതം നല്‍കിയിരിക്കുന്നത്.
അതേ രാഗത്തില്‍ ഈ വരികള്‍ക്ക് സംഗീതം നല്കാന് തീരുമാനിച്ചു. ഞങ്ങളെ രണ്ടുപേരെയും ശാസ്ത്രീയ സംഗീതം അഭ്യസിപ്പിച്ച കങ്ങഴ വാസുദേവന്‍ സാറിനെ നന്ദിയോടെ മനസ്സിലോര്‍ത്തു പാട്ടൊരുക്കി. എന്നെ പാശ്ചാത്യ സംഗീതം പരിശീലിപ്പിച്ച ഗുരു റെക്സ് ഐസക്സ് മാസ്റ്റര്‍ ഈ പാട്ടിനു മനോഹരമായ ഓര്ക്കക്കസ്ട്ര ചെയ്തതും നന്ദിയോടെ ഓര്‍ക്കുന്നു. എല്ലാം ദൈവാനുഗ്രഹം മാത്രം.’
ഓരോ പാട്ടുകള്‍ക്കു പിന്നിലും സുന്ദരമായ ഓര്‍മകളുണ്ടാകും. അതൊരുക്കിയ ആളുകളുടെ ജീവിതകാലം മുഴുവന്‍ നേടിയ അറിവിന്റെയും പ്രയത്നത്തിന്റെയും പ്രതിഭാസ്പര്‍ശവും.
അവരുടെ ക്ലേശങ്ങളിലൂടെ നേടിയ അറിവും നിറവും നമുക്കായി നല്കിയതിനെല്ലാം പകരമായെന്തു നല്കാന് നമുക്കാവും? ഈ സൃഷ്ടികളെല്ലാം ക്രോഡീകരിക്കാനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ അതു തന്നെ ഒരു സ്തുത്യോപഹാരമാകും.